Image

അമേരിക്ക (നോവല്‍-21) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 26 July, 2016
അമേരിക്ക (നോവല്‍-21) മണ്ണിക്കരോട്ട്
ഫിലിപ്പിന് നിരാശ തോന്നി. 

ജോലിയില്‍ ചിലപ്പോഴൊക്കെ അപാകതകള്‍ വന്നിട്ടുണ്ടെങ്കിലും മനസ്സുവെച്ച് ജോലി 
ചെയ്തിരുന്നു. കൂട്ടത്തിലുള്ളവരെ സഹായിച്ചു പലപ്പോഴും സൂപ്പര്‍വൈസര്‍ സായിപ്പിനു വേണ്ടിയും പണം ചെലവാക്കിയിട്ടുണ്ട്. 

ആ മെക്‌സിക്കന്‍ കറുമ്പിയും തന്നെ പറ്റിച്ചു പണമെല്ലാം ഊറിയെടുത്തു. പണം ഇല്ലാതായപ്പേങറ്റ പിണത്തോളം പോലും വില തന്നില്ല. നന്ദികെട്ട മനുഷ്യത്വമില്ലാത്ത വര്‍ഗ്ഗം. 

ഫിലിപ്പ് ഓര്‍ത്തു. നാട്ടില്‍ പുരുഷന്മാര്‍ സ്ത്രീകളെ ഉപയോഗിച്ച് കറിവേപ്പില പോലെ തള്ളിക്കളയുമെന്നൊക്കെ പറയും. നേരെ മറിച്ച് ഇവിടെ സ്ത്രീകള്‍ പുരുഷന്മാരെ വലിച്ചു കുടിച്ചിട്ട് വലിച്ചെറിയുന്നു. 

റോസിക്ക് ഭര്‍ത്താവനെ തിരികെ കിട്ടിയതില്‍ സന്തോഷമായി. കുട്ടികള്‍ക്ക് അപ്പന്‍ അടുത്തുണ്ട്.
അങ്ങനെയിരിക്കുമ്പോഴാണ് അമേരിക്കയിലെങ്ങും പൊതുവെ ഒരു മാറ്റമുണ്ടായത്. അത് ഫിലിപ്പിന്റെ ഭാഗ്യം തെളിയാന്‍ കാരണമായി. 

എണ്ണ ഖനനം ചെയ്യുന്ന രാജ്യങ്ങള്‍ പെട്ടെന്ന് ഉല്പാദനം കുറച്ചു. വില കൂട്ടി. അതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്കയില്‍ അനുഭവപ്പെടാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല.

അമേരിക്കയിലെങ്ങും പെട്ടെന്നാണ് പെട്രോളിന്റെ വില കുതിച്ചുകയറിയത്. ഒറ്റക്കുതിപ്പിന് ഇരട്ടിയിലധികം. പിന്നേം കുതിക്കുന്നു.

അമേരിക്കയില്‍ വെള്ളമില്ലെങ്കിലും ജീവിക്കാം. കുടിക്കാന്‍ കള്ളും ബിയറും ഉണ്ട്. 

കൊക്കക്കോലയും മറ്റു നൂറ് കണക്കിനു സോഫ്റ്റ് ഡ്രിങ്ക്‌സും ഉണ്ട്. കുണ്ടി കഴുകേണ്ട കാര്യമില്ല. തുടയ്ക്കാന്‍ കടലാസുണ്ട്. കുളിയ്‌ക്കേണ്ട കാര്യമില്ല. ദുര്‍ഗന്ധം മാറ്റാന്‍ മണമുള്ള സ്‌പ്രേ അടിക്കാം. പക്ഷേ, ഗ്യാസൊലിന്‍(പെട്രോള്‍)ഇല്ലെങ്കില്‍ അമേരിക്ക സ്തംഭിക്കും.

അമേരിക്കയില്‍ നിന്നു തന്നെ എണ്ണ ഉല്പാദനത്തിനുള്ള തീരുമാനമായി. എണ്ണയുടെ ഭണ്ടാരമായ ടെക്‌സാസ് സംസ്ഥാനത്തു നിന്ന്.

പ്രത്യേകിച്ച് ഹൂസ്‌ററണ്‍ നഗരത്തില്‍.

അങ്ങോട്ടു പോകാന്‍ മലയാളികള്‍ക്ക് ഭയവും വെറുപ്പുമായിരുന്നു. അത് മെക്‌സിക്കോയുടെ അതിര്‍ത്തി സ്ഥലമാണ്. അവിടെ കൊള്ളരുതാത്ത മെക്‌സിക്കരുണ്ട്. മറ്റു നിറക്കാരെ ഇഷ്ടമില്ലാത്ത കൗബോയ്‌സ് ഉണ്ട്. അവരൊക്കെ ഉപദ്രവിക്കും.

ആ സ്ഥലത്ത് എണ്ണ ഖനനം ചെയ്യാനുള്ള ഒരുക്കമായി. അതിനുവേണ്ട ഉപകരണങ്ങള്‍ വേണം.
അടച്ചിട്ടിരുന്ന ഫാക്ടറികള്‍ പൊടിതട്ടിക്കുടഞ്ഞ് തുറന്നു. പുതിയവ രൂപമെടുത്തു. കോടാനുകോടി ഡോളറിന്റെ വ്യവസായം.

ഫാക്ടറികളില്‍ ജോലിക്കാരെ കിട്ടുന്നില്ല. ഇരട്ടി ശമ്പളം. നാലിരട്ടി ശമ്പളം. പത്തിരട്ടി ശമ്പളം.

ആന്റണി കേട്ടോ ഫിലിപ്പ് വിളിച്ചു. ഹൂസ്റ്റണില്‍ ആരു ചെന്നാലും ജോലി. ഭയങ്കര ശമ്പളം.

ന്യൂയോര്‍ക്കില്‍ ഫിലിപ്പ് പറഞ്ഞു. ഫിലാഡല്‍ഫിയായില്‍ കുഞ്ഞച്ചന്‍. ചിക്കാഗോയില്‍ നായര്. മിച്ചിഗനില്‍ ജോസഫ് ആവര്‍ത്തിച്ചു. 

പത്തുപേര്‍ പറഞ്ഞു. നൂറുപേര്‍ പറഞ്ഞു. മലയാളികളെല്ലാം അറിഞ്ഞു. 

ഇന്ത്യയിലായിരുന്നപ്പോള്‍ അമേരിക്ക കനാനായിരുന്നു. ഇന്ന് ആ കനാനില്‍ ഒരു പറുദീസ തുറന്നിരിക്കുന്നു. ടെക്‌സാസിലെ ഹൂസ്റ്റണ്‍ നഗരം. പണമുണ്ടെന്ന് കേട്ടപ്പോള്‍ ഭയപ്പെട്ടിരുന്ന മെക്‌സിക്കരൊന്നും പ്രശ്‌നമല്ലാതായി.

ആന്‍ണീ ഞങ്ങളങ്ങോട്ടു മൂവു ചെയ്യുവാ. നിങ്ങളും പോരിന്‍. നിങ്ങള്‍ക്കൊരു പ്രമോഷന്‍ പോലും ഇവിടവര്‍ തരുന്നില്ലല്ലോ.

ഫിലിപ്പ് ഹൂസ്റ്റണിലേക്ക് പോകാന്‍ തീരുമാനിച്ചു. പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടുപിടിക്കാന്‍ ഫിലിപ്പ് മിടുക്കനാണ്.

തത്ക്കാലം ഫിലിപ്പ് പോകണം. നിങ്ങള്‍ക്കിപ്പോള്‍ ജോലിയും ഇല്ലാതിരിക്കുകയല്ലേ. പുറകേ ഞങ്ങളും വരാം.

ആന്റണി പ്രതിവചിച്ചു.

ചിക്കാഗോയില്‍ നിന്നും ഫിലാഡല്‍ഫിയായില്‍ നിന്നുമൊക്കെ പലരും പോയിക്കഴിഞ്ഞു. എത്രയും മുമ്പേ പോകുന്നോ അത്രയും കൂടുതല്‍ ഡോളര്‍. ഫിലിപ്പ് പ്രോത്സാഹിപ്പിച്ചു.

ഞങ്ങളും പുറകെ വരുന്നുണ്ട്. പ്രത്യേകിച്ച് അവിടെ മലയാളികള്‍ക്ക് പറ്റിയ കാലാവസ്ഥയാണ്. ന്യൂയോര്‍ക്കിലെപ്പോലെ മഞ്ഞില്ല.

നേഴ്‌സുമാര്‍ക്കും ജോലിക്കു പ്രയാസം ഉണ്ടാകില്ല. ലോകപ്രസിദ്ധമായ ടെക്‌സാസ് മെഡിക്കല്‍ സെന്റര്‍ ഹൂസ്‌ററണിലാണ്. അമേരിക്കയില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ലോകപ്രസിദ്ധനായ ഡോക്ടര്‍ ഡെന്‍ടന്‍ കൂളിയും അതുപോലെ ലോകപ്രസിദ്ധനായ മറ്റൊരു ഹാര്‍ട്ട് സര്‍ജന്‍ ഡോ.മൈക്കിള്‍ ഡിബേക്കിയും അവിടെയാണ്.

ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രമുഖരായ രാഷ്ട്രീയ നേതാക്കളും രാജാക്കന്മാരും വലിയ വലിയ പണക്കാരും അവിടെ ഓപറേഷനും മറ്റു വിദഗ്ദ്ധ ചികിത്സക്കുമായി പോകുന്നുണ്ട്.

ആന്റണി വിവരിച്ചു കൊടുത്തു.

ഫിലിപ്പ് ഭാണ്ഡങ്ങള്‍ മുറുക്കി. അമ്മിണിയും ആന്റണിയും ലില്ലിക്കുട്ടിയും റോക്കിയും എല്ലാവരും സഹായിച്ചു.

ആദ്യം മുതല്‍ ഒരുമിച്ചു താമസിച്ചിരുന്നവരും അവരുടെ കുടുംബങ്ങളും വീണ്ടും സ്‌നേഹത്തില്‍. എല്ലാവരും സന്തോഷത്തിലും സൗഹാര്‍ദ്ദത്തിലും.

സാധനങ്ങള്‍ എങ്ങനെ കൊണ്ടുപോകുമെന്നാലോചനയായി.

മൂവിംഗ് കമ്പനിയെ ഏല്പിക്കാം. അവര്‍ തന്നെ വന്ന് പായ്ക്കു ചെയ്യും. ലോഡ് ചെയ്യും. ലോകത്തിന്റെ ഏതു ഭാഗത്തായാലും കൊണ്ടിറക്കി കൊടുക്കും. കാറും കൊണ്ടുപോകും. 
ആളുകള്‍ പറന്നാല്‍ മതി.

അല്ലെങ്കില്‍ മൂവിംഗിനുള്ള ട്രക്കുകള്‍ വാടകയ്‌ക്കെടുക്കാം. രാജ്യത്തെങ്ങും ശാഖകളുള്ള വാടക കമ്പനികളാണ്. പോകുന്ന പട്ടണത്തില്‍ തന്നെ തിരിച്ചു കൊടുക്കാം. അപ്പോള്‍  തനിയെ ലോഡ് ചെയ്യണം. ചെലവ് ലാഭിക്കാം.

സാധനങ്ങള്‍ മൂവിംഗ് കമ്പനിയെ ഏല്‍പിക്കാമെന്ന് പൊതുതീരുമാനമായി. അവര്‍ക്ക് കാറില്‍ പോകാം. ഏതാണ്ട് 1500 മൈല്‍ ദൂരമല്ലേയുള്ളൂ. 

ആന്റണി തന്നെ മൂവിംഗ് കമ്പനിയെ വിളിച്ചു. 

ഫിലിപ്പറിയാവും ഒരാള്‍ ചിക്കാഗോയില്‍ നിന്ന് ഹൂസ്റ്റണില്‍ എത്തിയിട്ടുണ്ട്. ഏബ്രഹാം അയാളെ വിളിച്ച് അപ്പാര്‍ട്ട്‌മെന്റ് ശരിയാക്കി. 

ഓട്ടോ മൊബൈല്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയില്‍ നിന്ന് റോഡ് മാപ്പുകള്‍ വാങ്ങി. പോകേണ്ട റോഡുകള്‍ കൃത്യമായി അടയാളപ്പെടുത്തിയ മാപ്പുകള്‍. 
മൂവിംഗ് കമ്പനിക്കാര്‍ സാധനങ്ങള്‍ കയറ്റി.

രണ്ടു ദിവസം കഴിഞ്ഞ് ഫിലിപ്പും കുടുംബവും തിരിച്ചു. കൂട്ടുകാര്‍ തമ്മില്‍ യാത്ര പറഞ്ഞു. അങ്ങു ചെന്നിട്ട് മറ്റുള്ളവര്‍ക്കുവേണ്ടി സ്ഥലം ഒരുക്കാമെന്ന് ഫിലിപ്പ് ഉറപ്പു കൊടുത്തു.

ഹൂസ്റ്റണില്‍ എത്തിയവരെല്ലാം പ്രധാന റോഡിനടുത്തു തന്നെ അപ്പാര്‍ട്ടുമെന്റെടുത്തിട്ടുണ്ട്. 

ഹൂസ്റ്റണെ ചുറ്റിക്കിടക്കുന്ന 610 എന്ന പ്രധാന ഹൈവേയ്ക്കടുത്ത് സ്റ്റെല്ലാലിങ്ക് എന്ന സ്ഥലത്ത് ലിങ്ക് വാലി അപ്പാര്‍ട്ട്‌മെന്റില്‍. ഇന്ത്യയിലെ ആദ്യത്തെ കുടിയേറ്റക്കാര്‍ ഫലഭൂയിഷ്ഠമായ സിന്ധുഗംഗാ സമതലങ്ങളില്‍ താവളമടിച്ചതുപോലെ.

ഇവിടെ ഗതാഗത സൗകര്യങ്ങളുണ്ട്. ജോലി സ്ഥലങ്ങള്‍ അടുത്താണ്. ടെസ്സസ് മെഡിക്കല്‍ സെന്റര്‍ തൊട്ടടുത്ത്. അതു മാത്രമല്ല വാടക കുറവും. ആവശ്യക്കാര്‍ ഏറിയപ്പോള്‍ അടച്ചിട്ടിരുന്ന അപ്പാര്‍ട്ടുമെന്റുകള്‍ തുരുതുരെ തുറന്നു. തുറക്കുന്നതെല്ലാം ഉടന്‍ നിറയുന്നു.

ഫിലിപ്പ് ചെന്നപ്പോള്‍ അവിടെ ധാരാളം മലയാളികള്‍ എത്തിയിട്ടുണ്ട്. മലയാളികള്‍ മാത്രമല്ല മറ്റ് പല രാജ്യക്കാരുമുണ്ട്.

ചിക്കാഗോയില്‍ നിന്ന് വന്ന എബ്രഹാമിനെ കണ്ടു. കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കി. 
ഫിലിപ്പ്, എബ്രഹാമിന്റെ അപ്പാര്‍ട്ടുമെന്റിലൊക്കെ നോക്കി. അവിടെ യാതൊരു ഫര്‍ണിച്ചറും കാണുന്നില്ല. 

എന്തുപറ്റി, സാധനങ്ങളൊന്നും കൊണ്ടുവന്നില്ലേ?

ഫിലിപ്പ് തിരക്കി. 

കൊണ്ടുവന്നിരുന്നു. 
എബ്രഹാം പറഞ്ഞിരുത്തി. 
എന്നിട്ട്?

അതൊന്നും ഇങ്ങെത്തിയില്ലെന്നു മാത്രം. വഴിക്കുവെച്ച് പണമാക്കി.

അതെങ്ങനെ....? വഴിക്കുവെച്ച് വിറ്റോ?

എടോ ഫിലിപ്പേ, നമ്മുടെ ഈ പന്ന ഫര്‍ണിച്ചറൊക്കെ ആര് വാങ്ങിക്കാന്‍. അതൊക്കെ ഇവിടുത്തുകാര്‍ വലിച്ചെറിയുന്നതാ. എടോ. ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ കുറച്ചൊക്കെ ട്രിക്ക് വേണം. ഞാന്‍ സാധനങ്ങളൊക്കെ ട്രയിലറിലാക്കി, കാറിന്റെ പുറകില്‍ കെട്ടിവലിച്ചുകൊണ്ടുവന്നു. വഴിക്കുവെച്ച് ട്രെയ്‌ലര്‍ അഴിച്ച് താഴെ കുഴിയിലേയ്ക്കിട്ടു. 

എന്നിട്ട്…? 

എന്നിട്ടെന്തുവാ? ഇന്‍ഷ്വറന്‍സില്‍ നിന്ന് ഇരട്ടി പണമുണ്ടാക്കി. അത്രതന്നെ.

എടാ മിടുക്കാ. ഇയ്യാള് ആളു വീരനാണല്ലോ.

എടോ ഫിലിപ്പേ. ഇവിടുത്തുകാരുടെ അടുത്ത് നേരെ ചൊവ്വേ പെരുമാറിയാല്‍ കാര്യം നടക്കില്ല. അത് ചിക്കാഗോയില്‍ വച്ചേ ഞാന്‍ പഠിച്ചുകഴിഞ്ഞു. അവസരം കിട്ടിയാല്‍ അവര്‍ നമ്മളെ അമക്കും. അതുകൊണ്ട് നമ്മളും അതിനൊത്തു പെരുമാറിയെങ്കിലേ ഇവിടെ ജീവിക്കാനൊക്കുള്ളൂ.

എബ്രഹാം പറയുന്നതൊക്കെ ശരിയാണെന്ന് ഫിലിപ്പിനു തോന്നി. സ്വന്തം അനുഭവം ഓര്‍ത്തു. എബ്രഹാം തുടര്‍ന്നു.

അല്ലെങ്കില്‍ തന്നെ ന്യൂയോര്‍ക്കിലെ ആ പൊളിഞ്ഞ ഫര്‍ണിച്ചറൊക്കെ ഇവിടെന്തിന് പൊക്കിക്കൊണ്ടു വരണം. ഇവിടെ പണമുണ്ടാക്കാന്‍ വന്നതല്ലേ. നല്ല പുതിയ സാധനങ്ങള്‍ വാങ്ങിക്കണം.

എബ്രഹാമിനെപ്പോലെ താനും ട്രിക്ക് പ്രയോഗിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഫിലിപ്പിനൊരു മനഃപ്രയാസം.

അയാള്‍ പരിചയമുള്ള പലരേയും കണ്ടു. നാട്ടുകാരുണ്ട്. പട്ടാളത്തില്‍ ഉണ്ടായിരുന്നവരുണ്ട്. 

ആര്‍ക്കും സംസാരിക്കാന്‍ പോലും സമയമില്ല. ഓവര്‍ടൈമിന്റെ തിരക്കിലാണ്.

അടുത്ത ദിവസം രാവിലെ കുട്ടികളെ സ്‌കൂളിലും റോസിയെ മെഡിക്കല്‍ സെന്ററിലും വിട്ടു. ഫിലിപ്പ് ഫാക്ടറിയിലേക്കോടി.

ഓയില്‍ ടൂള്‍സുണ്ടാക്കുന്ന ഫാക്ടറി. ഘൂസ്‌ററണിലെ ഏറ്റവും ശമ്പളക്കൂടുതലുള്ള സ്ഥാപനം. 

ഹ്യൂസ് ടൂള്‍ കമ്പനി.

ഫിലിപ്പ് ആപ്ലിക്കേഷന്‍ പൂരിപ്പിച്ചു കൊടുത്തു. പല ചോദ്യങ്ങളും മനസ്സിലായില്ല. പലതിനും ഉത്തരം കിട്ടിയില്ല. എന്തെങ്കിലും എഴുതിവെച്ചു. 

നാട്ടില്‍ എന്തായിരുന്നു ജോലി? ക്ലാര്‍ക്കു ചോദിച്ചു.

മെക്കാനിക്ക്

എബ്രഹാമാണ് ആ ട്രിക്ക് വെച്ചുകൊടുത്തത്.

കൊള്ളാം. നല്ല പരിശീലനമുണ്ടോ?

ധാരാളം. എബ്രഹാമിന്റെ ട്രിക്ക്. ഫിലിപ്പ് തട്ടിക്കൊടുത്തു.

വളരെ നല്ലത്. ഇംഗ്ലീഷ് അറിയാമല്ലോ?

ഓ.കെ. അത് ഫിലിപ്പിന്റെ സ്വന്തം ട്രിക്ക്.

ഓ.കെ. അപ്പോയിന്റഡ്.

ശമ്പളം പറഞ്ഞു. കണ്ണ് തെറിച്ചു കടലാസ്സില്‍ വീഴുന്നോ. സ്വപ്നത്തില്‍ പോലും കരുതാത്ത തുക.

റോസിക്കും ജോലിയായി. മെത്തഡിസ്റ്റ് ഹോസ്റ്റലില്‍. ടെക്‌സാസ് സ്റ്റേറ്റ് നേഴ്‌സിംഗ് രജിസ്‌ട്രേഷന്‍ നേരത്തെ എടുത്തിരുന്നതുകൊണ്ട് പ്രയാസമുണ്ടായില്ല. 

രണ്ടുപേരും പണി തുടങ്ങി. പണം ഒഴുകി.

വീണ്ടും കള്ളും കലഹവും തുടങ്ങി. ഒരിക്കല്‍ അനുഭവിച്ചിട്ടും വീണ്ടും അമേരിക്കനൈസ്ഡാകാന്‍ ഫിലിപ്പ് വെമ്പി.

അവിടെ വന്നിട്ടുള്ള മലയാളികളെല്ലാം എഞ്ചിനീയേഴ്‌സ്. തല്‍ക്കാലം ഫിലിപ്പ് മാത്രം മെക്കാനിക്ക്.
ദിവസങ്ങള്‍ കഴിഞ്ഞു. പുതുതായി എന്നും മലയാളികള്‍ വരുന്നുണ്ട്. അറിയുന്നവര്‍ പരിചയം പുതുക്കി.

'ഹലോ'

ഐ ആം മിസ്റ്റര്‍ കെ.ടി.ഫിലിപ്പ്.

അപ്പോള്‍ ഫിലിപ്പിന്റെ നെഞ്ചുയര്‍ന്നു. 

എവിടെയാണ് ജോലി….?

ഹ്യൂസ്

അപ്പോള്‍ വീണ്ടും നെഞ്ചുയര്‍ന്നു വികസിച്ചു.

അതൊക്കെ സ്വന്തം ട്രിക്കല്ല. മറ്റുള്ളവരില്‍ നിന്നു കണ്ടുപഠിച്ചതാണ്. 

എന്താണ് മിസ്റ്റര്‍ കെ.ടി ഫിലിപ്പിന് ജോലി.

എഞ്ചിനീയര്‍.

(തുടരും……)




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക