Image

മഹാബലിക്കൊരു നിവേദനം (കവിത-മഞ്ജുള ശിവദാസ്)

Published on 25 August, 2016
മഹാബലിക്കൊരു നിവേദനം (കവിത-മഞ്ജുള ശിവദാസ്)
അധികാരക്കൊതിയേറിയ ദേവകള്‍
ചതിച്ചു താഴ്ത്തിയ മാവേലി,
അറിഞ്ഞുവോ നീ അധപ്പതിച്ചൊരു
കേരള നാടിന്‍ വേദനകള്‍

ആമോദത്തോടൊന്നായി മാനവര്‍
കഴിഞ്ഞ 
മലനാടിലിന്ന് 
ഗോഷ്ട്ടികള്‍ കാട്ടും ദൈവങ്ങള്‍ തന്‍
ഭ്രാന്താലയമീ മലനാട്

മാനവ മനസ്സില്‍ മാനം മുട്ടും
മതിലുകള്‍ തീര്‍ത്തീ ദൈവങ്ങള്‍
നീ വാണരുളിയ നാടിന്‍ ഗതിയിതു
കണ്ടാല്‍ മനമതു  വിണ്ടിടും

ഭരിച്ചു ഭുവനം മുടിച്ചു സ്വന്തം
ഭവനം പോറ്റും നേതാക്കള്‍
മദിച്ചു  വാഴും മതമേലാളര്‍
ക്കടിമകളാകും നേതാക്കള്‍

ഭ്രാന്തന്‍ ശ്വാനനു സ്വരമായി നിരവധി
പേക്കോലങ്ങളുമുണ്ടുവിടെ,
മനുഷ്യദേഹിക്കാശ്രയമേകാന്‍
അറപ്പ് കാട്ടും മാന്യന്‍മാര്‍.

പീഡനമേറ്റു പിടഞ്ഞിടുന്ന
കുരുന്നുകളനവധിയാണിവിടെ
സ്ത്രീ മാംസത്തില്‍ കണ്ണും നട്ടൊരു
കഴുകന്‍ കൂട്ടരുമുണ്ടിവിടെ

പ്രതീക്ഷ കെട്ടുഴലുന്നീ പ്രജകള്‍
പ്രജാപതി നീ കേട്ടാലും,
മര്‍ദ്ദിത മനസ്സുകള്‍ പ്രത്യാശിപ്പൂ
വരുമൊരു കാലം നിന്‍ തണലില്‍

(സൗദിഅറേബ്യയിലെ റിയാദില്‍ പ്രവാസ ജീവിതം നയിക്കുന്ന മഞ്ജുള ശിവദാസ് പതിവായി കവിതകള്‍ എഴുതുന്നു. ഭര്‍ത്താവ് ശിവദാസ് റിയാദില്‍ ബിസിനസ്‌കാരന്‍. മക്കള്‍: അശ്വതി, അനശ്വര)
മഹാബലിക്കൊരു നിവേദനം (കവിത-മഞ്ജുള ശിവദാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക