Image

ഗോഡ്‌­സ് ഓണ്‍ കണ്‍ട്രിയായ നമ്മുടെ നാട് ഡോഗ്‌­സ് ഓണ്‍ കണ്‍ട്രിയായി മാറു­മ്പോള്‍ (ജയന്‍ കൊടുങ്ങല്ലൂര്‍ )

Published on 23 August, 2016
ഗോഡ്‌­സ് ഓണ്‍ കണ്‍ട്രിയായ നമ്മുടെ നാട് ഡോഗ്‌­സ് ഓണ്‍ കണ്‍ട്രിയായി മാറു­മ്പോള്‍ (ജയന്‍ കൊടുങ്ങല്ലൂര്‍ )
തെരുവ് നായ ആരെയും കടിക്കും. യജമാനന്‍ ഇല്ലാത്തതിനാല്‍ ആരോടും അതിന് വാലാട്ടി വിധേയത്വം കാട്ടേണ്ട. എല്ലാ തെരുവിലും സംഘടിത ശക്തിയായി നായ്ക്കള്‍ മനുഷ്യന് ഭീഷണി ഉയര്‍ത്തുന്നു. പ്രഭാത സവാരിക്കാരുടെ വലിയ പേടി സ്വപ്നമാണ് തെരുവുനായ്ക്കള്‍ സ്­കൂള്‍ കുട്ടികള്‍ മരണഭീതിയോടെ പട്ടികളെക്കണ്ട് തിരിഞ്ഞോടുന്നു. ജനങ്ങള്‍ നഗരസഭകളിലും പഞ്ചായത്തുകളിലും പട്ടി ശല്യത്തിന് അറുതി വരുത്താന്‍ കൂട്ടപ്പരാതികളുമായി എത്തുന്നു. ഗോഡ്‌­സ് ഓണ്‍ കണ്‍ട്രി ഡോഗ്‌­സ് ഓണ്‍ കണ്‍ട്രിയായെന്ന് സാര്‍വത്രികമായി വിലയിരുത്തല്‍ വരുന്നു
.
കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഒന്നര വയസ്സുകാരനെ പട്ടികടിച്ചു കൊന്ന വാര്‍ത്തയോടെയാണ് തെരുവ്­ നായ ശല്യം ഭീതിജനകമാംവിധം പൊതുശ്രദ്ധയില്‍ വന്നത്. പിന്നാലെ സംസ്ഥാനത്തിന്‍റെ പല ഭാഗത്തുനിന്നും നായ ആക്രമിച്ച് പരിക്കേറ്റ് ആശുപത്രിയിലായവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമ്പതിലധികം നായ്ക്കള്‍ വൃദ്ധയെ കടിച്ചുകീറികെന്നത് നമ്മുടെ തലസ്ഥാനനഗരില്‍ പുല്ലുവിള കടപ്പുറത്ത് രാത്രിയിലാണ് സംഭവം നടന്നത് സന്ധ്യയോടെ വീടിന് പുറത്തിറങ്ങി കടപ്പുറത്തേക്കു പോയ അമ്മയെ കാണാതായതിനെ തുടര്‍ന്നായിരുന്നു മകന്‍ നടത്തിയ അന്വേഷണത്തിലാണ് കടപ്പുറത്ത് നായകൂട്ടം എന്തോ കടിച്ചു വലിക്കുന്നതു കണ്ട് സെല്‍വരാജ് അടുത്തുപോയി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ അമ്മയെ കണ്ടത്

വഴിയോരങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും മറവുചെയ്യാതെ കവലകളില്‍ കുമിഞ്ഞുകൂടുന്ന ചപ്പുചവറുകളും നായ്ക്കളുടെ പെരുപ്പത്തിന് പ്രധാനപ്പെട്ട കാരണമാണ്. യഥാര്‍ത്ഥത്തില്‍ ശല്യക്കാരായ പട്ടികളുടെ വളര്‍ച്ചയുടെ ഉറവിടം ചവറുകൂനകളാണെന്ന് കാണാതെ ഈ പ്രശ്‌­നത്തിന് പ്രായോഗിക പരിഹാരം തേടാനാകില്ല. കണ്ണുതപ്പിയാല്‍ പ്ലാസ്റ്റിക് ബാഗില്‍ നിറച്ച മാലിന്യം അയല്‍ക്കാരന്‍റെ പറമ്പിലേക്ക് വലിച്ചെറിയുന്ന ദുഷിച്ച ശീലമുള്ളവര്‍ നമുക്കിടയില്‍ എത്രയോ ഉണ്ട്. പെരുവഴിയില്‍ മാലിന്യം എറിഞ്ഞാല്‍ ആരുണ്ടിവിടെ ചോദിക്കാനെന്ന മട്ടിലാണ് ചിലര്‍ അഴുക്ക് നിറച്ച സഞ്ചിയുമായി പായുന്നത്. . ഇരുട്ടിന്‍റെ മറവില്‍ വഴിയരുകില്‍ ഇട്ടിട്ടുപോയ മാലിന്യം പട്ടികള്‍ കടിച്ച് വലിച്ച് റോഡിലാകെ ചിതറി എറിയുന്നു. ആ വഴി നടന്നുപോകുന്നവര്‍ക്കു നേരെ കുരച്ചു ചാടാന്‍ നൈസര്‍ഗ്ഗിക വാസനയുള്ള പട്ടി അങ്ങനെ ചെയ്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ.

പട്ടിശല്യത്തിലെ ഒന്നാംപ്രതി ഒരിക്കലും പട്ടിയല്ല. കടികൊള്ളുന്ന നിരപരാധിയായ സാധു മനുഷ്യരുമല്ലാ . പഞ്ചായത്തോ നഗരസഭയോ ഭരിക്കുന്നവര്‍ പ്രതിപ്പട്ടികയില്‍ അവസാനം വരാം. ഒന്നാംപ്രതി വഴിയോരത്ത് അഴുക്കും മാലിന്യവും ഇട്ടിട്ടുപോയ ആള്‍തന്നെ. അയാളെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. മാലിന്യം വഴിയിലെറിഞ്ഞിട്ട് നായ് ശല്യത്തിനെതിരെ പരാതിയുമായി നഗരസഭയിലേയ്ക്ക് ഓടുന്ന നമ്മള്‍ തന്നെയാണ് ഈ ദുസ്ഥിതി ഉണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞാല്‍ പരാതി ഉടന്‍ മാറ്റി എഴുതാം. പട്ടിയെ പിടിക്കുന്നതിന് മുമ്പ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയമാര്‍ഗ്ഗം ഉണ്ടാക്കണം എന്ന് നഗരസഭയോട് ആവശ്യപ്പെടാം. 8817 പേര്‍ക്ക് ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പട്ടി കടിയേല്‍ക്കുന്നു. അവരില്‍ പതിനൊന്ന് പേര്‍ മരിച്ചു. എട്ടുലക്ഷം തെരുവ് പട്ടികളെ വന്ധ്യംകരിച്ചാല്‍ ഈ പ്രശ്‌­നം ലഘൂകരിക്കാന്‍ കഴിഞ്ഞേക്കാം. പൂര്‍ണ്ണമായി പരിഹരിക്കപ്പെടില്ല. പരിഹാരമാര്‍ഗ്ഗം ഓരോ പൗരന്‍റെയും പരിസരബോധത്തില്‍ ഉണ്ട്. ഗോഡ്‌­സ് ഓണ്‍ കണ്‍ട്രിയായ നമ്മുടെ നാട് ഡോഗ്‌­സ് ഓണ്‍ കണ്‍ട്രിയായി മാറുമ്പോള്‍ അതിനുകുറ്റക്കാര്‍ നമ്മള്‍ തന്നെ. മനുഷ്യജീവനെക്കാളും തെരുവുനായിക്കള്‍ക്ക് വില കല്‍പ്പിക്കുന്നവര്‍ നമ്മുടെ നാട്ടിലുളളപ്പോള്‍ ഗോഡ്‌­സ് ഓണ്‍ കണ്‍ട്രിയായ നമ്മുടെ നാട് ഡോഗ്‌­സ് ഓണ്‍ കണ്‍ട്രിയായിമാ­റും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക