Image

ജെല്ലിക്കെട്ട് :അന്തിമവാദം കേള്‍ക്കുന്നത് ആഗസ്റ്റ് 30ലേക്ക് മാറ്റിവെച്ചു

Published on 26 July, 2016
ജെല്ലിക്കെട്ട് :അന്തിമവാദം കേള്‍ക്കുന്നത് ആഗസ്റ്റ് 30ലേക്ക് മാറ്റിവെച്ചു
ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കായിക വിനോദമാണെന്ന പേരില്‍ ജെല്ലിക്കെട്ട് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. 

ജെല്ലിക്കെട്ട് മത്സരങ്ങള്‍ നിരോധിക്കുന്നത് സംബന്ധിച്ച അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി ആഗസ്റ്റ് 30ലേക്ക് മാറ്റിവെച്ചു.

ഈ ന്യായവാദം വെച്ച് കോടതികള്‍ ശൈശവ വിവാഹം അനുവദിക്കേണ്ടതാണ്. വളരെ നൂറ്റാണ്ടുകളായുള്ള സമ്പ്രദായമായിരുന്നില്ലേ അതെന്നും സുപ്രീംകോടതി ചോദിച്ചു.

 പാരമ്പര്യം പറഞ്ഞ് ആചാരങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

 5000 വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങളുടെ സാംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ജെല്ലിക്കെട്ടെന്ന തമിഴ്‌നാട് വാദത്തിന് മറുപടിയായാണ് കോടതി ശക്തമായ പ്രതികരണം നടത്തിയത്.

2014 മെയിലാണ് സുപ്രീംകോടതി ജെല്ലിക്കെട്ടുള്‍പ്പെടെ കാലികളെ ഉപയോഗിച്ചുള്ള കായികവിനോദങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്.

 തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷങ്ങളിലെ മുഖ്യ ഇനങ്ങളിലൊന്നായ ജെല്ലിക്കെട്ടിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തിറങ്ങിയിരുന്നു.

 തുടര്‍ന്ന് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെങ്കിലും സുപ്രീംകോടതി ഇത് തടഞ്ഞിരുന്നു. തുടര്‍ന്ന് സംസ്ഥാനങ്ങളോട് ഈ വിഷയത്തില്‍ നാല് ആഴ്ചക്കകം തങ്ങളുടെ പ്രതികരണങ്ങള്‍ ഫയല്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. 

 തമിഴ്‌നാട്ടിലെ കാര്‍ഷികോത്സവമായ പൊങ്കലിനോടനുബന്ധിച്ചാണ് ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക