Image

വക്താവായാല്‍ മാത്രം പോ­രാ ,നല്ല ശ്രോതാവുകൂടിയാകണം മനു­ഷ്യന്‍ (രാമായണ ചിന്തകള്‍ ­10)

അനില്‍ പെണ്ണുക്കര Published on 26 July, 2016
വക്താവായാല്‍ മാത്രം പോ­രാ ,നല്ല ശ്രോതാവുകൂടിയാകണം മനു­ഷ്യന്‍ (രാമായണ ചിന്തകള്‍ ­10)
വക്താവായാല്‍ മാത്രം പോരാ ,നല്ല ശ്രോതാവുകൂടിയാകണം മനുഷ്യന്‍ എന്ന തത്വം നമ്മുടെ പുരാണ ഇതിഹാസങ്ങളില്‍ ഉണ്ട്.മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാതെ സ്വയം പറഞ്ഞുകൊണ്ടിരിക്കുകയും ആജ്ഞാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക സമൂഹത്തിലെ വക്താക്കള്‍ ശ്രോതാക്കളെക്കൂടി അത്യന്തം ബഹുമാനത്തോടെ കാണേണ്ടതാണെന്നു പഠിപ്പിച്ചു താനെന്തു രാമായണമാണ്.രാമായണം സ്വയം കേട്ട് മനസ്സുയ തെളിഞ്ഞ ശേഷം മാത്രമേ സ്വയം വായിക്കാന്‍ തുടങ്ങാവൂ എന്നാണു എന്റെ അഭിപ്രായം.രാമായണത്തെ കുറിച്ചും ,രാമായണത്തിലെ കഥാപാത്രങ്ങളെ കുറിച്ചും പറഞ്ഞു വരുമ്പോള്‍ ഓര്‍മ്മിക്കേണ്ട ,ഒരു മുഹൂര്‍ത്തമുണ്ട് രാമായണത്തില്‍ .അത് "ഹനുമല്‍­സീതാസംവാദം 'ആണ്. ബാലകാണ്ഡത്തിലെ ഉജ്ജ്വല ഭാഗമാണ് ഇത്.

വ്യക്തം, അവ്യക്തം മായ, മായാവി, ക്ഷേത്രം, ക്ഷേത്രജ്ഞന്‍, പ്രകൃതി, പുരുഷന്‍ എന്നൊക്കെ ദര്‍ശനങ്ങളില്‍ പറഞ്ഞുവരുന്ന വിവിധ തത്വശാസ്ത്ര സങ്കേതങ്ങളേയും ശ്രീരാമ ജീവിതത്തേയും ഒക്കെ സംക്ഷേപിച്ച് പറയുന്ന ഹനുമല്‍­സീതാസംവാദം നാം ഓരോരുത്തരും വായിച്ചിരിക്കണം.രാമായണത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ഹനുമാന്‍.ഹനുമാന്‍ ബ്രഹ്മചാരിയാണ്. തീര്‍ത്തും അലൈംഗിക ജീവിതം നയിക്കുന്ന വ്യക്തി.ആ ഹനുമാന് ഒരു സമയത്തു ഉപദേശം നല്‍കുന്നതു സീത എന്ന സ്ത്രീയാണ് എന്ന കാര്യം അല്‍പം വിപ്ലവാത്മകമാണ്. സ്ത്രീയെ കാണുക, കേള്‍ക്കുക, തൊടുക, അവളോട് സംസാരിക്കുക, അവളെപ്പറ്റി സ്മരിക്കുക, അവളുമായി കൂടിക്കഴിയുക, അവളോടു സംയോഗം ചെയ്യുക എന്നിങ്ങനെ എട്ടുവിധ വൃത്തികളും മൈഥുനമാണെന്നും അതൊക്കെ ഉപേക്ഷിക്കുന്നവനേ ബ്രഹ്മചാരിയാകു എന്നുമൊക്കെ സിദ്ധാന്തിക്കുന്ന സന്ന്യാസത്തിന്റെ വരട്ടുസിദ്ധാന്തങ്ങളെ ഉല്ലംഘിക്കുന്ന സമീപനധാര ഹനുമാന്‍ എന്ന ബ്രഹ്മചാരിക്കു തത്വോപദേശം ചെയ്തു ഗുരുസ്ഥാനീയയാകുന്ന അദ്ധ്യാത്മരാമായണത്തിലെ സീതാദേവിയില്‍ കാണാം.വളരെ മനോഹരമായ ഒരു സന്ദര്‍ഭം.

തത്വനിര്‍ഭരവും വിപ്ലവാത്മകവുമായ ഹനുമല്‍­സീതാസംവാദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടു പരമശിവന്‍ ശ്രീരാമചരിതം സംക്ഷേപിച്ചു പറഞ്ഞു. പക്ഷേ അത്രയും കേട്ടതുകൊണ്ടുമാത്രം പാര്‍വതി സംതൃപ്തയായില്ല. കൂടുതല്‍ വിശദമായി രാമചരിതവും തത്വവും അറിയണമെന്നു പാര്‍വതി പരമശിവനോട് സവിനയം ശാഠ്യം പിടിച്ചു. അതിനാല്‍ പരമശിവന്‍ വിസ്തരിച്ചു പറയുവാന്‍ തുടങ്ങി. അങ്ങനെയാണ് നാലായിരം ശ്ലോകങ്ങളുള്ള അദ്ധ്യാത്മരാമായണം സംഭവിച്ചത്. ഇവിടെ ഒരുകാര്യം കൂടി നാം ചിന്തിക്കണം. അധ്യാപകരും പ്രസംഗിക്കുന്നവരുമൊക്കെ ഇക്കാര്യം പ്രത്യേകം പരിഗണി­ക്കണം.

ആവശ്യമുള്ളവര്‍ക്ക് നാലായിരം ശ്ലോകങ്ങളില്‍ വിശദമായി പറഞ്ഞുകൊടുക്കാന്‍ കഴിവുള്ളവര്‍ മാത്രമല്ല നല്ല വിഷയാവതാരകര്‍­ നാലായിരം ശ്ലോകങ്ങളില്‍ വിശദമായി പറയുവാനുള്ള കാര്യം നാല്‍പതു ശ്ലോകങ്ങളില്‍ സംഗ്രഹിച്ചു പറയാനും കഴിവുള്ളയാളായിരിക്കണം നല്ല വിഷയാവതാരകര്‍. വിശദീകരിച്ചു പറയാനും സംക്ഷേപിച്ചു പറയാനും ഒരുപോലെ കഴിയും തനിക്കെന്ന് തെളിയിക്കുന്ന പരമേശ്വരന്‍ പ്രസംഗകലയുടെയും ,അധ്യാപനത്തിന്റെയും ഉത്തമ മാതൃകകൂടിയാണ്.
വക്താവായാല്‍ മാത്രം പോ­രാ ,നല്ല ശ്രോതാവുകൂടിയാകണം മനു­ഷ്യന്‍ (രാമായണ ചിന്തകള്‍ ­10)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക