Image

മിനിക്കുട്ടി എന്ന സൂസമ്മ (നോവല്‍ -1: സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 25 August, 2016
മിനിക്കുട്ടി എന്ന സൂസമ്മ (നോവല്‍ -1: സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
അദ്ധ്യായം - 1
മത്തായിച്ചന്‍ പതിവുപോലെ തന്റെ ആയുധം, മണ്‍വെട്ടിയുമായി പറമ്പിലേക്കിറങ്ങി. ഏത്തനവാഴത്തൈകള്‍ പുഷ്ടിയായി വളര്‍ന്നുവരുന്നു. മനസ്സില്‍ ആയിരം പ്രതീക്ഷകളും. കഴിഞ്ഞവര്‍ഷവും ഇതേപോലെ തഴച്ചുവളര്‍ന്ന വാഴക്കൂട്ടങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റും പേമാരിയും കാരണം നശിച്ചുപോയത്. അയാള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ''ദൈവമെ, കരുണ തോന്നണെ. ആ ബാങ്കിലെ കടം ഇനി വീട്ടിയില്ലെങ്കില്‍........

സൂസമ്മയുടെ ശബ്ദം:- ''ഇച്ചാച്ചാ, വന്നു വല്ലതും കഴിച്ചിട്ടുപോ. അമ്മച്ചി വിളിക്കുന്നു.''
സൂസമ്മ മത്തായിച്ചന്റെ രണ്ടു പെണ്‍മക്കളില്‍ മൂത്തവളാണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. അവളുടെ ഇളയവള്‍, മേരി അഞ്ചാം ക്ലാസ്സിലും. നല്ല സ്‌നേഹവും അനുസരണയും ദൈവഭയവും ഉള്ള മക്കള്‍. എങ്കിലും തന്നെ സഹായിക്കാന്‍ ഒരു ആണ്‍തരിയെ ലഭിച്ചില്ലല്ലോ എന്ന നിരാശ വല്ലപ്പോഴുമെങ്കിലും മത്തായിച്ചനെ അലട്ടാറുണ്ട്. ഭാര്യ സാറാമ്മ ഒരു ഉറച്ച ദൈവഭക്ത. വീട്ടുകാര്യങ്ങള്‍ ഒതുക്കിക്കഴിഞ്ഞാല്‍ പറമ്പില്‍ കൃഷികാര്യങ്ങളില്‍ ഭര്‍ത്താവിനെ സഹായിക്കാനെത്തും. രാവിലെ അടുക്കളയില്‍ ധൃതിയാണ്. കുട്ടികള്‍ക്കു പ്രഭാതഭക്ഷണം തയ്യാറാക്കി കൊടുക്കണം. ഉച്ചയ്ക്കുള്ള ഭക്ഷണം ചോറ്റുപാത്രങ്ങളിലാക്കണം. ആകെ തിരക്ക്.
മത്തായിച്ചന്‍ ആ നാട്ടിലെ ഭേദപ്പെട്ട ഒരു കൃഷിക്കാരനാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ്, മത്തായിച്ചന്റെ അപ്പന്‍ ആ മലനാട്ടിലേക്ക് കുടിയേറിപ്പാര്‍ത്ത് അല്പം വസ്തുവകകള്‍ കരസ്ഥമാക്കി. അപ്പനോടൊപ്പം മത്തായിച്ചനും ഒരു കൃഷിക്കാരനായി വളര്‍ന്നു. ആ നാട്ടില്‍ അന്നു വിദ്യാഭ്യാസസൗകര്യം ഒന്നുമില്ല. ദിവസവും രാവിലെ അപ്പന്‍ മത്തായിയെ വിളിച്ചുണര്‍ത്തും. ''എണീക്കെടാ ചെറുക്കാ, ഇങ്ങിനെ പോത്തുപോലെ കിടന്നുറങ്ങിയാല്‍ നാളെ നീയൊക്കെ എങ്ങിനെ ജീവിക്കും.''

മനസ്സില്ലാമനസ്സോടെ എഴുന്നേല്ക്കും. ഒരു കട്ടന്‍ കാപ്പിയും ചീനിപ്പുഴുങ്ങിയതും അകത്താക്കി അപ്പനോടൊപ്പം ഇറങ്ങും. മത്തായിക്ക് പതിന്നാലു വയസ്സ്. പ്രായമുള്ളപ്പോള്‍ മലമ്പനി പിടിപെട്ടു അപ്പന്‍ മരിച്ചു. വൃദ്ധയായ അമ്മ. പറമ്പില്‍ അദ്ധ്വാനിച്ചാല്‍ കിട്ടുന്ന ആദായം. എങ്കിലും മത്തായി നിരാശപ്പെട്ടില്ല. അയല്ക്കാരായ ചില നല്ല കൃഷിക്കാര്‍ അവരുടെ സഹായത്തോടെ മത്തായി വളര്‍ന്നു. അപ്പന്റെ പണികൂടി അവന്‍ ചെയ്തു. മിടുക്കനായ ഒരു ചെറുപ്പക്കാരന്‍; അയല്ക്കാര്‍ വിധിയെഴുതി. അങ്ങിനെ നല്ലവനായ മത്തായിയ്ക്കു വിവാഹാലോചന വന്നു. തന്റെ കൂട്ടുകാരന്റെ സഹോദരി സാറാമ്മ. വിദ്യാഭ്യാസയോഗ്യത മത്തായിയെപ്പോലെ തന്നെ. കുന്നിന്‍മുകളിലുള്ള ആ കൊച്ചുപള്ളിയില്‍ വച്ചു കല്യാണം. മത്തായിയും സാറാമ്മയും. സാറാമ്മ വൃദ്ധയായ അമ്മച്ചിയെ ആത്മാര്‍ ത്ഥമായി സ്‌നേഹിച്ചു, ശുശ്രൂഷിച്ചു. ഇന്നവരില്ല. 90-ാം വയസ്സില്‍ അവര്‍ ഈ ലോകത്തോടു യാത്ര പറഞ്ഞു. 

മത്തായിയുടെ കൃഷിഭൂമികള്‍ സ്വര്‍ണ്ണം വിളയിച്ചു. ഇടയ്ക്കിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ആദ്യകാലങ്ങളില്‍ അയാളെ അലട്ടിയില്ല. കുടുംബം വളര്‍ന്നു. രണ്ടു പെണ്‍കുട്ടികള്‍. അവര്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കണമെന്നു മത്തായി വളരെ ആഗ്രഹിച്ചു. പക്ഷെ കൃഷിക്കു നേരിടുന്ന നഷ്ടം സാമ്പത്തികമായി അയാളെ അലട്ടിത്തുടങ്ങി. വീണ്ടും കൃഷിയിറക്കുന്നതിനുള്ള പണം വായ്പയായി വാങ്ങാന്‍ തീരുമാനിച്ചു. തന്റെ കൊച്ചുവീടും കൃഷിഭൂമിയും ഈടായി വച്ചു പണം വാങ്ങി, കൃഷിയിറക്കി. മത്തായി സ്വയം സമാധാനിച്ചു. അയാള്‍ സാറാമ്മയുമായി ആ സന്തോഷം പങ്കുവച്ചു. ''എന്റെ സാറാ, ഇനി അങ്ങോട്ടു നമുക്കു നല്ല കാലമായിരിക്കും.''

സാറ മറുപടി നല്കി:- ''ദൈവം കരുണയുള്ളവനാണ്.''

അടുത്ത രണ്ടു വര്‍ഷം കാലക്കേടൊന്നും ഉണ്ടായില്ല. മൂന്നാം വര്‍ഷം പ്രകൃതിക്ഷോഭമുണ്ടായി. എവിടെയോ ഉരുള്‍ പൊട്ടി. ധാരാളം നാശനഷ്ടങ്ങള്‍. മത്തായിയുടെ കൊച്ചുപുരയും അതോടുചേര്‍ന്നുള്ള മണ്ണും മാത്രം ബാക്കി. അയാള്‍ ഹൃദയം പൊട്ടിക്കരഞ്ഞു. ബാങ്കിന്റെ കടം അയാളുടെ തലയ്ക്കുമുകളില്‍ തുങ്ങുന്ന വാള്‍ പോലെയായി. ഇനി എന്തുചെയ്യും? എവിടെ തുടങ്ങും? കൃഷിയിറക്കാന്‍ പണം വായ്പയായി വാങ്ങി തിരിച്ചടയ്ക്കാന്‍ മാര്‍ഗ്ഗമില്ലാതെ വന്ന പല കൃഷിക്കാരും കുടുംബസമേതം ആത്മഹത്യ ചെയ്യുന്ന വിശേഷങ്ങള്‍ അയാള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. പക്ഷെ താന്‍ അതു ചെയ്യുകയില്ല. കൂലിപ്പണി ചെയ്യാനുള്ള ആരോഗ്യം തനിക്കുണ്ട്. തന്റെ കുടുംബത്തെ പട്ടിണിയില്ലാതെ പോറ്റാന്‍ ദൈവം ആരോഗ്യം തന്നിട്ടുണ്ട്.
ഒടുവില്‍ അതു സംഭവിച്ചു. സഹകരണബാങ്ക് അവരെയും വെറുതെ വിട്ടില്ല. അയാളുടെ അധ്വാനഫലമായ ആ കൊച്ചുവീടും ശേഷിച്ച ഭൂമിയും ജപ്തി ചെയ്യപ്പെട്ടു. കിടക്കപ്പായും അത്യാവശ്യസാധനങ്ങളുമായി അയാള്‍ പടിയിറങ്ങി. അയല്ക്കാരനായ ഔസേപ്പ് ആ നല്ല കുടുംബത്തിന് അഭയം നല്കി. അയാളുടെ കൊച്ചുവീടിനടുത്ത് മറ്റൊരു ഓലക്കുടില്‍ കെട്ടിപ്പൊക്കി. മത്തായിയും കുടുംബവും അതിലേക്കു താമസം മാറ്റി.

(തുടരും) 
see PDF also below
മിനിക്കുട്ടി എന്ന സൂസമ്മ (നോവല്‍ -1: സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
James Mathew 2016-08-26 19:01:25
ജീവിതങ്ങൾ ഇങ്ങനെ ലളിതമായി പ്രതിപാദിക്കുമ്പോൾ അത് ഏത് വകുപ്പിൽ പെടും
നല്ല സാഹിത്യമെന്നോ, ചീത്ത സാഹിത്യമെന്നോ
ഇവിടത്തെ എഴുത്തുകാർ എന്ത് പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക