Image

യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാത്തത് അസൗകര്യം മൂലമെന്ന് മാണി

Published on 26 July, 2016
യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാത്തത് അസൗകര്യം മൂലമെന്ന്  മാണി
കോട്ടയം: വ്യക്തിപരമായ അസൗകര്യം മൂലമാണ് കഴിഞ്ഞദിവസം നടന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. 

ഇക്കാര്യം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയേയും അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പിന് ശേഷം യോഗത്തില്‍ പങ്കെടുക്കാമെന്നാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത്. 

ഇക്കാര്യം യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ അറിയിച്ചിട്ടുണ്ടെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം കേരള കോണ്‍ഗ്രസ് എം ബഹിഷ്‌കരിച്ചിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വീണിരിക്കെ, ഈ വിട്ടുനില്‍ക്കലിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

കഴിഞ്ഞ മുന്നണിയോഗത്തിലും കെ.എം. മാണി പങ്കെടുത്തിരുന്നില്ലെങ്കിലും പാര്‍ട്ടി പ്രതിനിധിയെ അയച്ചിരുന്നു. 

എന്നാല്‍, നിലപാട് കടുപ്പിച്ച മാണി ഗ്രൂപ് തിങ്കളാഴ്ചത്തെ യോഗം പൂര്‍ണമായും ബഹിഷ്‌കരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മാണിഗ്രൂപ്പിന്റെ അതൃപ്തി മാറ്റാന്‍ അവരുമായി അടിയന്തര ചര്‍ച്ച നടത്താന്‍ മുന്നണി യോഗത്തില്‍ ധാരണയായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക