Image

സൂപ്പര്‍ ഡെലിഗേറ്റ്‌സിന്റെ ശക്തി ക്ഷയിക്കുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 July, 2016
സൂപ്പര്‍ ഡെലിഗേറ്റ്‌സിന്റെ ശക്തി ക്ഷയിക്കുമോ? (ഏബ്രഹാം തോമസ്)
ഫിലാഡെല്‍ഫിയ: ഡെമോക്രാറ്റിക് നാഷ്ണല്‍ കണ്‍വെന്‍ഷന്‍ പുരോഗമിക്കുകയാണ്. 2807 ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പാക്കിയ ഹിലരി ക്ലിന്റണും അവര്‍ തിരഞ്ഞെടുത്ത സെന.ടിം കെയിനും യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് നോമിനേഷനുകള്‍ ലഭിക്കും. ഹിലരിയുടെ പ്രതിനിധികളില്‍ 602 പേര്‍ സൂപ്പര്‍ ഡെലിഗേറ്റ്‌സാണ്. പാര്‍ട്ടിയുടെ കോണ്‍ഗ്രസംഗങ്ങളും നാഷ്ണല്‍ കമ്മിറ്റി അംഗങ്ങളുമായ ഇവരുടെ കൂറ് ഹിലരിക്ക് ലഭിച്ചത് ആദ്യം മുതലേ എതിരാളി സെന. ബേണി സാന്‍ഡേഴ്‌സ് ചോദ്യം ചെയ്തിരുന്നു.
ഫിലാഡല്‍ഫിയയില്‍ സൂപ്പര്‍ ഡെലിഗേറ്റ്‌സുകളുടെ പങ്ക് സാന്‍ഡേഴ്‌സ് അനുകൂലികള്‍ വീണ്ടും ചോദ്യം ചെയ്‌തെങ്കിലും നീക്കം പരാജയപ്പെട്ടു. എന്നാല്‍ കണ്‍വെന്‍ഷന്‍ നാളുകളില്‍ ്പ്രശ്‌നം വീണ്ടും പരിഗണിക്കാമെന്ന് വാഗ്ദാനം ഉണ്ടായി. നാമനിര്‍ദ്ദേശപ്രക്രിയ സമൂലം പുന:പരിശോധിക്കും എന്നും ഉറപ്പുണ്ടായി.

സൂപ്പര്‍ ഡെലിഗേറ്റുകളില്‍ ഹിലരിക്കുള്ള മേല്‍ക്കൈ റിപ്പോര്‍ട്ടുകള്‍ പ്രൈമറി ഫലങ്ങളെ സ്വാധീനിച്ചു എന്നാണ് സാന്‍ഡേഴ്‌സിന്റെ പക്ഷം. സാന്‍ഡേഴ്‌സിന് കിട്ടിയ മൊത്തം 1894 പ്രതിനിധികളില്‍ സൂപ്പര്‍ ഡെലിഗേറ്റ്‌സ് 48 മാത്രമാണ്. സൂപ്പര്‍ ഡെലിഗേറ്റ്‌സുകളുടെ മനസു മാറ്റാന്‍ സാന്‍ഡേഴ്‌സ് നടത്തിയ ശ്രമവും വിജയിച്ചില്ല.

ഡെമോക്രാറ്റിക് നാഷ്ണല്‍ കമ്മിററിയും സാന്‍ഡേഴ്‌സുമായുണ്ടായ നീണ്ട ഇമെയില്‍ യുദ്ധത്തിന്റെ ആദ്യഗഡു വീക്കിലീക്‌സ് പുറത്തുവിട്ടു. 19000 ല്‍ അധികം ഇമെയിലുകള്‍ പുറത്തുവിട്ടിട്ട് ഇത് പാര്‍ട്ട് വണ്‍ മാത്രമാണെന്ന വിശദീകരണം വിക്കിലീക്‌സ് നല്‍കി.
വിക്കിലീക്ക്‌സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇമെയിലുകളില്‍ ചിലത് ഡിഎന്‍സി സാന്‍ഡേഴ്‌സിനെയും അനുയായികളെയും പുച്ഛിക്കുന്നതായും ഒരു അവസരത്തില്‍ അദ്ദേഹം ജൂതനാണോ എന്ന സംശയം ദ്യോതിപ്പിക്കുന്നതായും പറയുന്നു.
ഇമെയിലുകള്‍ എങ്ങനെ പുറത്തായി എന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞമാസം റഷ്യന്‍ ഹാക്കര്‍മാര്‍ ഡിഎന്‍സി കമ്പ്യൂട്ടറുകളില്‍ നിന്ന് വിവരം ചോര്‍ത്തിയപ്പോള്‍ ലഭിച്ചതാകാമെന്ന് കരുതുന്നു. അന്ന് ഡിഎന്‍സി ചെയര്‍വുമണ്‍ ഡെബി വാസ്സര്‍മാന്‍ ഷല്‍ട്ട്‌സ് സംഗതി ശരിയാക്കാന്‍ ഒരു സ്വകാര്യ സ്ഥാപനത്തെ ഏല്‍പിച്ചതായി പറഞ്ഞിരുന്നു.

ഡിഎന്‍സിയിലെ വളരെ ഉന്നതരായ 7 പേരുടെ അക്കൗണ്ടുകളില്‍ നിന്ന് ചോര്‍ത്തിയതാണ് ഇമെയിലുകള്‍ എന്നാണ് വിക്കിലീക്ക്‌സ് പറയുന്നത്. ഡിഎന്‍സി വക്താവുമായി മിറാന്‍ഡ, നാഷ്ണല്‍ ഫിനാന്‍സ് ഡിക്ടറര്‍ ജോര്‍ഡന്‍ കപ്‌ളന്‍, ഫിനാന്‍സ് ചീഫ് സ്‌കോട്ട് കോമര്‍, ഡിഎന്‍സി മാധ്യമ വക്താക്കള്‍, ചില വൈറ്റ് ഹൗസ് അധികാരികള്‍ എന്നിവര്‍ തമ്മിലുള്ള ഇമെയിലുകള്‍(ജനുവരി 2015 മുതല്‍ മേയ് 2016 വരെ) ആണ് പുറത്തുവിട്ടിരിക്കുന്നതെന്ന് വിക്കിലീക്‌സ് പറയുന്നു.
സാന്‍ഡേഴ്‌സിന്റെ പ്രചരണസംഘത്തിന് ഡിഎന്‍സി പോര്‍ട്ടേഴ്‌സ് ലിസ്റ്റിന്റെ ലഭ്യത പാര്‍ട്ടി നിഷേധിച്ചതിന് മുന്‍പും ശേഷവുമുള്ള ചില പ്രമാദമായ ഇമെയിലുകളും ഇവയില്‍ ഉള്‍പ്പെടുന്നതായി ചോരണ സംഘടന പറയുന്നു. ഡിഎന്‍സി ഈ നിഷേധം നടത്തിയത് 2015 ഡിസംബറിലാണ്. സാന്‍ഡേഴ്‌സ് പ്രചാരണ സംഘം കേസിന് പോയി. പിന്നീട് രണ്ടു പാര്‍ട്ടികളും തമ്മിലുണ്ടായ ഒത്തു തീര്‍പ്പനുസരിച്ച് കേസ് പിന്‍വലിച്ചു.
നമ്മില്‍ പലര്‍ക്കും വളരെ നാളുകളായി അറിയാമായിരുന്ന കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കുകയാണ് ഇമെയിലുകള്‍ ചെയ്തത്. സാന്‍ഡേഴ്‌സിന്റെ പ്രചാരണ വിഭാഗത്തിന്റെ മാനേജര്‍ ജെഫ് വീവര്‍ പറഞ്ഞു.

ഇതിനിടയില്‍ സാന്‍ഡേഴ്‌സുമായുള്ള അനുരഞ്ജന ശ്രമങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. നോമിനേഷനുകളുടെ പ്രഖ്യാപനത്തിന് മുന്‍പ് സാന്‍ഡേഴ്‌സ് അനുയായികളുടെ പിന്തുണ ഉറപ്പുവരുത്താന്‍ കഴിയുമെന്ന് ഡിഎന്‍സി നേതാക്കള്‍ കരുതുന്നു.

സൂപ്പര്‍ ഡെലിഗേറ്റ്‌സിന്റെ ശക്തി ക്ഷയിക്കുമോ? (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക