Image

ജര്‍മന്‍ മലയാളികള്‍ കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന്‌ പിന്തുണ നല്‍കി

ജോസ്‌ കുമ്പിളുവേലില്‍ Published on 06 February, 2012
ജര്‍മന്‍ മലയാളികള്‍ കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന്‌ പിന്തുണ നല്‍കി
കൊളോണ്‍: കേരളത്തിലെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാരെ അടിമകളെപ്പോലെ കണക്കാക്കി വളരെ കുറഞ്ഞ വേതനം നല്‍കി ദിവസേന 16 മണിക്കൂറില്‍ കൂടുതല്‍ പണിയെടുപ്പിക്കുക കൂടാതെ പീഢനങ്ങള്‍ക്കും ഇരയാകുന്ന മലയാളി നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിന്‌ ജര്‍മന്‍ മലയാളികള്‍ പിന്തുണ പ്രഖ്യാപിച്ചു.

അവകാശ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജര്‍മന്‍ മലയാളികള്‍ കേരള സര്‍ക്കാരിന്‌ ഭീമഹര്‍ജി സമര്‍പ്പിച്ചു. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്‌ഠിക്കുന്ന നേഴ്‌സുമാര്‍ വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ചൂഷണത്തില്‍ നിന്നും മോചനം നേടുന്നതിനു വേണ്ടിയുള്ള സമരങ്ങള്‍ ഇപ്പോള്‍ കേരളത്തിലുടനീളം അലയടിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്പിലും, അമേരിക്കന്‍ ഐക്യ നാടുകളിലും എന്നു വേണ്ട ലോകം മുഴുവന്‍ നഴ്‌സുമാര്‍ക്ക്‌ അഭിമാനിക്കപ്പെടാവുന്ന തൊഴില്‍ വ്യവസ്‌ഥിതികളാണ്‌ ഇന്ന്‌ നിലവിലുള്ളത്‌.

ദ ലേഡി വിത്ത്‌ ദ ലാമ്പ്‌ എന്ന നാമവിശേഷണത്തില്‍ ലോകപ്രശസ്‌തയായി ആധുനിക നേഴ്‌സിംഗിന്റെ തലതൊട്ടമ്മയായ ഫ്‌ളോറന്‍സ്‌ നേറ്റിംഗേല്‍ എന്ന മഹത്‌ വനിത ആതുരശുശ്രൂഷയുടെ മഹത്വം ലോകത്തെ അറിയിച്ചതു വഴി ഭൂമിയിലെ മാലാഖമാര്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നഴ്‌സുമാര്‍ ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ അനുഭവിക്കുന്ന മാനസിക പീഡനം മറ്റേതെങ്കിലും തൊഴില്‍ മേഖലയില്‍ ഇന്നുണ്ടാവില്ല.

കേരളത്തിലുള്ള സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍ ഇന്ന്‌ ആതുര സേവനം വെറുമൊരു കച്ചവടമായി കാണുകയാണെന്നും ഇത്തരത്തിലുള്ള സക്കഥാപനങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടു വരണമെന്നും,ആശുപത്രി ജീവനക്കാര്‍ക്ക്‌ ന്യായമായ ഏകീകൃത വേതനം അടിയന്തരമായി നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഭീമഹര്‍ജി ജര്‍മന്‍ മലയാളി സമൂഹം കേരള സര്‍ക്കാറിനു സമര്‍പ്പിച്ചതായി ജോണ്‍ കൊച്ചുകണ്ടത്തില്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
ജര്‍മന്‍ മലയാളികള്‍ കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന്‌ പിന്തുണ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക