Image

ക്‌നാനായ തനിമയിലും വിശ്വാസ പൂര്‍ണിമയിലും മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തന്‍

Published on 26 July, 2016
ക്‌നാനായ തനിമയിലും വിശ്വാസ പൂര്‍ണിമയിലും മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തന്‍
കോട്ടയം: ക്‌നാനായ സമുദായ തനിമയും വിശ്വാസ പാരമ്പര്യവും വെളിവാക്കപ്പെട്ട ധന്യ നിമിഷത്തില്‍ പപ്പുവാ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നുണ്‍ഷിയോയും റോമിലെ റസ്സിയാരിയ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി മോണ്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി. അജപാലന വഴിയില്‍ കരുണയും സ്‌നേഹവും പകര്‍ന്ന മാര്‍ കുര്യന്‍ വയലിങ്കലിന് ഇത് വിശ്വാസപാതയിലെ പുതു നിയോഗമാണ്. മെത്രാഭിഷേകച്ചടങ്ങില്‍ സംഘാടക മികവ് ശ്രദ്ധേയമായി. കോട്ടയം അതിരൂപതയിലെ നൂറിലേറെ വൈദികരും അമേരിക്ക ഉള്‍പ്പെടെ വിദേശങ്ങളിലെ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും വിശുദ്ധ കുര്‍ബാനയിലും മെത്രാഭിഷേകത്തിലും പങ്കുചേര്‍ന്നു. ക്‌നാനായ സമുദായത്തിലെ 72 കുടുംബങ്ങളെ പ്രതിനിധീകരിച്ച് പരമ്പരാഗത നസ്രാണി വേഷമണിഞ്ഞ 72 വനിതകള്‍ മുത്തുക്കുടകളുമായി അണിനിരന്നാണ് സഭാ പിതാക്കന്‍മാരെ മെത്രാസന മന്ദിരത്തില്‍നിന്നു ക്രിസ്തുരാജ കത്തീഡ്രലിലേക്ക് ആനയിച്ചത്.

ദേവാലയത്തിന്റെ മണിനാവുകള്‍ മെത്രാഭിഷേകത്തെ വിളംബരം ചെയ്തുകൊണ്ടിരിക്കെ പരമ്പരാഗത ക്‌നാനായ പാട്ടുകളുടെ ആലാപനത്തിന്റെ അകമ്പടിയോടെയാണു പിതാക്കമാരെ കത്തീഡ്രലില്‍ തിങ്ങിനിറഞ്ഞ വിശ്വാസികള്‍ വരവേറ്റത്.  കാരുണ്യത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് കോട്ടയം അതിരൂപത തുടര്‍ന്ന് പോരുന്ന അജപാലന പ്രേക്ഷിത ദൗത്യം മഹത്തരമെന്ന് സി.ബി.സി.ഐ പ്രസിഡന്റും സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ വചന സന്ദേശത്തില്‍  പറഞ്ഞു.  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യുമൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ട ചടങ്ങിനോടനുബന്ധിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് മരിയ കാലിസ്റ്റ് സൂസെപാക്യം എന്നിവര്‍ സന്ദേശം നല്‍കി. ഈജിപ്തിലെ മുന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് മൈക്കിള്‍ലൂയിസ് ഫിറ്റ്‌സ്‌ജെറാള്‍ഡും സിബിസിഐ സെക്രട്ടറി ജനറല്‍ റൈറ്റ്. റവ. ഡോ. തെയഡോര്‍ മസ്‌ക്കെരാനാസും ശുശ്രൂഷയില്‍ സഹകാര്‍മ്മികരായി. ബസേലിയോസ് മാര്‍ തോമാ പൗലോസ് രണ്ടാമന്‍, ആര്‍ച്ച്ബിഷപ്പുമാരായ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, തോമസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, മാര്‍ ജോസഫ് പൗവ്വത്തില്‍, ബിഷപ് മൈക്കിള്‍ മുള്‍ഹാള്‍, മാര്‍ മാത്യുഅറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, യോഹന്നാന്‍ മാര്‍ ക്രിസോസ്റ്റം, മാര്‍ ജോസഫ് മാര്‍ തോമസ്, റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, റവ. ഡോ. ജോസഫ് കാരിക്കശേരി, റവ. ഡോ. സ്റ്റാന്‍ലി റോമന്‍, റവ. ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, റവ.ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍, റവ.ഡോ. സൈമണ്‍ കായിപ്പുറം, മാര്‍ തോമസ് ചക്യത്ത്, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജേക്കബ് മുരിക്കന്‍, അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, അഭിവന്ദ്യ കുര്യാക്കോസ് മാര്‍ തിയോഫെലസ്, അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ഇവാനിയോസ്, മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുളിക്കല്‍, ന്യുണ്‍ഷ്യേച്ചര്‍ ഇന്ത്യ ഓഫീസ് പ്രതിനിധികളായ മോണ്‍സിഞ്ഞോര്‍ മൗറോ ലാലി, മോണ്‍സിഞ്ഞോര്‍ ഹെന്ററിക് ജഗോദ്‌സിന്‍സ്‌കി, ജസ്റ്റീസ് കെ.ടി തോമസ്, കോട്ടയം ജില്ലാപോലീസ് മേധാവ് രാമചന്ദ്രന്‍ ഐ.പി.എസ്, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തുടങ്ങി മതസാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

മെത്രാഭിഷേകച്ചടങ്ങില്‍ കോട്ടയം മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി നവ ഇടയന് അനുഗ്രഹം നേര്‍ന്നു. നീണ്ടൂര്‍ വയലുങ്കല്‍ എം.സി. മത്തായിയുടെയും അന്നമ്മയുടെയും മകന്‍ ബിജു മാത്യു എന്ന കുര്യന്‍ വയലുങ്കലിന് സെമിനാരി പഠനത്തിനു പ്രവേശനം നല്‍കിയത് രൂപതാധ്യക്ഷനായിരിക്കെ മാര്‍ കുര്യാക്കോസ് കുന്നശേരിയാണ്. കോട്ടയം തിരുഹൃദയക്കുന്ന് സെന്റ് സ്റ്റനിസ്ലാവൂസ് മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനുശേഷം കുര്യന്‍ വയലുങ്കലിനു 1991 ഡിസംബര്‍ 27ന് പൗരോഹിത്യ പട്ടം നല്‍കിയതും മാര്‍ കുന്നശേരിയാണ്. വിവിധ ഇടവകളിലെ സേവനകാലത്ത് സഭാശുശ്രൂഷയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച യുവവൈദികനെ റോമിലെ സാന്താക്രോച്ചെ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനും വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനത്തിനും അയച്ചതില്‍ കുന്നശേരി പിതാവിന്റെ ദീര്‍ഘവീക്ഷണവും പ്രത്യേക പ്രോത്സാഹനവുമുണ്ടായിരുന്നു. മാര്‍ കുര്യന്‍ വയലുങ്കലിന്റെ സ്ഥാനലബ്ദി കാരുണ്യ വര്‍ഷമായി സഭ ആചരിക്കുന്ന വേളയില്‍ ദൈവം ചൊരിഞ്ഞ വലിയ അനുഗ്രഹമാണെന്നും ക്‌നാനായ സമുദായത്തിനുലഭിച്ച വലിയ അംഗീകാരമാണെന്നും മാര്‍ കുന്നശേരി പറഞ്ഞു.  ക്രിസ്തുരാജ കത്തീഡ്രല്‍ മൂന്നാംതവണയാണ് ആര്‍ച്ച് ബിഷപ്പുമാരുടെ അഭിഷേകച്ചടങ്ങിനു വേദിയാകുന്നത്. മാര്‍ കുന്നശേരി, മാര്‍ മാത്യു മൂലക്കാട്ട് എന്നിവരാണു കത്തീഡ്രലില്‍ അഭിഷിക്തരായ മുന്‍ മെത്രാപ്പോലീത്തമാര്‍.

നയതന്ത്രജ്ഞനെന്ന നിലയിലും അജപാലന ശുശ്രൂഷയിലും സുവിശേഷത്തിന്റെ ആനന്ദം പ്രഘോഷിക്കാന്‍ മാര്‍ കുര്യന്‍ വയലുങ്കലിനു കഴിയുമെന്ന് കേരള ലത്തീന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ. മരിയ കാലിസ്റ്റ് സൂസപാക്യം. മാര്‍ കുര്യന്‍ വയലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങുകളോടനുബന്ധിച്ച് ആശംസയര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ് സൂസപാക്യം. നയതന്ത്ര മേഖലയിലെ പ്രാവീണ്യത്തോടൊപ്പം ദൈവസ്‌നേഹത്തിന്റെ വക്താവായി നിലനിന്നുകൊണ്ട് സഭാസമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ മാര്‍ വയലുങ്കലിനു കഴിയും.

നിറഞ്ഞുതുളമ്പി നില്‍ക്കുന്ന സന്തോഷമാണ് മാര്‍ കുര്യന്‍ വയലുങ്കലിന്റെ മുഖമുദ്ര. തുറന്ന സമീപനവും ഹൃദ്യമായ പുഞ്ചിരിയും വിനയവും നിഷ്‌കളങ്കതയും മാര്‍ വയലുങ്കലിനെ വ്യത്യസ്തനാക്കുന്നതായും ബിഷപ് സൂസപാക്യം പറഞ്ഞു. തന്റെ ബുദ്ധിയെയോ ശക്തിയെയോ നയതന്ത്രജ്ഞതയെയോ വലുതായി കാണാതെ ദൈവത്തിന്റെ അത്ഭുത പരിപാലനയെ ഏറ്റവും വലുതായി കാണുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബലഹീനതയിലും സന്തോഷിക്കാന്‍ കഴിയുന്നവന്‍ എപ്പോഴും സന്തുഷ്ടനായിരിക്കും. കാരണം ഏതു സാഹചര്യത്തെയും അതിജീവിക്കുന്നവനാണ് ബലഹീനതയിലും സന്തോഷിക്കുന്നവന്‍. ഇതാണ് സുവിശേഷത്തിന്റെ സന്തോഷം. ഇതു പങ്കുവയ്ക്കാന്‍ മാര്‍ കുര്യന്‍ വയലുങ്കലിനു കഴിയുമെന്നും ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. 

നീണ്ടൂര്‍ ഇടവകയ്ക്കും വയലുങ്കല്‍ കുടുംബത്തിനും മെത്രാഭിഷേകച്ചടങ്ങുകള്‍ ധന്യത പകര്‍ന്നു. പ്രിയ മകന്‍ സഭയ്ക്കും ക്രിസ്തുവിനും വേണ്ടി സമ്പൂര്‍ണമായി സമര്‍പ്പിതനായ ഭാഗ്യനിമിഷത്തിനു സാക്ഷികളായി മാര്‍ കുര്യന്‍ വയലുങ്കലിന്റെ മാതാപിതാക്കളായ എം.സി. മത്തായിയും അന്നമ്മയും ദേവാലയത്തിലെ മുന്‍നിരയിലുണ്ടായിരുന്നു. സ്ഥാനികചിഹ്നങ്ങളണിഞ്ഞ് മദ്ബഹയില്‍നിന്ന് ഇറങ്ങിവന്ന നവമെത്രാപ്പോലീത്ത മാതാപിതാക്കളെ ആശ്ലേഷിച്ച് അനുഗ്രഹം തേടിയശേഷമാണ് ദിവ്യബലിയര്‍പ്പിച്ചത്. വയലുങ്കല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം മാതൃ ഇടവക ഒന്നാകെ ചടങ്ങില്‍ പങ്കുചേര്‍ന്നു. 

ക്‌നാനായ തനിമയിലും വിശ്വാസ പൂര്‍ണിമയിലും മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തന്‍ക്‌നാനായ തനിമയിലും വിശ്വാസ പൂര്‍ണിമയിലും മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക