Image

നാട്ടുകാര്‍ പട്ടികടിയേറ്റ് മരിക്കുമ്പോള്‍ മന്ത്രി മേനകയുടെ സിമ്പതിക്കുര (എ.എസ് ശ്രീകുമാര്‍)

Published on 26 August, 2016
നാട്ടുകാര്‍ പട്ടികടിയേറ്റ് മരിക്കുമ്പോള്‍ മന്ത്രി മേനകയുടെ സിമ്പതിക്കുര (എ.എസ് ശ്രീകുമാര്‍)
ഭൂമുഖത്ത് ഏറ്റവും നന്ദിയുള്ള മൃഗമായാണ് നായയെ വിശേഷിപ്പിക്കുന്നത്. യജമാന സ്‌നേഹത്തില്‍ നായയെ വെല്ലാന്‍ മറ്റൊരു മൃഗത്തിനുമാവില്ല. എന്നാല്‍ ആ ഇഷ്ട മൃഗത്തിന് പേ പിടിച്ചാലോ...? ജീവിതം കുരച്ചുകുരച്ച് തീര്‍ക്കേണ്ടി വരും. തെരുവു നായ്ക്കളുടെ കാര്യവും വ്യത്യസ്തമല്ല. പേവിഷബാധ മനുഷ്യരില്‍ പകര്‍ത്തുന്നതില്‍ സുപ്രധാന കാരണം ഇതിനെതിരെ കുത്തിവെയ്പ്പ് ലഭിക്കാത്ത തെരുവുനായകള്‍ ആണ്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം കേരളത്തില്‍ അവുദിനം വര്‍ധിച്ചുവരുകയാണ്. നായ കടിച്ചതിനെ തുടര്‍ന്ന് കുത്തിവയ്പ് നടത്താത്തതുമൂലം മരണമടഞ്ഞ സംഭവങ്ങളും പലയിടത്തുമുണ്ടായി. യാഥാര്‍ഥ്യബോധമില്ലാത്തതും അപ്രായോഗികവുമായ ശ്വാനസംരക്ഷണ നിയമം നടപ്പായതോടെയാണ് നായ്ക്കൂട്ടങ്ങള്‍ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. വിഴിഞ്ഞം പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് 65-കാരി സില്‍വമ്മ മരിച്ചത് വലിയ പ്രതിഷേധങ്ങളും ആക്ഷേപങ്ങളും ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. സില്‍വമ്മയെ കടിച്ച നായ്ക്കള്‍ അവരുടെ മാംസവും കഴിച്ചതായാണ് സ്ഥിരീകരിക്കപ്പെട്ട വിവരം. അതായത് നായ നരഭോജിയായി മാറിയിരിക്കുന്നു. ഇത് അത്യന്തം സ്‌തോഭജനകമായ സംഭവം തന്നെ.

എന്നാല്‍ ഇക്കാര്യത്തില്‍ മൃഗ സ്‌നേഹത്തിന്റെ അവസാനവാക്കെന്ന് സ്വയം പുകഴ്ത്തി മേനിനടിക്കുന്ന കേന്ദ്ര വനിത-ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി നടത്തിയ അപക്വവും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പേപിടിച്ച പരാമര്‍ശമാണ് നമ്മെ ചൊടിപ്പിക്കുന്നത്. ''സ്ത്രീയുടെ കൈവശം മാംസഭാഗം എന്തോ ഉണ്ടായിരുന്നിരിക്കണം, അല്ലാതെ വെറുതെ നായ്ക്കള്‍ ആക്രമിക്കില്ല...'' എന്നാണ് മേനക സംഭവത്തോട് പ്രതികരിച്ചിരിക്കുന്നത്. നായ്ക്കളെ വന്ധ്യംകരിക്കാത്തതു മൂലമാണ് അവ കടിക്കുന്നതെന്നും വന്ധ്യകരിച്ച നായ്ക്കള്‍ കടിക്കുകയില്ലെന്നുമുള്ള വിദഗ്ധ കണ്ടുപിടുത്തം കൂടി നടത്തുകയും ചെയ്തിരിക്കുന്നു അവര്‍. തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന മേനക ഗാന്ധിക്കെതിരെ ഇതിന് മുമ്പും ഇതേ വിഷയത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മേനക ഗാന്ധിയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തതിന് പിന്നാലെ അവരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സുനാമിയായിട്ടുണ്ട്.

രാത്രി പ്രാഥമികാവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് പരമ്പരാഗത മല്‍സ്യത്തൊഴിലാളി കുടുംബാംഗമായ സില്‍വമ്മയെ സ്വന്തം വീട്ടുമുറ്റത്തു വച്ച് നായക്കൂട്ടം ആക്രമിച്ചത്. ബഹളം കേട്ട് അമ്മയെ രക്ഷിക്കാന്‍ ഓടി വന്ന മകന്‍ കടലില്‍ ചാടിയതു കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഇതിനിടെ നായ്ക്കളെ കൊന്നൊടുക്കുന്നതുകൊണ്ട് കേരളം നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന് മേനക ആവര്‍ത്തിച്ചു. ''നായ്ക്കളെ വന്ധ്യംകരിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്നെ ആക്രമിച്ചതുകൊണ്ട് കാര്യമില്ല. തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് മരിച്ച വയോധിക ആക്രമിക്കപ്പെട്ടത് മാംസം കൈവശം വച്ചതുകൊണ്ടാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല...'' മേനക വിശദീകരിച്ചു. നായ്ക്കളെ കൊന്നൊടുക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ ദേശീയ മൃഗക്ഷേമ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. നായ്ക്കളെ കൊല്ലാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും സംസ്ഥാനത്തിന് ഇതുസംബന്ധിച്ച നോട്ടീസ് അയയ്ക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍.എം ഖര്‍ബ് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മേനകാഗാന്ധിയും അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാനുള്ള നീക്കത്തിനെതിരെ ഉറഞ്ഞു തുള്ളിയിട്ടുള്ളത്.

തെരുവുനായ്ക്കളെ വന്ധ്യംകരിച്ചാല്‍ പ്രശ്‌നം തീരുമെന്നാണല്ലേ മേനകയുടെ അഭിപ്രായം. ഈ മന്ത്രിയുടെ കണക്കനുസരിച്ചു തന്നെ രണ്ടരലക്ഷം തെരുവുനായ്ക്കള്‍ കേരളത്തിലുണ്ട്. ഇവയില്‍ ഒരു ശതമാനത്തെ മാത്രമാണ് വന്ധ്യംകരിക്കുന്നതില്‍ വിജയിച്ചത്. ഇപ്പോഴത്തെ അനുപാതം വെച്ചു നോക്കിയാല്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ടു പോലും ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നുന്നില്ല. നായ്ക്കളെ വന്ധ്യംകരിക്കാനും ആക്രമണകാരികളായവയെ വിഷം കുത്തിവച്ച് കൊല്ലാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള നിയമങ്ങളും മറ്റ് അപ്രായോഗികതകളും മൂലം സംഗതി അത്ര വേഗത്തില്‍ നടപ്പാക്കാനാവില്ലെന്ന് ബന്ധപ്പെട്ടവര്‍ തന്നെ ആണയിടുന്നുണ്ട്. തെരുവു നായ്ക്കളെ കൊല്ലുന്നതില്‍ ദേശീയ മൃഗക്ഷേമ ബോര്‍ഡും 2001ലെ മൃഗ ജനന നിയന്ത്രണ നിയമങ്ങളും എതിരാണ്. പേപ്പട്ടിയെപ്പോലും സ്വാഭാവിക മരണത്തിന് കീഴടങ്ങും വരെ അടച്ചിടണമെന്ന് നിയമം അനുശാസിക്കുന്നു. ആക്രമണകാരികളായ തെരുവു നായ്ക്കളെ വെറ്ററിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്ലണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ എന്തടിസ്ഥാനത്തില്‍  നായയെ ആക്രമണകാരിയെന്ന് സാക്ഷ്യപ്പെടുത്തുമെന്നാണ് ഡോക്ടര്‍മാരുടെ ന്യായമായ സംശയം.

നായ്ക്കളെ വന്ധ്യംകരിക്കുന്ന ക്യാമ്പുകള്‍ സെപ്റ്റംബര്‍ ഒന്നിന് ആഘോഷമായി തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനുള്ള സംവിധാനങ്ങള്‍, അതായത് ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള ഉപകരണങ്ങളോ മരുന്നുകളോ തയ്യാറാക്കിയിട്ടില്ലത്രേ. തെരുവു നായ്ക്കളെ കൊല്ലുന്നതിനും വന്ധ്യംകരിക്കുന്നതിനും കര്‍ശന വ്യവസ്ഥകളുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ കരിമ്പട്ടികയില്‍ പെടുത്തുകയും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. അതിനാല്‍ വെറുതെ പുലിവാല് പിടിക്കേണ്ടെന്നാണ് ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്റെ ശക്തമായ തീരുമാനം. അതേസമയം തെരുവു നായ്ക്കളുടെ ആക്രമണം സംസ്ഥാനത്താകെ വര്‍ധിച്ചു വരികയും ചെയ്യുന്നു. ഇക്കഴിഞ്ഞ 25ന് മാത്രം കേരളത്തില്‍ 29 പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘം തയ്യാറാവുകയാണ്. മുന്‍കരുതല്‍ നിര്‍ദേശങ്ങളും പ്രഥമ ചികില്‍സയും എങ്ങനെ കൈക്കൊള്ളാമെന്ന പ്രചാരണത്തിനായി മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് ഇടപെടുന്നത്.

കഴിഞ്ഞ വര്‍ഷം തെരുവുനായ ആക്രമണങ്ങള്‍ വര്‍ധിച്ചപ്പോള്‍ സര്‍ക്കാര്‍ വലിയ നിയന്ത്രണ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കോര്‍പറേഷനുകളടക്കമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അവ നടപ്പാക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാട്ടുകയാണുണ്ടായത്. ശ്വാനസംരക്ഷണ നിയമത്തിന്റെ മറപിടിച്ച് പ്രാദേശിക തലത്തില്‍ ശ്വാനനിയന്ത്രണം നടപ്പാക്കാന്‍ ബാധ്യതയുള്ളവര്‍ തടിയൂരുകയായിരുന്നു. വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍നിന്നു തദ്ദേശസ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ പേവിഷ വിമുക്തമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ഒന്നുപോലും ഫലപ്രദമായതായി കണ്ടിട്ടില്ല. ഉദാഹരണത്തിന്, ലൈസന്‍സില്ലാതെ നായ്ക്കളെ വളര്‍ത്തുന്നതിന് നിയമനടപടികള്‍ സ്വീകരിക്കുന്നതടക്കമുള്ള പല നിയന്ത്രണങ്ങളും സമയാസമയം നടപ്പാക്കിയിരുന്നില്ല.

കേരളത്തില്‍ ദിവസംതോറും രണ്ടായിരത്തോളം പേരെ പട്ടികടിക്കുന്നു എന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. ലോകത്തില്‍ ഒരോ വര്‍ഷവും ശരാശരി 59,000 പേര്‍ പേവിഷബാധയേറ്റു മരിക്കുന്നു. അതായത് 10 മിനിറ്റില്‍ ഒരാള്‍. ഇതില്‍ 25,000 പേരും ഇന്ത്യയിലാണ്. അതായത്, ലോകത്ത് പേവിഷബാധയേറ്റ് മരിക്കുന്നവരില്‍ 40 മുതല്‍ 50 ശതമാനം വരെ ഇന്ത്യക്കാരാണ്. എന്നാല്‍, ഇരുപത്തിയഞ്ചോ അതിനു താഴെയോ ആള്‍ക്കാര്‍ മാത്രമേ കേരളത്തില്‍ പ്രതിവര്‍ഷം പേവിഷബാധയേറ്റ് മരിക്കുന്നുള്ളു എന്നത് ആശ്വാസകരമായി കാണാം. പേവിഷബാധയെപ്പറ്റി സാധാരണ ജനങ്ങള്‍ക്കുപോലും വ്യക്തമായ ബോധ്യമുണ്ട് എന്നാണിത് സൂചിപ്പിക്കുന്നത്.
***
റോഡിലെ പട്ടികടി കലശലായ സ്ഥിതിക്ക് നമ്മുടെ സിനിമാ നടന്‍ ജയസൂര്യ സംഭവത്തിലിടപെട്ട് തന്റെ ജനകീയ മുഖം പ്രകടമാക്കി. നേരത്തെ റോഡിലെ കുഴികളുടെ കാര്യത്തില്‍ അദ്ദേഹം പലവട്ടം അധികൃതരുടെ ശ്രദ്ധ ക്ഷണിച്ച് നിരാശനായിരുന്നു. ഇപ്പോള്‍ പട്ടിക്കാണോ കുട്ടിക്കാണോ ഈ നാട്ടില്‍ ജീവന് വില എന്ന് വികാരനിര്‍ഭരനായി ജയസൂര്യ ചോദിക്കുന്നു. ജയസൂര്യയുടെ അവസരോചിതമായ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

''ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ചോദിക്കാണ്, നിന്റെ മുന്നില്‍ രണ്ട് ജീവനുകള്‍ ഉണ്ട്. ഒരു പട്ടിയും, നിന്റെ കുട്ടിയും. അതിലെ ഒരു ജീവന്‍ നിനക്ക് തിരഞ്ഞെടുക്കാം എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം...? ദാ... ഇത് ഇന്നത്തെ പത്രമാണ്. ഇവിടെ പട്ടിക്കാണോ, കുട്ടിക്കാണോ വില...?''  ഇങ്ങനെയാണ് ജയസൂര്യയുടെ പോസ്റ്റ് തുടങ്ങുന്നത്. ''നമ്മുടെ വീട്ടിലെ ആര്‍ക്കെങ്കിലുമാണ് ഇത് സംഭവിച്ചത് എങ്കില്‍ നമ്മള്‍ എന്ത് ചെയ്യും. ഇതിപ്പോ സ്ഥിരം പത്രവാര്‍ത്തയാണ്. തെരുവിലെ പട്ടികുഞ്ഞിന്റെ ചുണ്ട് കടിച്ച് പറിച്ചു, അമ്മയുടെ കാല് കടിച്ച് കീറിന്നൊക്കെ... ഇനി, ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക് ഈ നിയമം പാസ്സാക്കിയവര്‍ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ...? അവിടത്തെ പട്ടിണി അറിയുന്നുണ്ടോ...? ഒരു പത്ത് പൈസ അയച്ച് കൊടുക്കുന്നുണ്ടോ...? അല്ലെങ്കില്‍ ആ പൈസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം. അത് ഇനി ഉണ്ടാവാതിരിക്കാന്‍ എന്ത് ചെയ്യണം എന്നതല്ലേ നോക്കേണ്ടത്. എന്താ മിണ്ടാത്തത് അതെന്താ ചെയ്യാത്തത്...? എല്ലാം നമ്മള് അനുഭവിച്ചോട്ടേന്നോ...? രാപ്പകലില്ലാതെ ജവാന്‍മാര്‍ നമ്മുടെ സംരക്ഷക്കായി കാവലാണ്. ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്. മരത്തില്‍ കേറുന്നതാണോ പരിഹാരം. മരത്തില്‍ കയറാന്‍ പറയുമോ അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയില്‍ ഇട്ടിരുന്നതെങ്കില്‍, മോനെ. നീ എന്താടാ ആ സമയത്ത് മരത്തില്‍ കേറാതിരുന്നത് എന്ന് ചോദിക്കോ...? തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങള്‍ക്ക് തന്നില്ലെങ്കില്‍ തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങള്‍ക്കും നിവര്‍ത്തിയുള്ളൂ. നിയമം പറഞ്ഞ് വരരുത്. ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കില്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതില്‍ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ...''
***
'നായ നടന്നിട്ട് കാര്യമില്ല, നായക്കൊട്ട് ഇരിക്കാന്‍ നേരവുമില്ല...' എന്നൊരു ചൊല്ലുണ്ട്. വര്‍ഷങ്ങളായി പേറുന്ന മനുഷ്യരുടെ ഈ അപഖ്യാതി സഹിക്കാതെ നായ്ക്കള്‍ ഇപ്പോള്‍ ഓടിനടന്ന് മനുഷ്യര്‍ക്കിട്ട് കടികൊടുത്തുകൊണ്ടിരിക്കുന്നു. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി വിധിയുണ്ട്. നായ്ക്കളെ നിലയ്ക്ക് നിര്‍ത്താനുള്ള നടപടികളില്‍ നിന്ന് മേനകാ സിമ്പതിക്കപ്പുറത്തേയ്ക്ക് സര്‍ക്കാര്‍ കടന്നില്ലെങ്കില്‍ 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി', നേരേ തിരിച്ച് 'ഡോഗ്‌സ് ഓണ്‍ കണ്‍ട്രി'യായി മാറും...
''ബൗ...ബൗ...ഊ...''

നാട്ടുകാര്‍ പട്ടികടിയേറ്റ് മരിക്കുമ്പോള്‍ മന്ത്രി മേനകയുടെ സിമ്പതിക്കുര (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക