Image

സെപ്‌റ്റംബര്‍ 11 നഷ്‌ടപരിഹാര ഫണ്ടിന്റെ തലപ്പത്ത്‌ രൂപ ഭട്ടാചാര്യ

Published on 27 July, 2016
സെപ്‌റ്റംബര്‍ 11 നഷ്‌ടപരിഹാര ഫണ്ടിന്റെ തലപ്പത്ത്‌  രൂപ ഭട്ടാചാര്യ
9/11 വിക്‌ടിം കോമ്പന്‍സേഷന്‍ ഫണ്ടിന്റെ തലപ്പത്ത്‌ യു എസ്‌ ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റിലെ  ഇന്ത്യന്‍ വംശജയായ സീനിയര്‍ ഉദ്യോഗസ്‌ഥ രൂപ ഭട്ടാചാര്യയെ നിയമിച്ചു.

 സെപ്‌റ്റംബര്‍ 11 ദുരന്ത ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്നതിനുള്ള വിക്‌ടിം കോമ്പന്‍സേഷന്‍ ഫണ്ടിന്റെ മേല്‍നോട്ട ചുമതലയില്‍ രൂപ ഭട്ടാചാര്യയുടെ നിയമനം ഉടന്‍ പ്രാബല്യത്തിലാകുമെന്ന്‌ യു എസ്‌ അറ്റോര്‍ണി ജനറല്‍ ലൊറേറ്റാ ഇ ലിഞ്ച്  ജൂലൈ 22 ന്‌ അറിയിച്ചു. 

കോണ്‍സ്റ്റിറ്റിയുഷണല്‍ ആന്‍ഡ്‌ സ്‌പെഷലൈസ്‌ഡ്‌ ടോര്‍ട്‌ ലിറ്റിഗേഷന്‍ സെക്ഷന്‍ ഡയറക്‌ടറായി സേവനമനുഷ്‌ഠിക്കുന്ന രൂപ ഭട്ടാചാര്യ മികച്ചൊരു ഭരണാധികാരിയും വളരെ ആത്മാര്‍ഥതയുള്ളൊരു പബ്ലിക്‌ സേര്‍വന്‍റുമാണ്‌. അതുകൊണ്ടുതന്നെ ഭട്ടാചാര്യയുടെ നിയമനത്തില്‍ സന്തോഷമുണ്ടെന്ന്‌ ലിഞ്ച് പത്രക്കുറിപ്പില്‍ അറിയിച്ചു. 

2001 സെപ്‌റ്റംബര്‍ 11 ദുരന്തത്തി
നിരയായവരുടെ കുടുംബത്തിനു മതിയായ നഷ്‌ടപരിഹാരം നല്‍കുന്നതില്‍ ട്രഷറിയിലും ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റിലും ജോലിചെയ്‌ത ഭട്ടാചാര്യയുടെ അനുഭവപരിചയവും നേതൃത്വവും സഹായകമാകുമെന്ന്‌ ലിഞ്ച് പ്രത്യാശിച്ചു.

 അഞ്ചു വര്‍ഷം ഈ ചുമതല വഹിച്ച ഷീല ബേണ്‍ബോമിനു പകരമായാണ്‌ രൂപ എത്തുന്നത്‌. 2011 ജനുവരി 2ന്‌ പ്രസിഡന്റ്‌ ഒബാമ ഒപ്പിട്ട ജയിംസ്‌ സദ്രോഗ 9/11 ഹെല്‍ത്‌ ആന്‍ഡ്‌ കോംപന്‍സേഷന്‍ ആക്‌ട്‌ പ്രകാരമാണ്‌ വി സി എഫ്‌ന്‌ രൂപം നല്‍കിയത്‌. 

ദുരന്തത്തില്‍ മരിച്ചവരും പരിക്കേറ്റവരുമായ 10,000ത്തോളം അപേക്ഷകളിലായി 1.8 ബില്യന്‍ ഡോളറിലേറെ നഷ്‌ടപരിഹാരം ബേണ്‍ബോമിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്‌ത്‌ കഴിഞ്ഞു. 4700 ഓളം അപേക്ഷകള്‍ ഇനിയും നഷ്‌ടപരിഹാരം കാത്തു കിടപ്പുണ്ട്‌. 

9/11 നഷ്‌ടപരിഹാരതുക സംബന്ധിച്ച്‌ സിവില്‍ ഡിവിഷന്‌ ഉപദേശകയായി പ്രവര്‍ത്തിച്ച പാരമ്പര്യവും രൂപയ്‌ക്കുണ്ട്‌. അന്തര്‍ദേശീയകാര്യങ്ങള്‍ക്കുള്ള ഡെപ്യൂട്ടി അസിസ്റ്റന്റ്‌ ജനറല്‍ കൗണ്‍സലായി ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ നാലുവര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. 

ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സിവില്‍ വകുപ്പില്‍ 12 വര്‍ഷത്തോളം അറ്റോര്‍ണിയായി സേവനമനുഷ്‌ഠിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക