Image

പ്രണയവും ഭ്രാന്തും കൊണ്ട് ചുറ്റുമുള്ള ലോകം മാറ്റിമറിച്ചോരാള്‍...(ശ്രീപാര്‍വതി)

Published on 06 August, 2016
പ്രണയവും ഭ്രാന്തും കൊണ്ട് ചുറ്റുമുള്ള ലോകം മാറ്റിമറിച്ചോരാള്‍...(ശ്രീപാര്‍വതി)
ഒരു പ്രണയം കൊണ്ട് ഒരാള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിഞ്ഞേക്കാം? ലോകം പോലും മാറ്റി മറിയ്ക്കാനും യുദ്ധമുണ്ടാക്കാനും അങ്ങനെ എന്തൊക്കെയല്ലേ? പ്രണയം കൊണ്ട് നീണ്ട 22 വര്‍ഷങ്ങളുടെ അദ്ധ്വാനം കൊണ്ട് ഒരു വലിയ മല ഇടിച്ചു നിരത്തി റോഡ് പണിത കഥയാണെങ്കിലോ? അവിശ്വസനീയമായി തോന്നിയാലും ചില സത്യങ്ങള്‍ അങ്ങനെയുണ്ട്. സിനിമാക്കഥ പോലെ തോന്നിപ്പിച്ചു ഒടുവില്‍ സത്യമാണെന്നറിയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു കാഴ്ചകള്‍ മറഞ്ഞു പോകും. ദശരഥ് മന്‍ജ്ജി എന്ന മനുഷ്യന്റെ കഥയും അത്തരത്തില്‍ ഒന്നാണ്.

ബീഹാറിലെ ഗയയ്ക്കടുത്തുള്ള ഒരു ഗ്രാമവാസി. തീര്‍ത്തും സാധാരണക്കാരനായ ഒരു പണിക്കാരന്‍. തനി നാട്ടിന്പുറത്തുകാരന്‍. ഇത്തരത്തിലുള്ള ഒരാള്‍ എങ്ങനെ അയാളുടെ ജീവിതം അദ്­ഭുതങ്ങളിലേയ്ക്ക് കൊണ്ടെത്തിച്ചു? അതാണ് ദശരഥന്റെ കഥ, അത് പ്രണയത്തില്‍ പൊതിഞ്ഞതാണ്, ത്യാഗത്തിലും. വീട്ടുകാരുടെ സമ്മതമില്ലെങ്കിലും ഫാല്ഗുനി ദേവിയോടൊപ്പം ഒന്നിച്ചു ജീവിയ്ക്കാന്‍ ദശരഥ് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ അത് നടപ്പാക്കുകയും ചെയ്തു. അത്ര പ്രണയമായിരുന്നു അയാള്‍ക്ക് അവളോട്. ഓരോ ദിവസം കഴിയുന്തോറും അത് ഏറി വന്നതല്ലാതെ കുറഞ്ഞതേയില്ല. രണ്ടു കുട്ടികളുടെ ഒപ്പവും , അയാളുടെ ജോലിയ്ക്കിടയിലും അവളുടെ വീട്ടുജോലിയ്ക്കിടയിലും അത് തളിര്‍ത്തും പൂത്തതും നിന്നു. അവര്‍ക്കിടയില്‍ ഒരു കടലുണ്ടായിരുന്നു. അത്രയേറെ ആഴമുള്ള ആ കടലില്‍ ലോകം മുഴുവന്‍ അവനിലേയ്ക്കും അവളിലേയ്ക്കും ഒതുങ്ങിക്കൂടി. വലിയ ആ മലയുടെ ഇടകളിലൂടെ വെയിലുമേറ്റ്, എന്നും അവള്‍ കൊണ്ട് കൊടുക്കുന്ന ചൂട് ഭക്ഷണമായിരുന്നു അവന്റെ ദിവസങ്ങളെ നയിച്ചിരുന്നത്. അത്തരമൊരു ദിവസത്തിലേയ്ക്കാണ് അവരുടെ ഇടയില്‍ വിധി വന്നു ദുരന്തമുഖം വെളിപ്പെടുത്തിയത്.

ഉച്ചവെയിലിന്റെ തീക്ഷണത്തില്‍ കണ്ണുകള്‍ മയങ്ങിയിട്ടാവും കാലു വിറച്ചു മലമുകളില്‍ നിന്ന് ഫാല്ഗുനി താഴേയ്ക്ക് പതിച്ചത്. മരണവും ജീവനും തമ്മിലുള്ള യുദ്ധങ്ങള്‍ക്കിടയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പ്രിയപ്പെട്ടവളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ മല കടക്കണമായിരുന്നു ഒന്നും രണ്ടുമല്ല 55 കിലോമീറ്റര്‍. അവളെ ചുമന്നു ദശരഥ് മല കയറി. നടന്നു, വെയില് കൊണ്ട് , അലഞ്ഞു, പക്ഷെ ഏതോ ഒരു വെയില്‍ തുമ്പ് മായ്ഞ്ഞു പോയപ്പോള്‍ അവളുടെ ജീവനെയും ഒപ്പമെടുത്തു മറഞ്ഞിരുന്നു. കണ്ണുകളില്‍ നിന്ന് കണ്ണുനീരല്ല രക്തമാണ് ദശരഥല്‍ നിന്ന് വന്നത്. അവള്‍ മരിച്ച ആ ദിവസം ദശരഥ് മറക്കില്ല, ഒപ്പം ആ നാട്ടുകാരും കാരണം അന്നാണ് അയാള്‍ ആ മല തുരക്കാന്‍ ആരംഭിച്ചത്. ഇനി ഒരിക്കലും ഒരാളും ഇത്തരമൊരു വ്യഥ അനുഭവിയ്ക്കാന്‍ പാടില്ല എന്ന് അന്ന് ദശരഥ് തീരുമാനിച്ചു. കയ്യിലുള്ള ഇത്തിരി ആയുധങ്ങള്‍ കൊണ്ട് മലയുടെ ഒരു അരികു മുതല്‍ അയാള്‍ ജോലി ആരംഭിക്കുകയാണ്. എത്ര വര്‍ഷങ്ങള്‍ എടുക്കുമെന്നോ പൂര്‍ത്തിയാക്കാന്‍ കഴുയുമെന്നോ അറിയാത്ത ഒരു വലിയ ജോലി.

ദശരഥ് മന്‍ജ്ജി ഒരു ഭ്രാന്തനാണ് അയാളുടെ ചുറ്റുമുള്ള നാട്ടുകാര്‍ക്ക്. കാരണമില്ലാതെ ഒറ്റയ്ക്കിരുന്നു മല പൊട്ടിക്കുന്നവനെ ഭ്രാന്തനെന്നല്ലാതെ എന്ത് വിളിക്കാന്‍? ഒരിക്കലും നടക്കാന്‍ പോകുന്നില്ലാത്ത ആ ശ്രമത്തെ പരിഹസിച്ചവര്‍ പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം അയാളെ തിരിച്ചറിയുന്നുണ്ട്. അയാളുടെ നിശ്ചയദാര്‍ദ്ധ്യത്തിനു മാര്‍ക്ക് നൂറില്‍ നൂറാണ്. 22 വര്‍ഷങ്ങളാണ് ദശരഥ് കൃത്യമായി ഭക്ഷണം പോലുമില്ലാതെ തീച്ചൂടിനെയും അതിജീവിച്ച് മലയുടെ നെഞ്ചിനെ പൊട്ടിച്ചെടുത്തത്. അത് നിയമത്തിനെതിരായിരുന്നിട്ടു കൂടി അയാള്‍ ഒഴുക്കി വിട്ട ഒരു നന്മ ആ ഗ്രാമവാസികളുടെ ജീവിതം മാറ്റി മറിയ്ക്കാന്‍ കാരണമായി എന്നതാണ് സത്യം. ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്കുള്ള 55 കിലോമീറ്റര്‍ വെറും 15 കിലോമീറ്ററാണ് ചുരുങ്ങിയത് ഈ 22 വര്‍ഷങ്ങള്‍ കൊണ്ടാണ്. പ്രണയവും ഭ്രാന്തും ഒരു മനുഷ്യനെ സൃഷ്ടിക്കുന്നു എന്ന് പറയാന്‍ എത്ര എളുപ്പമാണ്. ഇത്തരം ചില ഭ്രാന്തുകളിലല്ലേ ജീവിതവും ലോകവും നിലനില്‍ക്കുന്നതും. ദശരഥ് മാജ്ജിയുടെ ജീവിതം ആസ്പദമാക്കി 2015 ല്‍ "മന്‍ജ്ജി ­ദ മൗണ്ടന്‍ മാന്‍" എന്ന സിനിമയും ഇറങ്ങിയിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യയായി രാധിക ആപ്‌തെയും സിനിമയില്‍ ഏറെ തിളങ്ങുകയും ചെയ്തു. പക്ഷെ ചില കഥകള്‍ സിനിമകളേക്കാള്‍ എത്രയോ അതിശയകരമാണ്. ദശരഥന്റെ ജീവിതവും അത് ഓര്‍മ്മിപ്പിക്കുന്നു. പ്രണയവും നന്മയും മനുഷ്യത്വത്തിന്റെ ഒരേ രേഖയിലൂടെ സഞ്ചരിക്കേണ്ട അടിസ്ഥാന ഘടകമാണെന്നും ഓര്‍മ്മിക്കേണ്ടി വരുന്നു. ദശരഥ് ഗെഹ്ലോര്‍ ഗ്രാമത്തിലെ ഏറ്റവും തിളങ്ങുന്ന ഇതിഹാസമായി മാറുന്നു. ഓരോ ഭ്രാന്തുകള്‍ക്കു പിന്നിലും ഓരോ നന്മകളുടെ ഇടങ്ങള്‍ അതി ഗൂഢമായി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ദശരഥ് പറയുകയും ചെയ്യു­ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക