Image

അമേരിക്ക (നോവല്‍-25) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 26 August, 2016
അമേരിക്ക (നോവല്‍-25) മണ്ണിക്കരോട്ട്
എത്ര പെട്ടെന്നാണ് നാലഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയത്. അമേരിക്കയിലും അമേരിക്കന്‍ മലയാളികളിലും എന്തു മാറ്റങ്ങള്‍.

അമേരിക്ക എന്ന പറുദീസായിലെ പരമസുഖം പകരാന്‍ പറന്നെത്തിയ മിക്ക മാതാപിതാക്കള്‍ക്കും കൊടുംനരകത്തിലെ പരിഭവസ്വരങ്ങളും പരമദുഃഖങ്ങളുമാണ് പകര്‍ന്നുകിട്ടിയത്. പരിസരം കാണാത്ത അടച്ചിട്ട വീടുകളില്‍, ചട്ടങ്ങളുടെ ചട്ടക്കൂട്ടില്‍ അവര്‍ ബന്ധിക്കപ്പെട്ടു. പലരും ബന്ധനങ്ങള്‍ പറിച്ചെടുത്ത് വിടുതല്‍ നേടി. വീണ്ടും നാട്ടിലെ ശുദ്ധവായു ശ്വസിച്ചപ്പോള്‍ നല്ല ജീവന്‍ വീണു.

ക്രമേണ നാട്ടിലെ മക്കളും കെട്ടുകെട്ടാന്‍ തുടങ്ങി. അമേരിക്കയിലെ മഹാന്മാരുടെയും മഹതികളുടെയും സഹോദരീസഹോദരങ്ങള്‍. ചില വീടുകളില്‍ ഒരു പടയ്ക്കുള്ള ആളായി എല്ലാ തരക്കാരുമുണ്ട്. പല്ലുപറിച്ചു നടന്നവനും, കപ്പലണ്ടി വിറ്റുനടന്നവനും, എല്ലുന്തിയവനും, പല്ലുന്തിയവനും കോലനും കുരുടനും കിശുവാലനും, പശുപാലനും. ചില ഇറക്കുമതികളെ കണ്ടാല്‍ മദര്‍ തെരേസായുടെ കല്‍ക്കട്ടായിലെ കുട്ടികളെപ്പോലിരിക്കും.

ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെ ഉപരോധം തീര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും വീണ്ടും അമേരിക്കയിലേക്ക് കുറഞ്ഞവിലയ്ക്ക് എണ്ണ ഒഴുകാന്‍ തുടങ്ങി. അമേരിക്കയില്‍ ഉല്പാദിപ്പിക്കുന്നതിലും കുറഞ്ഞ ചെലവ്.

പെട്രോളിയത്തിന്റെ വില ഇടിഞ്ഞു. ഇനിയും കൂടിയ ചെലവില്‍ ഹൂസ്‌ററണില്‍ നിന്ന് എണ്ണ ഉല്പാദിപ്പിച്ചിട്ട് കാര്യമില്ല. 

ഹൂസ്റ്റണിലെ എണ്ണക്കിണറുകള്‍ക്ക് മുടി വീണു. പല ടൂള്‍ ഫാക്ടറികള്‍ക്കും പൂട്ടുവീണു. ഠശഷിച്ച കമ്പനികളിലെ പ്രവര്‍ത്തനങ്ങല്‍ ശുഷ്‌കിച്ചു.

പടക്കുടതികളെപ്പോലെ പണിചെയ്തു പണം പറിച്ചു കൊണ്ടിരുന്ന മലയാളികള്‍ പമിയില്ലാതെ പുറത്തായി. നെഞ്ചുവിരിച്ച് ഫണം വിടര്‍ത്തി നടന്ന മഹാന്മാരുടെ പിടലിക്കടിവീണു. രണ്ടു പേരുടെ വലിയ വരുമാനമോര്‍ത്ത് വരുത്തിവെച്ച ബാധ്യതകളെല്ലാം കിടക്കുന്നു.

ഇപ്പോള്‍ ഭാര്യയുടെ ജോലി മാത്രം. ചെലവെത്ര ചുരുക്കിയിട്ടും തികയുന്നില്ല. അവള്‍ക്ക് ഓവര്‍ടൈം പതിവായി. വലിയവീടുണ്ട്. വീട്ടില്‍ വേണ്ടതില്‍ കൂടുതല്‍  സാധനങ്ങളുണ്ട്. കുത്തിയിരിക്കാന്‍ നേരമില്ല. വീട്ടില്‍ കിടക്കയുണ്ട്. കിടന്നുറങ്ങാന്‍ സമയമില്ല. ഭാര്യമാരുടെ ജീവിതം മിക്കവാറും ആശുപത്രികളില്‍ മാത്രമായി.

ഫിലിപ്പിന്റെ ജോലി പോയെങ്കിലും കള്ളുകുടിയും കലഹവും കുറഞ്ഞില്ല. കുറച്ചു പണം കയ്യിലുണ്ട്. കുറച്ചുനാള്‍ തൊഴിലില്ലായ്മ വേതനവും കിട്ടും. പിന്നത്തെ കാര്യം പിന്നെ.

ജോലി പോയതോടെ തുര്‍ന്നു പഠിച്ചാലെന്താണെന്നായി റോക്കിയുടെ ചിന്ത. ലില്ലിക്കുട്ടി വീണ്ടും ഭരണം തുടങ്ങി.

ആന്‌റണി അസിസ്റ്റന്റ് എഞ്ചിനീയറായി തന്നെ തുടന്നു. ചീഫ് എഞ്ചീനിയറാകാനുള്ള യോഗ്യതകളഉം അവസരങ്ങളും ഉണ്ടായിട്ടും അയാള്‍ക്ക് കൊടുത്തില്ലെന്നു മാത്രം. ആന്റണി മിസൗറിസിറ്റിയില്‍ നിന്ന് ഹൂസ്റ്റനടുത്തുള്ള മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റി. മിക്കവാറും ഇന്നതനിലവാരത്തിലുള്ളവര്‍ മാത്രം താമസിക്കുന്ന സ്ഥലം.

മാസങ്ങളും വര്‍ഷങ്ങളും എത്ര പെട്ടെന്നാണ് കടന്നുപോയത്. 

പലരും പണി തേടിമടുത്തു. എങ്ങും ആളെ ആവശ്യമില്ല. ചിലര്‍ വലിയ മുതല്‍ മുടക്കില്ലാത്ത ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ചിന്തയായി.

എത്ര പെട്ടെന്നായിരുന്നു ഈ മാറ്റങ്ങള്‍!

ബലൂണില്‍ കാറ്റ് കയറി വീര്‍ക്കുന്നതുപോലെ ഓരോരുത്തര്‍ വികസിച്ചു. അതില്‍ നിന്നുളള കാറ്റു പോകുന്നതുപോലെ ചുരുങ്ങുകയും ചെയ്തു. അതാണു മലയാളി. അവസരങ്ങള്‍ക്കൊത്തുയരാം. പ്രതിസന്ധിയില്‍ തകര്‍ന്നുവീഴും.

ക്രമേണ ചിലര്‍ക്കെങ്കിലും ചില്ലറ പണികള്‍ തരപ്പെട്ടു. പണിയില്ലാതെ വെറുതെ ഇരുന്നവര്‍ക്ക് അതും ഒരു സുഖംപോലെ. വായ്‌നോക്കാനും നേതാവ് കളിക്കാനും ധാരാളം സമയം. ഏഷണി കൂട്ടാം. പാരവയ്ക്കാം. പണത്തിനെങ്കില്‍ ഭാര്യക്ക് പലയിടത്തു പണിയുണ്ട്. 

ഹൂസ്റ്റണിലും മറ്റ് പട്ടണങ്ങളിലും വീണ്ടും അസോസിയേഷനുകള്‍ ഉടലെടുക്കാന്‍ തുടങ്ങി. ഇടയ്ക്കു തല്ലിപിരിയും. പിന്നെ കൂടിച്ചേരും. പകയും വിദ്വേഷവും ഉള്ളവരോട് പകരം വീട്ടാന്‍ പുതിയ രീതികല്‍ രൂപമെടുത്തു. തൊഴിലില്ലാതിരിക്കുന്ന മിടുക്കന്മാര്‍ക്ക് ധാരാളം സമയമുണ്ടുതാനും.

ഊമക്കത്തുകള്‍ സഞ്ചരിക്കാന്‍ തുടങ്ങി. ഉള്ളടക്കം പരമതെറി. കള്ളക്കഥകള്‍, ആശ്രീലചിത്രങ്ങള്‍, ചിലര്‍ക്ക് ഓഡിയോടേപ്പാണ് കിട്ടിയത്. ഉള്ളടക്കം ഒന്നുതന്നെ. ആന്റണിക്കും ചീട്ടു വീണു. ചില പുരോഹിതന്മാരെപ്പോലും വെറുതെ വിട്ടില്ല.

മാന്യതയ്‌ക്കോ മനുഷ്യത്വത്തിനോ ചേരാത്ത മലയാളികളുടെ പ്രവൃത്തികള്‍ കണ്ട് അറിവുള്ളവര്‍ ലജ്ജിച്ചു. ആധുനിക സംസ്‌കാരത്തിന്റെയും ആഡംബരങ്ങളുടെയും കലവറയായ അമേരിക്കയില്‍ പല വര്‍ഷങ്ങള്‍ ജീവിച്ചിട്ടും മലയാളികളുടെ കിരാത സ്വഭാവവും സംസ്‌കാരവും മാറാത്തതില്‍  പലരും സഹതപിച്ചു. ജാത്യാലുള്ളത് തൂത്താല്‍ പോകുകയില്ലെന്നായി ചിലര്‍.

ഈ ഏഷണികള്‍ കാരണം സന്തോഷത്തില്‍ കഴിഞ്ഞിരുന്ന പല കുടുംബങ്ങളിലും കലഹങ്ങള്‍ തലപൊക്കി. വിവാഹമോചനത്തിന്റെ വക്കുവരെ എത്തിയ കുടുംബങ്ങളും ഇല്ലാതില്ല.

ബഹളങ്ങള്‍ മതങ്ങളിലേക്കും വ്യാപിച്ചു. പാമരന്മാരുടെ പാണ്ഡിത്യപ്രകടനവും കിരാതമായ പരദൂഷണവും അവിടെയും പടര്‍ന്നു. സമുദായങ്ങള്‍ പിളര്‍ന്നു. 

കേരളത്തിന്റെ ഒരു ഭാഗത്തുനിന്ന് വന്നവര്‍ അപ്പുറത്തുനിന്ന് വന്നവരില്‍ മിടുക്കര്‍. മിടുക്കരല്ലാത്ത ആരുമില്ലതാനും. മിടുമിടുക്കരാണ് കൂടുതലും.  അറിവും പരിചയവുമുള്ളവര്‍ പറയുന്നത് കാര്യമല്ല. കയ്യിലുള്ള ഡോളറാണ് മാനദണ്ഡം.

മിടുക്കന്‍ പിടിക്കുന്ന പിടിയില്‍ എല്ലാം നടക്കണം. എല്ലാവരും മിടുക്കരായതുകൊണ്ട് പിടി പലഭാഗത്തേക്കായി. ആരും വിടുന്നതുമില്ല. ആകെ കടിപിടിയായി.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ന്യൂയോര്‍ക്കില്‍ മോനിയുടെ കുത്തഴിഞ്ഞ ജീവിതത്തിന് മാറ്റം വന്നില്ല. തങ്കച്ചന്‍ എല്ലാം സഹിക്കാനും ക്ഷമിക്കാനും ശ്രമിച്ചു. പേരുദോഷം വരാതിരിക്കാനും ബന്ധം നിലനിര്‍ത്താനും ശ്രമിച്ചു. പേരുദോഷം വരാതിരിക്കാനും ബന്ധം നിലനിര്‍ത്താനും സ്‌നേഹം വീണ്ടെടുക്കാനും എന്തു വിട്ടുവീഴ്ചയ്ക്കും തങ്കച്ചന്‍ തയ്യാറായി. ഒരിക്കല്‍ അവള്‍ക്ക് നല്ല ബുദ്ധി തോന്നുമെന്നാശിച്ചു.

എത്ര ശ്രമിച്ചിട്ടും ഒരു ദിവസം അയാള്‍ക്ക് അരിശം സഹിക്കാതായി.

അന്ന് ഏകസ്‌നേഹിതനും നാട്ടുകാരനുമായ ബാബുവിന്റെ ഇളയകുട്ടിയുടെ മാമോദിസയാണ്. ഭാര്യയുമൊത്ത് ചെല്ലാമെന്ന് വാക്ക് കൊടുത്തിരുന്നു. വിവരം പറഞ്ഞതോടെ മോനി അയാളുടെ നേരെ ചാടിവീണു.

ഞാനെങ്ങും വരുന്നില്ല. ഒരുണ്ണന്മാരേം എനിക്കു കാണുകേം വേണ്ട. എന്നോടു ചോദിക്കാതെ ഇയ്യാളെന്തിനാ തീരുമാനമെടുത്തേ?

നീ എന്റെ ഭാര്യയാടീ. എനിക്ക് നിന്നോട് അനുവാദം ചോദിക്കേണ്ട കാര്യമില്ല. ഇന്ന് നീ എന്റെ കൂടെവരും!

തങ്കച്ചന്‍ ഭര്‍ത്താവിന്റെ സ്ഥാനം ഒന്ന് പ്രയോഗിച്ചു നോക്കാമെന്നുതന്നെ തീരുമാനിച്ചു.

പിന്നേ... ഈ വല്ല്യ അധികാരമൊക്കെ അങ്ങ് മനസ്സിലിരുന്നാ മതി. ഇത് അമേരിക്കയാ. മനസ്സിലായോ? ഇന്നേതായാലും പതിവില്ലാത്ത പോലെ വല്ല്യ അധികാരത്തിലാണല്ലോ. എന്തോ പറ്റിയോ? വല്ല ഉണ്ണന്മാരും എന്തെങ്കിലുമൊക്കെ ഉപദേശിച്ചിരിക്കാം. പക്ഷേ, കളി എന്നോട് വേണ്ടാ. മോനി തീര്‍ത്തടിച്ചു.

എന്തായാലും ഇന്നു നീ എന്റെ കൂടെ വന്നേ തീരു. 

ഓഹോ...-ഇന്ന് കൊണ്ടുപോയേ തീരൂ. അല്ലേ അതൊന്നു കാണണം.

മോനി പെട്ടെന്ന് അകത്തു പോയി. വസ്ത്രങ്ങള്‍ മാറി. പിന്നെ ഫോണിന്റെ ഡയലില്‍ വിരലോടി.

ഹലോ...

.........

ങാ..അതെ, അവിടത്തന്നെ... ഓ.കെ.

അവള്‍ മുറിയില്‍ നിന്നിറങ്ങി. പുറത്തുപോകാന്‍ തുടങ്ങി.

നീ എവിടെ പോന്നെടീ..... തങ്കച്ചന്റെ മുഖം കറുത്തു.

എനിക്ക് സൗകര്യമുള്ളിടത്ത് ഞാന്‍ പോകും. ഇയ്യാളാരാ ചോദിക്കാന്‍...-ഏ...-ഏ..?

മോനീ ഇതെന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. ഇന്ന് ഒരു ദിവസത്തേക്കെങ്കിലും നീ എന്റെ കൂടെ വരണം. തങ്കച്ചന്‍ കേണപേക്ഷിച്ചു. 

അഭിമാനമുണ്ടെങ്കില്‍ അത് മനസ്സിലിരുന്നാമതി. വേണമെങ്കില്‍ പതുക്കെ തനിയെ അങ്ങോട്ട് പോകണം. മനസ്സിലായോ? എന്റെ വഴിക്കു ഞാന്‍ പോകും. ഹും....

അങ്ങനെ നിര്‍ത്താന്‍ വെറെ ആളിനെ നോക്കണം. മോനിയെ കിട്ടത്തില്ല. മോനി ബാഗും തൂക്കി വാതിലിനോടടുത്തു..

തങ്കച്ചന്റെ പൗരുഷം സടകുടഞ്ഞെഴുന്നേറ്റു. അയാളുടെ വലതുകരം മോനിയുടെ ഇടതുകരണത്ത് ആഞ്ഞുപതിഞ്ഞു.

ഠേ.

എടാ....

എടാ. നീ എന്നെ അടിച്ചോടാ...ഇന്ന് നിന്നെ ഞാന്‍ കാണിച്ചു തന്നിട്ടേ ഒള്ളെടാ നാറീ. നാല് കാശിന് വകയില്ലാത്ത തെണ്ടി, നീ എന്നെ കൈ വയ്ക്കാനാളായോടാ പട്ടീ....

മോനി വിറച്ചുതുള്ളി. തങ്കച്ചനെ അരച്ച് കലക്കി കുടിക്കാനുള്ള അരിശം. 

അവള്‍ ബാഗ് വലിച്ചെറിഞ്ഞ് തിരികെ മുറിയിലേക്കോടി. വീണ്ടും ഫോണ്‍ ഡയലില്‍ വിരലോടി.

അഞ്ച് നിമിഷം കഴിഞ്ഞില്ല. പോലീസ് കാര്‍ പുറത്ത്. പോലീസ് ഓഫീസര്‍ അകത്ത്. 

തങ്കച്ചന്‍ അന്തംവിട്ടുപോയി. തല കറങ്ങുന്നു. എന്തുചെയ്യണം? എന്തു പറയണം...? 

ഇയ്യാളെന്നെ കഠിനമായി മര്‍ദ്ദിച്ചുസാര്‍. കൊല്ലാന്‍ കത്തിയെടുത്തു. മോനി കരഞ്ഞു കാണിച്ചു.

അവള്‍ മുഖത്തുണ്ടായ പാട് ഓഫീസറെകാട്ടി. കിച്ചണില്‍ നിന്ന് ഒരു കത്തിയെടുത്തു കാണിക്കാനും മറന്നില്ല.

ഈ കത്തികൊണ്ടാ എന്നെ കൊല്ലാന്‍ തുടങ്ങിയത്.

ഭാര്യയെ മര്‍ദ്ദിച്ചതിനും കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിനും ഞാന്‍ നിങ്ങളെ അറസ്റ്റു ചെയ്യുന്നു.

തങ്കച്ചന്റെ കൈകള്‍ക്ക് വിലങ്ങു വീണു. മോനിയുടെ മനസ്സിന് ആശ്വാസം.

ഓഫീസര്‍ തുടര്‍ന്നു. സ്റ്റേഷനില്‍ വന്നിട്ട് നിങ്ങള്‍ക്ക് നിങ്ങളുടെ വക്കീലിനെ വിളിക്കാം. നിങ്ങള്‍ക്ക് സ്വന്തമായി വക്കീല്‍ ഇല്ലെങ്കില്‍ ഗവണ്‍മെന്റ് വക്കീലിനെ വിട്ടുതരാം. ഏതായാലും നിങ്ങളുടെ ഭാഗം തെളിയിക്കാന്‍ അവസരം ഉണ്ടായിരിക്കാം. ബെയിലില്‍ ഇറങ്ങാനാണെങ്കില്‍ അതിനും ഒരാളെ വിളിക്കാനുള്ള അവസരം ഉണ്ടായിരിക്കും. ഇപ്പോള്‍ എന്റെ കൂടെ വരണം.

തങ്കച്ചനേയും കൊണ്ട് പോലീസ് ഓഫീസര്‍ ഇറങ്ങി. വിലങ്ങിട്ട കൈകളും മുറിവേറ്റ ഹൃദയവുമായി അയാള്‍ നടന്നു.

മനം നിറഞ്ഞ ആനന്ദവുമായി പുഞ്ചിരിയോടെ മോനിയും പുറത്തിറങ്ങി. അവളെ കൊണ്ടുപാകാന്‍ ഡോക്ടര്‍ ഗുപ്ത കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

(തുടരും.....)





അമേരിക്ക (നോവല്‍-25) മണ്ണിക്കരോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക