Image

ഓസ്‌ട്രേലിയന്‍ സെന്‍സസ്: വീട്ടില്‍ സംസാരിക്കുന്ന ഭാഷ എന്ന ചോദ്യത്തിനു മലയാളം എന്നു രേഖപ്പെടുത്താന്‍ അഭ്യര്‍ഥന

Published on 26 July, 2016
ഓസ്‌ട്രേലിയന്‍ സെന്‍സസ്: വീട്ടില്‍ സംസാരിക്കുന്ന ഭാഷ എന്ന ചോദ്യത്തിനു മലയാളം എന്നു രേഖപ്പെടുത്താന്‍ അഭ്യര്‍ഥന

  സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഓഗസ്റ്റ് ഒന്‍പതിനു നടക്കുന്ന സെന്‍സസില്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷ എന്ന ചോദ്യത്തിനു മലയാളം എന്നു രേഖപ്പെടുത്താന്‍ എല്ലാ മലയാളികളും മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ഥന.

സെന്‍സസ് ഫോമിലെ ഇംഗ്ലീഷല്ലാതെ നിങ്ങള്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷ (Does the person speak a language other than English at home ?)  എന്ന ചോദ്യത്തിലൂടെയാണ് രാജ്യത്തുള്ള ഭാഷാടിസ്ഥാനത്തിലുള്ള കുടിയേറ്റ സമൂഹങ്ങളുടെ ജനസംഖ്യ കണെ്ടത്തുക. 

ഇംഗ്ലീഷ്, ചൈനീസ് ഉള്‍പ്പെടെ ഏഴോളം ഭാഷകള്‍ ഉത്തരങ്ങളായി കൊടുത്തിട്ടുണ്ട്. എന്നാല്‍ ഏറ്റവും അവസാനം കൊടുത്തിട്ടുള്ള എസ് അദര്‍(Yes,other please specify) എന്നതിനു താഴെ 'മലയാളം' എന്നു രേഖപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് അഭ്യര്‍ഥനയില്‍ പറയുന്നത്.

വീട്ടില്‍ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ് എന്നു രേഖപ്പെടുത്തുന്ന മലയാളി ഇംഗ്ലീഷ് ജനവിഭാഗത്തില്‍ ഉള്‍പ്പെടുമെന്നു സാരം. (ഒരു ഉത്തരം മാത്രമേ രേഖപ്പെടുത്താനാകൂ എന്നതിനാല്‍ അവസാനത്തെ ഓപ്ഷന്‍ ആയ 'അദര്‍ സ്‌പെസിഫൈ' എന്നതിനു താഴെ മലയാളം എന്നെഴുതി ചേര്‍ക്കണം)

വരുന്ന അഞ്ചു വര്‍ഷക്കാലം രാജ്യത്തെ ഭാഷാടിസ്ഥാനത്തിലുള്ള കുടിയേറ്റ വംശജര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും ഓഗസ്റ്റ് ഒന്‍പതിനു ശേഖരിക്കുന്ന സെന്‍സസ് ഡാറ്റ പ്രകാരമായിരിക്കും തീരുമാനിക്കപ്പെടുക. മറ്റു കുടിയേറ്റ ഭാഷാ വിഭാഗങ്ങള്‍ക്കെന്ന പോലെ മലയാളികള്‍ക്ക് സഹായകരമാകുന്ന ഭാഷ പ്രോത്‌സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍,ലൈബ്രറികളില്‍ മലയാളം പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍, ഭാഷാ വിഭാഗങ്ങള്‍ക്കുള്ള ചൈല്‍ഡ് കെയര്‍ സെന്ററുകള്‍, സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിനുള്ള നടപടികള്‍, നഴ്‌സിംഗ് ഹോം, ഭാഷാടിസ്ഥാനത്തിലുള്ള റേഡിയോ ടെലിവിഷന്‍ പ്രക്ഷേപണങ്ങള്‍ എന്നിങ്ങനെ ഭാഷാ അടിസ്ഥാനത്തില്‍ നല്‍കി വരുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ മലയാളി സമൂഹത്തിനു പ്രയോജനപ്പെടണമെങ്കില്‍ സെന്‍സസ് ഫോമില്‍ വീട്ടില്‍ സാംസാരിക്കുന്ന ഭാഷ മലയാളം എന്നു രേഖപ്പെടുത്താന്‍ മലയാളികള്‍ ശ്രദ്ധിക്കണം. 

2011ല്‍ നടന്ന സെന്‍സസ് അടിസ്ഥാനത്തില്‍ തമിഴ് ഭാഷക്ക് മലയാളത്തേക്കാള്‍ കൂടുതല്‍ പ്രാമുഖ്യം നേടാന്‍ കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഡ്‌നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കൗണ്‍സില്‍ ലൈബ്രറികളില്‍ തമിഴ് പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് ഒന്‍പതിനു നടക്കുന്ന സെന്‍സസില്‍ 'വീട്ടില്‍ സംസാരിക്കുന്ന ഭാഷ മലയാളം' എന്ന പ്രചാരണത്തിനു രാജ്യത്തെ മലയാളി കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങി കഴിഞ്ഞു. സൗത്ത് മെല്‍ബണ്‍ റീജണിലെ സ്മാര്‍ട്ട് ലൈഫ് മലയാളി കൂട്ടായ്മ ഇത്തരത്തിലുള്ള ബോധവത്കരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

എല്ലാ മലയാളി അസോസിയേഷനുകളും കൂട്ടായ്മകളും മത സംഘടനകളും സെന്‍സസ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങേണ്ടതുണ്ട്.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക