Image

പ്രകാശവേഗത്തില്‍ ഫോമ ജനഹൃദയങ്ങളിലേയ്ക്ക്: ബേബി ഊരാളില്‍ (അഭിമുഖം: എ.എസ് ശ്രീകുമാര്‍)

Published on 29 July, 2016
പ്രകാശവേഗത്തില്‍ ഫോമ ജനഹൃദയങ്ങളിലേയ്ക്ക്: ബേബി ഊരാളില്‍ (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
ജനകീയ പിന്തുണയുടെ ആഴത്തിലുള്ള വേരോട്ടവും അംഗ സംഘടനകളുടെ കരുത്തും നവ നേതൃത്വത്തിന്റെ ഇഛാശക്തിയും ഫോയെന്ന സംഘടനകളുടെ സംഘടനയെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കൂടുതല്‍ ജനപക്ഷഗന്ധമുള്ള കൂട്ടായ്മയാക്കി മാറ്റിയിരിക്കുന്നുവെന്ന് ഫോമ മുന്‍ പ്രസിഡന്റും അഡൈ്വസറി കമ്മിറ്റി ചെയര്‍മാനുമായ ബേബി ഊരാളില്‍ പറഞ്ഞു. 65 അംഗസംഘടനകളുടെ അനിഷേധ്യമായ പിന്‍ബലമുള്ള ഫോമയുടെ സന്തുലിതമായ വളര്‍ച്ചയ്ക്ക് പിന്നില്‍ വികസന തുടര്‍ച്ചയും ജനപക്ഷ നിലപാടുകളും പടലപ്പിണക്കങ്ങളില്ലാത്ത ഒരുമയുടെ ശബ്ദവുമാണ്. അമേരിക്കന്‍ മലയാളികളുടെ ആഗ്രഹങ്ങള്‍ക്കൊത്ത്, അവരുടെ ആവശ്യങ്ങള്‍ ഹൃദയത്തില്‍ ഉള്‍ക്കൊണ്ട് പ്രശ്‌നപരിഹാരങ്ങളുടെയും മോഹസാഫല്യത്തിന്റെയും മേച്ചില്‍ പുറങ്ങളിലൂടെ സഞ്ചരിക്കുന്ന ഫോമ മയാമിയിലെ മറ്റൊരു കണ്‍വന്‍ഷനും കഴിഞ്ഞ് മലയാളികളുടെ വിളനിലമായ ഷിക്കാഗോ ലക്ഷ്യം വച്ച് കര്‍മപരിപാടികളുടെ ഉരുക്കഴിക്കുകയാണ്.

ശശിധരന്‍ നായര്‍ക്കും ജോണ്‍ ടൈറ്റസിനും ശേഷം ഫോമയെ പ്രതാപവഴിയിലൂടെ രണ്ടു വര്‍ഷം നയിച്ച് ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി ഈ സംഘടനയുടെ അടിത്തറ ശക്തമാക്കിയ ബേബി ഊരാളില്‍ സൗമ്യമായ പൊതുപ്രവര്‍ത്തനത്തിന്റെ സംഘാടകപ്പട്ടികയിലിടം പിടിച്ച വ്യക്തിത്വത്തിനുടമയാണ്. ബിസിനസ് സംബന്ധമായ തിരക്കുകള്‍ക്കിടയിലും അദ്ദേഹം സംഘടനയ്ക്കു വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമായ മനസോടെയാണ് മയാമി കണ്‍വന്‍ഷന്‍ വേദിയില്‍ വച്ച് അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ വിവാദങ്ങള്‍ക്കൊന്നും ഇടം നല്‍കാതെ സുതാര്യമായി പ്രവര്‍ത്തിച്ച ബേബി ഊരാളില്‍ തന്റെ സംഘടനാ ചിന്തകള്‍ ഇ-മലയാളിയടെ മാന്യവായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു. അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍...

? അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി വിജയിച്ചതില്‍ അഭിനന്ദനങ്ങള്‍... എന്താണ് ഈ പദവിയുടെ പ്രാധാന്യം...
* എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉപദേശം കൊടുക്കുകയെന്നതാണ് ദൗത്യം. എക്‌സിക്യൂട്ടീവ് അധികാരമില്ലെങ്കിലും ഭരണഘടനയുടെ കാവല്‍ക്കാരായി നില്‍ക്കും. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമായാണോ നടക്കുന്നതെന്ന് വീക്ഷിക്കും. അല്ലാത്ത പക്ഷം ഉപദേശരൂപേണ തിരുത്തും. പ്രതിസന്ധിഘട്ടങ്ങളില്‍ ഫോമയുടെ പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികളുമായി ബന്ധപ്പെട്ട് സംസാരിക്കാനും ഞാന്‍ ബാധ്യസ്ഥനാണ്.

? സ്ഥാനമേറ്റു കഴിഞ്ഞ് പ്രഥമ പരിഗണന കൊടുക്കുന്ന വിഷയം...
* ഒക്‌ടോബറിലാണ് ചാര്‍ജ് ഏറ്റെടുക്കുക. അതോടെ ഇതുവരെ ആരും ചെയ്യാത്ത ഒരു പദ്ധതി പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മയാമി കണ്‍വന്‍ഷനെ കുറിച്ച് ഒരു അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്നതാണത്. ഇത് എന്റെ വ്യക്തിപരമായ ഇവാലുവേഷന്‍ എന്നതിലുപരി ജനങ്ങളുടെ അഭി്രപ്രായപ്രകടനമായിരിക്കും. മയാമി കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ മുതല്‍ ചെക്ക് ഔട്ട് വരെയുള്ള കാര്യങ്ങളുടെ ഗുണദോഷവശങ്ങളെപ്പറ്റിയുള്ള ജനാഭിപ്രായ സര്‍വേയാണിത്. ഇതു  സംബന്ധിച്ച് ഒരു ഫോം തയ്യാറാക്കി കണ്‍വന്‍ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഇ-മെയില്‍ വഴി എത്തിക്കും. അത് പൂരിപ്പിച്ച് തിരികെ അയച്ചു തരണമെന്ന് ഇത്തരുണത്തില്‍ താത്പര്യപ്പെടുന്നു. ജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഒരു റിപ്പോര്‍ട്ടുണ്ടാക്കി പുതിയ ഭരണസമിതിയുടെ സത്വര ശ്രദ്ധയ്ക്കായി നല്‍കും

? പ്രസ്തുത റിപ്പോര്‍ട്ട് മുന്‍ ഭരണസമിതിയെ വിമര്‍ശിക്കുന്നതും വേദനിപ്പിക്കുന്നതുമായാല്‍...
* ഒരിക്കലും ആരെയും ബോധപൂര്‍വം കുറ്റപ്പെടുത്താനുള്ളതല്ല ഈ അവലോകനം. രണ്ടു വര്‍ഷക്കാലം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് പണവും സമയവും വിനിയോഗിച്ചവരെ അങ്ങനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താനോ വിമര്‍ശിക്കാനോ പറ്റുകയില്ലല്ലോ. പക്ഷേ മയാമിയില്‍ എന്തെങ്കിലും പാകപ്പിഴ സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് ഷിക്കാഗോയിലും തുടര്‍ന്നും ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള കരുതല്‍ എന്ന നിലയിലായിരിക്കും അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കുക. ഇക്കാര്യം ഒരു പോസിറ്റീവ് സെന്‍സില്‍ സ്വയം വിമര്‍ശനപരമായി എടുത്താല്‍ മതി.

? കണ്‍വന്‍ഷനുകള്‍ എത്രമാത്രം ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്...
* കാലാകാലങ്ങളില്‍ അധികാരമേല്‍ക്കുന്ന ഭരണസമിതികള്‍ ജനങ്ങളെ എങ്ങനെ ആകര്‍ഷിക്കാമെന്ന് ചിന്തിക്കണം. അടുത്ത കാലത്തായി നടക്കുന്ന ഒരു പ്രതിഭാസം നാം മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. ഒരു കാലഘട്ടത്തില്‍ ഫോമ പോലുള്ള സാമൂഹിക സംഘടനകള്‍ക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇന്നതിന്റെ പ്രസക്തിക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് സാമുദായിക സംഘടനകള്‍ കരുത്താര്‍ജിച്ചു വരുന്നു. കത്തോലിക്കര്‍, മാര്‍ത്തോമാ, യാക്കോബായ, പെന്തക്കോസ്ത്, പലവിധ ഹൈന്ദവ-മുസ്ലീം സംഘടനകള്‍ എന്ന രീതിയില്‍ സാമുദായിക സംഘടനകള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്നു. മത സംഘടനകള്‍ വേണ്ടെന്ന് പറയുന്നില്ല. പക്ഷേ ആളുകള്‍ അതിന്റെ തടവറയിലായിപ്പോയിരിക്കുന്നു. 

? സാമൂഹിക സംഘടനകളുടെ പ്രസക്തി കാത്തു സൂക്ഷിക്കാന്‍...
* പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുക. ഫോമ ജനങ്ങളുടെ വിളിപ്പുറത്താണ് എന്ന ബോധം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുക. തങ്ങളുടെ ഏതു പ്രശ്‌നവും പരിഹരിക്കാന്‍ ഈ സംഘടനയിലുടെ സാധിക്കും എന്ന ഉറപ്പ് സൃഷ്ടിക്കണം. മലയാളികള്‍ എന്ന നിലയില്‍ ഈ പ്രവാസി സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാമൂഹിക സംഘടനയ്‌ക്കേ കഴിയൂ. പാസ്‌പോര്‍ട്ട്, വിസ, ഇമിഗ്രേഷന്‍ സംബന്ധമായ വിഷയങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഇന്ത്യ-അമേരിക്ക സര്‍ക്കാരുകളെ നാം സമീപിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചത് ഫോമ ഒരു സാമൂഹിക സംഘടനയായതുകൊണ്ടാണ്.

? നമ്മള്‍ മലയാളികള്‍ അല്ലാതാവുന്നുവോ...
* അതെ, നമ്മള്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമൊക്കെയായി മത സംഘടനകളുടെ ദ്വീപുകളില്‍ എത്തി വിഭാഗീയതയുടെ കൊടി പിടിക്കുന്നു. നമ്മുടെ സ്വകാര്യ താത്പര്യം മത സംഘടനകളാണെങ്കില്‍ മലയാളികള്‍ പൊതുവായി അണിനിരക്കേണ്ടത് സാമൂഹിക സംഘടനയുടെ കുടക്കീഴിലാണ്. സാമൂഹിക സംഘടനകളുടെ പ്രസക്തി നഷ്ടപ്പെട്ടാല്‍ മലയാളിയുടെ വ്യക്തിത്വമാണില്ലാതാവുക. ഫോമയെ സംബന്ധിച്ചിടത്തോളം ജനങ്ങളിലേയ്ക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുക വഴി അതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയാണ് വേണ്ടത്.

? നിലവില്‍ സാമൂഹിക സംഘടനകളുടെ അവസ്ഥ സുഖകരമാണെന്ന് കരുതുന്നുണ്ടോ...
* സംഘടനയെ സംബന്ധിച്ചിടത്തോളം പദ്ധതിക്കും പ്ലാനിനും ദീര്‍ഘകാല തുടര്‍ച്ച ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ സാമൂഹിക സംഘടനകള്‍ക്ക് കണ്ടിന്യുവിറ്റിയും അക്കൗണ്ടബിലിറ്റിയുമില്ല. രണ്ടു വര്‍ഷം പ്രവര്‍ത്തിച്ച് ഒരു കണ്‍വന്‍ഷനും നടത്തുന്നതോടെ അവരുടെ പരിപാടി കഴിഞ്ഞു. അടുത്ത ടീം വന്നാല്‍ മുമ്പ് ഇരുന്നവരുടെ നേരെ വിപരീതമായ പരിപാടികളായിരിക്കും കൊണ്ടുവരിക. ഇത് സംഭവിക്കാതിരിക്കാന്‍ ഭരണഘടനാപരമായ മാറ്റം അനിവാര്യമാണ്. ഫോമയുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ റിവ്യൂ കമ്മിറ്റി ഇത് പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

? യുവജന പ്രാതിനിധ്യം ആശാവഹമാകുന്നില്ലല്ലോ...
* യുവാക്കള്‍ കുറഞ്ഞുവരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. മയാമി കണ്‍വന്‍ഷനില്‍ യുവാക്കളുടെ പരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മയാമി കണ്‍വന്‍ഷനിലെ വിമന്‍സ് ഫോറത്തിലേയ്ക്ക് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രേഖാ നായര്‍, രേഖാ ഫിലിപ്പ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടത് ശുഭലക്ഷണമാണ്. ഇവരിലൂടെ യുവജനങ്ങളെ സജീവമാക്കാന്‍...സജ്ജരാക്കാന്‍ കഴിയുമെന്ന് കരുതുന്നു.

? എന്തായിരിക്കാമവരുടെ താത്പര്യമില്ലായ്മയുടെ കാര്യകാരണങ്ങള്‍...
* ഫോമയിലേക്ക് അവരെ കൂട്ടത്തോടെ കൊണ്ടുവരികയെന്നത് എളുപ്പമുള്ള കാര്യമല്ല. ഒരു സംഘടനാ നേതാവ് സ്റ്റേജില്‍ കയറി നിന്ന് തൊണ്ടകീറി പ്രസംഗിച്ചിട്ടും കാര്യമില്ല. അമേരിക്കന്‍ മലയാളി യൂത്തിന് മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് പോകേണ്ട ആവശ്യമില്ലത്രേ. തങ്ങള്‍ അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗം മാത്രമാണെന്നാണ് അവരുടെ വിചാരം. അത് മാറ്റിയെടുക്കാന്‍ മാതാപിതാക്കള്‍ക്കേ കഴിയൂ. കൂട്ടായ്മയുടെ ഈ ചിന്ത കുടുംബത്തില്‍ നിന്നുതന്നെയുണ്ടാവണം.

? കണ്‍വന്‍ഷനുകള്‍ ഫാമിലി കണ്‍വന്‍ഷനുകള്‍ അല്ലാതെയാവുമ്പോള്‍ ആ പ്രതീക്ഷ ഫലിക്കില്ലല്ലോ...
* കണ്‍വന്‍ഷനുകളില്‍ കുടുംബങ്ങളുടെ മൊത്തത്തിലുള്ള പ്രാതിനിധ്യം കുറയുകയാണെന്ന് പരസ്പരം മുഖത്തു നോക്കി പഴിപറയാനേ കഴിയൂ. പലരും ഒറ്റയ്ക്കാണ് വരുന്നത്. അത് നിരുല്‍സാഹപ്പെടുത്തണം. ഭരണഘടനാ ഭേദഗതിയൊന്നും പ്രായോഗികമല്ല. കാരണം വ്യക്തി താത്പര്യമാണല്ലോ. കുടുംബക്കൂട്ടായ്മയുടെ പ്രാധാന്യം മനസിലാക്കി കുട്ടികളിലേക്കത് പകരുക. കൊച്ചുകുട്ടികള്‍ വരും. ഹൈസ്‌ക്കൂള്‍ കഴിഞ്ഞവരെ പ്രതീക്ഷിക്കേണ്ട. വ്യത്യസ്തങ്ങളായ കലാമത്സരങ്ങളും മറ്റും വച്ച് അവരെ ആകര്‍ഷിക്കാവുന്നതാണ്. കായിക മത്സരങ്ങളില്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റും പ്രധാന ഇനമായി തിരഞ്ഞെടുക്കുക.

? കലോത്സവങ്ങളുടെ ഘടന മാറണം...
* അതെ. ഒരു കണ്‍വന്‍ഷന്റെ സമയത്ത് മാത്രം പിള്ളേരെ പിടിച്ച് വേദിയില്‍ കയറ്റിയിട്ട് കാര്യമില്ല. റീജിയണല്‍ തലത്തില്‍ തന്നെ മത്സരങ്ങള്‍ സംഘടിപ്പിച്ച് അതില്‍ വിജയികളാവുന്നവരെ ദേശീയതലത്തില്‍ കൊണ്ടു വരിക. മത്സരിച്ചാല്‍ സമ്മാനം കിട്ടുമെന്ന ആഗ്രഹം കുട്ടികളില്‍ ജനിപ്പിക്കണം. നമ്മുടെ സ്‌കൂള്‍ കലോത്സവം പോലെ ഫോമയുടെ കണ്‍വന്‍ഷന്‍ കലോത്സവങ്ങള്‍ സംഘടിപ്പിച്ചാല്‍ കുട്ടികളുടെയും യുവജനങ്ങളുടെയും പ്രാതിനിധ്യം കുറച്ചെങ്കിലും കൂട്ടാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.

? വനിതാ ഫോറം നിശ്ചലമായതിനു പിന്നില്‍...
* അത് നേതൃപരമായ വീഴ്ചയുടെ ഭാഗമാണ്. ചിലര്‍ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി വരുന്നു. അപ്പോള്‍ പ്രവര്‍ത്തനം മന്ദീഭവിച്ച് നിശ്ചലാവസ്ഥയിലാവും. എന്നാല്‍ ഇപ്പോഴത്തെ ടീം നല്ല നിലയില്‍ പ്രവര്‍ത്തിക്കുമെന്നു സൂചന നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ട്. അവ പരസ്പരം ഷെയര്‍ ചെയ്യുന്നതിലൂടെ പരസ്പരം ആശ്വസിപ്പിക്കാനെങ്കിലും പറ്റുമല്ലോ. ഫാമിലി കണ്‍വന്‍ഷന്‍ എന്ന കണ്‍സപ്റ്റിന് വനിതാ ഫോറത്തിന്റെ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. 

? മുതിര്‍ന്നവരുടെ മോശം ജീവിതാവസ്ഥയെ ഫോമ എപ്രകാരം അഡ്രസ് ചെയ്യും...
* അവരെ ടേക്ക് കെയര്‍ ചെയ്യാന്‍ ഇവിടെയൊരു സിസ്റ്റം ഉണ്ടല്ലോ. മക്കള്‍ നമ്മെ നോക്കിക്കോളും എന്ന മോഹം ആദ്യം മാറ്റി വയ്ക്കുക. അഡല്‍റ്റ് ഹോമും നേഴ്‌സിങ് ഹോമും ധാരാളമായി ഉണ്ട്. ഹൂസ്റ്റണിലും ഡാളസിലും ഫ്‌ളോറിഡയിലുമൊക്കെ മലയാളികളുടേതായ അഡല്‍റ്റ് കമ്മ്യൂണിറ്റി സെന്ററുകളും ഉണ്ട്. ഇത്തരം സംരംഭങ്ങള്‍ ഇനിയും ആരംഭം കുറിക്കും. പക്ഷേ ഇവിടേയ്‌ക്കൊക്കെ പോകാന്‍ മാനസികമായി അവര്‍ തയ്യാറെടുക്കുകയാണ് വേണ്ടത്. ഒറ്റപ്പെട്ടും രോഗത്താലുമൊക്കെ അവശതയില്‍ കഴിയുന്നവര്‍ അഭിമാനത്തിന്റെ പേരില്‍ തങ്ങളുടെ ദുരവസ്ഥ വെളിപ്പെടുത്താറില്ല. എന്നാല്‍ അക്കാര്യം ഷെയര്‍ ചെയ്താലേ ഫോമയ്ക്കും കൃത്യമായ ഇടപെടലുകള്‍ നടത്താനൊക്കൂ. ഫോമയുടെ പന്ത്രണ്ടിന കര്‍മപരിപാടിയില്‍ ഈ ഗുരുതരമായ വിഷയവും പരിഗണനയിലുണ്ട്. 

? ഫോമ പ്രസിഡന്റായിരിക്കെ സംതൃപ്തി നല്‍കിയത്...
* നിര്‍ധനര്‍ക്ക് വീടു വച്ചു നല്‍കാനായതും പാവപ്പെട്ട രോഗികളെ സംഘടിപ്പിച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തിയതും വളരെയധികം സംതൃപ്തി നല്‍കി. വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ട് അവര്‍ക്ക് ചികിത്സയും ഫോളോ അപ്പും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അശരണരുടെയും നിരാലംബരുടെയും നിര്‍ധനരുടെയും കണ്ണീരൊപ്പുമ്പോഴാണ് ദൈവ സ്‌നേഹം നമ്മില്‍ പ്രകാശിക്കുന്നത്.
***
ഫോമയുടെ ജീവകാരുണ്യ പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് സുതാര്യതയും തുടര്‍ച്ചയും ഉറപ്പുവരുത്താനുള്ള ഉപദേശ നിര്‍ദേശങ്ങളുമായി ബേബി ഊരാളില്‍ തന്റെ മറ്റൊരു നിയോഗത്തിന് തുടക്കമിട്ടു കഴിഞ്ഞു. “ജാതിമത ഭേദമെന്യേ സെക്യൂലറിസത്തിന്റെ കൊടിക്കീഴില്‍ മലയാളികളെല്ലാം ഒന്നിച്ചു നില്‍ക്കണം. ഭിന്നിച്ചു തകരുന്നത് അഭികാമ്യമല്ല. ഒന്നിച്ചു മുന്നേറുകയാണ് വേണ്ടത്.  മലയാളിയുടെ പാരമ്പര്യവും സംസ്‌കൃതിയും നിലനിര്‍ത്തുന്നതിനോടൊപ്പം അത് നമ്മുടെ ഭാഷയും ജീവിതവും അന്യമായ ഇളം തലമുറയിലേയ്ക്കും യുവഹൃദയങ്ങളിലേയ്ക്കും പകര്‍ന്നു കൊടുക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്...” ബേബി ഊരാളില്‍ പറഞ്ഞു നിര്‍ത്തി. അമേരിക്കയിലെമ്പാടുമുള്ള ചോയ്‌സ് ക്ലിനിക്കല്‍ ലാബിന്റെ സാരഥിയാണ് മോനിപ്പള്ളി ഊരാളില്‍ കുടുംബാംഗമായ ബേബി ഊരാളില്‍. സലോമിയാണ് ഭാര്യ. ഷോബിന്‍, ഷാരണ്‍ എന്നിവര്‍ മക്കള്‍.

പ്രകാശവേഗത്തില്‍ ഫോമ ജനഹൃദയങ്ങളിലേയ്ക്ക്: ബേബി ഊരാളില്‍ (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക