Image

കാര്‍ ലീസിനു ഡിസ്‌കൗണ്‌ട്‌: ജര്‍മന്‍ പ്രസിഡന്റിനെതിരേ പുതിയ ആരോപണം

ജോസ്‌ കുമ്പിളുവേലില്‍ Published on 07 February, 2012
കാര്‍ ലീസിനു ഡിസ്‌കൗണ്‌ട്‌: ജര്‍മന്‍ പ്രസിഡന്റിനെതിരേ പുതിയ ആരോപണം
ബര്‍ലിന്‍: ആരോപണങ്ങളുടെ പേരില്‍ ഇപ്പോള്‍ തന്നെ കസേരയ്‌ക്ക്‌ ഇളക്കം തട്ടിയിരിക്കുന്ന ജര്‍മന്‍ പ്രസിഡന്റ്‌ ക്രിസ്റ്റ്യന്‍ വുള്‍ഫിനെതിരേ പുതിയൊരു ആരോപണം കൂടി. പ്രശസ്‌ത കാര്‍ നിര്‍മാതാക്കളായ വോക്‌സ്‌വാഗന്‍ ഗ്രൂപ്പില്‍ നിന്ന്‌ നിസാര തുകയ്‌ക്ക്‌ കാര്‍ ലീസിനെടുത്തുവെന്നാണ്‌ ആരോപണം.

ലോവര്‍ സാക്‌സണി പ്രീമിയര്‍ ആയിരിക്കുന്ന സമയത്താണ്‌ ഈ ഇടപാട്‌ നടന്നത്‌. പദവിക്കു ചേര്‍ന്ന പ്രവൃത്തിയായിരുന്നില്ല ഇതെന്നും ജര്‍മന്‍ മാധ്യമമായ ഡെര്‍ സ്‌പീഗല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടുന്നു.

സ്‌കോഡ യെതി എസ്‌യുവിയാണ്‌ ഇത്തരത്തില്‍ പാട്ടത്തിനെടുത്തത്‌. നല്‍കിയത്‌ ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ്‌. കമ്പനി ബോര്‍ഡ്‌ അംഗങ്ങള്‍ക്കു നല്‍കുന്ന നിരക്ക്‌ മാത്രമാണ്‌ ഇതിനു വുള്‍ഫില്‍ നിന്ന്‌ ഈടാക്കിയതെന്നും വ്യക്തമായിട്ടുണ്‌ട്‌.

ലോവര്‍ സാക്‌സണി സ്റ്റേറ്റിന്‌ ഫോക്‌സ്‌വാഗനില്‍ 20 ശതമാനം ഓഹരിയുണ്‌ട്‌. ഈ അധികാരം ഉപയോഗിച്ച്‌ വുള്‍ഫ്‌ അവിടെ പ്രീമിയര്‍ ആയിരിക്കുമ്പോള്‍ കമ്പനിയുടെ സൂപ്പര്‍വൈസറി ബോര്‍ഡ്‌ അംഗവുമായിരുന്നു. ഈ ആനുകൂല്യം മുതലെടുത്താണ്‌ കാര്‍ വിലയുടെ ഒരു ശതമാനം മാത്രം മാസ വാടകയായി നല്‍കി അദ്ദേഹം കാര്‍ ഉപയോഗിച്ചത്‌. പുതിയ വീടുവയ്‌ക്കാന്‍ സ്വകാര്യ ലോണെടുത്തത്‌ മറച്ചു പിടിച്ചുവെന്നും അധികാരികളെ തെറ്റിധരിപ്പിച്ചെന്നും ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ രാജ്യത്തോട്‌ മാപ്പു പറഞ്ഞു കസേര ഉറപ്പിച്ച പ്രസിഡന്റെന്ന ഖ്യാതി വുള്‍ഫ്‌ നേടിയ സാഹചര്യത്തില്‍ പുതിയ ആരോപണം എങ്ങനെ വഴിതിരിച്ചു വിടുമെന്ന്‌ കാത്തിരുന്നു കാണേണ്‌ടിയിരിക്കുന്നു.
കാര്‍ ലീസിനു ഡിസ്‌കൗണ്‌ട്‌: ജര്‍മന്‍ പ്രസിഡന്റിനെതിരേ പുതിയ ആരോപണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക