Image

കശ്‌മീര്‍ സംഘര്‍ഷം 50 നാള്‍ പിന്നിടുന്നു

Published on 27 August, 2016
കശ്‌മീര്‍ സംഘര്‍ഷം 50 നാള്‍ പിന്നിടുന്നു
ന്യൂഡല്‍ഹി: കശ്‌മീര്‍ സംഘര്‍ഷം 50ാം ദിവസവും ശക്തമായി തുടരുന്നതിനിടെ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ താഴ്വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ക്രിയാത്മകനിര്‍ദേശങ്ങളോ നടപടികളോഉണ്ടായില്ല. 

പാകിസ്ഥാനെ പഴിചാരലും സമാധാനത്തിനുള്ള ആഹ്വാനങ്ങളുംമാത്രമാണ്‌ ഇരുനേതാക്കളില്‍നിന്നും ഉണ്ടായത്‌. ക്രമസമാധാന പരിപാലനം അതത്‌ സംസ്ഥാനങ്ങളുടെ ദൌത്യമാണെന്ന നിലപാട്‌ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മൊബൈല്‍ ഫോണുകളും ലൌഡ്‌ സ്‌പീക്കറുകളും ഉപയോഗിച്ച്‌ ആളുകളെ കൂട്ടിയാണ്‌ പലയിടത്തും സംഘര്‍ഷം ആസൂത്രണംചെയ്യുന്നത്‌. ഈ രീതിയില്‍ ആളുകള്‍ കൂട്ടംകൂടുന്നത്‌ കര്‍ശനമായി നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ആവശ്യമുണ്ടെന്ന്‌ മെഹ്‌ബൂബ മുഫ്‌തി ചൂണ്ടിക്കാണിച്ചു.

അനൌദ്യോഗികചര്‍ച്ചയ്‌ക്ക്‌ മുന്‍കൈ എടുക്കാന്‍ യോഗത്തില്‍ ധാരണയായി. ആദരണീയരായ മുതിര്‍ന്ന പൌരന്മാരുടെയും വിഘടനവാദി നേതാക്കളുടെയും ആഭിമുഖ്യത്തില്‍ സമാധാനചര്‍ച്ചകള്‍ തുടരും. അടുത്ത ആഴ്‌ച അവസാനത്തോടെ സര്‍വകക്ഷിസംഘം താഴ്വര സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി അനൌദ്യോഗിക ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം വഹിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കും.

 കശ്‌മീരില്‍ അശാന്തിയുടെ വിത്തുകള്‍ വിതയ്‌ക്കുന്നത്‌ പാകിസ്ഥാനാണെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മെഹ്‌ബൂബ മുഫ്‌തി മാധ്യമങ്ങളോട്‌ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാന്‍ കശ്‌മീര്‍ജനത ഒരവസരമെങ്കിലും തനിക്ക്‌ നല്‍കണം. കശ്‌മീരിലെ സ്ഥിതിയില്‍ പ്രധാനമന്ത്രിക്ക്‌ ആശങ്കയുണ്ട്‌. കുട്ടികളും ചെറുപ്പക്കാരും സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നതിലും പരിക്കേല്‍ക്കുന്നതിലും ഒരമ്മയെന്ന നിലയിലും താന്‍ ആത്മാര്‍ഥമായി ദുഃഖിക്കുന്നുണ്ട്‌ മെഹ്‌ബൂബ പറഞ്ഞു.

അതേസമയം, 50ാം ദിവസവും കര്‍ഫ്യു തുടരുന്ന സംസ്ഥാനത്ത്‌ പ്രതിഷേധപ്രകടനങ്ങളും ഏറ്റുമുട്ടലുകളും തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക