Image

കിളിരൂര്‍ കേസില്‍ 5 പ്രതികള്‍ കുറ്റക്കാര്‍ ; ശിക്ഷ ബുധനാഴ്ച

Published on 07 February, 2012
കിളിരൂര്‍ കേസില്‍ 5 പ്രതികള്‍ കുറ്റക്കാര്‍ ; ശിക്ഷ ബുധനാഴ്ച
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കുള്ള ശിക്ഷ അവര്‍ക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം മറ്റെന്നാള്‍ പ്രഖ്യാപിക്കും. തിരുവനന്തപുരത്തെ സി.ബി.ഐ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

ഏഴ് പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ ഏഴാം പ്രതി സോമനെ കോടതി വെറുതെവിട്ടു. കുമളിയില്‍ മുറിയെടുക്കാന്‍ സഹായിച്ചുവെന്നതായിരുന്നു സോമനെതിരായ കുറ്റം. എന്നാല്‍ ഇത് വസ്തുനിഷ്ഠമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

ഒന്നാം പ്രതി ഓമനക്കുട്ടിയെ കേസ് അന്വേഷിച്ച സി.ബി.ഐ സംഘം മാപ്പുസാക്ഷിയാക്കിയിരുന്നു. ലതാനായര്‍, പ്രവീണ്‍, കൊച്ചുമോന്‍, മനോജ്, പ്രശാന്ത് എന്നിവരെയാണ് കുറ്റക്കാരായാണ് കണ്ടെത്തിയിരിക്കുന്നത്. സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി 2003 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ പാര്‍പ്പിച്ച് ശാരിയെ പീഡിപ്പിക്കുകയും ഒടുവില്‍ ശാരി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തതാണ് കേസിന് ആധാരം. 2011 ഒക്‌ടോബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 67 സാക്ഷികളെ വിസ്തരിച്ചു. 48 രേഖകള്‍ ഹാജരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക