Image

ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ ഹൈസ്‌ക്കൂള്‍ ഗ്രാഡുവേറ്റ്‌സിനെ ആദരിച്ചു.

മൊയിദീന്‍ പുത്തന്‍ച്ചിറ Published on 20 June, 2011
ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ ഹൈസ്‌ക്കൂള്‍ ഗ്രാഡുവേറ്റ്‌സിനെ ആദരിച്ചു.
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയില്‍ നിന്നും ഈ വര്‍ഷം ഹൈസ്‌ക്കൂള്‍ ഗ്രാഡുവേറ്റ് ചെയ്ത നാല്പതിലധികം കുട്ടികളെ ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ ആദരിച്ചു. 2011 ജൂണ്‍ 11 ന് ക്ലാര്‍ക്ക്‌സ് ടൗണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് അസ്സോസിയേഷന്റെ ഫാമിലി നൈറ്റും ഗ്രാഡുവേഷന്‍ സെറിമണിയും വിപുലമായ കലാപരിപാടികളോടുകൂടി നടത്തപ്പെട്ടു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി ആരംഭിച്ച മീറ്റിംഗ്, അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ തമ്പി പനയ്ക്കല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മുഖ്യാത്ഥിയായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട് മെന്റിലെ ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ്, കലാലയ ജീവിതത്തിലും ചുറ്റുപാടുകളിലും വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെ എങ്ങനെ നേരിടാമെന്നും അതിനെ എങ്ങനെ തരണം ചെയ്യാമെന്നും തന്റെ പ്രസംഗത്തിലൂടെ കാട്ടിക്കൊടുത്തത് കുട്ടികള്‍ക്ക് ആത്മധൈര്യവും ലക്ഷ്യബോധവും വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു.

പ്രമുഖ വാഗ്മിയും ന്യൂയോര്‍ക്ക് സ്റ്റേറ്റ് സൈക്കോ തെറാപ്പിസ്റ്റുമായ ശ്രീ ലെസ്‌ളി വര്‍ഗീസ് കുടുംബ-സാമൂഹിക പശ്ചാത്തലത്തില്‍ കുട്ടികള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിനെ ധീരമായി എങ്ങനെ നേരിടാമെന്നും ബോധവല്ക്കരിക്കുന്ന ഒരു പ്രസംഗമാണ് കാഴ്ചവെച്ചത്. മിസ് അലീന വെട്ടിച്ചിറയും, ഡോ.ജീന വര്‍ഗീസും വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് യുവതലമുറയ്ക്ക് ആത്മവീര്യം പകരുന്ന വിധത്തില്‍ സംസാരിച്ചു.

നയനാനന്ദകരമായ നൃത്തനൃതൃങ്ങളും, ഗാനാലാപനങ്ങളും പരിപാടികള്‍ക്ക് മാറ്റുകൂട്ടി. പ്രസിദ്ധ മജിഷ്യന്‍ ശ്രീ മത്തായി ചാക്കോ അവതരിപ്പിച്ച “മാജിക് ഷോ” സദസിനെ വിസ്മയഭരിതമാക്കി. ജയിംസ് ഇളംപുരയിടത്തില്‍ കോര്‍ഡിനേറ്ററായും ജോയിന്റ് സെക്രട്ടറി തോമസ് മാത്യു, ഡയാന ഉലഹന്നാന്‍, നിതിന്‍ തമ്പി മുതലായവര്‍ എംസിമാരായും പ്രവര്‍ത്തിച്ചു. സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ വിശിഷ്ഠാത്ഥികളെ സദസിനു പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ പോള്‍ ആശംസാപ്രസംഗവും, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ഗ്രാഡുവേറ്റ്‌സിനെ പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു. ക്യാപ്ടന്‍ സ്റ്റാന്‍ലി ജോര്‍ജും ലെസ്‌ളി വര്‍ഗീസും റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ നിന്നും നല്‍കപ്പെട്ട സര്‍ഫിക്കറ്റുകള്‍ വിതരണം ചെയ്തു. ട്രഷറര്‍ ഷാജിമോന്‍ വെട്ടത്തിന്റെ കൃതജ്ഞതാ പ്രസംഗത്തോടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു.
ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ ഹൈസ്‌ക്കൂള്‍ ഗ്രാഡുവേറ്റ്‌സിനെ ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക