Image

എന്‍എച്ച്‌എസ്‌ പരിഷ്‌കാരം: നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

Published on 07 February, 2012
എന്‍എച്ച്‌എസ്‌ പരിഷ്‌കാരം: നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍
ലണ്‌ടന്‍: എന്‍ എച്ച്‌എസ്‌ പരിഷ്‌കാരങ്ങള്‍ ആശുപത്രികളിലെ ആരോഗ്യ പരിരക്ഷയെ താറുമാറാക്കുമെന്നും ആറായിരത്തോളം നഴ്‌സുമാര്‍ക്ക്‌ ജോലി നഷ്ടപ്പെടുമെന്ന്‌ മുന്നറിയിപ്പ്‌. പൊതുതെരഞ്ഞെടുപ്പിനുശേഷം 3500 നഴ്‌സുമാരുടെ തസ്‌തികകള്‍ എന്‍ എച്ച്‌ എസ്‌ വെട്ടിക്കുറച്ചതായി ലേബര്‍ നേതാവ്‌ എഡ്‌ മിലിബാന്‍ഡ്‌ ചൂണ്‌ടിക്കാട്ടി. പാര്‍ലമെന്റിന്റെ കാലാവധി കഴിയുമ്പോള്‍ മറ്റൊരു 2500 നഴ്‌സുമാരെക്കൂടി ഒഴിവാക്കും. ആരോഗ്യ സേവനമേഖല പുനസംഘടിപ്പിച്ചുകൊണ്‌ടുള്ള ടോറികളുടെ നടപടികള്‍ ഫ്രണ്‌ട്‌ലൈന്‍ രോഗി പരിചരണത്തെ നേരിട്ട്‌ നശിപ്പിച്ചുകൊണ്‌ടിരിക്കുകയാണ്‌. ആരോഗ്യ ബില്ലിന്റെ പുനസംഘടനയ്‌ക്കായി ചെലവിടുന്ന തുകകള്‍ മാറ്റിവച്ചാല്‍ അതുകൊണ്‌ട്‌ ആറായിരം നഴ്‌സിംഗ്‌ തസ്‌തികകളും സംരക്ഷിക്കാന്‍ കഴിയും. പുനസംഘടനയ്‌ക്കുള്ള നീക്കം പാര്‍ലമെന്റ്‌ വരും ആഴ്‌ചകളില്‍ ഉപേക്ഷിച്ചാല്‍ മാത്രമെ ഇത്‌ നടപ്പാകൂവെന്ന്‌ മിലിബാന്‍ഡ്‌ ചൂണ്‌ടിക്കാട്ടി.

നിര്‍ദിഷ്ട പരിഷ്‌കാരങ്ങളുടെ പേരില്‍ ആരോഗ്യമേഖലയില്‍നിന്ന്‌ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുകൊണ്‌ടിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നതാണ്‌ മിലിബാന്‍ഡിന്റെ അവകാശവാദങ്ങള്‍.

2010 മേയ്‌ മാസത്തിലെ കണക്കനുസരിച്ച്‌ 281,431 ഫുള്‍ടൈം നഴ്‌സുമാരാണ്‌ എന്‍ എച്ച്‌ എസിലുണ്‌ടായിരുന്നത്‌. കഴിഞ്ഞ ഒക്ടോബറില്‍ അത്‌ 277,015 ആയികുറഞ്ഞു. അതായത്‌, 3516 പേരെ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന്‌ ലേബര്‍ പാര്‍ട്ടി പുറത്തുവിട്ട എച്ച്‌ എസ്‌ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു.

യോഗ്യതയുള്ള നഴ്‌സിംഗ്‌, മിഡ്‌വൈഫറി, ഹെല്‍ത്ത്‌വിസിറ്റിംഗ്‌്‌ സ്റ്റാഫില്‍ മാറ്റമുണ്‌ടായെന്നാണ്‌ ഇത്‌ ചൂണ്‌ടിക്കാണിക്കുന്നത്‌. യോഗ്യരായ നഴ്‌സുമാരും ഹെല്‍ത്ത്‌ കെയര്‍ അസിസ്റ്റന്റുമാരും ഉള്‍പ്പെടെ 5000 തസ്‌തികകള്‍ ഇപ്പോള്‍ അപായനിലയിലാണെന്ന്‌ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ്‌ അടുത്തയിടെ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ പകുതിയിലേറെപ്പേരും യോഗ്യരായ നഴ്‌സുമാരാണെന്നാണ്‌ ലേബറിന്റെ വിശ്വാസം.

ബില്ലിനെതിരെ ആരോഗ്യമേഖലയിലെ വിവിധ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു. റോയല്‍ കോളജ്‌ ഓപ്‌ നഴ്‌സിംഗ്‌്‌, റോയല്‍ കോളജ്‌ ഓഫ്‌ മിഡ്‌വൈവ്‌സ്‌, ബ്രിട്ടീഷ്‌ മെഡിക്കല്‍ അസോസിയേഷന്‍, റോയല്‍ കോളജ്‌ ഓഫ്‌ ജനറല്‍ പ്രാക്ടീഷണേഴ്‌സ്‌, റോയല്‍ കോളജ്‌ ഓഫ്‌ റേഡിയോളജിസ്റ്റ്‌സ്‌, ചാര്‍ട്ടേഡ്‌ സൊസൈറ്റി ഓഫ്‌ ഫിസിയോതെറാപ്പി, റോയല്‍ കോളജ്‌ ഓഫ്‌ സൈക്യാട്രിസ്റ്റ്‌സ്‌ തുടങ്ങിയ സംഘടനകളാണ്‌ അണിനിരന്നിട്ടുള്ളത്‌.

എന്നാല്‍ ലേബറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ്‌ ആരോഗ്യ മന്ത്രി ആനി മില്‍ട്ടന്റെ അവകാശം. തെരഞ്ഞെടുപ്പിനുശേഷം 15000 അഡ്‌മിനിസ്‌ട്രേറ്റീവ്‌ ജീവനക്കാരെ കുറച്ചിട്ടുണ്‌ട്‌. എന്നാല്‍ ക്ലിനിക്കല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ പഴയനില തുടരുകയാണെന്ന്‌്‌ അവര്‍ ന്യായീകരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക