Image

സഖാവ് പിണറായി ബൈബിള്‍ വായിച്ചു തുടങ്ങുമ്പോള്‍ ..(ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 06 February, 2012
സഖാവ് പിണറായി ബൈബിള്‍ വായിച്ചു തുടങ്ങുമ്പോള്‍ ..(ഷോളി കുമ്പിളുവേലി)
പിണറായി വിജയനും ബൈബിള്‍ വായിച്ചു തുടങ്ങിയിരിക്കുന്നു; അതും ദാസ് ക്യാപിറ്റല്‍ മാറ്റിവച്ചിട്ട് തനിക്കാവശ്യമുള്ള വാക്കുകളും, വാക്യങ്ങളും(വളച്ച്) ഒടിക്കുന്നതിനു വേണ്ടിയാണെങ്കില്‍ വായിച്ചു തുടങ്ങിയത് ശുഭസൂചകം തന്നെ അദ്ദേഹം മുഴുവനും വായിച്ചു പഠിക്കട്ടെ! ഒരു പക്ഷേ സഖാവ് വേദപുസ്തകം വായിച്ചു തുടങ്ങിയത് ശുഭസൂചകം തന്നെ സഖാവിന് മാനസാന്തരം ഉണ്ടായികൂടെന്നില്ല! അങ്ങനെയാണെങ്കില്‍ അത് നിങ്ങളുടെ സമൂഹത്തില്‍ തന്നെ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കും. ഇപ്പോള്‍ തന്നെ അദ്ദേഹം യേശുവിനെ ആദരിക്കുന്നതായി പരസ്യമായി തന്നെ പറഞ്ഞു കഴിഞ്ഞ. സഖാവ് നന്നാകാന്‍ പോകുകയാണെന്നു തോന്നുന്നു. എങ്കില്‍ നന്ന്.

മാര്‍ക്‌സ്‌റ്‌റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ചിത്ര പ്രദര്‍ശനത്തില്‍ ആണ്, കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പടങ്ങള്‍ക്കൊപ്പം യേശു ക്രിസ്തുവിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ച് താരതമ്യ പഠനത്തിന് ശ്രമിച്ചത്.

ശുദ്ധഗതിക്കാരായ ചില വിശ്വാസികളെങ്കിലും ഇതിലെന്തു തെറ്റെന്ന് ചിന്തിച്ചിട്ടുണ്ടാകാം. മാര്‍ക്കിസ്റ്റ്കാര്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് കര്‍ത്താവിന്റെ ചിത്രം ഭൗതികവാദികളായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചത്. വിശ്വാസികളുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉയരുമെന്ന് അവര്‍ക്കറിയാം വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുകയും, സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉണ്ടാകുമെന്നും മറ്റാരേക്കാള്‍ നന്നായി മാര്‍ക്കിസ്റ്റുകാര്‍ക്കറിയാം. അതാണവര്‍ക്ക് വേണ്ടതും. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യുവാനും, അങ്ങനെ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുവാനും, സി.പി.എം.ന് ഇത്തവണ പ്രത്യേക വിഷയങ്ങള്‍ ഒന്നും തന്നെയില്ല. ഈ യവസരത്തില്‍ എതെങ്കിലും കാര്യത്തില്‍ പ്രശ്‌നം സൃഷ്ടിക്കുകയും അങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യാനുള്ള പിണറായി വിജയന്റെ അതിബുദ്ധിയും ഇതിന്റെ പിന്നിലുണ്ട്. കൂടാതെ ബൈബിളിലെ ഏതാനും വാക്യങ്ങള്‍ , തന്റെ സൗകര്യാര്‍ത്ഥം അടര്‍ത്തിയെടുത്തിട്ട് അതു വച്ച് ക്രൈസ്തവ സമൂഹത്തേയും, പുരോഹിതരേയും, മതമേലദ്ധ്യക്ഷന്മാരേയും പരോക്ഷമായി ജനമദ്ധ്യത്തില്‍ അവഹേളിക്കുന്നതിനുള്ള ഒരവസരം കൂടി സൃഷ്ടിച്ചെടുക്കുക എന്ന കുടില തന്ത്രവും പിണറായി വിജയനുണ്ട്. ഇതാണ് വിശ്വാസികള്‍ തിരിച്ചറിയേണ്ടത്. ഇതിന്റെ ലക്ഷണമാണ് കഴിഞ്ഞ ദിവസം യേശുവിന്റെ ദേവാലയ ശുദ്ധീകരണത്തെപ്പറ്റി സഖാവ് പിണറായി നടത്തിയ വിശദീകരണങ്ങള്‍ . സമൂഹം ബഹുമാനത്തോടെ മാത്രം കാണുന്ന മതമേലദ്ധ്യക്ഷനെ നികൃഷ്ട ജിവി എന്നു വിളിച്ച നാവില്‍ നിന്ന് ഇതില്‍ കൂടുതല്‍ നന്മ നമ്മള്‍ പ്രതീക്ഷിക്കേണ്ടതില്ല. എന്നിട്ടിപ്പോള്‍ യേശുവിനെ ആദരിക്കുന്നു പോലും! യേശുവിനെ ദൈവപുത്രനായി കാണുവാനും, അങ്ങനെ ആദരിക്കുവാനും, ആരാധിക്കുവാനും പിണറായി വിജയന് സാധിക്കുമോ? അല്ലാതെ ലോകത്താര്‍ക്കും വേണ്ടാത്ത ഒട്ടനാണയങ്ങളായ ലെനിന്റേയും, സ്റ്റാലിന്റേയും, ചെഗ്വേരയുടെയും, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ കാറല്‍ മാര്‍ക്‌സിനേ പ്പോലെയുള്ള നിരീശ്വരവാദികള്‍ക്കുമിടയില്‍ കര്‍ത്താവിന്റെ ചിത്രം വച്ചിട്ട് ദൈവപുത്രനായ യേശുവിന്റെ സ്ഥാനവും ഇവര്‍ക്കൊപ്പം മാത്രമേയുള്ളൂവെന്ന പരോക്ഷമായ സന്ദേശം നല്‍കാന്‍ കൂടിയാണ് മാര്‍ക്‌സിറ്റുകാര്‍ ശ്രമിക്കുന്നത്. ഈ നികൃഷ്ട തന്ത്രത്തെ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കണം.

ഇനി പിണറായി വിജയനോട് അല്പം സ്വകാര്യം. യേശുവിനെ അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്തതിന് നന്ദി! ഇനി വീര്‍പ്പുമുട്ടി കഴിയുന്ന കുറച്ചാളുകള്‍ ഉണ്ട്; പാര്‍ട്ടി സഖാക്കള്‍. അവര്‍ക്ക് പരസ്യമായി പള്ളിയില്‍ പോകാനും, ആരാധന നടത്തുവാനും ഉള്ള അനുവാദം കൂടി സഖാവ് നല്‍കണം. കൂടാതെ അച്ചടക്കത്തിന്‍രെ വാളുപേടിച്ച് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും കഴിയാതെ പോയ പാവം ജനപ്രതിനിധികള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യുവാനും പാര്‍ട്ടി സെക്രട്ടറി ഇനിയെങ്കിലും അനുമതി നല്‍കണം. അതിലുപരി പാര്‍ട്ടിയെ ഭയന്ന് സ്വന്തം മതവിശ്വാസമനുസരിച്ച് വിവാഹവും, മൃതസംസ്‌കാരവും നിഷേധിക്കപ്പെട്ട ധാരാളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ കേരളത്തിലുണ്ട്. അവരോടുള്ള സഖാവിന്റെ സമീപനവും മാറ്റുമെന്നു പ്രതീക്ഷിക്കുന്നു. മറ്റൊന്നുകൂടി, ജീവിതത്തിന്റെ അവസാനനാളുകളില്‍ ദൈവവിശ്വാസത്തിലേക്ക് തിരിഞ്ഞ മത്തായി ചാക്കോയുടെ ആതാവിനോടെങ്കിലും സഖാവ് ക്ഷമചോദിയ്ക്കണം.

യേശുവിന്റെ ദേവാലയ പ്രവേശനവും, ശുദ്ധീകരണവും വായിച്ച് താങ്കള്‍ കര്‍ത്താവിന്റെ മരുഭൂമിയിലെ പരീക്ഷയും വായിച്ചിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു. അതിലെ ഒരു വാചകം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരട്ടെ.

“വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടികൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചു കൊണ്ട് പറഞ്ഞു. നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്ക് ഞാന്‍ നല്‍കും. യേശു കല്പിച്ചു. സാത്താനെ ദൂരെപോകുക, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം അവിടുത്തെ മാത്രമേ പൂജിയ്ക്കാവൂ എന്നു എഴുതപ്പെട്ടിരിക്കുന്നു.”(മത്തായി 4, 8-10) വിശ്വാസികള്‍ ഏറ്റുപറയുന്നതും ഇതു തന്നെ: സാത്താനെ നീ ദൂരെ പോകുക.

ഷോളി കുമ്പിളുവേലി
എസ്.എം.സി.സി ബ്രോണ്‍സ് ചാപ്റ്റര്‍ പ്രസിഡന്റ്,
നാഷണല്‍ ഗവര്‍ണിംഗ് കൗണ്‍സില്‍ മെംമ്പര്‍
sholy1967@hotmail.com
സഖാവ് പിണറായി ബൈബിള്‍ വായിച്ചു തുടങ്ങുമ്പോള്‍ ..(ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക