Image

ഓസ്‌ട്രേലിയന്‍ സെന്‍സസില്‍ എല്ലാ മലയാളികളും പങ്കു ചേരുക: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍

Published on 26 July, 2016
ഓസ്‌ട്രേലിയന്‍ സെന്‍സസില്‍ എല്ലാ മലയാളികളും പങ്കു ചേരുക: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍

മെല്‍ബണ്‍: അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തി വരുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസില്‍ എല്ലാ മലയാളികളും സജീവമായി പങ്കെടുക്കണമെന്നു ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഓഗസ്റ്റ് ഒന്‍പതിനു (ചൊവ്വ) രാത്രി ഓണ്‍ലൈനിലൂടെയാണ് സെന്‍സസ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.

വീട്ടില്‍ ഇംഗ്ലീഷ് അല്ലാതെ മറ്റ് ഏതു ഭാഷയാണു സംസാരിക്കുന്നതെന്ന ചോദ്യത്തിന് മലയാളം എന്നു രേഖപ്പെടുത്തണം. ഓഗസ്റ്റ് ഒന്നു മുതല്‍ വീടുകളിലേക്ക് ഓണ്‍ലൈനില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് കത്തുകള്‍ വരും. ആര്‍ക്കെങ്കിലും ആപ്ലിക്കേഷന്‍ ഫോം നേരിട്ട് കിട്ടണമെങ്കില്‍ ഓസ്‌ട്രേലിയന്‍ ബ്യൂറോ സ്റ്റാറ്റിസ്‌ക്‌സിന്റെ ഓഫീസിലേക്ക് ഇമെയില്‍ അയച്ചാല്‍ ഫോം വീടുകളിലേക്ക് അയച്ചു തരും. ഓസ്‌ട്രേലിയയിലേക്ക് സന്ദര്‍ശനത്തിനു വരുന്ന മലയാളികള്‍ക്കും ഓസ്‌ട്രേലിയന്‍ സെന്‍സസില്‍ പങ്കാളികളാകാം.

വരുന്ന അഞ്ചു വര്‍ഷക്കാലം രാജ്യത്തെ ഭാഷാ അടിസ്ഥാനത്തിലുളള കുടിയേറ്റ വംശജര്‍ക്കുളള സര്‍ക്കാര്‍ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും ഓഗസ്റ്റ് ഒന്‍പതിനു ശേഖരിക്കുന്ന സെന്‍സസ് ഡേറ്റാ പ്രകാരം ആയിരിക്കും തീരുമാനിക്കുക. മലയാളികള്‍ക്ക് സഹായകരമാകുന്ന ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുളള പദ്ധതികള്‍, ലൈബ്രറികളില്‍ മലയാള പുസ്തകങ്ങള്‍ ലഭ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍, ഭാഷാ വിഭാഗങ്ങള്‍ക്കുളള ചൈല്‍ഡ് കെയര്‍ സെന്ററുകള്‍, സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിനുളള നടപടികള്‍ തുടങ്ങി വിവിധ കര്‍മ പരിപാടികള്‍ക്ക് സെന്‍സസ് വഴി പ്രയോജനം ലഭിക്കും.

ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ഓസ്‌ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലയാളികള്‍ക്കിടയില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റ് റെജി പാറയ്ക്കന്‍, മറ്റു ഭാരവാഹികളായ ഷാജന്‍ ജോര്‍ജ്, അലക്‌സ് കുന്നത്ത്, കിഷോര്‍ ജോസ്, സ്റ്റീഫന്‍ ഓക്കാടന്‍, ഹൈനസ് ബിനോയി എന്നിവര്‍ മെല്‍ബണിലെ ബോധവത്കരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക