Image

ചങ്ങല (കവിത: ആറ്റുമാലി)

Published on 31 July, 2016
ചങ്ങല (കവിത: ആറ്റുമാലി)
ഈ ഭൂമിയും മുകളിലാകാശവും
ഇവിടെയുണരുന്ന പുലരികളും
ഇവിടെ മയങ്ങുന്ന സന്ധ്യകളും
എന്നെയും നിങ്ങളെയും സ്‌നേഹിച്ചു.

ഇവടെ വീശുന്ന കാറ്റുകളും,
ഇവിടെ പൊഴിയുന്ന മഴകളും,
ഇവിടെ ഒഴുകുന്ന പുഴകളും,
എനിക്കും നിങ്ങള്‍ക്കും വേണ്ടിയായിരുന്നു.

ഇവിടെ പൂക്കുന്ന ചെടികളും
തണല്‍വിരിക്കുന്ന മരങ്ങളും
എങ്ങും വിളയുന്ന സമൃദ്ധിയും
നമുക്കു പങ്കിടാനായിരുന്നു.

കാലഗതിയിലെവിടെയോ,
ശപിക്കപ്പെട്ട കാലനിശകളില്‍,
തെറ്റിക്കുറിക്കപ്പെട്ട സമവാക്യങ്ങളില്‍
അകാരണമായി ഞാന്‍ പുറന്തള്ളപ്പെട്ടു.

അന്നവുമുടുതുണിയും കിടപ്പാടവും
എനിക്കു നിഷേധിക്കപ്പെട്ടു;
ഉണങ്ങാത്ത മുറിവുകള്‍ ഞാനേറ്റുവാങ്ങി;
പരിഹാസമെനിക്കു പരിവേഷമായി!

ഞാനൊരു മനുഷ്യനാണെന്നു
അന്നേ നിങ്ങള്‍ മറന്നുപോയി.
എന്നെ സന്തം സഹോദരനെന്നു
തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല!

നിങ്ങളെനിക്കു സ്വാതന്ത്ര്യം നിഷേധിച്ചു;
എന്റെ കാലുകളെ ചങ്ങലയണിയിച്ചു;
എന്റെ ചിന്തകളെ വിലങ്ങണിയിച്ചു;
എന്റെ സ്വപ്നങ്ങളെ തുറുങ്കിലടച്ചു.

നിങ്ങളെന്റെ നാവരിഞ്ഞു;
എന്നെ നൊമ്പരം കുടിപ്പിച്ചു!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക