Image

ഷേക്‌സ്പിയര്‍ സ്മരണയില്‍ വിചാരവേദി സെമിനാര്‍ സംഘടിപ്പിച്ചു

ബാബു പാറക്കല്‍ Published on 21 July, 2016
  ഷേക്‌സ്പിയര്‍ സ്മരണയില്‍ വിചാരവേദി സെമിനാര്‍ സംഘടിപ്പിച്ചു
സാഹിത്യസംവാദങ്ങളുടെയും സാഹിത്യകൃതികളുടെ നിരൂപണത്തിന്റെയും ആസ്വാദനത്തിന്റെയും വിവിധതരം ചര്‍ച്ചകള്‍ക്കുവേദിയൊരുക്കി ന്യൂയോര്‍ക്കില്‍ മലയാളഭാഷപോഷണത്തിന്റെ ഊര്‍ജ്ജസ്രോതസായി നിലകൊള്ളുന്ന 'വിചാരവേദി'യില്‍ ഷേക്‌സ്പിയറിന്റെ ലോകം തുറന്നുകാട്ടിക്കൊണ്ട് പ്രൊഫസര്‍ ജോസഫ് ചെറുവേലി നടത്തിയ പ്രഭാഷണം വേറിട്ട അനുഭവമായി മാറി. 52 വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ വിദ്യാര്‍ത്ഥിയായി എത്തിയ ജോസഫ് ചെറുവേലി നാലു പതിറ്റാണ്ടിലേറെയായി യൂണിവേഴ്‌സിറ്റികളില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തു. 

കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഷേക്‌സ്പിയര്‍ നാടകങ്ങളെ കേന്ദ്രീകരിച്ച വിഷയം പഠിപ്പിച്ചിരുന്ന പ്രൊഫസര്‍, ഷേക്‌സ്പിയര്‍  എന്ന വിശ്വവിഖ്യാത സാഹിത്യകാരനപ്പുറം അദ്ദേഹത്തിന്റെ ചുറ്റുമുള്ള ലോകവും ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പുകളും വിവരിച്ചപ്പോള്‍ കൂടിയിരുന്ന സഹൃദയ സദസ് നാലു നൂറ്റാണ്ടു പുറകിലുള്ള ചരിത്രലോകത്തേക്കു യാത്ര ചെയ്യുകയായിരുന്നു. ഷേക്‌സ്പിയറിന്റെ നാനൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വിചാരവേദി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു പ്രൊഫസര്‍ ചെറുവേലില്‍.

1564 ല്‍ ഇംഗ്ലണ്ടിലെ വാര്‍വിക്ക്ഷയറിലുള്ള സ്‌ട്രോറ്റ്‌ഫോര്‍ഡ് എന്ന ചെറുപട്ടണത്തില്‍ ജനിച്ച ഷേക്‌സ്പിയര്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷം 1616 ല്‍ അന്തരിച്ചപ്പോഴേയ്ക്കും മഹത്തരമായ ഏതാണ്ടു നാല്‍പ്പതോളംകൃതികളിലൂടെ ആംഗലേയ സാഹിത്യത്തെ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് യശസിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ട് ഉയര്‍ത്തി. ജീവിതം ഒരു മെഴുകുതിരി പോലെയാണെന്നായിരുന്നു ഷേക്‌സ്പിയറിന്റെ ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാട്. 

ഒരു മെഴുകുതിരിയില്‍ തീനാളം ജ്വലിച്ചുതുടങ്ങുമ്പോള്‍ അത് ചുറ്റുമുള്ള അന്ധകാരത്തെ ദുരീകരിക്കുന്നു. അതു സ്വയം ഉരുകിതീര്‍ന്നുകൊണ്ട് അതിനുചുറ്റുമുള്ളവയെ പ്രകാശമയമാക്കുന്നു. ഷേക്‌സ്പിയര്‍ നാടകങ്ങളിലെ പല കഥാപാത്രങ്ങളും ഇതുപോലെയാണ്. അദ്ദേഹത്തിന്റെ കൃതികള്‍ നാലു നൂറ്റാണ്ടുകള്‍ക്കുശേഷവും സാഹിത്യലോകത്തു പ്രഭാപൂരിതമായി വിരാജിക്കുന്നു.

ഗ്രീക്കു പുരാണേതിഹാസത്തിലെ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കഥാപാത്രങ്ങളെ പ്രൊഫസര്‍ ചെറുവേലി ചൂണ്ടിക്കാട്ടി. 2001 സെപ്തംബര്‍ 11ന് തകര്‍ന്നടിഞ്ഞ വേള്‍ഡ് ട്രേഡ് സെന്റെറിന്റെ ചാരകൂമ്പാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് 1776 അടി ഉയരത്തില്‍ നില്‍ക്കുന്ന ഫ്രീഡം ടവറിന്റെ ചുവട്ടില്‍ പ്രതീകാത്മകമായി പണിതിരിക്കുന്ന ഫീനിക്‌സ് പക്ഷിയുടെ ചിറകുകളെ അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോള്‍ പലര്‍ക്കും അതു പുതിയ അറിവായിരുന്നു. 

കത്തോലിക്കാസഭയില്‍ നവോത്ഥാനത്തിന്റെ കാഹളമുതിര്‍ന്നുകൊണ്ടു വേര്‍പിരിഞ്ഞുപോലെ പ്രൊട്ടസ്റ്റന്റ് സഭയ്ക്കു നേതൃത്വം നല്‍കിയ മാര്‍ട്ടിന്‍ലുഥര്‍ 1546 ല്‍ മരിച്ചുകഴിഞ്ഞപ്പോള്‍ പ്രൊട്ടസ്റ്റന്റ് സഭ പലതായി പിരിഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടില്‍ ആധിപത്യം പുലര്‍ത്തിയത് ആംഗ്ലിക്കന്‍ സഭയായിരുന്നു. അതിന് അടിസ്ഥാനമുറപ്പിച്ച് അതിനെ വളര്‍ത്തുവാന്‍ സഹായിച്ചത് ഹെന്റി 8-മന്റെ സ്വാര്‍ത്ഥതയായിരുന്നുവെന്നതു വേറെ കാര്യം. 

കത്തോലിക്കാ സഭയും ആംഗ്ലിക്കന്‍ സഭയും തമ്മിലുള്ള കുടിപ്പക മൂര്‍ഛിച്ചുനിന്ന കാലഘട്ടത്തിലാണ് ഷെക്‌സ്പിയര്‍ തന്റെ കുട്ടിക്കാലം ചെലവഴിച്ചത് എന്നതു ശ്രദ്ധേയമാണ്. 18-മത്തെ വയസില്‍ അദ്ദേഹം വിവാഹം കഴിച്ചു. 26 വയസ്സുള്ള അന്നെ ഹാത്തവേ എന്ന സ്ത്രീയെ. അവര്‍ക്കു മൂന്നുകുട്ടികളുണ്ടായി, സൂസന്ന, ഹാംനെറ്റ്, ജൂഡിത്ത്, വില്യംഷേക്‌സ്പിയറിന്റെ വിവാഹവും കുട്ടികളുടെ മാമോദീസായും എല്ലാം ഇന്നും സ്ട്രാറ്റ്‌ഫോര്‍ഡിലെ ഹോളിട്രിനിറ്റി ദേവാലയ രജിസ്റ്ററില്‍ കാണുന്നുണ്ട്. ഇതേ ദേവാലയത്തിന്റെ ആള്‍ത്താരയുടെ സമീപമാണ് വില്യം ഷേക്‌സ്പിയര്‍ എന്ന വിശ്വോത്തരസാഹിത്യകാരന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹം ജീവിച്ച ഭവനം ഇന്നു മ്യൂസിയമായി നിലകൊള്ളുന്നു. പ്രതിദിനം അയ്യായിരത്തില്‍പരം സന്ദര്‍ശകരാണ് ഈ വിസ്മയ പ്രതിഭയുടെ പാതമുദ്ര പതിഞ്ഞ പഴയ വീടുകാണുവാനായി എത്തുന്നത്.

ഷേക്‌സ്പിയര്‍ നാടകങ്ങള്‍ ആദ്യകാലഘട്ടങ്ങളില്‍ 'ഫോളിയോ' രൂപത്തിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതു സാധാരണ കടലാസിന്റെ ഇരട്ടിവലുപ്പത്തിലുള്ളവയായിരുന്നു. മുഖ്യമായും ഷേക്‌സ്പിയര്‍ കൃതികള്‍; ചരിത്രനാടകങ്ങള്‍, കോമഡി, ട്രാജഡി എന്നീ വകുപ്പുകളിലാണു തരംതിരിച്ചിരിക്കുന്നത്. ലഘുകാവ്യങ്ങളുമുണ്ട്. 

ഹാംലറ്റ്, മക്ബത്ത്, ഒഥല്ലോ, റോമിയോ ആന്റ് ജൂലിയറ്റ് തുടങ്ങിയ ചില കൃതികളിലെ കഥാപാത്രങ്ങളെ പ്രത്യേകമായി പ്രൊഫസര്‍ പരാമര്‍ശിക്കുകയുണ്ടായി. ഇംഗ്ലണ്ടില്‍ ഷേക്‌സ്പിയര്‍ നാടകങ്ങള്‍ അവതരിപ്പിച്ച തിയേറ്ററില്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വന്ന സംഭവം നര്‍മ്മരസത്തില്‍ പ്രൊഫസര്‍ അവതരിപ്പിച്ചതു രസകരമായി. പഴയ കാലഘട്ടങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന ഓപ്പണ്‍ തിയേറ്ററുകളില്‍ തുറന്ന സ്റ്റേജില്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ മഴ വരുമ്പോള്‍ കളി നിര്‍ത്താതെ കഥ തുടരുന്ന രീതി പ്രൊഫസര്‍ വിവരിച്ചതു കൗതുകമുണര്‍ത്തി. പതിറ്റാണ്ടുകള്‍ നീണ്ട അദ്ധ്യാപനത്തിലൂടെ തന്റെ ജീവിതത്തിന്റെ ഭാഗമായ ഷേക്‌സ്പിയര്‍ നാടകങ്ങളും കഥാപാത്രങ്ങളും ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നതിന്റെ തെളിവാണ് പ്രൊഫസര്‍ ജോസഫ് ചെറുവേലി ന്യൂയോര്‍ക്കില്‍ താമസിക്കുവാന്‍ ജമൈക്ക എസ്‌റ്റേറ്റ് തെരഞ്ഞെടുത്തത്. 

ജുമൈക്ക എസ്‌റ്റേറ്റിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയ എന്‍ജിനീയര്‍ ഷേക്‌സ്പിയറിന്റെ ഒരാരാധകനായതുകൊണ്ടാവണം സ്ട്രാറ്റ്‌ഫോര്‍ഡിലെ വീടുകളുടെ അതേ രൂപഭംഗിയിലാണ് വീടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ഷേക്‌സ്പിയറിന്റെ ടൗണിലുള്ള തെരുവുകളുടെ നാമങ്ങളാണ് ഇവിടെയും ഈ ആര്‍ക്കിടെക്റ്റ് കൊടുത്തിട്ടുള്ളത്. പ്രൊഫസര്‍ ജോസഫ് ചെറുവേലിന്റെ ഒന്നര മണിക്കൂര്‍ നീണ്ട പ്രഭാഷണം ഇംഗ്ലീഷിലായിരുന്നെങ്കിലും ലളിതമായിരുന്നു. വില്യം ഷേക്‌സ്പിയറിന്റെ കാലഘട്ടത്തിലേക്കു യാത്രചെയ്യുകയായിരുന്നു. ന്യൂയോര്‍ക്ക്‌സിറ്റി സെന്‍ട്രല്‍ പാര്‍ക്കില്‍ ഷേക്‌സ്പിയര്‍ നാടകോത്സവം വര്‍ഷം തോറും നടത്താറുണ്ട്. 

വിചാരവേദി സെക്രട്ടറി ശ്രീ സാംസികൊടുമണിന്റെ ആമുഖത്തിനുശേഷം ഡോ.നന്ദകുമാര്‍ ആണ് പ്രൊഫസര്‍ ജോസഫ് ചെറുവേലിയെ സദസ്സിനു പരിചയപ്പെടുത്തിയത്. പ്രൊഫസറുമായുള്ള വ്യക്തിബന്ധത്തിന്റെ ആഴത്തെപ്പറ്റി ഡോ.നന്ദകുമാര്‍ ഊന്നിപ്പറയുകയുണ്ടായി. 

പ്രൊഫസര്‍ ചെറുവേലിയുടെ പ്രഭാഷണത്തിനുശേഷം സംസാരിച്ച പലരും അവരുടെ ചെറുപ്പകാലങ്ങളില്‍ ഷേക്‌സ്പിയര്‍ നാടകങ്ങള്‍ പഠിച്ച കലാലയങ്ങളിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുണ്ടായി. പാസ്റ്റര്‍ അച്ചോയി മാത്യു, ബാബു പാറയ്ക്കല്‍, ജോണ്‍പോള്‍, ഗോപാലന്‍ നായര്‍, ജോര്‍ജ് തായ്‌ലാ, പ്രൊഫസര്‍ ജോസ് നെടുംകല്ലേല്‍, ജോസ് ചെരിപുറം, രാജു ഏബ്രഹാം, കെ.സി.എ.എന്‍.എ.പ്രസിഡന്റ് ജോര്‍ജ് മാറാച്ചേരില്‍, സൂസന്‍ ചിറായില്‍ എന്നിവര്‍ പ്രസംഗിച്ചു. ഷേക്‌സ്പിയറിന്റെ 'ആസ് യുലൈക്ക്' എന്ന കോമഡിയില്‍  ജീവിതത്തിന്റെ 7 ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഏതാനും വരികള്‍ വായിച്ചുകൊണ്ടാണ് ഈ സെമിനാര്‍ അവസാനിപ്പിച്ചത്. സാംസി കൊടുമണ്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക