Image

അത്ഭു­ത­ങ്ങ­ളൊ­ന്നു­മി­ല്ലാതെ കബാലി

ജയ­മോ­ഹ­നന്‍ എം Published on 22 July, 2016
അത്ഭു­ത­ങ്ങ­ളൊ­ന്നു­മി­ല്ലാതെ കബാലി
സല്‍മാന്‍ ഖാനെയും ഷാരൂഖ് ഖാനെയും പോലെ­യുള്ള താര­ങ്ങള്‍ ഹോളിഡേ നോക്കി സിനിമ റിലീസ് ചെയ്യു­ന്നു. രജ­നി­കാന്ത് ഏത് ദിവസം സിനിമ റിലീസ് ചെയ്താലും അന്ന് ഹോളിഡേ ആയി മാറു­ന്നു.

കബാ­ലി­യെ­ക്കു­റിച്ച് വാട്ട്‌സാ­പ്പില്‍ പ്രച­രിച്ച മെസേ­ജാ­ണി­ത്. ഇതില്‍ ഒരു അതി­ശ­യോ­ക്തി­യു­മു­ണ്ടാ­യി­രു­ന്നി­ല്ല. ചെന്നൈ­യിലും ബാംഗ്ലൂ­രിലും കബാ­ലി­യുടെ റിലീസ് ദിവസം വന്‍കിട കമ്പി­നി­കള്‍ പോലും അവ­ധി­യായി പ്രഖ്യാ­പി­ച്ചു. ഐ.ടി കമ്പ­നി­കള്‍ തിയ­റ്റ­റു­ക­ളില്‍ തങ്ങ­ളുടെ സ്റ്റാഫു­കള്‍ക്കായി കൂട്ട­ത്തോടെ ടിക്ക­റ്റു­കള്‍ ബുക്ക് ചെയ്‌തെ­ടു­ത്തു. ഭൂമി­യില്‍ മാത്ര­മ­ല്ല അങ്ങ് ആകാ­ശത്ത് വിമാ­ന­ത്തില്‍ പോലും കബാ­ലി­യുടെ പര­സ്യ­മാ­യി­രു­ന്നു.

അയ്യാ­യിരം സ്ക്രീനു­ക­ളിലെ റിലീ­സു­മായി കബാലി ഇന്ത്യന്‍ സിനി­മ­യിലെ ഏറ്റവും വലിയ റിലീ­സു­മായി മാറി. റിലീ­സിന് മുമ്പ് ഒരു ഇന്റര്‍നാ­ഷ­ണല്‍ ബ്രാന്‍ഡായി മാറാന്‍ കബാ­ലിക്ക് കഴിഞ്ഞു എന്ന­താണ് സത്യം. ഒരു ഹോളി­വുഡ് റിലീ­സിനെ വെല്ലുന്ന എല്ലാ തരം­ഗവും ചിത്ര­ത്തി­നു­ണ്ടാ­യി­രു­ന്നു. ഗള്‍ഫ് രാജ്യ­ങ്ങ­ളില്‍പ്പോലും ചിത്രം കാണാന്‍ വന്‍ ജന­ത്തി­ര­ക്കാ­യി­രു­ന്നു. കേര­ള­ത്തി­ല­ടക്കം ആദ്യ ഷോക­ളുടെ ടിക്ക­റ്റു­കള്‍ രണ്ടു ദിവസം മുമ്പേ വിറ്റ­ഴി­ഞ്ഞു.

അങ്ങനെ കാത്തി­രി­പ്പി­നൊ­ടു­വില്‍ കബാലി എത്തി­യ­പ്പോള്‍ പക്ഷെ അത്ഭു­ത­ങ്ങ­ളൊന്നും ബാക്കി­യാ­വു­ന്നി­ല്ല. ഒരു ശരാ­ശരി സിനി­മയ്ക്ക് മുക­ളി­ലേക്ക് കുതിച്ചു കയറി മറ്റൊരു യന്തി­രന്‍ (റോ­ബോട്ട്) ഇഫക്ട് സൃഷ്ടി­ക്കാന്‍ കബാ­ലിക്ക് കഴി­ഞ്ഞി­ല്ല. മാത്ര­മല്ല ബാഷയും പട­യ­പ്പയും പോലെ­യുള്ള സിനി­മ­കള്‍ക്ക് ഇനി­യൊരു സാധ്യ­ത­യു­മില്ല എന്ന­തിന്റെ ഏറ്റവും വലിയ തെളി­വായി മാറു­ക­യാണ് കബാ­ലി.

മലേ­ഷ്യ­യാണ് കബാ­ലി­യുടെ പശ്ചാ­ത്ത­ലം. മലേ­ഷ്യ­യില്‍ തമിഴ് മക്ക­ളുടെ നാഥ­നായി വാഴുന്ന കബാ­ലീ­ശ്വ­രന്‍ എന്ന കബാ­ലി. കബാ­ലിക്ക് വില്ല­നായി ചൈന­ക്കാ­രന്‍ ഡോണ്‍. മലേ­ഷ്യ­യില്‍ രണ്ടാം­കിട പൗരന്‍മാ­രാ­വേണ്ടി വരുന്ന തമി­ഴര്‍ക്ക് കബാലി ദൈവ­മായി മാറു­മ്പോള്‍ എതി­രാ­ളി­കള്‍ വര്‍ദ്ധി­ക്കു­ന്നു. അവര്‍ കബാ­ലി­യുടെ പൂര്‍ണ്ണ­ഗര്‍ഭീ­ണി­യാ­യി­രുന്ന ഭാര്യയെ വക­വ­രു­ത്തു­ന്നു. കബാ­ലി­യാ­വട്ടെ സംഘ­ട­ന­ത്തില്‍ ഗുരു­ത­ര­മായി പരു­ക്കേറ്റ് ജയി­ലി­ലു­മാ­കു­ന്നു.

25 വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ കബാലീശ്വ­രന്‍ തിരിച്ചു വരു­ന്ന­താണ് ചിത്ര­ത്തിന്റെ പ്രമേ­യം. കൊച്ചി പഴയ കൊച്ചി­യ­ല്ലെ­ങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെ എന്ന മമ്മൂട്ടി ഡയ­ലോഗ് പോലെ­യാണ് കബാ­ലി­യുടെ കാര്യ­വും. 25 വര്‍ഷത്തിനു ശേഷം മലേഷ്യ പഴയ മലേ­ഷ്യ­യ­ല്ല. പക്ഷെ കബാലി പഴയ കബാലി തന്നെ. പിന്നീട് വില്ലന്‍മാര്‍ക്ക് നേരെ കബാ­ലി­യുടെ തിരി­ച്ച­ടി­കള്‍. ഇതി­നി­ട­യില്‍ തന്റെ ഭാര്യ­യും മകളും ജീവി­ച്ചി­രി­ക്കുന്നു എന്ന് കബാലി തിരി­ച്ച­റി­യു­കയും അവരെ വീണ്ടെ­ടു­ക്കു­കയും ചെയ്യു­ന്നു. അവ­സാനം വില്ല­നെ കൊന്ന് പ്രതി­കാരം തീര്‍ത്ത് കബാലി അവ­സാ­നി­ക്കു­ന്നു.

രജ­നി­കാ­ന്തിന്റെ സിനി­മ­ക­ളിലെ സൂപ്പര്‍ ആക്ഷന്‍ സ്വീക്കന്‍സു­കളോ അതി­മാ­നു­ഷി­ക­മായ പഞ്ച് സീനു­കളോ കബാ­ലി­യില്‍ ഇല്ല എന്ന­താണ് രജ­നി­യുടെ ആരാ­ധ­കരെ വേണ്ടത്ര തൃസി­പ്പി­ക്കാതെ പോകു­ന്ന­ത്. വെടി­യുണ്ട കൈയ്യില്‍ പിടി­ച്ചെ­ടു­ക്കുന്ന സൂപ്പര്‍മാന്‍ രജനി കബാ­ലി­യില്‍ ഇല്ല. പക്ഷെ പ്രായ­ത്തിന്റെ പരി­മിതി­കള്‍ മറി­ക­ടന്ന് ചിത്ര­ത്തിലെ രണ്ട് ആക്ഷന്‍ സ്വീക്കന്‍സു­കളെ രജനി ഗംഭീ­ര­മാ­ക്കി­യി­ട്ടു­ണ്ട്. മാത്ര­മല്ല മാസ് പ്രസ­ന്റേ­ഷ­നു­ക­ളിലും രജനി തന്റെ സ്വത­സി­ദ്ധ­മായ ശൈലി പുറ­ത്തെ­ടു­ക്കു­ന്നു. എന്നാല്‍ രജ­നി­യുടെ മാസ് അപ്പി­യ­റന്‍സിനെ ഉപ­യോ­ഗ­പ്പെ­ടു­ത്തുന്ന യന്തി­രന്‍ ശൈലി­യി­ലുള്ള മികച്ച സിനി­മാ­റ്റിക്ക് പ്രസ­ന്റേ­ഷന്‍ കബാ­ലി­യില്‍ ഇല്ല.

പതിവ് രജനി സിനി­മ­കള്‍ വിട്ട് കുടുംബ പ്രമേ­യ­മൊക്കെ സംവി­ധാ­യ­കന്‍ പാ.­ര­ഞ്ജിത്ത് സ്വീക­രിച്ചപ്പോള്‍ ആ കഥയ്ക്ക് വേണ്ടത്ര കാമ്പി­ല്ലാ­താ­യി­പ്പോയി എന്ന­താണ് ഏറ്റവും വലിയ പരാ­ജ­യ­മാ­യ­ത്. എണ്‍പ­തു­ക­ളിലെ ഹിന്ദി സിനി­മ­ക­ളില്‍ ഉപ­യോ­ഗിച്ച പഴ­ഞ്ചന്‍ ഫോര്‍മുല കഥ മാത്ര­മായി കബാലി ഒതു­ങ്ങു­മ്പോള്‍ യന്തി­രന്‍ പോലെ­യുള്ള സിനി­മ­യെ ആസ്വ­ദിച്ച ക്ലാസ് ഓഡി­യന്‍സും നിരാ­ശ­രാ­കു­ന്നു.

തൊണ്ണൂ­റു­ക­ളില്‍ ഉഴൈ­പ്പാ­ളി­യും, അണ്ണാ­മ­ല­യും, ബാഷ­യും, മുത്തു­വും, പട­യ­പ്പയും, അരു­ണാ­ച­ലവും പോലെ­യുള്ള ചിത്ര­ങ്ങള്‍ സൃഷ്ടിച്ച രജ­നി­കാ­ന്തിന്റെ പക­രം­വെ­ക്കാ­നി­ല്ലാത്ത താര­പ­ദവി ഇന്ത്യന്‍ സിനി­മ­യിലെ അത്ഭുതം തന്നെ­യാ­ണ്. രജനി മാനിയ എന്താണെന്നും അതിന്റെ രസ­ക്കൂട്ട് എന്താ­ണെന്നും ഹിറ്റ്‌മേ­ക്കേ­ഴ്‌സായ സംവി­ധാ­യ­കര്‍ക്ക് പോലും പൂര്‍ണ്ണ­മായും പിടി­കി­ട്ടി­യി­ട്ടി­ല്ല. എന്നാല്‍ തന്റെ തന്നെ സിനി­മ­ക­ളില്‍ നിന്ന് സ്വയം പരി­ഷ്ക­രിച്ച് മുമ്പോട്ടു നട­ക്കുന്ന ഒരു രജ­നി­കാന്ത് എപ്പോ­ഴു­മു­ണ്ടാ­യി­രു­ന്നു. ആ രജ­നിക്ക് എന്നും കൈപ്പി­ടി­യില്‍ നിര്‍ത്താന്‍ കഴി­യു­മാ­യി­രുന്നു രജനിമാനി­യ­യെ. അതു­കൊണ്ടു തന്നെ തിര­ഞ്ഞെ­ടു­പ്പു­ക­ളില്‍ രജനി എപ്പോഴും ശ്രദ്ധി­ച്ചി­രു­ന്നു. ബാഷ­യു­ടെയും പട­യ­പ്പ­യു­ടെയും ഫോര്‍മു­ലയെ രജനി തൊണ്ണൂ­റു­ക­ളില്‍ തന്നെ പൂര്‍ണ്ണ­മായും ഉപേ­ക്ഷി­ച്ചു.

എന്നി­ട്ടാണ് 2002ല്‍ ബാബയെ തിര­ഞ്ഞെ­ടു­ത്ത­ത്. എന്നാല്‍ അമാ­നു­ഷി­കത കൂടി­പ്പോയ ബാബ പരാ­ജ­യ­പ്പെ­ട്ടു. പക്ഷെ മണി­ച്ചി­ത്ര­ത്താഴ് എന്ന മികച്ച മല­യാള ചിത്രത്തിന്റെ റീമേ­ക്കായ ചന്ദ്ര­മു­ഖി­യെ­യാണ് രജനി പിന്നീട് തിര­ഞ്ഞെ­ടു­ത്ത­ത്. മികച്ച കഥ­യുള്ള ചന്ദ്ര­മു­ഖി­യി­ലേക്ക് രജനി തന്റെ സൂപ്പര്‍ ഹീറോ­യിസം കൂടി മിക്‌സ് ചെയ്ത് സൂപ്പര്‍ഹി­റ്റാ­ക്കി. പിന്നീട് തമി­ഴ­കത്തെ സാദാ വില്ലന്‍മാരെ വിട്ട് ഷങ്ക­റിന്റെ സംവി­ധാ­ന­ത്തില്‍ ശിവ­ജി­യി­ലൂടെ ഇന്റര്‍നാ­ഷ­ണല്‍ വില്ല­നു­മായി ഫൈറ്റ് ചെയ്തു. എന്നാല്‍ പിന്നീ­ടെ­ത്തിയ കുസേ­ലന്‍ പരാ­ജ­യ­പ്പെ­ട്ടു.

അതിനു ശേഷ­മാണ് രജനി ഷങ്ക­റിന്റെ യന്തി­രന്‍ (റോ­ബോട്ട് ) തിര­ഞ്ഞെ­ടു­ത്ത­ത്. ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമ എന്ന രജ­നി­യുടെ തിര­ഞ്ഞെ­ടുപ്പ് കൃത്യ­മാ­യി­രു­ന്നു. ഒപ്പം ഷങ്ക­റിന്റെ മികച്ച സംവി­ധാ­നവും കൊമേ­ഴ്‌സ്യല്‍ നമ്പ­റു­കളും കൂടി ചേര്‍ന്ന­പ്പോള്‍ സിനിമ എക്കാ­ല­ത്തെയും വലിയ വിജയ ചരി­ത്ര­മെ­ഴു­തി.

എന്നാല്‍ യന്തി­രനെ തുടര്‍ന്നുള്ള രജ­നി­യുടെ തിര­ഞ്ഞെ­ടു­പ്പു­കള്‍ വീണ്ടും വീണ്ടും തെറ്റു­ക­യാ­ണ്. ആനി­മേ­ഷന്‍ - ലൈവ് ആക്ഷന്‍ കോമ്പി­നേഷന്‍ ചിത്ര­മായ കൊച്ച­ടി­യാന്‍ പരാ­ജ­യ­മാ­യി. 2014ല്‍ എത്തിയ ലിംഗ ദയ­നീയ പരാ­ജയം ഏറ്റു­വാ­ങ്ങി. ഇപ്പോ­ഴിതാ കബാ­ലിയും പരാ­ജ­യം. ബാഷ പോലെയോ, പട­യപ്പ പോലെയോ ഒരു ടിപ്പി­ക്കല്‍ വില്ലനെ നേരി­ടുന്ന രജ­നി­കാ­ന്തിന്റെ പഴയ ഫോര്‍മുല സിനിമ ഇനി രജ­നി­യുടെ സ്റ്റാര്‍ഡത്തെ താങ്ങില്ല എന്ന­താണ് സത്യം. അതു­പോലെ തന്നെ രജ­നിയെ സംവിധാനം ചെയ്യ­ണ­മെ­ങ്കില്‍ അതിന് ഷങ്ക­റി­നെ­യോ, രാജ­മൗ­ലി­യെയോ പോലുള്ള മാസ്റ്റേ­ഴ്‌സി­നെ­ക്കൊണ്ട് മാത്രമേ സാധി­ക്കു. രജനി മാനി­യ­യുടെ രസ­ക്കൂട്ട് പിടി­ച്ചെ­ടു­ക്ക­ണ­മെ­ങ്കില്‍, അരാ­ധ­ക­രുടെ പ്രതീക്ഷ നില­നിര്‍ത്ത­ണ­മെ­ങ്കില്‍ വലിയ പണി­യെ­ടു­ക്കേണ്ടി വരു­മെന്ന് സാരം.

എങ്കിലും പ്രായത്തിന്റെ പരി­മി­തി­കള്‍ നിറ­യു­മ്പോഴും രജനി എന്ന് മാസ് ഇഫ്ക്ടിന് സിനി­മ­യില്‍ ചെറുപ്പം തന്നെ­യാ­ണ്. മാസ് ലുക്കും സ്റ്റൈലു­കളും പഴ­യത് പോലെ തന്നെ രജനി ഗംഭീ­ര­മായി കബാ­ലി­യിലും പ്രയോ­ഗി­ച്ചി­ട്ടു­ണ്ട്. രജനി ആരാ­ധ­കര്‍ക്ക് ഈ രജനി സ്റ്റൈലു­ക­ളില്‍ തൃപ്തി­യ­ട­യു­കയും ചെയ്യാം. അതി­ന­പ്പുറം കബാ­ലി­യില്‍ ഒന്നും പ്രതീ­ക്ഷി­ക്ക­രുത് എന്ന് സാരം.

ലിംഗ­യ്ക്ക്പി­ന്നാലെ കബാ­ലിയും പരാ­ജ­യ­പ്പെ­ടു­ന്നു­വെ­ങ്കിലും രജനി എന്ന സൂപ്പര്‍താരത്തിന്റെ യന്തി­രന്‍ 2 തീര്‍ച്ച­യായും വലിയ പ്രതീ­ക്ഷ­കള്‍ നില­നിര്‍ത്തു­ന്നു­ണ്ട്. രജ­നി­യെ­പ്പോ­ലെ­യൊരു താര­ത്തിന്റെ ഇമേ­ജി­നെയും വലു­പ്പ­ത്തെയും താങ്ങാന്‍ കഴി­യുന്നത് ഇനി യന്തി­രന്‍പോ­ലെ­യൊരു സിനി­മയ്ക്ക് മാത്ര­മാ­യി­രി­ക്കും. ആ യാഥാര്‍ഥ്യം മന­സി­ലാക്കി തന്നെ­യാവും യന്തി­രന് മുക­ളില്‍ യന്തി­രന്‍ 2 ഷങ്കര്‍ ഒരു­ക്കു­ക. അതു­കൊണ്ടു തന്നെ കബാലി ഒരു ട്രെയി­ലര്‍ മാത്ര­മായി കണ­ക്കാ­ക്കാം. രജ­നി­യുടെ അത്ഭു­ത­ങ്ങള്‍ക്കായി യന്തി­രന്‍ 2വി­നായി കാത്തി­രി­ക്കാം.

അത്ഭു­ത­ങ്ങ­ളൊ­ന്നു­മി­ല്ലാതെ കബാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക