Image

ഡോ. ദേവയാനി ഖോബ്രഗേഡയെ നിയമിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് അതൃപ്തി

Published on 25 July, 2016
 ഡോ. ദേവയാനി ഖോബ്രഗേഡയെ നിയമിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് അതൃപ്തി
ന്യൂഡല്‍ഹി: വിവാദത്തില്‍പെട്ട നയതന്ത്രപ്രതിനിധി  ഡോ. ദേവയാനി ഖോബ്രഗേഡയെ കേന്ദ്ര മന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി  നിയമിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസ് അതൃപ്തി അറിയിച്ചു.

ബി.ജെ.പി സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ  പുതുതായി നിയമിതനായ മന്ത്രി രാംദാസ് അഠ് വാലെയുടെ  പ്രൈവറ്റ് സെക്രട്ടറിയായി ദേവയാനിയെ നിയമിക്കാനുള്ള അഭ്യര്‍ത്ഥനയോട് പ്രധാനമന്ത്രിയുടെ ഓഫിസ്  അതൃപ്തി അറിയിച്ചതായാണ് വിവരം. 

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

സുഹൃത്തുക്കളെയും അനുയായികളെയും നിയമിക്കാനുള്ള മന്ത്രിമാരുടെ എല്ലാ അപേക്ഷകളും നരേന്ദ്രമോദി ഇതുവരെ നിരസിക്കുകയാണുണ്ടായതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള സീനിയര്‍ വക്താവ് അറിയിച്ചു.

ഖോബ്രഗേഡയുടെ പിതാവ് മുന്‍ ഐ.എ.എസ് ഓഫിസറായ ഉത്തം ഖോബ്രഗേഡെ  റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമാണ്. 

തന്റെ മകളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതിനെതിരെ ഇന്ത്യാ ഗവണ്‍മെന്റിനെതിരെ ദേവയാനി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതും ഗവണ്‍മെന്റ് തലത്തില്‍ ദേവയാനിക്കെതിരായ അനിഷ്ടത്തിന് കാരണമാണ്.

ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായിരിക്കെ നാനിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് 2013 ഡിസംബറില്‍ ഖോബ്രഗേഡയെ അറസ്റ്റ് ചെയ്ത് ദേഹപരിശോധന നടത്തിയിരുന്നു. 

ഇന്ത്യയും യു.എസും തമ്മില്‍ നയപരമായ വാക്‌പോരാട്ടങ്ങള്‍ക്ക് സംഭവം വഴിവച്ചിരുന്നു.

മന്ത്രിയുമായുള്ള അടുത്തബന്ധമൊന്നും നിയമന കാര്യത്തില്‍ ഖൊബ്രഗേഡയെ തുണച്ചില്ലെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

എന്നിരുന്നാലും ദേവയാനിക്കുവേണ്ടി മന്ത്രി സമ്മര്‍ദ്ദം തുടരുകയാണെന്നാണറിയുന്നത്. 

1999 ബാച്ച് ഐ.എഫ്.എസ് ഓഫിസറായ ദേവയാനി, മകളുടെ യു.എസ് പാസ്‌പോര്‍ട്ടിനെകുറിച്ച് ഇന്ത്യാ ഗവണ്‍മെന്റിനെ തെറ്റിദ്ധരിപ്പിച്ചതിനും സറണ്ടര്‍ ചെയ്യാന്‍ മടിച്ചതിലും കുറ്റക്കാരിയാണ്. ഡ്യൂവല്‍ സിറ്റിസണ്‍ഷിപ്പ് ഇന്ത്യ അനുവദിക്കുന്നില്ല. 

ഫിലസഫി പ്രൊഫസറായ ദേവയാനിയുടെ ഭര്‍ത്താവ് അമേരിക്കന്‍ സിറ്റിസനാണ്. ദേവയാനി നിലവില്‍ ഡയറക്ടര്‍ ലവല്‍ ഓഫിസറാണ്. ആറുമാസമായി അവര്‍ സ്റ്റഡി ലീവിലുമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക