Image

മണിക്കുട്ടിയുമായി ഒരു അഭിമുഖം (കഥ: ജോണ്‍ ഇളമത)

Published on 27 August, 2016
മണിക്കുട്ടിയുമായി ഒരു അഭിമുഖം (കഥ: ജോണ്‍ ഇളമത)
പണ്ടിങ്ങനെ കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു. തെരുവ് പട്ടികള്‍ വൃദ്ധയെ കടിച്ചു കൊന്നു. ഒരു ബാലന്‍െറ മൂക്ക് കടിച്ചു പറിച്ചു.കാലം മാറി.തെരുവു പട്ടികള്‍ക്കും സംഘടന, തനതു രാഷ്ട്രീയം. കുതികാല്‍ വെട്ടികളായ നമ്മളേക്കാള്‍ സംഘടിച്ചു നില്‍ക്കാന്‍ അവകള്‍ പഠിച്ചിരിക്കുന്നു.വിശ്വസിക്കുന്ന ശ്വാനസമൂഹത്തെ അവ വഞ്ചിക്കില്ല.ഒരു പട്ടിക്കില്ലാത്ത വിശ്വാസവഞ്ചനയും, കുതികാല്‍ വെട്ടലും നമ്മുക്കു സ്വന്തം.

അതു കാണ്ടാണ് ചങ്ങനാശേരി നഗരത്തില്‍ തെണ്ടിത്തിരിഞ്ഞു നടന്ന ആ ശ്വാനമഹതിയെ ഇന്‍ര്‍വ്യൂ ചെയ്യാന്‍ ഞന്‍ ശ്രമിച്ചത്.ഞാനൊരു പത്രപ്രവര്‍ത്തകനല്ല, .ഒരു ടിവിക്കാരനല്ല .കാനഡയിലേക്ക് കുടിയേറിയ ഒരുവന്‍. നാട്ടില്‍ ചെന്നപ്പോള്‍ ഇതേ കേള്‍ക്കാനുള്ളൂ. ഒരു ക്യൂരിയോസിറ്റില്‍ എന്തു പറ്റി കേരളത്തിലെ ഈ പട്ടി സമൂഹങ്ങള്‍ക്കെന്നറിയാന്‍ ഒരു ജിജ്ഞാസ.

ഞാന്‍ അവളെ ചന്തയുടെ ഓരത്ത് ബോട്ടുജട്ടിക്ക് സമീപം വച്ചാണ് കണ്ടുമുട്ടിയത്.പെറ്റു പെറ്റ് മുലകള്‍ തൂങ്ങിയ ഒരു പട്ടിണിക്കോലം.പേര,് "മണിക്കുട്ടി'.അവിടെ ധാരാളം പട്ടികള്‍. പട്ടികളുടെ വാസസ്ഥലം അവിടെയാകാന്‍ പല കാരണങ്ങളുണ്ട്.പൊട്ടിപൊളിഞ്ഞ് കാലകരണപ്പെട്ട രണ്ടു തട്ടുകടള്‍.ആരൊക്കയോ ഉപേക്ഷിച്ചുപോയതാണ്. മഴയും കാറ്റും കൊള്ളാതെ പട്ടികള്‍ക്ക് അവയില്‍ ശയിക്കാം, ഇണചേരാം, പെറ്റുപെരുകാം.അവകള്‍ നാളെയെപ്പറ്റി ചിന്തിച്ച് കൊളസ്‌ട്രോളും, ബ്ലഡ്പ്രഷറും കൂട്ടാറില്ലല്ലോ? .ഹാര്‍ട്ടറ്റാക്ക് വിരളം. പിന്നെ ആരെങ്കിലും തല്ലിക്കൊല്ലും വരെ ആയുസ്. .മിക്കപ്പോഴും പട്ടിണി ആയതുകൊണ്ട് വണ്ണം വെക്കുമെന്നും ഭയപ്പെടേണ്ട.

അവിടെ പട്ടികള്‍ പലവിധം, ആണ്‍പട്ടി, പെണ്‍പട്ടി, മുറിവാലന്‍ പട്ടി, ഞൊണ്ടന്‍ പട്ടി, മുറി ചെവിയന്‍ പട്ടി, കൊരങ്ങന്‍െറ മോന്തയുള്ള പട്ടി, ഡാഷ് എന്നു വിളിക്കുന്ന കുള്ളന്‍ എലിപ്പട്ടി, കറുത്ത പട്ടി, വെളുത്ത പട്ടി, കടിയന്‍ പട്ടി, കുളിക്കാത്ത നാറിപ്പട്ടികള്‍, അങ്ങനെ തെരുവ് പട്ടികളുടെ ഒരു കൂട്ടം.ചിലവ കുരക്കും, ചിലവ കൂര്‍ത്ത പല്ലുകള്‍ കാട്ടി മുരളും. രാത്രികാലങ്ങളില്‍ ഒലിയാന്‍ ഇടുന്നവയുണ്ട്. എന്നാലിവക്കൊക്കെ ഒരു ചിട്ടയുണ്ട് വല്ലതും കിട്ടിയാല്‍ കടപിടി കൂടുക, ആര്‍ത്തിയില്‍ കിട്ടുന്നതു പെട്ടന്നകത്താക്കുക. സര്‍വൈവലിന്‍െറ (നിലനില്‍പ്പ്) പ്രശ്‌നത്തില്‍ സ്വാര്‍ത്ഥത വെടിയാനാവില്ലല്ലോ. കാരണം ചന്ത ആഴ്ചയില്‍ രണ്ടു തവണയേ ഉള്ളൂ. അവരെറിയുന്ന ചീഞ്ഞ പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍. പിന്നെ ആശ്രയം ചന്തയിലെ ചന്തമില്ലാത്ത രണ്ടു ഹോട്ടലുകളിലെ ഉഛിഷട്മാണ്. ആ ലോ ക്ലാസ് ഹോട്ടലുകള്‍ പണ്ടൊക്കെ സജ്ജീവമായിരുന്നു. ബോട്ടും, ബട്ടുമെത്തിയാല്‍ അവിടം കുശാലായിരുന്നു. ഇപ്പോ ആര്‍ക്കു വേണമീ നാടന്‍ ഊണ്.കവലേ "മെറീനാ'യിലോട്ട് ചെന്നാല്‍ ബാര്‍ അറ്റാച്ച്ഡ് ഹോട്ടല്‍.ബാറി പോയി രണ്ടെണ്ണം വിട്ടു വന്നാല്‍ തകര്‍പ്പനൂണ്. കരിമിന്‍ വറുത്തത്, കാളാഞ്ചി കറി വെച്ചത്, പാണ്ടിക്കാളേടെ ബീഫ്. പൊറോട്ട, ബ്രോയില്‍ ചിക്കന്‍, മട്ടന്‍ ചാപ്‌സ് എന്നിങ്ങനെ പലയിനം.

ഞാന്‍ പട്ടിണി കൊണ്ട് എരിപിരി കൊണ്ട മണിക്കുട്ടിക്ക് ഒരു പൊതി ചോര്‍ വാങ്ങി കൊടുത്തിട്ട് ഇന്‍റര്‍വ്യൂ ആരംഭിച്ചു.

വാലാട്ടി എന്നെ ഒരു നക്കു നക്കിയിട്ട് മണിക്കുട്ടി കഥ ആരംഭിച്ചു:സാര്‍, ഞാന്‍ ഇവിടെ
തെരുവു വേശ്യയായിരുന്ന ഒരു പെണ്‍ കൊടിച്ചിപട്ടിക്കു പിറന്നതാണ്. സാര്‍, ഓര്‍ക്കണം ഒരു തെരു വ് വേശ്യയുടെ മകള്‍ വയസറിയിക്കും മുമ്പെ ഇവിടെ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടും, പ്രത്യേകിച്ചും ഈ ചന്തയില്‍, ബോട്ടുജട്ടിയില്‍, ബസ് സ്റ്റാന്‍ഡില്‍.അങ്ങനെ ഞാനും ഇവരില്‍
ഒരുവളായി. സാര്‍! ,ഞാനൊന്നു ചോദിക്കട്ടെ ആരാണിതിനൊക്കെ ഉത്തരവാദികള്‍? നിങ്ങള്‍
മനുഷ്യരല്ലേ? പണ്ട് ഞങ്ങളുടെ കൂട്ടര്‍ തെരുവിലൂടെ അലഞ്ഞു നടന്നു പെറ്റിട്ടില്ല. യജമാനന്മാരുടെ
തടങ്കലിലായിരുന്നു പകല്‍, രാത്രി തുറന്നു വിടും, വീടുകളിലെ കാവല്‍ക്കാരായി.വലിയ വീടുകളില്‍
ഗേറ്റില്‍ എഴുതി വെക്കും "പട്ടിയുണ്ട്,സൂക്ഷിക്കുക'!, ഒരൊറ്റ കള്ളനും കേറത്തില്ല. സ്വാതന്ത്ര്യമില്ലാതി
രുന്നേലും നേരത്തിനു നേരം നല്ല ഭക്ഷണം കിട്ടും. വംശവര്‍ദ്ധനവ് നില നിര്‍ത്താന്‍ കരുത്തരെ നിര്‍ത്തീട്ട് ബാക്കി എല്ലാറ്റിനേം വന്ധ്യകരണോം നടത്തും. ഇന്നോ ഞങ്ങടെ പണി മുട്ടി. ഡിജിറ്റല്‍ കള്ളമ്മാരല്ലേ ഇന്നു നാടാകെ. വന്നവഴി പട്ടിയെ മയക്കുമരുന്ന് മണപ്പിച്ചുറക്കും, എന്നിട്ടാ മോഷണം!

അതുകെണ്ട് ഞങ്ങടെ പണി പോയി. ഒരെജമാനനും ഞങ്ങളെ വേണ്ട. അതുകൊണ്ട് എല്ലാരും ഞങ്ങളെ തെരുവിലോട്ടു തള്ളി. പ്രാണന്‍ പേകും വരെ ജീവിക്കണല്ലോ.ഞങ്ങടെ സഥിതി ഇപ്പോ ഇതായി, "തെരുവ് പട്ടികള്‍''!. പരിസ്ഥിതി എന്ന് ബഹളം വച്ചോണ്ടു നടക്കുന്ന നിങ്ങടെ കൂട്ടര് നെറി കെട്ടോരാ!

അതന്താ?
സാറേ,ഞാനും എടക്കൊകെ വെശപ്പു മാറുമ്പോ ടിവി കാണാറൊണ്ട്!
എങ്ങനെ?

ദാ,അങ്ങോട്ട് നോക്ക്! അതു ബീരാംകട്ടീടെ ഹോട്ടലാ, അങ്ങേപ്പറത്തെ നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ പോലൊന്നുമല്ല അത്. ആകെ ഈ ചന്തേ തെരക്കൊള്ളതവടെ മാത്രമാ. ചന്ത ദിവസം ചൊമട്ടുകാരെല്ലാം ബിരിയാണി കഴിക്കുന്നത് അവിടുന്നാ.അതാ,ഞങ്ങടെ നിലനില്‍പ്പ്, അവരുടെ ഉച്ഛിഷ്ടം. ബോധമില്ലാത്തോരാ ചൊമട്ടുകാര്. അവര്‍ക്ക് വൃത്തീം വെടിപ്പുമില്ലെന്ന് ബീരാംകുട്ടി മിക്കപ്പോഴും സഹധര്‍മിണിയായ മറിയം ഉായോട് പറേന്നത് ഞാം കേട്ടിട്ടൊണ്ട്. ആയാളാ ആത്മാര്‍ത്ഥത ഇല്ലാത്തോന്‍. ദാ,കണ്ടില്ലേ അവിടെ ഒരു വീപ്പ.പട്ടി വലിച്ചെറിയാതെ അതില്‍ എച്ചില്‍ ഇടണമെന്നാ അയാടെ നിഷ്ക്കര്‍ഷ! ബോധമില്­താത്ത ചൊമട്ടുകാരതു കേക്കുമോ! എച്ചില്‍ അവര്‍ ഞങ്ങടെ നരെ എറിയും.ഒരു കണക്കിന് അവരാ കാരുണ്യോളോര്.അല്ലെങ്കി ഞങ്ങള് പട്ടിണി കെടന്ന് ചത്തേനേം.നോക്ക് ആ "നോണ്‍ വെജ്' ഹോട്ടലി ഒരു പട്ടി പോലും കേറുന്നില്ല.ആര്‍ക്കു വേണം! ,അവിടത്തെ ഒണങ്ങിയ ദോശ!

ടിവി കാണുന്ന കാര്യമാ നമ്മളു പറഞ്ഞോണ്ടിരുന്നത്!

അതു പറയാം,സാറെ അതിനു മമ്പ് ഞാന്‍ ഞങ്ങടെ സര്‍വൈവലിന്‍െറ കാര്യം ഒന്ന്
മനസിലാക്കി തന്നതാ.ആഴ്‌ച്ചേ രണ്ടു ദിവസം ചന്ത ഒള്ളപ്പഴാ ഞങ്ങള് വയറു നെറച്ച് വല്ലോം കഴിക്കുന്നത്. അവിടെ തന്നാ ടീവി! ചന്ത ഒള്ളപ്പം ചൊമട്ടുകാര് ബിരിയാണിക്കിരിക്കുമ്പഴാ ബീരാംകുട്ടി ടിവി വെക്കുന്നത്. അപ്പോ ഞാനതിന്‍െറ വാതുക്കല്‍ പോയി നിന്ന് ടിവികാണും. അങ്ങനെ ഒരിക്കല്‍ കണ്ടു നിന്നപ്പം കണ്ടു. ആന വലിയ മൃഗമാണല്ലോ! അവക്കും ജീവിക്കാന്‍ എടം വേണോല്ലോ! പക്ഷേ പരിസ്ഥിതി പാടി നടക്കുന്ന മനുഷ്യര്‍ അവരടെ വാസസ്ഥലോം കയേ്‌­നറി.കാട്്‌വെട്ടിത്തെളിച്‌­ന് വാഴവെച്‌­നു.അതേ കുറേ കാട്ടീന്ന് ആന ഇറങ്ങി തിന്നു.പിന്നെ ആകെ ബഹളം! പടക്കം പൊട്ടിച്ച് അവറ്റകളെ ഭീഷണിപ്പെടുത്തി അകറ്റുക. സാറ് പറയണം?,ആര്‍ക്കാണ് സ്വാര്‍ത്ഥത, ആര്‍ക്കാണ് സ്‌നേഹമില്ലായ്മ! ആരാണ് നെറിവു കെട്ടവര്‍! മനുഷ്യരോ,മൃഗങ്ങളോ!

ഞാന്‍ ചൂളിപ്പോയി. വെറും ഒരു പട്ടിയുടെ തത്വജ്ഞാനം, ജ്ഞാനികളെന്നഭിമാനിക്കന്ന മനുഷേമ്മാരെടെ അജ്ഞത!
ആട്ടെ, മണിക്കുട്ടിക്കിവിടെ സുഖം തന്നോ?
സുഖം,പരമസുഖം,പട്ടിണിയാണേലും.ഞങ്ങള്‍ പണ്ടത്തെ മുദ്രാവാക്യം അങ്ങു മാറ്റി.
എന്തോന്ന്?
"ഒരു പട്ടിക്ക് ഒരു പട്ടിയെ കണ്ടു കൂടാ'ന്നുള്ളത്, ഞങ്ങള്‍ ഇപ്പോള്‍ സംഘടിതരാണ്. അവകാശങ്ങള്‍ക്കു വേണ്ടി ഒന്നിച്ചു നിന്ന് പോരാടും. ഇപ്പോ ഞങ്ങളുപേക്ഷിച്ചമുദ്രാവാക്യം നിങ്ങടെ കൂട്ടരെടുത്തിരിക്കുക.

എന്ത്?

ഞാമ്പറഞ്ഞത് നിങ്ങടെ കൂട്ടര് എന്തും ചെയ്‌­നുമെന്നു തന്നെ, ഒരുത്തന് ഒരുത്തനെ കണ്ടുകൂടാ ,ചതി, വഞ്ചന, കൂറുമാറ്റം,ഗോസിപ്പ്,തക്കം കിട്ടിയ സകലോം അടിച്ചു മാറ്റും.

അപ്പോ ഞാനൊന്നു ഞെട്ടി എന്‍െറ ചെറിയ ബാഗ് തപ്പി.അഭിമുഖത്തിനിടെ അടുത്തു വെച്ചിരുന്ന എന്‍െറ ചെറിയ പോക്കറ്റ് ബാഗ് അപ്രത്യക്ഷമായിരിക്കുന്നു, അതില്‍ വിസാ കാര്‍ഡ്,പാസ്‌പോര്‍ട്ട്,കുറെ ഡോളര്‍, കുറച്ചധികം രൂപാ,ബാഗ് അപ്രത്യക്ഷമായിരിക്കുന്നു.

എവിടെ?,ഞാന്‍ ഞെട്ടി എണീറ്റു,ചുറ്റിലും പകച്ചു നോക്കി.
എന്ത!...എന്തുപറ്റി സാര്‍?
എന്‍െറ വാലറ്റും,കാര്‍ഡുമൊക്കെ പോയതു കൂടാതെ എന്‍െറ പാസ്‌പോര്‍ട്ട് വരെ അതിലായിരുന്നു, എന്‍െറ അരികത്ത് വെച്ചിരുന്ന പോക്കറ്റ് ബാഗി....അതെവിടെ പോയി. ഞാന്‍ പരിഭ്രമിച്ചു.

അപ്പോ മണിക്കുട്ടി ശാന്തയായി മൊഴിഞ്ഞു: ഞാനപ്പഴേ വിചാരിച്ചതാ,ആ തെണ്ടി എഴുന്നേറ്റു പോയപ്പം! സാറിന്‍െറ ബാഗ് വെച്ചിരുന്നേന്‍െറ അപ്പറത്ത് ആ ഒടിഞ്ഞ പഴേ മുന്‍സിപാലിറ്റി വിളക്കിന്‍െറ കീഴെ തുണി വിരിച്ച് ഒരുത്തന്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നതു സാറു
ശ്രദ്ധിച്ചില്ല!
ഇല്ല!

അതാ പറ്റീത്,അവന്‍ സാറിന്‍െറ ബാഗ് അടിച്ചു മാറ്റി സ്ഥലം വിട്ടതാകാം. ഞാനും
ശ്രദ്ധിച്ചില്ല. ഇതിവിടെ പതിവാ,അല്ലേലും തെണ്ടിക്ക്, എന്തു മൊറാലിറ്റി, അവനും മനുഷ്യനല്ലേ!!!! 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക