Image

ഓസ്‌ട്രേലിയന്‍ മലയാളി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റില്‍

Published on 20 August, 2016
ഓസ്‌ട്രേലിയന്‍ മലയാളി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റില്‍

  മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയെ മരിച്ച നിലയില്‍ കണെ്ടത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ സാമിന്റെ ഭാര്യ സോഫിയയെയും (32) ഇവരുടെ കാമുകന്‍ അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പോലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സാം എബ്രഹാമിന് നേരേ മുന്‍പും വധശ്രമമുണ്ടായിരുന്നതായി പോലീസ് കണെ്ടത്തി. ഇതിന്റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തിലാണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഇരുവരും ചേര്‍ന്ന് സാമിന് ഉറക്കത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്‌ടെത്തിയത്.

സാമിന്റെ മരണശേഷം പോലീസ് സോഫിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാസങ്ങളായി ഇവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ കിട്ടിയത്. പല സംഭാഷണങ്ങളും മലയാളത്തിലായതിനാല്‍ തര്‍ജ്ജമ ചെയ്യാന്‍ കൂടുതല്‍ സമയം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സാം മരിക്കുന്നതിനു മുമ്പ് ഇയാള്‍ക്കുനേരേ ആക്രമണമുണ്ടായിട്ടുണ്ട്. കാറിനുള്ളില്‍ ഒളിച്ചിരുന്ന മുഖംമൂടിയണിഞ്ഞ ഒരാള്‍ സാമിനെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയിരുന്നു. ഈ ആക്രമണം നടത്തിയത് അരുണ്‍ കമലാസനനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 13-നായിരിക്കും കോടതി കേസ് വീണ്ടും പരിഗണിക്കുക. സാമിനും സോഫിയക്കും നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക