Image

പൊട്ടിപ്പൊട്ടി മമ്മൂട്ടി: ഫ്‌ളോപ്പുകളുടെ നിരയിലേക്ക് മമ്മൂട്ടിയുടെ വൈറ്റും (ജയമോഹനന്‍ എം)

Published on 29 July, 2016
പൊട്ടിപ്പൊട്ടി മമ്മൂട്ടി: ഫ്‌ളോപ്പുകളുടെ നിരയിലേക്ക് മമ്മൂട്ടിയുടെ വൈറ്റും (ജയമോഹനന്‍ എം)
ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമയ്ക്ക് ലഭിച്ച ഏറ്റവും മോശം ഇന്‍ഷ്യല്‍ കളക്ഷനുമായിട്ടാണ് മമ്മൂട്ടിയുടെ വൈറ്റ് തുടങ്ങിയിരിക്കുന്നത്. ലണ്ടന്‍ നഗരത്തിന്റെ പശ്ചാത്തലവും, ഹുമാ ഖുറേഷി എന്ന ബോളിവുഡ് താരത്തിന്റെ സാന്നിധ്യവും, മമ്മൂട്ടിയുടെ സുന്ദരന്‍ ഷോയും ഒന്നും തന്നെ വൈറ്റിനെയും രക്ഷിച്ചില്ല. 

കഥയും കഴമ്പുമില്ലാത്ത മമ്മൂട്ടി പ്രോജക്ടുകളുടെ നിരയിലേക്ക് ഒന്നുകൂടി. അത്രമാത്രമാണ് മമ്മൂട്ടിയുടെ പുതിയ റിലീസായ വൈറ്റും. 

2005ല്‍ രാജമാണിക്യം എന്ന മെഗാഹിറ്റ് ട്രെന്‍ഡ് സെറ്റര്‍ സിനിമയ്ക്ക് ശേഷം മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ഒരു കാലം തന്നെയായിരുന്നു. മികച്ച കൊമേഴ്‌സ്യല്‍ സിനിമകളും, മികച്ച സമാന്തര സിനിമകളും മമ്മൂട്ടിയുടേതായി പ്രേക്ഷകര്‍ക്ക് ലഭിച്ചു. സിനിമ തിരഞ്ഞെടുക്കാനുള്ള മമ്മൂട്ടിയുടെ കഴിവിനെ പ്രേക്ഷകര്‍ പുകഴ്ത്തി. കൈയ്യൊപ്പ്, മായാവി, ബിഗ്ബി, അണ്ണന്‍ തമ്പി, പഴശ്ശിരാജ, പാലേരി മാണിക്യം, ലൗഡ് സ്പീക്കര്‍, കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ സിനിമകള്‍ ഈ കാലഘട്ടത്തിലേതായിരുന്നു. മമ്മൂട്ടിയുടെ ഈ ജൈത്രയാത്ര 2010 അവസാനമെത്തിയ ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയോടെ അവസാനിച്ചു എന്നതാണ് സത്യം. 

കൃത്യമായി പറഞ്ഞാല്‍ 2011 ആദ്യം റിലീസ് ചെയ്ത ആഗസ്റ്റ് 15 എന്ന സിനിമ തൊട്ട് മമ്മൂട്ടിക്ക് കണ്ടകശനിയാണ്. എവിടെ തൊട്ടാലും പിഴയ്ക്കും. ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍, ബോംബെ മാര്‍ച്ച് 12, വെനീസിലെ വ്യാപാരി, ശിക്കാരി, കിംഗ് ആന്‍ഡ് കമ്മീഷണര്‍, കോബ്ര, താപ്പാന, ജവാന്‍ ഓഫ് വെള്ളിമല, ഫെയ്‌സ് ടു ഫെയ്‌സ്, ബാവൂട്ടിയുടെ നാമത്തില്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, കടല്‍കടന്നൊരു മാത്തുക്കുട്ടി, സൈലന്‍സ്, ബാല്യകാല സഖി, പ്രെയ്‌സ് ദ ലോര്‍ഡ്, ഗ്യാങ്സ്റ്റര്‍, മംഗ്ലീഷ്, രാജാധിരാജ, ഫയര്‍മാന്‍, അച്ഛാ ദിന്‍, ഉട്ടോപ്യയിലെ രാജാവ്, പുതിയ നിയമം, വൈറ്റ് - ഇത്രയും സിനിമകളാണ് ഈ കാലത്തിനിടയില്‍ മമ്മൂട്ടിയുടേതായി പരാജയപ്പെട്ടത്. 

ഈ കണക്കില്‍ യാതൊരു അത്ഭുതവും തോന്നേണ്ട കാര്യമില്ല. 25 സിനിമകള്‍ ക്ലീനായി പരാജയപ്പെട്ടു. ഇവയില്‍ തന്നെ ഭൂരിപക്ഷവും (ഗ്യാങ്സ്റ്റര്‍, പ്രെയ്‌സ് ദി ലോര്‍ഡ്, മംഗ്ലീഷ് അച്ഛാ ദിന്‍, ജാവാന്‍ ഓഫ് വെള്ളിമല, ട്രെയിന്‍ തുടങ്ങിയവ) ദയനീയ പരാജയങ്ങളായിരുന്നു. 

ഇതിനിടയില്‍ ശരാശരി വിജയത്തിലെത്തിയ ഇമ്മാനുവല്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഭാസ്‌കര്‍ ദി റാസ്‌ക്കല്‍ എന്നീ സിനിമകളുമുണ്ട്. എന്നാല്‍ ഒരു ആവറേജ് വിജയം എന്നതിനപ്പുറത്തേക്ക് ഹിറ്റായി ഈ സിനിമകളും മാറിയില്ല. സമാന്തര സിനിമയുടെ ഗണത്തിലേക്ക് എത്തിയ കുഞ്ഞനന്തന്റെ കടയും പത്തേമാരിയും, മുന്നറിയിപ്പും വേണ്ടത്ര നിലവാരം പുലര്‍ത്തിയതുമില്ല. ഒരു നീണ്ട കാത്തിരിപ്പിനു ശേഷം കസബ എന്ന സിനിമയാണ് മമ്മൂട്ടിക്ക് വലിയൊരു തിരിച്ചു വരവ് സമ്മാനിച്ചത്. വന്‍ മാര്‍ക്കറ്റിംഗിന്റെ പിന്‍ബലത്തില്‍ വലിയ ഇന്‍ഷ്യല്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് സാധിച്ചു. എന്നാല്‍ യാതൊരു ഗുണനിലവാരവും ഇല്ലാതെ പോയ കസബ ഇന്‍ഷ്യല്‍ നേടിയതിനപ്പുറം തിയറ്ററില്‍ പിടിച്ചു നിന്നില്ല. നാലാം ദിവസം സിനിമ വീണു. തൊട്ടു പിന്നാലെ ഇപ്പോള്‍ വൈറ്റും. 

പരാജയങ്ങളുടെ തിരക്കഥ സ്വയം എഴുതുന്ന താരമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ അധപതിക്കുന്ന കാഴ്ച മാത്രമാണ് പോയ അഞ്ചു വര്‍ഷക്കാലമായി കാണുന്നത്. രാജ്യം സിവിലിയന്‍ പുരസ്‌കാരം നല്‍കി ആദരിച്ച ഒരു നടന്‍, അതും മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന നടന്‍, അലക്ഷ്യമായി ഇങ്ങനെ സിനിമയെ സമീപിക്കുന്നത് എന്തുകൊണ്ടെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. 

നീണ്ട വര്‍ഷത്തെ അഭിനയജീവിതം കൊണ്ട് മമ്മൂട്ടി എന്ന താരം സ്വന്തമാക്കിയിരിക്കുന്ന ഒരു മിനിമം ബിസ്‌നസ് മലയാള സിനിമയില്‍ നിലനില്‍ക്കുന്നുണ്ട്. അതായത് മൂന്ന് മുതല്‍ നാല് കോടിയുടെ പ്രൊഡക്ഷന്‍ കോസ്റ്റ് (മമ്മൂട്ടിയുടെ പ്രതിഫലം പുറമെ) ഒരു മമ്മൂട്ടി സിനിമയ്ക്ക് വരുമ്പോള്‍ മുടക്കുമുതലിന്റെ അറുപത് ശതമാനം സാറ്റ്‌ലൈറ്റായി വാങ്ങാന്‍ കഴിയും. മമ്മൂട്ടി സിനിമകള്‍ എത്രനിലവാരമില്ലാത്തതാണെങ്കിലും വാങ്ങാന്‍ ഒരു ചാനലുമുണ്ട്. പിന്നീടുള്ള പണത്തിനായി മാത്രം തിയറ്ററിനെ ആശ്രയിച്ചാല്‍ മതിയാകും. പക്ഷെ ഇവിടെ കുടുങ്ങിപ്പോകുന്നത് വിതരണക്കാരും തിയറ്ററുകളുമാണ്. ലോംഗ് റണ്‍ പ്രതീക്ഷിക്കുന്ന സൂപ്പര്‍താരത്തിന്റെ സിനിമ രണ്ട് ദിവസം കൊണ്ട് കളം വിടുമ്പോള്‍ നഷ്ടം വിതരണക്കാരനും തിയറ്റര്‍ ഉടമയ്ക്കുമാണ്. പിന്നെ നിവിന്‍ പോളിയും പൃഥ്വിരാജുമൊക്കെ നല്ല സിനിമകളും, ഓടുന്ന സിനിമകളും ചെയ്യുന്നു എന്നതുകൊണ്ട് തിയറ്ററില്‍ ആള് കയറും. 

ഇനി പുതിയ സിനിമയായ വൈറ്റിലേക്ക് വരാം. ലണ്ടന്‍ മലയാളിയായ പ്രകാശ് റോയ് എന്ന കഥാപാത്രമാണ് മമ്മൂട്ടിക്ക്. ജോലിക്കായി ലണ്ടനിലെത്തുന്ന മലയാളി യുവതിയായ റോഷ്‌നി യാദൃശ്ചികമായി പ്രകാശ് റോയിയെ പരിചയപ്പെടുകയാണ്. പിന്നീടങ്ങോട്ട് റോഷ്‌നിയും പ്രകാശും തമ്മിലുളള കുട്ടിക്കളികള്‍. മമ്മൂട്ടിയിലെ ചെറുപ്പക്കാരനും കുസൃതിക്കാരനും അങ്ങനെ തുള്ളി മറിയുകയാണ്. (കാണുന്നവര്‍ക്ക് ചെടിക്കും എന്നു മാത്രം). പ്രകാശ് റോയിയുടെ ഭാര്യ 15 വര്‍ഷം മുമ്പ് ആക്‌സിഡന്റില്‍ മരണപ്പെട്ടു പോയതായിരുന്നു. റോഷ്‌നിയെക്കാണുമ്പോള്‍ പ്രകാശിന് തന്റെ ഭാര്യയെയാണ് ഓര്‍മ്മ വരുന്നത്. റോഷ്‌നിയിലൂടെ തന്റെ ഭാര്യയെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നത്രേ പ്രകാശ് റോയി. അവസാനം ഇരുവരും കല്യാണം കഴിച്ച് സിനിമ അവസാനിച്ചു.

ഒരു നാടകം പോലെയാണ് പ്രകാശ് റോയിയും റോഷ്‌നിയും തമ്മിലുള്ള ഈ ബന്ധത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. തീര്‍ത്തു അമച്വറായ തിരക്കഥയും ചിത്രീകരണവും. അതിനിടയില്‍ സ്‌കൂള്‍ നിലവാരം പോലുമില്ലാത്ത സ്റ്റേജ് നാടകം പോലെ മമ്മൂട്ടിയും റോഷ്‌നിയും അഭിനയിക്കുന്നു. പ്രേക്ഷകര്‍ ബോറടിക്കുന്നു. ഉദയ് അനന്തന്‍ എന്ന കക്ഷി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയിലെ ആകെ ഗുണം കുറെ ലണ്ടന്‍ വിഷ്വലുകള്‍ കാണാമെന്നതാണ്. 

എന്തിനാണ് ഇത്തരമൊരു അറുബോറന്‍ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമുണ്ട്. മമ്മൂട്ടിയുടെ സ്‌ക്രീന്‍ ഏയ്ജ് ചിത്രത്തില്‍ നാല്പതുകളുടെ തുടക്കത്തിലാണ്. പിന്നെ നല്ല സുന്ദരന്‍ കോസ്റ്റ്യൂമുകള്‍, കൂളിംഗ് ഗ്ലാസുകള്‍, യഥാര്‍ഥത്തില്‍ തന്നെക്കാള്‍ മുപ്പതോ, നാല്പതോ വയസ് കുറവുള്ള സഹതാരത്തെക്കൊണ്ട് തന്റെ കഥാപാത്രത്തെ പേര് വിളിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖം വേറെ. ഇത്രയുമായാല്‍ മമ്മൂട്ടി ഒരു സിനിമയ്ക്ക് ഡേറ്റ് നല്‍കും എന്ന സ്ഥിതിയായിരിക്കുന്നു. അതിനപ്പുറം സിനിമയുടെ കഥയോ, നിലവാരമോ മമ്മൂട്ടിയെ അലട്ടുന്നതേയില്ല. സുന്ദരനായി സ്വയം ചിത്രീകരിക്കാന്‍ വേണ്ടി തട്ടിക്കൂട്ട് സിനിമകളില്‍ കൂളിംഗ് ഗ്ലാസുമിട്ട് നടക്കുന്ന മമ്മൂട്ടിയെ കാണുമ്പോള്‍ സഹതാപമല്ലാതെ മറ്റൊന്നും തോന്നുന്നില്ല. 

ഇവിടെ സിനിമയുടെ കൊമേഴ്‌സ്യല്‍ വാല്യു മാത്രമല്ല, മമ്മൂട്ടി എന്ന നടന്റെ അഭിനയവും കൈമോശം വന്നു തുടങ്ങിയിരിക്കുന്നു. പുതിയ നിയമം, കസബ, വൈറ്റ് തുടങ്ങിയ സിനിമകള്‍ കാണുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം മമ്മൂട്ടി അഭിനയം തന്നെ മറന്നു തുടങ്ങിയിരിക്കുന്നു എന്നതാണ്. അല്ലെങ്കില്‍ ഇത്രയൊക്കെ മതി എന്ന ചിന്താഗതിയുമാകാം. 

എന്തായാലും പഴയൊരു തോണിക്കാരന്റെ കഥ പറഞ്ഞ് അവസാനിപ്പിക്കാം.
ഒരിടത്ത് ഒരു മുരടന്‍ തോണിക്കാരനുണ്ടായിരുന്നു. അയാള്‍ തന്റെ തോണി കടവിലേക്ക് ചേര്‍ത്ത് അടുപ്പിക്കാതെ യാത്രക്കാരെ പാദം നനയുന്ന വിധം വെള്ളത്തില്‍ തന്നെ ഇറക്കിവിടുമായിരുന്നു. പിന്നീട് അയാളുടെ മകന്‍ തോണിക്കാരന്റെ സ്ഥാനം ഏറ്റെടുത്തു. പൊതുവെ സൗമ്യനായിരുന്ന മകന്‍ തോണിക്കാരന്റെ സ്ഥാനം ഏറ്റെടുത്തപ്പോള്‍ യാത്രക്കാര്‍ ഒരു കാര്യം തീര്‍ച്ചപ്പെടുത്തി. ഇനി കടവിനോട് ചേര്‍ത്ത് തോണി നിര്‍ത്തും. നേരെ കരയിലേക്ക് കാലെടുത്ത് വെയ്ക്കാം. പക്ഷെ മകന്‍ ചെയ്തത് നേരെ മറിച്ചാണ്. അയാള്‍ യാത്രക്കാരെ മുട്ടൊപ്പം വെള്ളത്തില്‍ ഇറക്കിവിടാന്‍ തുടങ്ങി. അപ്പോള്‍ യാത്രക്കാര്‍ പറഞ്ഞു, 'ശെടാ, മുരടനായിരുന്നുവെങ്കിലും ആ അച്ഛന്‍ തോണിക്കാരനായിരുന്നു ഭേദം'. 

മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖറും ഇപ്പോള്‍ മലയാള സിനിമയിലുണ്ട്. ഇപ്പോഴത്തെ മമ്മൂട്ടി ചിത്രങ്ങള്‍ കണ്ട് ദൈവമേ ആ ദുല്‍ഖര്‍ സല്‍മാന്‍ എത്ര ഭേദം എന്ന് പ്രേക്ഷകര്‍ പറയട്ടെ എന്നാണോ ഇനി മമ്മൂട്ടി ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ കസബയും, വൈറ്റും ഇനിയും ആവര്‍ത്തിക്കുന്നതില്‍ ഒരു തെറ്റുമില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക