Image

ബാര്‍ കോഴ: മാണിക്ക് തുടരന്വേഷണ അപായ മണി (എ.എസ് ശ്രീകുമാര്‍)

Published on 27 August, 2016
ബാര്‍ കോഴ: മാണിക്ക് തുടരന്വേഷണ അപായ മണി (എ.എസ് ശ്രീകുമാര്‍)
'കണ്ടകശനി കൊണ്ടേ പോകൂ...'' എന്നാണല്ലോ ചൊല്ല്. പാലായുടെ മാണിക്യവും മുന്‍ മന്ത്രിയും ഇപ്പോള്‍ വെറും എം.എല്‍.എയുമായ കെ.എം മാണിയുടെ കാര്യത്തില്‍ ഈ പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് വലിയ താമസമില്ലാതെ അറിയാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്താണ് അവരെ ഒന്നാകെ വെള്ളത്തില്‍ മുക്കാന്‍ പാകത്തിലുള്ള ബാര്‍ കോഴയുടെ പ്രേതം മാണി സാറിന്റെ ദേഹത്ത് കയറിയത്. കേസില്‍ മുറ പോലെ വിജിലന്‍സ് അന്വേഷണം നടന്നെങ്കിലും അത്ഭുതകരമായി മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് മന്ത്രി സഭയുടെ തലവന്‍ ഘടകകക്ഷി സ്‌നേഹം വെടിപ്പായി ഊട്ടി ഉറപ്പിച്ചു. എന്നാല്‍ മുന്നണിയില്‍ നിന്നും പ്രത്യേകിച്ചും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകളെയും സമ്മര്‍ദങ്ങളെയും തുടര്‍ന്ന് മാണിയെ രക്ഷിച്ച് സംരക്ഷിച്ച നാവു തന്നെ അദ്ദേഹത്തോട് രാജി വയ്ക്കാന്‍ പുതുപ്പള്ളി ഭാഷയില്‍ ആവശ്യപ്പെട്ടു. ''സീസറിന്റെ ഭാര്യ പരിശുദ്ധയായിരിക്കണം...'' എന്ന കോടതി പരാമര്‍ശം രാജി എളുപ്പമാക്കി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 

അമ്പതു വര്‍ഷത്തിലേറെക്കാലം മന്ത്രിയും എം.എല്‍.എ യുമൊക്കെയായി വിലസിയ മാണി കലിപ്പോടെ രാജി വച്ചു. അപ്പോഴും ബാര്‍ കോഴക്കേസില്‍ മാണിക്കൊപ്പം തുല്യ പ്രാധാന്യമുണ്ടെന്ന് ആക്ഷേപിക്കപ്പെട്ട എക്‌സൈസ് മന്ത്രി കെ. ബാബു രാജി പ്രഖ്യാപിക്കുകയും അതേ സ്പീഡില്‍ തന്നെ പിന്‍വലിക്കുകയും ചെയ്തുകൊണ്ട് 'എ' ഗ്രൂപ്പിന്റെ തണലില്‍ സുഖമായി മന്ത്രി മന്തിരത്തില്‍ തന്നെ രാപ്പാര്‍ത്തു. (പിന്നെ തൃപ്പൂണിത്തുറയില്‍ ഇക്കുറി എട്ടു നിലയില്‍ പൊട്ടിയത് എങ്ങനെ എന്നു ചോദിച്ചാല്‍, കൈയിലിരിപ്പു കൊണ്ടാണെന്ന് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ ഇനിയും പറയും). കോണ്‍ഗ്രസുകാര്‍ തനിക്കിട്ടു പാര പണിഞ്ഞതാണെന്ന ഗൂഢാലോചന തിയറി ഇതിനിടെ മാണി പുറത്തു വിട്ടു. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സ്വന്തം പാര്‍ട്ടി അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചെങ്കിലും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.

അങ്ങനെ മാണി പുറത്തും ബാബു അകത്തുമായി കഴിയുമ്പോള്‍ തിരഞ്ഞെടുപ്പു വരികയും യു.ഡി.എഫ് കപ്പല്‍ മുങ്ങുകയും ചെയ്തു. ഈ പരാജയത്തെ വിധിയെന്നോ നിര്‍ഭാഗ്യമെന്നോ അല്ല, ''സ്വയം കൃതാനര്‍ത്ഥം'' എന്നാണ് രാഷ്ട്രീയ പ്രബുദ്ധതയുള്ളവര്‍ വിശേഷിപ്പിച്ചത്. മന്ത്രപദവും ഭരണവും പോയ മാണി കരയില്‍ പിടിച്ചിട്ട മീനിന്റെ പരുവത്തിലായി. ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസുകാര്‍ വഞ്ചിച്ചുവെന്ന് ഗര്‍വിച്ചു കൊണ്ട് മാണിക്കാര്‍ യു.ഡി.എഫിലെ പൊറുതിയും മതിയാക്കി കളം വിട്ട് പ്രത്യേക ബ്ലോക്കുകാരായി. ഇടതിലേക്കും, ബി.ജെ.പിയിലേക്കും ഇല്ല എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞു നടക്കുമ്പോഴാണ് ബാര്‍ കോഴക്കേസ് മാണിയുടെ തലയ്ക്കു മുകളില്‍ വീണ്ടും ഡെമോക്ലീസിന്റെ വാളു പോലെ തൂങ്ങിയാടുന്നത്. ബാറും വാറും വാളും ഏകോദര സഹോദരങ്ങളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാണിക്കെതിരെയുള്ള വിജിലന്‍സ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും ഇപ്പോഴത്തെ വിജിലന്‍സ് എസ്.പിയുമായ ആര്‍ സുകേശനാണ് മാണിക്ക് പിന്നെയും കോഴപ്പൂട്ടിട്ടിരിക്കുന്നത്. ഭരണം ഇടതു കരങ്ങളിലെത്തിയതോടെ സുകേശന്‍ വല്ലാത്തൊരു ഊര്‍ജത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. പിന്നെ മുന്‍ പിന്‍ നോക്കിയില്ല. ബാര്‍ കോഴക്കേസ് അന്വേഷണം തന്റെ മുന്‍ മേധാവിയും വിജലന്‍സ് ഡയറക്ടറുമായ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചു എന്നു കാണിച്ച് സുകേശന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ കുംഭകോണക്കേസില്‍ ഇന്ന് (ആഗസ്റ്റ് 27) തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ മാണി സാറിന്റെ പ്രതികരണം അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന പോലെയായി. നിരന്തരം അഭിപ്രായം മാറ്റി പറയുന്ന സുകേശന് മനസാക്ഷിയില്ലെന്ന് കുറ്റപ്പെടുത്തിയ മാണി, തന്റെ പുതിയ രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുത മൂലം ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ തുടരന്വേഷണം എന്ന് പറഞ്ഞു. 

ഗൂഢാലോചന തിയറിയില്‍ നിന്നും മാണി ഇനിയും പിടിവിട്ടിട്ടില്ല. ''ബാര്‍ കോഴക്കേസില്‍ വിധി വരുന്നതു വരെ ഞാന്‍ നിരപരാധിയാണ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ആര്‍ക്കും എന്ത് ആരോപണം വേണമെങ്കിലും ഉന്നയിക്കാം. എന്നാല്‍ ഇതിലൂടെയൊക്കെ കേരള കോണ്‍ഗ്രസിനെ തളര്‍ത്തുക്കളയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല...'' ഗൗരവം വിടാതെ മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം ബാര്‍ കോഴക്കേസ് തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പതിനൊന്നോളം ഹര്‍ജികള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ലഭിച്ചിരുന്നു. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍, കേസ് ഡയറിയില്‍ തിരുത്തല്‍ വരുത്തിയെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ തന്നെ ആരോപണവുമായി രംഗത്തു വന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ച് ക്രിത്രിമം നടത്തി. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുത റിപ്പോര്‍ട്ട് തള്ളിയതും ശങ്കര്‍ റെഡ്ഡിയാണെന്ന് സുകേശന്‍ ആരോപിച്ചു. ഇതെല്ലാം ഗുരുതരമായ ആരോപണങ്ങളാണ്. അതിനാല്‍ തന്നെ കേസന്വേഷണത്തില്‍ വഴിത്തിരിവാകുകയും ചെയ്യും. കേസ് അട്ടിമറിക്കാന്‍ ഉന്നത രാഷ്ട്രീയ തലത്തില്‍ ഗൂഢാലോചന നടന്നു എന്നതു ശരി വക്കുന്നതാണ് ഹര്‍ജിയില്‍ അക്കമിട്ടു നിരത്തിയിരിക്കുന്ന ഓരോ കാര്യങ്ങളും. ബാര്‍കോഴ കേസില്‍ മാണിക്കുള്ള പങ്ക് പുറത്ത് വന്നതിനേക്കാള്‍ വലുതാണെന്നുമാണ് സുകേശന്റെ വെളിപ്പെടുത്തലുകള്‍ തുറന്ന് കാട്ടുന്നത്. എന്തായാലും ബാര്‍കോഴ കേസിലെ പുതിയ വെളിപ്പെടുത്തലുകളും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള സുകേശന്റെ ഹര്‍ജ്ജിയും മാണിക്ക് ഊരാക്കുടുക്കാകുമെന്ന് ഉറപ്പാണ്. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്നും അഴിമതിക്കാരെ കണ്ടെത്തുകയാണ് തന്റെ ചുമതലയെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചത്. ചിലരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു കേസില്‍ നിയമോപദേശം ലഭിച്ചിരുന്നത്. സുകേശന്റെ ഹര്‍ജിയില്‍ കോടതിയുടെ നിലപാട് അറിഞ്ഞതിന് ശേഷം ശേഷം കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ രണ്ടാം തവണയാണ് തുടരന്വേഷണം നടക്കുന്നതെന്ന അപൂര്‍വ ബഹുമതിക്ക് ഇതോടെ മാണി കാരണഭൂതനായിരിക്കുന്നു. പണ്ട് കോണ്‍ഗ്രസിലെയും മറ്റും നേതാക്കള്‍ സുകേശനെ പലവട്ടം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് സുകേശന്റെ ഹര്‍ജി കോടതി ശരി വച്ചപ്പോള്‍ അന്വേഷണം നേരിടുന്നത് മാണിയാണെങ്കിലും ബാര്‍ കോഴക്കേസിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. മുന്‍ മന്ത്രി കെ. ബാബുവിനും പണി കിട്ടുമെന്ന് ഉറപ്പായിരിക്കുന്നു. ഈ തുടരന്വേഷണ ഉത്തരവില്‍ ചില രാഷ്ട്രീയ താത്പര്യങ്ങളുടെ നിഴലാട്ടവും ഉണ്ടെന്ന് കാണാം. ഇടതു മുന്നണിയിലേക്കില്ലെന്ന് മാണി ആണയിട്ടു പറഞ്ഞതിന്റെ ചൂടാറും മുമ്പാണ് അന്വേഷണ ഉത്തരവ്. ജനകീയ വിഷയങ്ങളില്‍ മാണിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മലക്കം മറിഞ്ഞിരിക്കുകയാണ്. 

വിജിലന്‍സ് കോടതി ഉത്തരവോടെ കെ.എം മാണിയെ തള്ളി പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. മാണി നിരപരാധിയാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. അതേ സമയം മാണിയെ തള്ളിപ്പറയാനോ പിന്തുണയ്ക്കാനോ തയ്യാറാകാതെയുള്ളതായിരുന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രതികരണം. ഏതായാലും മാണിയെ കൊള്ളണോ തള്ളണോ എന്ന ഇടതു മുന്നണിയുടെ ആശങ്കയ്ക്ക് ഇനി പ്രസക്തിയില്ല. ഇത് സംബന്ധിച്ച ചര്‍ച്ചയും ഇനി ഉണ്ടാകില്ല. തുടരന്വേഷണം മാണിയെ കുരുക്കാന്‍ പോന്നതായിരിക്കും. അങ്ങനെ വന്നാല്‍ ഒരു മുന്നണിക്കും ഉള്‍ക്കൊള്ളാനാവാത്ത വിധം മാണി കേരള രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുന്ന ദയനീയ കാഴ്ച നമുക്ക് കാണേണ്ടിവരും.

ബാര്‍ കോഴ: മാണിക്ക് തുടരന്വേഷണ അപായ മണി (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക