Image

സിറിയയിലെ യു.എസ് എംബസി അടച്ചുപൂട്ടി

Published on 07 February, 2012
സിറിയയിലെ യു.എസ് എംബസി അടച്ചുപൂട്ടി
ബെയ്‌റൂട്ട്: സുരക്ഷാകാരണങ്ങളാല്‍ സിറിയയിലെ ദമാസ്‌ക്കസിലുള്ള യു.എസ് എംബസി അടച്ചുപൂട്ടി. അംബാസിഡര്‍ റോബര്‍ട്ട് ഫോര്‍ഡ് അടക്കമുള്ള എംബസി ഉദ്യോഗസ്ഥരെല്ലാം അമേരിക്കയിലേക്ക് മടങ്ങിയെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിക്ടോറിയ നുലാന്‍ഡ് അറിയിച്ചു. സിറിയയില്‍ ആഭ്യന്തരപ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി പൂട്ടാന്‍ തീരുമാനിച്ചതെന്നും വിക്ടോറിയ പറഞ്ഞു. 

രണ്ടുദിവസം മുമ്പ് വിമതരുടെ താവളമായ ഹോംസ് പട്ടണത്തില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 217 പേര്‍ കൊല്ലപ്പെട്ടിരുന്നു. പതിനൊന്നുമാസം മുമ്പ് ഭരണവിരുദ്ധ പ്രക്ഷോഭം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഹോംസിനടുത്തുള്ള ഖാലിദിയയില്‍ ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെയാണ് ആക്രമണം തുടങ്ങിയത്. 

താമസക്കാരുണ്ടായിരുന്ന 36 വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. ഖാലിദിയ ജില്ലയില്‍ മാത്രം 138 പേര്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് ഈജിപ്ത്, ബ്രിട്ടന്‍, കുവൈത്ത് എന്നിവിടങ്ങളിലെ സിറിയന്‍ എംബസികള്‍ക്കു നേരേ ആക്രമണമുണ്ടായി. കുവൈത്ത് എംബസിയില്‍ അതിക്രമിച്ചുകടന്ന സിറിയക്കാരും ഏതാനും കുവൈത്തുകാരും ദേശീയപതാക താഴെയിടുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 

ജര്‍മനി, ഗ്രീസ്, യു.എസ്. എന്നിവിടങ്ങളിലെ സിറിയന്‍ എംബസികള്‍ക്ക് വെളിയില്‍ പ്രതിഷേധ റാലികള്‍ നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക