Image

കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 24 July, 2016
കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
 പ്ലാവും ചക്കയും ചക്കവിഭവങ്ങളും മലയാളികളുടെ ഭാവനകള്‍ക്കപ്പുറത്തേക്കു വളര്‍ന്നിരിക്കുന്നു. തേന്‍വരിക്കപ്പഴം ആസ്വദിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചക്കവിളംബര ഘോഷയാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. പ്രകൃതി ഉപാസകരായ ധനമന്ത്രി തോമസ് ഐസക്കും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ഒപ്പം നിന്നു. ചക്കയും ചേമ്പും ചേനയും ഉള്‍പ്പെടെ കേരളീയര്‍ മറന്നുപോയ കാര്‍ഷിക സംസ്‌കൃതിയിലേക്കുള്ള മടക്കത്തിന് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് 'പനസ' എന്ന ചക്ക ഉത്പന്നകേന്ദ്രം കോവളത്തിനടുത്ത് പുല്ലുവിളയിലെ ശാന്തിഗ്രാമില്‍ തുറന്നുകൊടുത്തുകൊണ്ട് മന്ത്രി സുനില്‍കുമാര്‍ പ്രഖ്യാപിച്ചു.

ഓസ്‌ട്രേലിയയില്‍ സിഡ്‌നി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാര്‍ ചക്കയില്‍ ഡയബിറ്റീസ് എന്ന പ്രമേഹത്തെ തോല്പിക്കുന്ന ഔഷധമൂല്യം അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയതു മുതല്‍ തുടങ്ങിയതാണ് ജീവിതശൈലീ രോഗങ്ങള്‍കൊണ്ടു പൊറുതി മുട്ടിയ മലയാളികളുടെ പുതിയ അഭിനിവേശം. ചക്ക സംസ്‌കരിച്ച് 365 ദിവസവും ലഭ്യമാക്കാനും പച്ചച്ചക്കകൊണ്ടും ചക്കപ്പഴംകൊണ്ടും ഒട്ടേറെ വിഭവങ്ങളൊരുക്കാനും കേരളത്തിലങ്ങോളമിങ്ങോളം ശ്രമം നടന്നുവരുന്നു. 

 മൈക്രോസോഫ്ടിലെ മാനേജര്‍സ്ഥാനം വേണ്ടെന്നുവച്ച് ആലുവ സ്വദേശി ജയിംസ് ജോസഫ് ജാക്ഫ്രൂട്ട്365 എന്ന പ്രസ്ഥാനംതന്നെ ആരംഭിച്ചു. കേരമല്ല പ്ലാവായിരിക്കും ഇനി കേരളത്തിന്റെ കല്പവൃക്ഷം. ചക്കയും ചക്കക്കുരുവും പ്ലാവിന്‍തടിയും പ്ലാവിലയും എല്ലാം ഉപയോഗിക്കാവുന്ന 'പ്ലാവളം' ആയി കേരളം മാറുകയാണ്.
എന്നിട്ടും മതിയായില്ല. നാടൊട്ടുക്ക് ചക്കവിഭവങ്ങള്‍ നിര്‍മിച്ച് വിപണനം നടത്താന്‍ യുവതീയുവാക്കള്‍ മുന്നിട്ടിറങ്ങി. പാലക്കാട്ട് ആലത്തൂരില്‍ മൃദുവര്‍ണന്‍ എന്ന സാഹസികന്‍ കെ.കെ. ഫുഡ്‌സ് തുറന്നു. 

ചക്കകൊണ്ടുള്ള ചിക്കൂസ് ഐസ്‌ക്രീമുമായി അയാള്‍ ഒരു റഫ്രിജറേറ്റഡ് വാനില്‍ കേരളത്തിലുടനീളം പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു. കണ്ണൂര്‍ തളിപ്പറമ്പിലെ സുഭാഷ് കോറോത്ത് ഒരു കോടിയിലേറെ രൂപ മുടക്കി 'ആട്ടോകാര്‍പ്പസ് ഫുഡ്‌സ്' എന്നൊരു സ്ഥാപനം ആരംഭിച്ചു. വിയറ്റ്‌നാമില്‍ ആയിരക്കണക്കിന് ഏക്കറില്‍ പ്ലാവ് നട്ട് വിഭവങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതു കണ്ടുപഠിച്ച് മടങ്ങിവന്നതേയുള്ളു.

ചക്ക ഉത്സവത്തോടെ 2011ല്‍ രൂപമെടുത്ത കേരള ജാക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ജെ.പി.സി - പ്രസിഡന്റ് റൂഫസ് ദാനിയല്‍, സെക്രട്ടറി എല്‍. പങ്കജാക്ഷന്‍) ശാന്തിഗ്രാമില്‍ സംഘടിപ്പിച്ച പത്തു ദിവസത്തെ ചക്ക സംസ്‌കരണ ശില്പശാലയില്‍ നിരവധി പേരാണു പങ്കെടുത്തത് - എല്ലാം മഹിളകള്‍.
കേരളത്തിലെ കാലാവസ്ഥയില്‍ നാലു മാസം ലഭ്യമാകുന്ന ചക്ക വര്‍ഷം മുഴുവന്‍ കിട്ടാറാക്കുംവിധം വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ നിര്‍മിച്ചിറക്കണമെന്ന് വിയറ്റ്‌നാം, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് മനോഹരമായ പവര്‍ പോയിന്റ് ഡിസ്‌പ്ലേയിലൂടെ ചക്കപ്രചാരണത്തിനു ജീവിതം അര്‍പ്പിച്ച കന്നഡ പത്രാധിപര്‍ (അഡികേ പത്രിക) ശ്രീപദ്രേ ഗാന്ധിഗ്രാമിലെ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ ജേര്‍ണലിസ്റ്റ് കുര്യന്‍ പാമ്പാടി അധ്യക്ഷത വഹിച്ചു.

''ഒരു കപ്പ് ചോറും ഒരു കപ്പ് ചക്കയും തമ്മിലുള്ള ദൂരം ഒരു കിലോമീറ്ററാണ്'' എന്ന ആമുഖത്തോടെയാണ് ജാക്ഫ്രൂട്ട് 365 എന്ന പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ജയിംസ് ജോസഫ് പ്രഭാഷണം ആരംഭിച്ചത്. ഒരു കപ്പ് ചോറില്‍ നിന്നു കിട്ടുന്നത് 185 കലോറിയാണെങ്കില്‍ ഒരു കപ്പ് ചക്കയില്‍നിന്ന് 115 കലോറി ലഭിക്കും. ചോറില്‍ അധികമുള്ള 70 കലോറി 'ബേണ്‍' (ജാഗരണം) ചെയ്യാന്‍ ഒരു കിലോമീറ്റര്‍ ഓടണം. ചക്കയുടെ പ്രയോജനം അവിടെയാണ് -ജയിംസ് ചൂണ്ടിക്കാട്ടുന്നു. 

 അദ്ദേഹമെഴുതിയ 'ഗോഡ്‌സ് ഓണ്‍ ഓഫീസ്' (പെന്‍ഗ്വിന്‍), വിവര്‍ത്തനം 'ദൈവത്തിന്റെ സ്വന്തം' (മനോരമ) എന്നീ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറായി ജയിംസ് ഇറക്കുന്ന ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി ധാരാളം വിറ്റുപോകുന്നു.

ചക്കപ്പഴത്തിന്റെ പള്‍പ്പ് തയാറാക്കി നിരവധി നിര്‍മാണക്കമ്പനികള്‍ക്കു വിതരണം ചെയ്യുന്നയാളാണ് കണ്ണൂരിലെ സുഭാഷ്‌ കോറോത്ത്. കൈയോടെ കഴിക്കാവുന്ന ഉത്പന്നങ്ങള്‍ കമ്പനിയുടെ ആര്‍ & ഡി വിഭാഗം തയാറാക്കി വിപണിയിലെത്തിച്ചു തുടങ്ങി.

ചക്ക ബിരിയാണി, ചക്ക കട്‌ലറ്റ്, ചക്കപ്പായസം, ചക്കസൂപ്പ് തുടങ്ങി 102 വിഭവങ്ങളുടെ പാചകക്കുട്ട് രചിച്ച വയനാട്ടിലെ പത്മിനി ശിവദാസിനു പറയാനുള്ളത് ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ചക്കയോളം പറ്റിയ ഭക്ഷണസാധനം ഇല്ലെന്നുതന്നെയാണ്. ചക്കയുടെ മുള്ള് അരിഞ്ഞ് വേവിച്ച് ഉപ്പു ചേര്‍ത്താല്‍ ദാഹശമനത്തിനും പ്രമേഹത്തിനും ഒന്നാന്തരം. ചക്കക്കുരുവില്‍ നിറയെ പ്രോട്ടീനാണ്. ചക്കക്കുരുകൊണ്ട് തോരനും അച്ചാറും മെഴുക്കുപുരട്ടിയും ശര്‍ക്കരവരട്ടിയും വടയും പപ്പടവും ബര്‍ഗറും ജിഞ്ചര്‍ ചക്കയുമൊക്കെ ഉണ്ടാക്കാം. വയനാട്ടിലെ എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയാണ് പത്മിനി. 

ഗള്‍ഫിലെ ജോലിയുപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി പ്ലാവ് നടുകയും ആയിരക്കണക്കിനു തൈകള്‍ വിതരണം ചെയ്യുകയും ചെയ്ത ആളാണ് തൃശൂര്‍ ജില്ലയിലെ ജയന്‍. അങ്ങനെ പ്ലാവ് ജയന്‍ എന്ന അപരനാമം കിട്ടി. കൈരളി ടിവിയില്‍ വി.കെ. ശ്രീരാമന്‍ 'വേറിട്ട കാഴ്ചകള്‍' എന്ന പരമ്പരയില്‍ ജയനെയും കഥാപാത്രമാക്കി. പ്ലാവിന്‍തൈയുടെ വമ്പിച്ച നേഴ്‌സറി കെട്ടിപ്പടുത്ത മറ്റൊരു ചെറുപ്പക്കാരനാണ് 'ജാക് അനില്‍' എന്ന പേരു കിട്ടിയ അനില്‍.

ചക്കയുത്സവത്തില്‍ ജെ.പി.സി.യുടെ പുരസ്‌കാരങ്ങള്‍ നേടിയവര്‍ ഇവരാണ്: ചക്കയുടെ ആഗോള അംബാസഡര്‍ ശ്രീപദ്രേ, ഭക്ഷ്യമേഖലയിലെ അംബാസഡര്‍ ജയിംസ് ജോസഫ്, മാധ്യമ മേഖലയില്‍നിന്ന് എസ്.ഡി. വേണുകുമാര്‍ (മാതൃഭൂമി, ആലപ്പുഴ, ലേഖനം: ചതിക്കാത്ത ചക്ക), വ്യവസായ സംരംഭകന്‍ സുഭാഷ് കോറോത്ത്, മാതൃകാ സംഘാടകന്‍ സി.ഡി. സുനീഷ്, ശ്രേഷ്ഠ പരിശീലക പത്മിനി ശിവദാസ്, പുണ്യവൃക്ഷ പ്രചാരകന്‍ ജാക് അനില്‍.

പതിറ്റാണ്ടുകായി ചക്കയുടെ പ്രചാരണത്തില്‍ മുഴുകിനില്‍ക്കുന്ന ആളെന്ന നിലയില്‍ പുരസ്‌കാരം ലഭിച്ച മറ്റൊരാളുണ്ടായിരുന്നു - പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടിനടുത്ത് ഇരുമ്പകച്ചോലയിലെ ജയിംസ് പി. മാത്യു. പൈതൃകമായി ലഭിച്ച പതിനൊന്ന് ഏക്കറില്‍ 60 പ്ലാവുണ്ടായിരുന്നു. ചക്ക വീണു ചീഞ്ഞു പ്രശ്‌നമായപ്പോള്‍ ഒരു പ്ലാവ് പോലും വെട്ടാതെ ഗവേഷണം തുടങ്ങി. അങ്ങനെ 365 ദിവസവും ഉപയോഗിക്കത്തക്കവിധം ചക്ക ഉണക്കി സൂക്ഷിക്കാനുള്ള തന്ത്രമന്ത്രങ്ങള്‍ വികസിപ്പിച്ചെടുത്തു. 

വലിയൊരു 'ഡ്രയര്‍' ആണ് പ്രധാന കണ്ണി. വീട്ടമ്മമാര്‍ക്കു പോലും ഉപയോഗിക്കത്തക്കവിധം അമേരിക്കന്‍ നിര്‍മിത എക്‌സ്‌കാലിബര്‍ ഫുഡ് ഡിഹൈഡ്രേറ്ററുടെ വിതരണക്കാരനായി. മലയാള മനോരമ 'വേരിലും ചക്ക' എന്ന ഫുള്‍പേജ് ലേഖനം കൊടുത്ത് അദ്ദേഹത്തെ ആദരിച്ചു. 

ജയിംസിനെക്കുറിച്ച് അന്വേഷണങ്ങളെത്തി. അദ്ദേഹം വീട്ടുമുറ്റത്ത് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരുപാടു പെണ്‍കുട്ടികള്‍ ചക്കസംസ്‌കരണ വ്യവസായരംഗത്തേക്കു പ്രവേശിച്ചു. അവരിലൊരാള്‍ മലമ്പുഴയിലെ ഗായത്രിയാണ്. അവരുടെ സംസ്‌കരണശാലയുടെ പേര് 'അഗ്രഹാരം'.

ശാന്തിഗ്രാമില്‍വച്ച് ചക്കയെ സമുദ്ധരിക്കാനുള്ള ബൃഹത് നിര്‍ദേശങ്ങളടങ്ങിയ ഒരു നിവേദനം ജയിംസ് മന്ത്രി സുനില്‍കുമാറിനു സമര്‍പ്പിച്ചു. ഒപ്പം, ഓസ്‌ട്രേലിയയിലുള്ള മകന്റെ വിവാഹ ക്ഷണക്കത്തും.

''എന്റെ മകന്‍ ലിനോ ജയിംസിന്റെ വിവാഹം കാഞ്ഞിരപ്പുഴ ഫൊറോനാ പള്ളിയില്‍ സെപ്റ്റംബര്‍ 15-ാം തീയതി 11 മണിക്ക്. തുടര്‍ന്ന് 12.30ന് പാരിഷ്ഹാളില്‍ നടക്കുന്ന ചക്കവിരുന്നില്‍ പങ്കെടുക്കാന്‍ താങ്കളെ സാദരം ക്ഷണിക്കുന്നു. എന്ന് ജയിംസ് ജോസഫ്, ഇരുമ്പകച്ചോല, പാലക്കാട് ജില്ല - ഫോണ്‍: 9446294239.''
(ഏതാനും ചിത്രങ്ങള്‍ക്കു കടപ്പാട്: ബിജു കാരക്കോണം)
കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കല്പവൃക്ഷം ഇനി പ്ലാവ്, കേരളം ഇനി പ്ലാവളം; കേരളത്തില്‍ 'ജാക്ഫ്രൂട്ട് 365' വിപ്ലവം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക