Image

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍

Published on 18 August, 2016
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍

 സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി 'കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍' എന്ന വിദ്യാഭ്യാസ സഹായ പദ്ധതിയിലൂടെ ഈ വര്‍ഷത്തെ ആദ്യ ഗഡു വിതരണം ചെയ്തു. 

എറണാകുളം രാജഗിരി കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 10,15,000 രൂപയുടെ ചെക്ക് കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ പ്രതിനിധികളായ ലേന പറയംപിള്ളില്‍, അഞ്ജു പുളിക്കല്‍, അഞ്ജു മാളിയേക്കല്‍, അങ്കിത് പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നു കൈമാറി.

രാജഗിരി ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ് അധ്യക്ഷത വഹിച്ചു. കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ മുഖ്യാതിഥി ആയിരുന്നു.

രാജഗിരി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിനോയ്, ജേക്കബ് മാളിയേക്കല്‍, ബെന്നി പുളിക്കല്‍, രാജഗിരി ഔട്ട് റീച്ച് ഡയറക്ടര്‍ എം.പി ആന്റണി എന്നിവര്‍ സംസാരിച്ചു. 

ചടങ്ങില്‍ ഈ പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടി നന്ദി പറഞ്ഞത് സ്വിസ് മലയാളി സംഘടനക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആയിരുന്നു. പഠനത്തില്‍ മിടുക്കി ആയിരുന്ന ഈ കുട്ടിയെ പഠിപ്പിച്ചത് കേളി പദ്ധതിയിലൂടെ ആയിരുന്നു. എംബിഎ ക്ക് ഒന്നാം റാങ്കും മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഫിനാന്‍സ് അഡൈ്വസര്‍ ആയി ജോലിയും ലഭിച്ചു.

കേളിയുടെ രണ്ടാം തലമുറയിലെ കുട്ടികള്‍ നടത്തുന്ന പദ്ധതി ആണ് കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍. കഴിഞ്ഞ പത്തു വര്‍ഷമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളി കുട്ടികള്‍ കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വിദ്യാഭ്യാസത്തിന് ഈ പദ്ധതിയിലൂടെ സഹായിച്ചു വരുന്നു. പഠനത്തില്‍ സമര്‍ഥരായ കുട്ടികളെ കണെ്ടത്തി ഉന്നത വിദ്യാഭ്യാസ സഹായപദ്ധതിയും കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ പദ്ധതിയിലൂടെ പുതിയതായി കുട്ടികള്‍ ചെയ്യുന്നു.

സാംസ്‌കാരിക പ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ സേവനവും ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന യൂറോപ്പിലെ ആദ്യ മലയാളി സംഘടനയായ കേളി കഴിഞ്ഞ 18 വര്‍ഷമായി നിരവധി കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്തു വരുന്നു.

കേളിയുടെ ഓരോ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന തുക സാമൂഹ്യ സേവനത്തിനായി മാത്രം വിനിയോഗിക്കുന്നു. കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ വര്‍ഷം തോറും നടത്തി വരുന്ന ഫണ്ട് റൈസിംഗ് പരിപാടികളിലൂടെയും സുമനസുകളായ സ്വിസ് മലയാളികളുടെ പിന്തുണയോടെയും സ്വരൂപിക്കുന്ന തുകയാണ് പദ്ധതിയുടെ അടിത്തറ. ഓരോ സ്‌പോണ്‍സര്‍ഷിപ്പ് തുകയുടെ ഈരണ്ട് കുട്ടികളെ വീതം നാട്ടില്‍ പഠിപ്പിക്കുന്നു. ഈ വര്‍ഷം നാനൂറു കുട്ടികളെ പഠിപ്പിക്കുവാന്‍ കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ പദ്ധതിയിലൂടെ സാധിച്ചുവെന്നു കണ്‍വീനര്‍ സോബി പറയംപിള്ളില്‍ അറിയിച്ചു. കൂടാതെ ഉന്നത വിദ്യാഭാസ സഹായ പദ്ധതിയിലൂടെ 15 പ്രഫഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളേയും സഹായിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക