Image

ഒളിമ്പിക്‌സിലെ പെണ്ണുങ്ങള്‍ (കവിത: ശ്രീജ)

Published on 14 August, 2016
ഒളിമ്പിക്‌സിലെ പെണ്ണുങ്ങള്‍ (കവിത: ശ്രീജ)
അലക്ക് കഴിഞ്ഞ തളര്‍ച്ചയിലാണ്
ഒളിമ്പിക്‌സിലെ പെണ്ണുങ്ങളുടെ
വിയര്‍ത്തു നനഞ്ഞ വിരിഞ്ഞ
ഉറച്ച തോളില്‍ ഒന്ന് തല ചായ്ച്ചത്..
മീന്‍ വെട്ടി വരയുമ്പോഴാണ്
നീന്തല്‍ക്കുളത്തില്‍ നിന്നും
വഴക്കുന്ന വരാലുകളായി
അവര്‍ കേറി വന്നത്....
കട്ടിലിനടിയിലെ പൊടി തൂക്കാന്‍
കുനിഞ്ഞ് ഇഴഞ്ഞ്
നടുവുളുക്കിയപ്പോഴാണ്
ജിംനാസ്റ്റിക് ബാറില്‍ നിന്നവര്‍
കരണം മറിഞ്ഞത്...
ഫയലുകളുടെ കൂമ്പാരങ്ങള്‍
ഭരോദ്വഹനക്കാരികളുടെ
തലയില്‍ കെട്ടി യേല്പിച്ച്
രക്ഷപ്പെടാനൊരു വിഫലശ്രമം..
രാവിലത്തേക്കുള്ള തേങ്ങ ചിരവി
വെക്കുമ്പോള്‍ ഫ്രിഡ്‌ജൊരു
ഐസ് സ്‌കേറ്റിങ്ങ് സ്‌റ്റേഡിയം..

ഉറക്കം ഒന്ന് റീച്ചാര്‍ജ്ജ് ചെയ്യണം
സ്വപ്നത്തിന്റെ പെരുപ്പിച്ച മസില്‍
തലയണകളില്ലാതെങ്ങനെ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക