Image

കാഷ്മീരില്‍ അനന്ത്‌നാഗ് ഒഴികെയുള്ള പ്രദേശങ്ങളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

Published on 26 July, 2016
 കാഷ്മീരില്‍ അനന്ത്‌നാഗ് ഒഴികെയുള്ള പ്രദേശങ്ങളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു
ശ്രീനഗര്‍: കാഷ്മീരില്‍ അനന്ത്‌നാഗ് ഒഴികെയുള്ള പ്രദേശങ്ങളില്‍ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിച്ചു. കാഷമീരില്‍ സ്ഥിതിഗതികള്‍ ഏറെക്കുറെ ശാന്തമായതോടെയാണ് കര്‍ഫ്യൂ എടുത്തുമാറ്റിയത്. എങ്കിലും നാലോ അതിലധികം പേര്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് നിയന്ത്രണമുള്ളതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജൂലൈ ഒമ്പതിന് ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെത്തുടര്‍ന്നു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കാഷ്മീരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അനന്ത്‌നാഗ്, കുല്‍ഗാം, കുപ്വാര, പുല്‍വാമ, ഷോപ്പിയാന്‍ എന്നിവിടങ്ങളിലും ശ്രീനഗറിലെ എട്ടു പോലീസ് സ്റ്റേഷന്‍ പരിധിയിലുമായിരുന്നു കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. കലാപത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 47 പേര്‍ കൊല്ലപ്പെടുകയും 5,500 ആളുകള്‍ പരിക്കേല്‍ക്കുകയും ചെയ്തു. കലാപത്തില്‍ എന്നാല്‍ സംഘര്‍ഷത്തില്‍ ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത് അനന്ത്‌നാഗിലാണ്.

കര്‍ഫ്യൂ എടുത്തുമാറ്റിയെങ്കിലും പ്രദേശത്തെ മൊബൈല്‍ ഫോണ്‍ സര്‍വീസുകളും ട്രെയിന്‍ ഗതാഗതവും പുനഃസ്ഥാപിച്ചിട്ടില്ല. വിഘടന വാദികളുടെ സമരത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. ആളുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നും ബുധനാഴ്ചയുമായി വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക