Image

മസ്‌കറ്റ്‌ ഫിലിം ഫെസ്റ്റിവല്‍: 90 രാജ്യങ്ങള്‍ പങ്കെടുക്കും

സേവ്യര്‍ കാവാലം Published on 07 February, 2012
മസ്‌കറ്റ്‌ ഫിലിം ഫെസ്റ്റിവല്‍: 90 രാജ്യങ്ങള്‍ പങ്കെടുക്കും
മസ്‌കറ്റ്‌: ഏഴാമത്‌ മസ്‌കറ്റ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മാര്‍ച്ച്‌ 24 മുതല്‍ 31 വരെ നടക്കും. ഒമാന്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ മസ്‌കറ്റ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെയും ഒമാന്‍ ഫിലിം സൊസൈറ്റിയുടെയും ചെയര്‍മാന്‍ ഡോ. ഖാലിദ്‌ അല്‍ സൈയ്‌ദലി, ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ ഇവന്റ്‌സ്‌ ഡയറക്‌ടര്‍ മുഹമ്മദ്‌ ഈസ അല്‍ സെയ്‌ദലി തുടങ്ങിയ ഭാരവാഹികള്‍ ഫെസ്റ്റിവല്‍ സംബന്ധിച്ച്‌ വിശദവിവരങ്ങള്‍ നല്‍കിയത്‌.

90ല്‍പരം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചലച്ചിത്ര മാമാങ്കത്തിന്റെ ഉദ്‌ഘാടന, സമാപന ചടങ്ങുകള്‍ സുല്‍ത്താന്‍ ക്വാബൂസ്‌ യൂണിവേഴ്‌സിറ്റിയുടെ ഗ്രാന്‍ഡ്‌ ഹാളില്‍ നടക്കും.

ഇന്ത്യയ്‌ക്കു പുറമെ യുഎസ്‌, യുകെ, ഫ്രാന്‍സ്‌, ജപ്പാന്‍, ചൈന, ഈജിപ്‌ത്‌, മൊറോക്കോ, സിറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും ഫെസ്റ്റിവലില്‍ പങ്കെടുക്കും. സിനിമ വ്യവസായത്തിലെ പ്രമുഖരെ ഫെസ്റ്റിവലില്‍ ആദരിക്കും. ഹോളിവുഡ്‌, ബോളിവുഡ്‌, കോളിവുഡ്‌, മലയാളം, അറബ്‌ സിനിമാ ലോകത്തെ ഇരുപതോളം പേരെ ആദരിക്കും. മലയാളത്തില്‍നിന്നും മോഹനന്‍ലാല്‍, പ്രിയദര്‍ശന്‍, മേജര്‍ രവി എന്നിവരുള്‍പ്പെടും. അവാര്‍ഡ്‌ നൈറ്റുകള്‍, സെമിനാറുകള്‍, വര്‍ക്‌ ഷോപ്പുകള്‍ തുടങ്ങിയവ വിവിധ ദിവസങ്ങളില്‍ നടക്കും. അമേരിക്കയില്‍നിന്നു കാതറിന്‍ ഓക്‌സ്‌ബര്‍ഗ്‌, ചലച്ചിത്രതാരം കാസ്‌പര്‍ വാന്‍ ഡിയാന്‍ തുടങ്ങിയ വലിയ താരനിര തന്നെ മേളയില്‍ പങ്കെടുക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
മസ്‌കറ്റ്‌ ഫിലിം ഫെസ്റ്റിവല്‍: 90 രാജ്യങ്ങള്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക