Image

ഇന്ന് എന്ന ആനന്ദം

കൊച്ചേച്ചി (teresatom10@yahoo.com) Published on 20 June, 2011
ഇന്ന് എന്ന ആനന്ദം
പ്രിയ വായനക്കാരെ,
നിങ്ങളോടു സംവദിച്ചിട്ട് ആഴ്ചകളാകുന്നു. നാട്ടിലേക്കുള്ള യാത്രയാണ് എന്നെ നിങ്ങളില്‍ നിന്നും അകറ്റിയത്. നിങ്ങളോടൊപ്പമായിരിക്കുവാന്‍ സന്തോഷത്തോടെ ഞാന്‍ വന്നിരിക്കുന്നു.
നാട്ടില്‍ പോയപ്പോള്‍ 'ആഴ്ചവട്ട' ത്തിന്റെ ഒരു ലക്കവും കൂടി ഞാന്‍ കരുതിയിരുന്നു. വീട്ടില്‍ വന്ന ബന്ധുക്കളില്‍ ഒരാള്‍ പത്രം തുറന്നു നോക്കിയിട്ട് 'ഇന്ന്' എന്ന തലക്കെട്ടിന്റെ സാംഗത്യത്തെക്കുറിച്ച് എന്നോടാരാഞ്ഞു. ഒരുപക്ഷേ ഈ ചോദ്യം ചിലരെങ്കിലും ഉള്ളില്‍ കരുതിയിട്ടുണ്ടാവും ഞാന്‍ പറഞ്ഞു. “ഉത്തരം വളരെ ലളിതം. ഇന്ന് അല്ലെങ്കില്‍ ഈ നിമിഷമല്ലെ നമുക്കു സ്വന്തമായുള്ളു. കഴിഞ്ഞുപോയ ഇന്നലെകള്‍, ഒരു നിശ്ചയുമില്ലാത്ത നാളെ. അപ്പോള്‍ ഇന്ന് ജീവിച്ച് ഇന്നിന്റെ അനുഭവങ്ങളെയും ഇന്നിന്റെ ചിന്തകളെയുംകുറിച്ച് എഴുതാമെന്നു വിചാരിച്ചു അത്രമാത്രം.”
കഴിഞ്ഞകാലാനുഭവങ്ങള്‍ പലരെയും പിറകോട്ടുവലിക്കും. പക്ഷേ അതു കഴിഞ്ഞുപോയതാണ്. ഒരു നിമിഷത്തേക്കുപോലും തിരിച്ചു വരാതെ കഴിഞ്ഞുപോയത്. അങ്ങനെ ചെയതിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നു പറഞ്ഞാണ് പലരും പരിതപിക്കുന്നത്. അല്ലെങ്കില്‍ പഴിചാരുന്നത്. പക്ഷേ അത് ഇനി പറഞ്ഞിട്ടു യാതൊരു ഫലവുമില്ല. അതു കൈയില്‍ നിന്നു പോയികഴിഞ്ഞു. അതിനെ വിട്ടുകളയുക. അതില്‍ നിന്നു പാഠം ഉള്‍കൊണ്ട് ഇന്ന് നന്നായി ചെയ്യാന്‍ ശ്രമിക്കുക. ഇന്നു ജീവിക്കുന്നെങ്കിലും ഇന്നലെകള്‍ നമ്മെ ഭരിക്കുന്നത് അനുവദിച്ചുകൂടാ.
ഠവറെ ചിലര്‍ നാളേക്കു വേണ്ടിയാണ് ജീവിക്കുന്നത്. ഇന്നിന്റെ സുഖങ്ങളോ സന്തോഷങ്ങളോ അനുഭവിക്കാതെ എല്ലാം ഭാവിക്കുവേണ്ടി കരുതും. നാളെ അല്ലെങ്കില്‍ അടുത്ത നിമിഷം നമുക്കുണ്ട് എന്നു തീര്‍ത്തു പറയാനാവാത്ത സാഹചര്യത്തില്‍ ഇന്നു ജീവിക്കുവാന്‍ മറക്കുന്നവരാണവര്‍.
എന്റെ ക്ലാസില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. എത്ര തമാശ കേട്ടാലും അവള്‍ ചിരിക്കുകയില്ല. അടക്കിപിടിച്ചിരിക്കും. ഞാന്‍ ചോദിച്ചു, കുട്ടി എന്താ ഒരിക്കലും കൂട്ടുകാരോടൊപ്പം ഒന്നുറക്കെ ചിരിക്കാത്തത്?
“ഇന്നു ചിരിച്ചാല്‍ നാളെ കരയേണ്ടിവരുമെന്ന് മുത്തശ്ശി പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്.” -എത്ര വിചിത്രമായിരിക്കുന്നു ആ കുട്ടിയുടെ ചിന്ത. നാളെ കരയാതിരിക്കാന്‍വേണ്ടി ഇന്നവള്‍ എല്ലാ സന്തോഷത്തെയും ത്യജിക്കുകയാണ്. സത്യത്തില്‍ ആ കുട്ടി ഇന്നു ജീവിക്കുവാന്‍ മറക്കുകയല്ലെ ചെയ്യുന്നത്?
ഇന്ന് എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടു ജീവിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ജീവിച്ചു എന്ന സംതൃപ്തി നമുക്കുണ്ടാകും. നാളേക്കുവേണ്ടി കരുതണ്ടാ എന്നല്ല; ഇന്നത്തേതു കഴിഞ്ഞിട്ടു മതി എന്നണ്. കൂട്ടിവച്ചതൊന്നും അനുഭവിക്കാതെ ഒരു വിളിപ്പുറത്തു പൊലിഞ്ഞുപോയ എത്രപേരെ നാം കണ്ടിരിക്കുന്നു! ഇന്ന് സഹായിക്കേണ്ടവരെ സഹായിച്ചും സ്‌നേഹിക്കേണ്ടവരെ സ്‌നേഹിച്ചും അനുഭവിക്കേണ്ട സന്തോഷങ്ങളൊക്കെ അനുഭവിച്ചും ജീവിക്കുമ്പോള്‍ ഒന്നിനും ആകാതെ ഒരു ചാരുകസേരയെ ശരണം പ്രാപിക്കുമ്പോള്‍ അപ്പോഴും സന്തോഷമായിരിക്കാന്‍ സാധിക്കും.
ഒരുപാടു സമ്പാദ്യങ്ങളുള്ള ഒരപ്പച്ചനെയും അമ്മച്ചിയെയും ഞാന്‍ ഈയിടെ കണ്ടു. ഒരു കൊച്ചു മകളെയും നോക്കി ജീവിതം തള്ളി നീക്കുന്ന അവര്‍ ഇന്നു സമ്പാദിച്ചുവച്ചതിലൊന്നു സംതൃപ്തരല്ല. അനുഭവിക്കാനാവാതെ പോയ പലതിനെയോര്‍ത്ത് അവര്‍ ഇന്നു ദുഃഖിക്കുന്നു.
ഗീതയില്‍ ഒരു തത്വമുണ്ട്. 'ഫലേച്ഛകൂടാതെ കര്‍മ്മം ചെയ്യുക' എന്ന് . ഈ ഒറ്റ വാക്യത്തില്‍ ഫലം എന്നത് ഭാവിയെ സംബദ്ധിച്ചുള്ളതാണ്. കര്‍മ്മം എന്നുള്ളത് വര്‍ത്തമാനകാലത്തിലും . ഭാവിയെക്കുറിച്ചോര്‍ക്കാതെ ഇന്നു കര്‍മ്മം ചെയ്യുക. അപ്പോള്‍ നമ്മുടെ ആശങ്കകളും വ്യാകുലതകളും ഇല്ലാതാകും.
ഇംഗ്ലീഷില്‍ പറയുന്നത്:
Past in a Misery
Future is a Misery;Present is s GIFT.
That is why we call it a PRESENT.
ഇന്ന് എന്ന ആനന്ദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക