Image

അമേരിക്കയില്‍ നാടകത്തിന്റെ പുഷ്‌കലകാലം: അജിത്ത് അയ്യമ്പിള്ളി

Published on 01 August, 2016
അമേരിക്കയില്‍ നാടകത്തിന്റെ പുഷ്‌കലകാലം: അജിത്ത് അയ്യമ്പിള്ളി
നാട്ടില്‍ നാടക രംഗം പ്രതിസന്ധി നേരിടുകയാണെങ്കിലും  അമേരിക്കയില്‍ നാടകത്തോട് പ്രവര്‍ത്തകര്‍ക്കും ജനത്തിനുമുള്ള അഭിനിവേശം അമ്പരപ്പിക്കുന്നതാണെന്നു ഫോമാ നാടക മത്സരത്തില്‍ നല്ല നാടകത്തിനും (നിഴലാട്ടം) മികച്ച സംവിധായകനുമുള്ള അവാര്‍ഡ് നേടിയ അജിത്ത് അയ്യമ്പിള്ളി. നിഴലാട്ടം മികച്ച നടിക്കും സഹനടനുമുള്ള അവാര്‍ഡുകളും നേടി.

ടി.വിയുടെ വരവോടെ കേരളത്തില്‍ ജനം രാത്രിയായാല്‍ സീരിയലുകളുടെ മുന്നില്‍. പണ്ടൊക്കെ രാത്രി ഒന്‍പതിനും പത്തിനും നാടകം തുടങ്ങാന്‍ ജനം വേദികള്‍ക്ക് സമീപം കാത്തു നില്‍ക്കും. ഇന്ന് രാത്രി പുറത്തിറങ്ങുന്നവര്‍ വിരളമായി.

നാടകത്തിനുനാട്ടില്‍ കഷ്ടകാലം ആണെങ്കിലും അമേരിക്കയില്‍ അതിനോടു പലരും കാണിക്കുന്ന അര്‍പ്പണബോധം വേറിട്ടതാണ്. അതിനു വേണ്ടി പണം മുടക്കാനും പലരും തയ്യാര്‍. നാടകത്തിന്റെ വേദി ഒരുക്കാനും മറ്റു കാര്യങ്ങള്‍ക്കുമൊക്കെ സഹകരിക്കാനും യാതൊരു സ്വാര്‍ഥ താല്പര്യങ്ങളുമില്ലാതെ ആളുകള്‍ മുന്നോട്ടു വരുന്നു. നാടകം ഡബ് ചെയ്യാനും മറ്റും സ്റ്റുഡിയോ പോലും പലക്കുമുണ്ട്.

കലാരംഗത്തോടുള്ളഈ അര്‍പ്പണ ബോധം അമേരിക്കന്‍ മലയാളികളുടെ വ്യത്യസ്ഥതയാണെന്നുഅജിത്ത് ചൂണ്ടിക്കാട്ടുന്നു. പത്തു വര്‍ഷം മുന്‍പ് വന്നപ്പോള്‍ ആദ്യത്തെ ഓണാഘോഷം കണ്ടപ്പോള്‍ തന്നെ അതിശയിച്ചു പോയി. അത്തരമൊന്നു നാട്ടില്‍ ഇല്ല. ഡിട്രോയിയിറ്റില്‍ അടുത്ത ഓണാഘോഷത്തിനു ഇപ്പോള്‍ തന്നെ തയ്യറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. മറ്റു നഗരങ്ങളിലും ഇതു തന്നെ സ്ഥിതി. നാട്ടില്‍ അന്യം നിന്നാലും പല കലകളും ആഘോഷങ്ങളും ഇവിടെ നില നില്‍ക്കുമെന്നുറപ്പ്.

ഫിലഡല്‍ഫിയയില്‍ നടന്ന ഫോമാ കണ്‍വന്‍ഷനിലും അജിത്ത്എഴുതി സംവിധാനം ചെയ്ത മാതൃദേവോഭവ എന്ന നാടകം 3 അവാര്‍ഡുകള്‍ നേടിയിരുന്നു. ഏറ്റവും നല്ല സംവിധായകന്‍, നടി, സഹനടി എന്നീ അവാര്‍ഡുകളാണ് അന്ന് ലഭിച്ചത്.

വൈപ്പിന്‍കര സ്വദേശിയായ അജീത്ത് നാട്ടിലും കലാരംഗത്തു സജീവമായിരുന്നു. 'ഒട്ടേറേ കലാകാരന്മാരുടെ നാട് കൂടിയാണ് വൈപ്പിങ്കര. 1999-ല്‍ ഞങ്ങള്‍ 5 കൂട്ടുകാര്‍ ചേര്‍ന്ന് വൈപ്പിന്‍ ബാന്‍ഡേഴ്‌സ് എന്ന മിമിക്രി ട്രൂപ്പ് ഉണ്ടാക്കി. ഒത്തിരി സ്റ്റേജ് പ്രോഗ്രാം ചെയ്തിട്ടുണ്ട്.

'ആദ്യമായി ഒരു പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിക്കുന്നത് സിവിക് ചന്ദ്രന്‍ സാര്‍ എഴുതിയ 'കുറ്റവും ശിക്ഷയും' എന്ന നാടകത്തിലാണ്. നാടക കൃത്തും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനും, രാഷ്ട്രീയ നിരൂപകനുമായ സിവിക് ചന്ദ്രന്‍ സാറിന്റെ നാടകത്തില്‍ അഭിനയിക്കുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. അതുപോലെ തന്നെ ആ ആ നാടകം സംവിധാനം ചെയ്തത് പ്രശസ്ത നാടക സംവിധായകന്‍ ചന്ദ്രന്‍ മാസ്റ്റര്‍ ആയിരുന്നു. അതും വലിയൊരനുഭവമായിരുന്നു. അഗ്നിഗാഥ, സത്യഗോപുരം, എന്റെ സൂര്യന്‍, പുരുഷ ധനം, അക്ഷയ മാനസം എന്നിങ്ങനെ നിരവധി നാടകങ്ങള്‍ക്ക് ഏറ്റവും നല്ല സംവിധായകന്‍ എന്ന ബഹുമതി അദ്ദേഹം നേടിയിട്ടുണ്ട്. അവരുടെ കീഴില്‍ മൂന്നുമാസത്തോളം നാടക ക്യാമ്പില്‍ പങ്കെടുത്തു.'

ഡിട്രോയിറ്റില്‍ വന്ന ശേഷം ഇവിടെയുള്ള മലയാളി സംഘടനകളായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്‍, കേരള ക്ലബ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് വലിയ നേട്ടമായി അജിത്ത് കരുതുന്നു. ആദ്യമായി ഒരു നാടകം എഴുതി സംവിധാനം ചെയ്തത് കേരള ക്ലബ്ബിന്റെ ക്രിസ്തുമസ്സിനോടനുബന്ധിച്ച് ആയിരുന്നു. നാടകത്തിന്റെ പേര് 'ഡിസംബര്‍ 24 ഒരു ക്രിസ്തുമസ് തലേനാള്‍'.

അതിനുശേഷം 'മേരിയമ്മയുടെ ക്രിസ്തുമസ് സമ്മാനം' എന്ന നാടകം ഡിട്രോയ്റ്റ്മലയാളി അസോസിയേഷനു വേണ്ടി ചെയ്യുകയുണ്ടായി. കഴിഞ്ഞ ക്രിസ്തുമസ്സിനോടനുബന്ധിച്ച് 'നിഴലാട്ടം' ഡി.എം.എ.ക്കു വേണ്ടി ചെയ്തു. അതാണ്ഫോമ മയാമി കണ്‍വന്‍ഷനില്‍ അവതരിപ്പിച്ചത്.

'ഡിട്രോയിറ്റില്‍ ഒരുപാട് കലാകാരന്മാരുണ്ട്. അവരോടൊപ്പം പരിപാടികള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എനിക്ക് അവസരങ്ങള്‍ കിട്ടാതിരുന്നിട്ടില്ല. അതിന് ഈ അവസരത്തില്‍ അവരോട് ഞാന്‍ നന്ദി പറയുന്നു.

നാട്ടില്‍ വച്ചും ഇവിടെയും എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെയാണ് എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ എന്റെ കുടുംബവും പ്രത്യേകിച്ച് എന്റെ ഭാര്യയും നല്ലരീതിയില്‍ എന്നെ കലാരംഗത്തു പിന്തുണക്കുന്നു. ഭാര്യ 
ആനിമ സ്‌കൂള്‍ പഠനകാലത്ത് എറണാകൂളം ജില്ലാ കലാതിലകമായിരുന്നു. ജില്ലയില്‍ എസ്.എസ്.എല്‍.സിക്കു ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിനിയും.

കഥ എഴുതിയശേഷം അത് സുഹൃത്തുക്കളുമായും ഭാര്യയും മകനുമായും ചര്‍ച്ച ചെയ്യാറുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാറുമുണ്ട് അജിത്ത് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണു പുത്രന്‍ അദൈ്വത്. പുത്രി ആമ്പല്‍.

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ പേരില്‍ ഫോമ കണ്‍വന്‍ഷനില്‍ നാടകം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അതിന്റെ ഭാരവാഹികള്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു-അജിത്ത് പറഞ്ഞു

സിനിമയില്‍ ഒരു കൈ നോക്കണമെന്ന മോഹം അജിത്തിനുണ്ട്. അതിന്റെ കഥയും തിരക്കഥയുമൊക്കെ 
പണിപ്പുരയിലാണ്. ആത്മകഥാ സ്പര്‍ശമുള്ളതാണ് നിഴലാട്ടം പോലെ ആ കഥയും.
അമേരിക്കയില്‍ നാടകത്തിന്റെ പുഷ്‌കലകാലം: അജിത്ത് അയ്യമ്പിള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക