Image

'സ്റ്റാര്‍ കലാകാര്‍ 2016' അവാര്‍ഡിന്റെ തിളക്കവുമായി സിയ നായര്‍

Published on 03 August, 2016
'സ്റ്റാര്‍ കലാകാര്‍ 2016' അവാര്‍ഡിന്റെ തിളക്കവുമായി സിയ നായര്‍
ഹൂസ്റ്റണ്‍: നൃത്തരംഗത്തെ അതുല്യപ്രതിഭയായി വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന സിയാ നായര്‍ എന്ന കൊച്ചു മിടുക്കി ഡാളസില്‍ നടന്ന ആവേശകരവും ആകാംക്ഷനിര്‍ഭരവുമായിരിയ്ക്കുന്ന ഫൈനല്‍ മത്സരത്തിനൊടുവില്‍ 'സ്റ്റാര്‍ കലാകാര്‍' ട്രോഫി നേടി മലയാളി സമൂഹത്തിന് അഭിമാനമായി. ക്ലാസിക്കല്‍ ഡാന്‍സ് വിഭാഗത്തില്‍ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടിയാണ് സിയാ ട്രോഫി കരസ്ഥമാക്കിയത്.

നൂറു കണക്കിന് മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്ന 'സ്റ്റാര്‍ കലാകാര്‍' പ്രോഗ്രാമില്‍ നിരവധി കടമ്പകള്‍ കടന്നാണ് സിയാ ഫൈനല്‍ റൗണ്ടിലെത്തിയതെന്ന് സിയായുടെ മാതാവും, നൃത്തരംഗത്ത് അമേരിക്കയില്‍ പ്രശസ്തയും, ഹൂസ്റ്റണിലുള്ള സുനന്ദാസ് പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് സെന്ററിന്റെ സാരഥിയുമായ സുനന്ദാ നായര്‍ പറഞ്ഞു. നൃത്തരംഗത്തെ പ്രശസ്തരായ അദ്ധ്യാപകരുടെ കീഴില്‍ പരിശീലനം  ലഭിച്ച നിരവധി മത്സരാര്‍ത്ഥികളോടു മത്സരിച്ച്, 2 എലിമിനേഷന്‍ റൗണ്ടുകളിലും വിജയിച്ചാണ് സിയാ ഫൈനലിലെത്തിയത്. തുടര്‍ന്ന് സമപ്രായക്കാരുടെ ഗ്രൂപ്പില്‍ ഒന്നാമതെത്തുകയും, തുടര്‍ന്ന് വിവിധ പ്രായഗ്രൂപ്പുകളിലെ വിജയികളുമായി മാറ്റുരച്ചപ്പോള്‍, മത്സരം വളരെ കടുത്തതായിരുന്നെങ്കിലും, നൃത്തച്ചുവടുകളുടെ താളവും ഭംഗിയും കോര്‍ത്തിണക്കി, ഈ കൊച്ചുമിടുക്കി ഒന്നാം സ്ഥാനത്തെത്തി.

ക്ലാസിക്കല്‍ നൃത്തത്തില്‍ ഒന്നാം സ്ഥാനത്തെത്തിയവരോടൊപ്പം നോണ്‍ ക്ലാസിക്കല്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി തന്റെ മികവു തെളിയിച്ചു. ഡാളസ് കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന 'ദേശി പ്ലാസ ടിവി' യാണ് ഇന്ത്യന്‍ സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കുന്നതിന് സ്റ്റാര്‍ കലാകാര്‍ 2016 സംഘടിപ്പിച്ചത്. ഇതിന്റെ ബ്രാന്‍ഡ് അംബാസിഡറായ പ്രശസ്ത ബോളിവുഡ് നടി മീനാക്ഷി ശേഷാദ്രിയില്‍ നിന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയതെന്ന് പറഞ്ഞപ്പോള്‍ സിയാ ആവേശഭരിതയായി.

പതിനൊന്നു വയസുമാത്രമുള്ള ഫോര്‍ട്ട് സെറ്റില്‍മെന്റ് മിഡില്‍ സ്‌ക്കൂള്‍ 7-ാം ക്ലാസിലേക്ക് പ്രവേശിയ്ക്കുന്ന സിയാ നായര്‍ വളരെ ചെറുപ്പം മുതലെ ക്ലാസിക്കല്‍ ഡാന്‍സിലും, ക്ലാസിക്കല്‍ സംഗീതത്തിലും ശ്രദ്ധപതിപ്പിച്ചു. സ്‌ക്കൂള്‍ പഠനത്തോടൊപ്പം നൃത്തത്തില്‍ ചിട്ടയായ പരിശീലനവും ശിക്ഷണവും കൈമുതലാക്കിയ സിയാ നിരവധി ട്രോഫികള്‍ ഇതിനകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. ധാരാളം കുട്ടികളെ നൃത്തരംഗത്തേക്ക് ചുവടുവയ്പ്പിച്ചുകൊണ്ടിരിയ്ക്കുന്ന മാതാവ് സുനന്ദാനായരുടെ ചിട്ടയായ പരിശീലനവും പിതാവ് ക്യാപ്റ്റന്‍ ആനന്ദ് നായരുടെ പ്രോത്സാഹനവും സിയാ നായരുടെ കലാരംഗത്തെ വളര്‍ച്ചയില്‍ മുതല്‍ കൂട്ടാണ്. സഹോദരന്‍ അനിരുദ്ധ് നായരും കലാരംഗത്ത് ശ്രദ്ധേയനാണ്.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


'സ്റ്റാര്‍ കലാകാര്‍ 2016' അവാര്‍ഡിന്റെ തിളക്കവുമായി സിയ നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക