Image

ദേവാസ്–ആന്‍ട്രിക്‌സ് ഇടപാട്:രാജ്യാന്തര കോടതിയില്‍നിന്ന് ഐഎസ്ആര്‍ഒക്ക് തിരിച്ചടി

Published on 26 July, 2016
ദേവാസ്–ആന്‍ട്രിക്‌സ് ഇടപാട്:രാജ്യാന്തര കോടതിയില്‍നിന്ന് ഐഎസ്ആര്‍ഒക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ദേവാസ്–ആന്‍ട്രിക്‌സ് ഇടപാടില്‍ ഐഎസ്ആര്‍ഒക്ക് തിരിച്ചടി. ഹേഗ് രാജ്യാന്തര കോടതിയാണ് ഇന്ത്യക്കെതിരെ വിധി പറഞ്ഞത്.

കേസില്‍ 100 കോടി ഡോളര്‍ വരെ പിഴ ഈടാക്കാന്‍ സാധ്യതയുണ്ട്. ദേവാസുമായുള്ള കരാര്‍ റദ്ദാക്കിയതിനെതിരെ 2011ല്‍ ദേവാസ് നിക്ഷേപകര്‍ നല്‍കിയ കേസിലാണ് വിധിയുണ്ടായത്.

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ 'ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍' ബാംഗ്‌ളൂര്‍ ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയയുമായി 2005ല്‍ ഒപ്പിട്ട കരാറാണ് വിവാദമായത്. ജി മാധവന്‍ നായര്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് കരാര്‍ ഉണ്ടാകുന്നത്.

ഐഎസ്ആര്‍ഒയുടെ രണ്ടു ഉപഗ്രഹങ്ങളിലെ 90 ശതമാനം ട്രാന്‍സ്‌പോന്‍ഡറുകളും ദേവാസിന് നല്‍കാമെന്നായിരുന്നു കരാര്‍. 

ഐഎസ്ആര്‍ഒയുടെ ഉടമസ്ഥതയിലുള്ള 150 മെഗാ ഹെര്‍ട്‌സ് എസ്. ബാന്‍ഡ് സ്‌പെക്ട്രത്തില്‍ 70 മെഗാഹെര്‍ട്‌സും ദേവാസിന് നല്‍കാനും കരാര്‍ ഉണ്ടാക്കി. 350 കോടി രൂപ മുടക്കിയാണ് സര്‍ക്കാര്‍ രണ്ടു ജി. സാറ്റ് ഉപഗ്രഹങ്ങള്‍ നിര്‍മിച്ചത്. 

 എന്നാല്‍ ദേവാസുമായി കരാര്‍ ഒപ്പുവെച്ചത് ആന്‍ട്രിക്‌സ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചില്ല. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ബഹിരാകാശ കമ്മീഷനില്‍നിന്നും കേന്ദ്ര സര്‍ക്കാരില്‍നിന്നും ഐഎസ്ആര്‍ഒ മറച്ചുവെച്ചു.

ദേവാസുമായി കരാറില്‍ ഏര്‍പ്പെട്ടതിനു ശേഷം ഇവരുടെ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജി. സാറ്റ് വിക്ഷേപണത്തിന് സജ്ജമാക്കിയതെന്നും മറച്ചുവെച്ചു

കരാറിനു മുമ്പ് ദേവാസ് ഉടമസ്ഥരായ ഫോര്‍ഗ് അഡ്വൈസേഴ്‌സിന്റെ ഓഹരി മൂലധനം ഒരുലക്ഷമായിരുന്നത് പിന്നീട് 18 ലക്ഷമായി ഉയര്‍ന്നു.

ഇതില്‍ 60 ശതമാനവും മൌറീഷ്യസ് ആസ്ഥാനമായ കമ്പനികളുടെ പേരിലായിരുന്നു. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്ര്ജഞരായ ഡി വേണുഗോപാല്‍. ഡോ. എം ജി ചന്ദ്രശേഖര്‍, എം ഉമേഷ് എന്നിവരാണ് ദേവാസിന് പിന്നിലുണ്ടായിരുന്നത്.

അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ ജി മാധവന്‍നായരെയും മറ്റ് മൂന്ന് ശാസ്ത്രജ്ഞരേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്നതുമായ എല്ലാ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും വിലക്കി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക