Image

മൊബൈലില്‍ അശ്ലീലം; കര്‍ണാടകമന്ത്രിമാര്‍ വിവാദത്തില്‍

Published on 07 February, 2012
മൊബൈലില്‍ അശ്ലീലം; കര്‍ണാടകമന്ത്രിമാര്‍ വിവാദത്തില്‍
ബാംഗ്ലൂര്‍ : കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ മന്ത്രി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിക്കുന്ന രംഗങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തു വിട്ടു. സഹകരണ മന്ത്രി ലക്ഷ്മണ്‍ സാവദി മൊബൈല്‍ ഫോണില്‍ അശ്ലീല രംഗങ്ങള്‍ ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തു വിട്ടത്. സീറ്റിനു സമീപത്തുള്ള വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സി.സി. പാട്ടീലും ദൃശ്യങ്ങള്‍ കാണുന്നതായി ചാനല്‍ രംഗങ്ങളിലുണ്ട്. 

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ കര്‍ണാടക രക്ഷണെ വേദി പ്രവര്‍ത്തകര്‍ മന്ത്രിയുടെ ബാംഗ്ലൂരിലെ വസതിക്കു നേരേ കല്ലെറിഞ്ഞു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സഭയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി അശ്ലീല രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ കണ്ടു കൊണ്ടിരുന്നത്. എട്ടു മിനിറ്റ് നേരം മന്ത്രി ദൃശ്യം വീക്ഷിക്കുന്ന രംഗമാണ് പുറത്തു വന്നിരിക്കുന്നത്. സീറ്റിനു സമീപത്തേക്ക് നിയമസഭ ജീവനക്കാരന്‍ എത്തിയപ്പോള്‍ മന്ത്രി ലക്ഷ്മണ്‍ സാവദി മുണ്ടിനടിയിലേക്ക് മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കുന്നതും കാണാം. ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ പ്രസ്താവനയുമായെത്തി.

എന്നാല്‍, മന്ത്രി ലക്ഷ്മണ്‍ സാവദി സംഭവം നിഷേധിച്ചു. സഭയ്ക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ ദൃശ്യം കണ്ടിട്ടില്ലെന്ന് ലക്ഷ്മണ്‍ സാവദി പറഞ്ഞു. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണുന്നത് കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും ദൃശ്യങ്ങളാണെന്ന് മന്ത്രി വിശദീകരിച്ചു. 

ജനാധിപത്യത്തിന് അപമാനകരമായ സംഭവമാണിതെന്ന് ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. സഭയ്ക്കുള്ളില്‍ മന്ത്രിമാര്‍ അശ്ലീല ദൃശ്യങ്ങള്‍ വീക്ഷിക്കുന്ന രംഗം വേദനയോടെയാണ് കണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്മണ്‍ സാവദിയും സി.സി. പാട്ടീലും സ്ഥാനമൊഴിയണമെന്ന് കര്‍ണാടക മുന്‍ പി.സി.സി പ്രസിഡന്റ് ആര്‍.വി. ദേശ്പാണ്ഡെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊതു പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അപമാനകരമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു മന്ത്രിമാരെയും പുറത്താക്കണമെന്ന് കന്നട ചലവലി വട്ടാള്‍ പക്ഷ അധ്യക്ഷന്‍ വട്ടാള്‍ നാഗരാജ് ആവശ്യപ്പെട്ടു. സ്വന്തം നില മറന്നു പ്രവര്‍ത്തിച്ച മന്ത്രിമാര്‍ സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്നും അദ്ദേഹം ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക