Image

ഓണം ഗ്രാമങ്ങളില്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 12 August, 2016
ഓണം ഗ്രാമങ്ങളില്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പൊന്നിന്‍ചേലയുടുത്തരികത്തൊരു
സുസ്മിത സുദിനം നില്‍ക്കുമ്പോള്‍
വസന്തകൈരളി സുമങ്ങളില്‍ നവ­
നിറങ്ങള്‍ ചാലിച്ചെഴുതുന്നു.

ശ്രാവണചന്ദ്രികപോല്‍ പുതു ചിന്തക­
ളുളളില്‍നിന്നു തുളുമ്പുന്നൂ
ഹരിതമനോഹരനാടേ നിന്നുടെ
തനിമ നുകര്‍ന്നേന്‍ പാടുന്നു.

ശാഖികളില്‍നിന്നുയരുന്നൊരുപോല്‍
കുയിലിണകള്‍തന്നീണങ്ങള്‍
ഓണസ്മൃതികളുണര്‍ത്താനെത്തു­
ന്നൊത്തിരി ചിത്രപദംഗങ്ങള്‍.

പുലരികള്‍ വെണ്‍മുകിലാടകളേകവെ,
കൈരളിയാഹ്ലാദിക്കുന്നു
തിലകക്കുറിയായ് ശാലീനതയെന്‍
ഗ്രാമത്തില്‍ നിലനില്‍ക്കുന്നു.

ചെന്തെങ്ങിന്‍കുല പോലെന്‍ ഗ്രാമം
മന്ദസ്‌മേരം തൂകാനായ്
തഴുകിമറഞ്ഞൊരു കുളിര്‍മാരുതനും
തിരികേയിവിടേയ്‌ക്കെത്തുന്നു.

കാഞ്ചനവര്‍ണ്ണക്കതിരുകള്‍ പുഞ്ച­
പ്പാടങ്ങള്‍ക്കഴകേറ്റുമ്പോള്‍
തെളിനീര്‍പ്പുഴയായഴകോടൊഴുകി­
യടുത്തുവരുന്നൂ തിരുവോണം.

തെളിഞ്ഞു മനവും മാനവുമൊരുപോ­
ലണിഞ്ഞൊരുങ്ങുക കേരളമേ
തേന്‍മലരുകളാല്‍ ഞങ്ങളുമൊരുകള­
മകമലരുകളാലെഴുതട്ടേ.

എന്നുടെ മഹിത മനോഹരനാടേ,
മനസ്സിലുണര്‍ന്നൊരു പ്രിയഗാനം
ബാലികയാം മകളാമോദത്താല്‍
പാടീടുകയാണിന്നതിവേഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക