Image

ന്യൂനപക്ഷങ്ങളുടെ വോട്ട് ഹിലരിക്ക്‌ കിട്ടുമോ?(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 27 July, 2016
ന്യൂനപക്ഷങ്ങളുടെ വോട്ട് ഹിലരിക്ക്‌ കിട്ടുമോ?(ഏബ്രഹാം തോമസ്)
ഫിലാഡെല്‍ഫിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ട് തയ്യാറായിക്കഴിഞ്ഞു. പോരാളികളും വര്‍ദ്ധിത വീര്യത്തോടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് പ്രചരണം ഉടന്‍ ആരംഭിക്കും. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു ന്യൂനപക്ഷ നേതാവിനെ പരിഗണിച്ചേക്കും എന്ന പ്രതീക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടി ടിം കെയിനെയാണ് മത്സരിപ്പിക്കുക എന്ന പ്രഖ്യാപനത്തോടെ അസ്ഥാനത്തായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഈ പ്രത്യാശ അര്‍പ്പിക്കുക വൃഥാവിലാണെന്ന് കരുതിയ ചിലര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലേയ്ക്ക് കണ്ണുംനട്ട് ഇരിക്കുകയായിരുന്നു.

2008 ലും 2012ലും ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റവും പ്രധാന ന്യൂനപക്ഷ വംശജന് ടിക്കറ്റ് നല്‍കുകയും അദ്ദേഹം പ്രസിഡന്റായി എട്ടുവര്‍ഷം ഭരിക്കുകയും ചെയ്തു. ഇത്തവണ പി.പി. സ്ഥാനത്തേയ്ക്ക് ഒരു ലറ്റിനോ വംശജനെ പരിഗണിക്കുമെന്ന് പലരും പ്രതീക്ഷിച്ചു. ചില പേരുകള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പരക്കുകയും ചെയ്തിരുന്നു. ഹിലരിയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ മുന്‍നിരക്കാര്‍ ഹൗസിംഗ് സെക്രട്ടറിയും മുന്‍ സാന്‍ അന്റോണിയോ മേയറുമായ ജൂലിയന്‍ കാസ്‌ട്രോ ആയിരുന്നു. പരിചയക്കുറവ്, ചെറുപ്പമാണ്, സമീപകാലത്തെ ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്നിവ കാസ്‌ട്രോയുടെ പേര് വെട്ടാന്‍ കാരണമായി എന്നാണ് അറിയുന്നത്. ബേണി സാന്‍ഡേഴ്‌സിന്റെ അനുയായികള്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. കാസ്‌ട്രോയെപോലെ ഒരു ചെറുപ്പക്കാരനെ പരിഗണിക്കാത്തതിന് ചിലപ്പോള്‍ വലിയ വില നല്‍കേണ്ടിവരും. 20,22% വോട്ടുകളാണ് ലറ്റിനോ വിഭാഗത്തിനുള്ളത്. ഇതില്‍ ഒന്നോ രണ്ടോ ശതമാനം കൂടുതല്‍ വരും കറുത്ത വര്‍ഗക്കാരുടെ(ആഫ്രിക്കന്‍ അമേരിക്കന്‍) വോട്ടുകള്‍. പരമ്പരാഗതമായി ഈ രണ്ടു വിഭാഗവും ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികളാണ്. 2008ലും 2012ലും ആഫ്രിക്കന്‍ അമേരിക്കനുകള്‍ അത്യുല്‍സാഹത്തോടെ പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തുകയും ബരാക്ക് ഒബാമയ്ക്ക് വോട്ടുചെയ്യുകയും ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്. 2016 ല്‍ ഹിലരിക്ക് വോട്ടു ചെയ്യുവാന്‍ ഇതേ ആവേശം കാണിക്കുമോ എന്ന സന്ദേഹത്തിന് പ്രസക്തിയുണ്ട്. മുന്‍പ് ഇവരില്‍ ഒരു വിഭാഗം ഹിലരിയെ ഇഷ്ടപ്പെട്ടിരുന്നില്ല.

ഹിസ്പാനിക്ക്(ലറ്റിനോ)കള്‍ ബില്‍ ക്ലിന്റണോട് കാട്ടിയിരുന്നത്രയും താല്പര്യം ഹിലരിയോട് കാട്ടുന്നില്ല. കാസ്‌ട്രോയെ തഴഞ്ഞത് മറ്റൊരു കാരണം ആയേക്കാം.
ചെറിയ ന്യൂനപക്ഷങ്ങളില്‍ ഒരു വലിയ വോട്ട് ബാങ്ക് ആയി കരുതുന്നത് എല്‍(ലെസ്ബിയന്‍), ജി(ഗേ), ബി(ബൈസെക്‌സ്വല്‍), ടി(ട്രാന്‍സ്‌ജെന്‍ഡര്‍) വിഭാഗമാണ്. നാലര ശതമാനം വോട്ടുകളുണ്ടെന്നാണ് കണക്ക്. ഇവര്‍ സാധാരണ ഡെമോക്രാറ്റിക്ക് ചായ് വ് ഉള്ളവരാണ്.

മുസ്ലീം സമൂഹത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ട്രമ്പിന്റെ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഹിലരിക്ക് ഇവരില്‍ ഒരു നല്ല ശതമാനം വോട്ട് ചെയ്യാനാണ് സാധ്യത.

ഇന്ത്യന്‍ വംശജരില്‍ വോട്ടവകാശം ഉള്ളവര്‍ 75% വന്നേക്കും. തിരഞ്ഞെടുപ്പ് ദിനങ്ങള്‍ക്ക് അവധി നല്‍കാറില്ല. അവധിയെടുത്തോ ജോലിയില്‍ വൈകി എത്തുവാനോ ജോലിയില്‍ നിന്ന് നേരത്തേ പോകുവാനോ അനുവാദം നേടിയോ മാത്രമേ വോട്ട് ചെയ്യുവാന്‍ കഴിയുകയുള്ളൂ. ഇന്ത്യന്‍ വംശജരില്‍ എത്ര ശതമാനം ഇങ്ങനെ വോട്ടു ചെയ്യുവാന്‍ തയ്യാറാകും എന്ന് കണ്ടറിയണം. കറുത്ത വര്‍ഗക്കാരനായ ന്യൂജേഴ്‌സി സെനറ്റര്‍ കോറിബുക്കറിനെയും ഹിലരി പരിഗണിച്ചിരുന്നതാണ്. അവസാന നിമിഷം കെയിന്‍ മതി എന്ന് തീരുമാനിച്ചു.

ന്യൂനപക്ഷങ്ങളുടെ വോട്ട് ഹിലരിക്ക്‌ കിട്ടുമോ?(ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക