Image

ശാന്തി (ചെറുകഥ: കൃഷ്ണ)

Published on 26 August, 2016
ശാന്തി (ചെറുകഥ: കൃഷ്ണ)
തൊട്ടടുത്തായി ഒരു കാര്‍ വന്നു നിന്നു. ഒരു വെളുത്ത അംബാസ്സഡര്‍ കാര്‍.

പിന്നിലെ ഡോര്‍ തുറന്ന്! ഒരാള്‍ വെളിയിലിറങ്ങി. ഒരു സ്ത്രീ. വെളുത്ത മുഖം. വെളുപ്പില്‍ നീലപ്പൂക്കളുള്ള സാരി.

പോക്കുവെയില്‍ കണ്ണിലേക്ക് അരിച്ചിറങ്ങി. അയാള്‍ സൈഡിലേക്കു മാറി നിന്നു. കാര്‍ കടന്നുപോയിട്ടാവാം മുന്നോട്ടുള്ള നടപ്പ്.

ആ സ്ത്രീ തന്റെനേരെ നടന്നടുക്കുന്നു. കൈപ്പത്തി കണ്ണിനുമുകളില്‍ പിടിച്ച് സൂക്ഷിച്ചു നോക്കി.

ആരാണീ സ്ത്രീ? നല്ല പരിചയമുള്ള മുഖം.

ഇത്! ദൈവമേ...ഇത് വിജയമാണല്ലോ!

“ഞാനാണ്. വിജയം.”

പിന്നോട്ടൊഴുകുന്ന കാലം. അമ്മാവന്റെ വീട്ടില്‍ താമസിച്ച് സംസ്കൃതം പഠിച്ച നാളുകള്‍.

എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം കാണുകയാണ്. എങ്കിലും ആളിന് പറയത്തക്ക മാറ്റമൊന്നുമില്ല.

അവര്‍ അടുത്തെത്തി.

“ഞാന്‍....എന്നെ ഇനിയും മനസ്സിലായില്ലെ?”

“പിന്നെ...വിജയത്തിനെ...സോറി. വിജയലക്ഷ്മിയെ എനിക്ക്...”

“ഇനിയെങ്കിലും ഈ വക ഫോര്‍മാലിറ്റികള്‍ ഉപേക്ഷിച്ചു കൂടെ? ഞാന്‍ വിജയമാണ്. വെറും വിജയം.”

വിജയം െ്രെഡവറുടെ നേരെ തിരിഞ്ഞു.

“അമ്പലത്തിേെന്റ അവിടേക്ക് പൊയ്‌ക്കൊളൂ. ഞാന്‍ നടന്നു വരാം.”

കാര്‍ കടന്നു പോയി.

“ഞാനും അമ്പലത്തിലേക്കാണ്.”

"അതറിയാവുന്നതു കൊണ്ടാണല്ലോ ഞാന്‍ ഇവിടെ ഇറങ്ങിയത്.”

മുഖത്തേക്കു നോക്കി. അവിടെ നിലാവുദിച്ചു നില്ക്കുന്നു. തന്നോടൊപ്പം നടക്കാനായി കാര്‍ പറഞ്ഞു വിട്ടെന്നോര്‍ത്തപ്പോള്‍ ­

ആലോചന മനസ്സിലാക്കിയതുപോലെ വിജയം പറഞ്ഞു: “വല്ലപ്പോഴും നടന്നില്ലെങ്കില്‍ നടക്കാനും മറന്നുപോകും. ഇല്ലേ?”

മഞ്ഞുകാലം തുടങ്ങിക്കഴിഞ്ഞെന്നു തോന്നി. ഇളം വെയിലിലും നേരിയ തണുപ്പ്.

ഒഴുകിപ്പോകുന്ന കാറിനെച്ചൂണ്ടി വിജയം പറഞ്ഞു: “മകളുടെ സംഭാവന. കാറും െ്രെഡവറും. വല്ലപ്പോഴും അമ്മയ്ക്ക് എങ്ങോട്ടെങ്കിലും പോകേണ്ടി വന്നാലോ എന്ന്!.” ഒരു ദീര്‍ഘനിശ്വാസത്തിന്റെ പിന്നാലെ അടുത്ത വാക്കുകള്‍: “അര്‍ദ്ധരാത്രിയില്‍ ആശുപത്രിയിലെങ്ങാനും പോകേണ്ടിവന്നാല്‍ കാര്‍ തിരക്കേണ്ടല്ലോ അമേരിക്കയിലിരിക്കുന്ന അവള്‍ക്ക് സമാധാനം വേണ്ടേ?”

അയാള്‍ തിരിഞ്ഞു വിജയത്തിന്റെ മുഖത്തേക്കു നോക്കി. ഒരുകാലത്ത് ശരിക്കൊന്നു നോക്കാന്‍ ഭയപ്പെട്ടിരുന്ന മുഖം. അതു തെറ്റാകില്ലേ? ഗുരുനാഥന്റെ മകള്‍.

പക്ഷേ മനസ്സില്‍ എപ്പോഴും ആ മുഖം നിറഞ്ഞു നിന്നു.

“ഞാനെന്തൊക്കെയോ പറയുന്നു. സ്വന്തം കാര്യം മാത്രം. അല്ലെങ്കിലും ഞാന്‍ എന്നും അങ്ങനെയായിരുന്നു, അല്ലേ? സ്വന്തം കാര്യം മാത്രം നോക്കുന്നവള്‍.”

“ഇല്ല വിജയം. ഒരിയ്ക്കലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. മനസ്സിലുള്ളതു പറയാന്‍ പറ്റാത്ത അവസ്ഥ എല്ലാവര്‍ക്കുമുണ്ടല്ലോ?”

“അതെ. ആഗ്രഹം തുറന്നു പറയാന്‍ കരുത്തില്ലാത്ത അവസ്ഥ.”

സ്വരത്തില്‍ ഒരു തേങ്ങല്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെ.

വിഷയം മാറ്റാനായി പറഞ്ഞു.

“അതെല്ലാം പോകട്ടെ. നമുക്ക് ഇപ്പോഴത്തെ കാര്യങ്ങള്‍ പറയാം. വിജയത്തിന്റെ വിശേഷങ്ങളാകട്ടെ ആദ്യം.”

“ലേഡീസ് ഫസ്റ്റ്. അല്ലേ? ശരി. എനിക്കു രണ്ടു മക്കള്‍. മൂത്തയാള്‍ ഡല്‍ഹിയില്‍. അവനു രണ്ടു കുട്ടികള്‍. ഇളയവള്‍ അമേരിക്കയില്‍. അവള്‍ക്ക് ഒരു മകള്‍. വര്‍ഷത്തിലൊരിയ്ക്കല്‍ അവരെല്ലാം വരും. പിന്നെല്ലാം ഫോണിലൂടെ. ഹസ്ബന്‍ഡ്. ജോയിന്റ്് സെക്രട്ടറിയായിരുന്നു. അഞ്ചുവര്‍ഷം മുമ്പു മരിച്ചു.”

പറഞ്ഞു തീര്‍ന്നതു പോലെ മുഖത്തേക്കു നോക്കിയപ്പോള്‍ തോന്നി. ഇത്രയേയുള്ളു ഒരു ജീവിതം! പത്തിരുപതു വാക്കില്‍ ഒതുങ്ങുന്ന കഥ!

“ഇനി ഞാന്‍ എന്റൈ കഥ പറയണം. അല്ലേ? ശരി.”

“വേണ്ട. എനിയ്ക്കറിയാം. തഹസീല്‍ദാരായിരുന്നു. റിട്ടയറായി. ഒറ്റയ്ക്കു കഴിയുന്നു.”

ഒറ്റയ്ക്കല്ല, എന്നും എന്റെം മനസ്സില്‍ ഒരാളുണ്ട് എന്നു പറയണമെന്നു തോന്നി.

“അപ്പോള്‍ എന്നെപ്പറ്റി അന്വേഷിയ്ക്കാറുണ്ടായിരുന്നു, അല്ലേ?” അയാള്‍ തിരിഞ്ഞ് വിജയത്തിന്റെ മുഖത്തേക്കു നോക്കിക്കൊണ്ടു ചോദിച്ചു.

വിജയം തലകുനിച്ചു.

നിശ്ശബ്ദരായി അവര്‍ മുന്നോട്ടു നടന്നു. പക്ഷേ ആ നിശ്ശബ്ദതയ്ക്ക് ഒരു പൂര്‍ണ്ണതയുടെ തിളക്കം.

അമ്പലത്തിനടുത്തെത്തിയപ്പോള്‍ വിജയം ചോദിച്ചു: “ഓരോ ചായ കുടിച്ചാലോ?”

“പിന്നെന്താ?”

അവിടെക്കണ്ട ഏറ്റവും വലിയ ഹോട്ടലിനു നേരെ നടക്കുമ്പോള്‍ അന്നുവരെ തോന്നാത്ത ഒരു ഉത്തരവാദിത്വബോധം മനസ്സില്‍.

“വിജയത്തിനു കഴിയ്ക്കാനെന്തെങ്കിലും?”

“വേണ്ട. ചായ മാത്രം മതി.”

“രണ്ടു ചായ.” വെയിറ്റര്‍ അടുത്തെത്തിയപ്പോള്‍ പറഞ്ഞു. പഞ്ചസാര കഴിക്കാറില്ലെന്ന കാര്യം മറച്ചു വച്ചു.

വെയിലിന്റെ അവസാനത്തെ തുള്ളികള്‍ വിജയത്തിന് മൂക്കുത്തി ചാര്‍ത്തുന്നതു നോക്കിയിരുന്നപ്പോള്‍ വര്‍ഷങ്ങള്‍ പിന്നോട്ടു മാറിയ അനുഭവം.

ഒരു പദ്യം ചൊല്ലിയിട്ട് ഒരിക്കല്‍ മാഷ് ചോദിച്ചു: “ഇത് ഏതില്‍ നിന്നാണെന്നു പറയൂ.”

“രഘുവംശം.”

“കുമാരസംഭവം.” തൊട്ടുപിന്നില്‍ വിജയത്തിന്റെ ശബ്ദം.

“നിന്നോടല്ല ചോദിച്ചത്,” മാഷിന്റെ! മുഖം കറുത്തു കനത്തു. “നീ അകത്തു പോ.”

ഒരു നിമിഷം തന്റെ് മനസ്സിനുള്ളിലേക്ക് കണ്ണുകളിലൂടെ നോക്കിയിട്ട് വിജയം പെട്ടെന്ന് അവിടെനിന്നു പോയി.

മനസ്സില്‍ തളര്‍ന്നു കിടന്നിരുന്ന ആശകള്‍ക്ക് അന്നു ചിറകുമുളച്ചു.

എങ്കിലും അവയ്ക്ക് പറക്കാന്‍ പ്രാപ്തിയില്ലായിരുന്നു. രോഗിണിയായ അമ്മയും അവിവാഹിതരായ സഹോദരിമാരും അവയെ താഴോട്ടു വലിച്ചു കൊണ്ടിരുന്നു. പക്ഷേ എങ്ങിനെയോ ഒരുനാള്‍ അവ പറന്നുയരാന്‍ ശ്രമിച്ചു.

വെയിറ്റര്‍ ചായ വച്ചിട്ടു പോയി.

ചായയെടുത്ത് അല്പം കുടിച്ചുനോക്കി. ഭയങ്കര മധുരം.

വിജയം എന്തോ ചിന്തിച്ചിരിക്കുന്നു.

ചായക്കപ്പ് വിജയത്തിന്റെ് മുമ്പിലേക്ക് ഒന്നു കൂടി നീക്കിവച്ചിട്ടു പറഞ്ഞു: കഴിക്കൂ.”

വിജയം ചായയെടുത്ത് ഒരു കവിള്‍ കുടിച്ചിട്ട് തിരികെ വച്ചു. എന്നിട്ട് മുഖത്തേക്കു നോക്കി. സ്വയമെന്നവണ്ണം പറഞ്ഞു: “എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.”

“ശരിയാണ്.”

“അന്നു വല്ലാത്ത വിഷമം തോന്നിക്കാണും, അല്ലേ?”

അന്നു വിജയം ഒറ്റക്കായിരുന്നു വീട്ടില്‍. പക്ഷേ കയറിച്ചെല്ലുമ്പോള്‍ അത് അറിഞ്ഞിരുന്നില്ല.

“മാഷെവിടെ?”

“അത്യാവശ്യമായിട്ട് തിരുവനന്തപുരം വരെ പോയി. ഇന്നു ക്ലാസ്സില്ലെന്നു പറയാന്‍ പറഞ്ഞു.”

പറഞ്ഞു തീര്‍ന്നിട്ടും മുഖത്തു നിന്ന്! കണ്ണു പറിക്കാതെ നില്ക്കുകയാണ്.

ആ സൗന്ദര്യം ശരിക്കും കണ്ടറിഞ്ഞത് അന്നാണ്. അതോടെ മോഹങ്ങള്‍ ഉയര്ന്നു പറക്കാന്‍ വെമ്പി.”

“വിജയം?”

മനസ്സിലെ വിങ്ങല്‍ തിരിച്ചറിഞ്ഞ ഭാവത്തോടെ കണ്ണിലേക്കു നോക്കി നിന്നു.

എങ്ങുനിന്നോ ഇരമ്പിക്കയറിയ ധൈര്യത്തിന്റെ അകമ്പടിയോടെ പറഞ്ഞു: “എന്നും വിജയം എന്റെ കൂടെ ഉണ്ടാവണമെന്നാണെന്റെ ആഗ്രഹം. എന്റെ തെറ്റു തിരുത്താന്‍.”

മനസ്സിലാകാത്തതു പോലെ മുഖത്തേക്കു നോക്കി നിന്നപ്പോള്‍ തുടര്‍ന്നു പറഞ്ഞു: “രഘുവംശമല്ല, കുമാരസംഭവമാണ് ശരിയെന്നു മനസ്സിലാക്കിത്തരാന്‍.”

മനസ്സിനുള്ളില്‍ ആ നിമിഷത്തില്‍ ആരോ മുരണ്ടു: “നിന്റെ അമ്മ. സഹോദരിമാര്‍.”

തിരിഞ്ഞു നടക്കുന്ന വിജയത്തിനെയാണപ്പോള്‍ കണ്ടത്. പിറകേ ചെന്നപ്പോള്‍ ­

ഒരൊറ്റവാക്കില്‍ മറുപടി: “വേണ്ട.”

അപ്പോള്‍ നിരാശയോടൊപ്പം ആശ്വാസവും തോന്നി. മുന്നോട്ടു പോകാന്‍ ധൈര്യമില്ലാത്തവന് ആദ്യത്തെ തടസ്സം കാണുമ്പോഴുള്ള ആശ്വാസം. ഇനി മടങ്ങിപ്പോകാമല്ലോ.

പക്ഷേ മുമ്പിട്ടു നിന്നത് നഷ്ടബോധം. ഒരു വികൃതിക്കുട്ടിയെപ്പോലെ അത് മനസ്സിന്റെ അകത്തളങ്ങളില്‍ വേദന നിറച്ചു.

ബോംബെയ്ക്കു തിരിച്ചു പോകുന്നതിന്റെ തലേദിവസം മാഷോടു യാത്ര പറയാനാണു പോയത്. പക്ഷേ വിജയം മാത്രമേ അന്നു വീട്ടിലുണ്ടായിരുന്നുള്ളു.

“ഞാന്‍ നാളെ പോകുകയാണ്. ബോംബെയ്ക്ക്.”

മറുപടി ഒന്നും പറയാനില്ലാത്തതു പോലെ വിജയം മുഖത്തേക്കു നോക്കി നിന്നു.

“ഞാന്‍ മാഷോടു യാത്ര പറയാന്‍ വന്നതാണ്.” ആ കണ്ണുകളിലേയ്ക്കു നോക്കിയപ്പോള്‍ സ്വയമറിയാതെ കൂട്ടിച്ചേര്ത്തു : “വിജയത്തിനോടും.”

“ഇനി ഇങ്ങോട്ടെങ്ങും വരില്ലേ?” മറുപടി കിട്ടാഞ്ഞപ്പോള്‍ സ്വയം ഉത്തരവും പറഞ്ഞു. “അല്ലെങ്കില്‍ത്തന്നെ എന്തിനാ വരുന്നേ? ആരെക്കാണാനാ? ഇല്ലേ?”

“കാണാനുള്ള ആള്‍ എപ്പോഴും അകന്നു നില്ക്കു കയല്ലെ? ഈയിടെ മുമ്പില്‍ പോലും വരാറില്ലല്ലോ?”

വിജയം തലയുയര്ത്തി . നനഞ്ഞ കണ്ണുകള്‍.

“എന്താ വിജയം?” സ്വയമറിയാതെ മുന്നോട്ടു നീങ്ങി. ആ കൈകളില്‍ പിടിച്ചു.

“എന്റെ വിജയം...” നിയന്ത്രണം നഷ്ടപ്പെട്ടതു പോലെ തോന്നി. പിടിച്ചടുപ്പിച്ചതും കൈ തട്ടിമാറ്റിയിട്ട് ഏങ്ങലടിച്ചു കൊണ്ട് അകത്തേക്കോടിയപ്പോള്‍ ഭയമാണു തോന്നിയത്.

ഇനി എന്താണുണ്ടാകുക!

പക്ഷെ ഭയം ആശ്വാസത്തിനു വഴി മാറി. വേഷമഴിച്ചു വച്ച നടന്റെ ആശ്വാസം.

പക്ഷെ അത് ഏറെനാള്‍ നീണ്ടു നിന്നില്ല. നഷ്ടബോധം ആശ്വാസത്തെ വിഴുങ്ങി.

ഓര്‍മ്മയില്‍ നിന്നു ഞെട്ടിയുണര്‍ന്നു . വിജയം ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു. ചോദ്യത്തിന്റെ മറുപടി തേടുകയാണോ?

ചായയെടുത്ത് അല്പം കുടിച്ചിട്ടു പറഞ്ഞു: “വിഷമം തോന്നി. എന്തോ ഒന്ന്! എന്നെന്നേക്കുമായി നഷ്ടപ്പെട്ട വിഷമം. അതോടൊപ്പം ഭയവും. ചെയ്തതു തെറ്റായിപ്പോയോ എന്ന ഭയം.”

“എന്തുചെയ്യും? മനസ്സിലെ ആഗ്രഹം അടക്കി വെക്കേണ്ടി വന്നു.”

മുഖത്തു നിന്ന് കണ്ണുകള്‍ പറിച്ചു മാറ്റി, ചായ മുഴുവന്‍ കുടിച്ചു തീര്‍ത്ത് കപ്പു മാറ്റിവച്ചിട്ടു തുടര്‍ന്നു : “ഞങ്ങളുടെ അടുത്ത ബന്ധത്തിലുള്ള ഒരാളിന്റെ മകന്‍. അയാള്‍ എന്നെ കല്യാണം കഴിക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. മരണക്കിടക്കയില്‍ വച്ച് അച്ഛന്‍ അമ്മയ്ക്കു കൊടുത്ത വാക്ക്. അതു നിറവേറ്റേണ്ടിയിരുന്നു, ഞങ്ങള്‍ക്ക്”

ഒന്നും മിണ്ടാതെ കേട്ടിരുന്നു.

"അതു നടന്നിരുന്നെങ്കില്‍ വാക്കു പാലിച്ചെന്നെങ്കിലും ആശ്വസിക്കാമായിരുന്നു.” ഒന്നു നിര്‍ത്തിയിട്ട് കൂട്ടിച്ചേര്‍ത്തു : “എനിക്കും അച്ഛനും.”

“പിന്നെന്തു പറ്റി?”

“നിശ്ചയം വരെ നടന്നതായിരുന്നു. പക്ഷെ ഒരു ആക്‌സിഡന്റില്‍പ്പെട്ട് ആള്‍ മരിച്ചു.” കണ്ണു തുടച്ചിട്ട് മുഖത്തേക്കു നോക്കി പുഞ്ചിരിച്ചു.

“എന്താ ചായ കുടിക്കാത്തേ?”

കപ്പെടുത്ത് അല്പംി കുടിച്ചിട്ട് വീണ്ടും താഴെവച്ചു. പഞ്ചസാര ചേര്‍ത്തു ചായ കുടിക്കാനേ തോന്നുന്നില്ല.

വിജയം ആ ചായക്കപ്പ് കയ്യിലെടുത്തിട്ടു ചോദിച്ചു: “മതിയായോ?”

മതിയെന്ന ഭാവത്തില്‍ തലകുലുക്കി.

വിജയം ആ ചായ ചുണ്ടോടു ചേര്‍ത്ത് പതുക്കെ, ആസ്വദിച്ച് കുടിക്കുന്നതു കണ്ടപ്പോള്‍ ­

മനസ്സിലൊരു തേങ്ങല്‍. അതോടൊപ്പം ആ ചായയുടെ ചൂടും സ്വാദും നെഞ്ചില്‍.

ഇപ്പോഴതിന്റെ മധുരം സ്വാദിഷ്ടമാണ്.

“ദീപാരാധന കഴിഞ്ഞെന്നു തോന്നുന്നു.” വിജയം പറഞ്ഞു.

“സാരമില്ല.” മനസ്സിനെ ഏതോ ലഹരി മൂടിയ അനുഭവം. “വിജയം പോയി തൊഴുതിട്ടു വരൂ. ഞാന്‍ ഈ ആല്‍ത്തറയിലിരിക്കാം.”

“തൊഴാന്‍ വരുന്നില്ലേ?”

“തൊഴുതു. തൊഴുതു കഴിഞ്ഞു.”

“എങ്കില്‍ ഞാനും തൊഴുതു കഴിഞ്ഞു. ഇനി ഇവിടെ അല്പനേരമിരിയ്ക്കാം.”

ഒന്നും സംസാരിക്കാതെ തണുത്ത കാറ്റിന്റെ ആലിംഗനത്തിലമര്ന്ന് എല്ലാം മറന്ന്! എത്രനേരം ഇരുന്നെന്ന് ഓര്‍മ്മയില്ല.

ഇതാണോ ശാന്തി?

ഒരു ശബ്ദം കേട്ടു. കണ്ണു തുറന്നു. കാര്‍ മുന്നില്‍ നില്ക്കുന്നു.

“എട്ടു മണിയായി. ഇനി ഞാന്‍ പോകട്ടെ?”

“ശരി.”

“വീട്ടില്‍ വിടണോ?”

“വേണ്ട. ഞാന്‍ ഇന്ന് ഇവിടെയാണുറക്കം.”

“തണുക്കില്ലേ?”

“ഇല്ല.”

കാറിനടുത്തെത്തി വിജയം തിരിഞ്ഞു നോക്കി. കയറണോ വേണ്ടയോ എന്നു ശങ്കിച്ച് ഒരു നിമിഷം നിന്ന പോലെ.

അപ്പോഴേക്ക് കാറിന്റെ ശബ്ദം ഉച്ചസ്ഥായിയിലായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക