Image

പാകിസ്താന്‍ ക്രൈസ്തവര്‍ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു

Published on 26 August, 2016
പാകിസ്താന്‍ ക്രൈസ്തവര്‍ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: ''മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍...'' എന്ന സ്തുതിഗാനാലാപനത്തോടെ യുണൈറ്റഡ് പാകിസ്താനി  ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ബെല്‍റോസ് ജ്യൂയിഷ് സെന്ററിന്റെ ബേസ്‌മെന്റ് ഹാളില്‍ ഒത്തുകൂടിയ പാകിസ്താന്‍ ക്രൈസ്തവ സമൂഹം ഡൊണാള്‍ഡ് ട്രംപിന് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്വമുള്ള പാകിസ്താന്‍ ക്രൈസ്തവരുടെ വന്‍ ജനക്കൂട്ടം തന്നെ ഈ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു. 2017ലെ മേയര്‍ സ്ഥാനാര്‍ത്ഥിയായ മൈക്കിള്‍ ഫോള്‍ക്‌നര്‍, ഈ സമ്മേളനം ട്രംപിന്റെ ശക്തമായ വിജയത്തിന് നാന്ദി കുറിക്കട്ടെ എന്ന് ആശംസിച്ചു. ''ഈ ഹാളും ഈ കൂട്ടായ്മയും ഈ സമ്മേളനവും ന്യൂയോര്‍ക്കിന് ഏറെ പ്രത്യേകതയുള്ളതാണ്. കാരണം ഇവിടെ നിങ്ങള്‍ക്ക് ദേവാലയവും പിന്നെ യഹൂദപുരോഹിതനുമുണ്ട്. ആ പുരോഹിതന്‍, പാകിസ്ഥാന്‍ ക്രൈസ്തവരുടെ ഒരു റിപ്പബ്‌ളിക്കന്‍ സമ്മേളനം തങ്ങളുടെ ഹാളില്‍ നടത്താന്‍ അനുമതി നല്‍കിയത് ആശ്ചര്യജനകമാണ്...'' മൈക്കിള്‍ ഫോള്‍ക്‌നര്‍ പറഞ്ഞു.

നിരവധി റിപ്പബ്ലിക്കന്‍ ലോക്കല്‍ ഓഫീസ് പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. ഓരോ പ്രതിനിധിയും തങ്ങളെ സ്വയം പരിചയപ്പെടുത്തുകയും വരുന്ന പ്രൈമറിയിലും ജനറല്‍ ഇലക്ഷനുകളിലും ട്രംപിനെ വിജയിപ്പിക്കാന്‍ വേണ്ടി സദസ്യരെ ആവേശ്വോജ്വലരാക്കുകയും ചെയ്തു. രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ ഉദ്ധരിക്കാന്‍ വേണ്ടി പ്രതിജ്ഞാബദ്ധമായ മനസ്സോടെയാണ് ട്രംപ് ഗോദയിലിറങ്ങിയിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ക്രൈസ്തവ മൂല്യങ്ങള്‍ തിരികെ കൊണ്ടുവരാന്‍  ട്രംപിന് കഴിയുമെന്ന് വില്യം ഷഹാദ് വ്യക്തമാക്കി. പാകിസ്താന്‍ ക്രൈസ്തവ സമൂഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് ട്രംപ് അവരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന കടുത്ത വിശ്വാസത്തിലാണെന്ന് യുണൈറ്റഡ് പാകിസ്താനി  ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി നേതാവ് താരിഖ് റഹ്മത്ത് അഭിപ്രായപ്പെട്ടു. ''ട്രംപ് അമേരിക്കയെ തിരിച്ചു കൊണ്ടുവരും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. ട്രംപ് പ്രസിഡന്റല്ലാത്ത അമേരിക്കയില്‍ ഞങ്ങള്‍ മൂന്നാം തരം പൗരന്മാരായി അവഗണിക്കപ്പെടും...'' താരിഖ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളികള്‍ മുസ്ലീം മതഭ്രാന്തന്മാര്‍ ബോംബ് വച്ച് തകര്‍ത്തതിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു താരിഖ് റഹ്മത്തിന്റെ അഭിപ്രായ പ്രകടനം.

അമേരിക്കയില്‍ മുസ്ലീം കുടിയേറ്റം നിരോധിക്കണമെന്ന ട്രംപിന്റെ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാകിസ്താനിലെ ജനസംഖ്യയുടെ 1.6 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. യോഗത്തില്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികളായ മാര്‍ക്ക് സിപോള, ടോണി അവേല, അലന്‍ സ്വിരന്‍, ഫിലിപ്പ് ഗോള്‍ഡ് ഫെഡര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  മുമ്പ് ഡെമോക്രാറ്റുകള്‍ക്കു വേണ്ടി വോട്ടു ചെയ്തിരുന്ന തന്റെ സമൂഹത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരെ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ട്രംപിനും അദ്ദേഹത്തിനു വേണ്ടിയുള്ള ഇലക്ഷന്‍ പ്രചാരണത്തിനും സാധിക്കുമെന്ന് ആവര്‍ത്തിച്ച താരിഖ് റഹ്മത്ത്, തങ്ങള്‍ അമേരിക്കയെ സ്‌നേഹിക്കുന്നുവെന്നും തങ്ങള്‍ അമേരിക്കയ്ക്കു വേണ്ടി ജീവിക്കുന്നുവെന്നും വ്യക്തമാക്കി. 

പാകിസ്താന്‍ ക്രൈസ്തവര്‍ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക