Image

ഇലക്ഷന്‍ വിജയത്തിലേക്ക് ഉന്നം വച്ചു കൊണ്ട് ലതിക മേരി തോമസ്

Published on 28 August, 2016
ഇലക്ഷന്‍ വിജയത്തിലേക്ക് ഉന്നം വച്ചു കൊണ്ട് ലതിക മേരി തോമസ്
എടുത്താല്‍ പൊങ്ങാത്ത തോക്കുമായി 'ലതിക' മേരി തോമസ് ഉന്നം വയ്ക്കുന്നത് ഇലക്ഷന്‍ വിജയമാണ്. ചൊവ്വാഴ്ച ഫ്‌ളോറിഡയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വിജയം കണ്ടാല്‍ യു.എസ്. കോണ്‍ഗ്രസില്‍ ഈ ആലപ്പുഴക്കാരിയും പാലക്കാട് സ്വദേശിയായ പ്രമീല ജയപാല്‍ മേനോനൊപ്പം ഉണ്ടാവുമെന്നുറപ്പിക്കാം.

ഫ്‌ളൊറിഡ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എല്‍ഡര്‍ ആഫയെഴ്‌സ് ജനറല്‍ കോണ്‍സല്‍ ആയിരുന്ന അറ്റൊര്‍ണി ലതിക മേരി തോമസ്, 37, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി രണ്ടാം ഡിസ്ട്രിക്റ്റില്‍ നിന്നു കോണ്‍ഗ്രസിലേക്കു മത്സരിക്കുന്നു. ഡമൊക്രാറ്റിക് പാര്‍ട്ടിയിലെ ഗ്വെന്‍ ഗ്രഹാം ആണു നിലവിലുള്ള കോണ്‍ഗ്രസംഗം. അവര്‍ മത്സരിക്കുന്നില്ല.

ഫ്‌ളോറിഡയുടെ തലസ്ഥാനമായ ടലഹസി, പനമ സിറ്റി എന്നിവ അടങ്ങുന്നതാണ് രണ്ടാം ഡിസ്ട്രിക്റ്റ്.
ഇന്ത്യന്‍ വോട്ടര്‍മാര്‍ അധികമില്ലെങ്കിലും അവര്‍ മേരി തോമസിനു പിന്തുണയുമായി രംഗത്തുണ്ടെന്നുപിതാവ് ഡോ. ടോം തോമസ് പറഞ്ഞു. കടുത്ത മത്സരമാണെങ്കിലും പുത്രി വിജയിക്കുമെന്നു തന്നെ ഞങ്ങള്‍ കരുതുന്നു- ടാമ്പയില്‍ നിന്നു ഭാര്യ ഡോ. ആനിയോടൊപ്പം ടലഹസിയിലേക്കു കാറോടിക്കവെ ഡോ. തോമസ് പറഞ്ഞു. യുവ തലമുറയുടെ പ്രതിനിധിയാണു ലതിക. അതിനാല്‍ യുവ ജനതയുടെ വലിയ പിന്തുണയുണ്ട്. പാര്‍ട്ടിയിലെ പല വമ്പന്മാരും സംഘടനകളും പിന്തുണക്കുന്നു. അതു പോലെ തന്നെ യാഥാസ്ഥിക വിഭാഗം ലതികക്കൊപ്പമുണ്ട്.

റിപ്പബ്ലിക്കന്‍ എതിരാളികള്‍ രണ്ടു പേരുണ്ടെങ്കിലും പാര്‍ട്ടി ഭാരവാഹികളുടെ പിന്തുണയുള്ള സര്‍ജന്‍ ഡോ. നീല്‍ ഡണ്‍ ആണു പ്രധാന എതിരാളി.

തോക്കു കൈവശം വയ്ക്കാന്‍ അനുമതി നല്‍കുന്ന സെക്കന്‍ഡ് അമെന്‍ഡ്‌മെന്റിനെ പിന്തുണക്കുന്ന മേരി തോമസിനു അതിശക്തരായ നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തോക്കു പിടിച്ചുള്ള മേരി തോമസിന്റെ ചിത്രത്തില്‍ പ്രസിഡന്റ് ഒബാമയുടേയും ഹിലരി ക്ലിന്റന്റെയും തോക്കു നിയന്ത്രണ നിയമങ്ങളെമേരി തോമസ് എതിര്‍ക്കുമെന്ന് എന്‍.ആര്‍.എ നേതാവ് ക്രിസ് കോക്‌സ് ചൂണ്ടിക്കാട്ടുന്നു

തോക്കിന്റെ കാര്യത്തില്‍ മാത്രമല്ല ഇമ്മിഗ്രേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ റിപ്പബ്ലിക്കന്‍ നയങ്ങളെ മേരി തോമസ് പിന്തുണക്കുന്നു.

ഒബാമ കെയറിനെയും ഇല്ലീഗല്‍ ഇമ്മിഗ്രന്റ്‌സിനു ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെയും ചോദ്യം ചെയ്യുന്ന അവര്‍ ഗേ മാരിയേജും ഒബാമ കെയറും അംഗീകരിച്ച സുപ്രീം കോടതി വിധിയെയും എതിര്‍ക്കുന്നു.

തന്റെ മാതാപിതാക്കള്‍ ലീഗലായി കുടിയേറിയവരാണെന്നും എല്ലാ നിയമവും അനുസരിക്കുന്നവരാണെന്നും  അവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം ലംഘിച്ച് കുടിയേറിയവര്‍ക്കും അതേ ആനുകൂല്യങ്ങള്‍  ലഭ്യമാക്കുന്ന പ്രസിഡന്റിന്റെ നടപടി അംഗീകരിക്കാനാവില്ല. നികുതി കുറക്കുക, യു.എസ്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിടുക, കോമണ്‍ കോര്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് നിര്‍ത്തലാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അവര്‍ മുന്നോട്ടു വയ്ക്കുന്നു.

ടാമ്പക്കടുത്ത് പാം ഹാര്‍ബറില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി ഡോ. ടോം തോമസിന്റെയും പാലാ സ്വദേശി ഡോ. ആനിയുടെയും രണ്ടാമത്തെ പുത്രിയാണു ലതിക തോമസ്. പാല സെന്റ് തോമസ് കോളജിലെ പ്രൊഫസറായിരുന്ന മാണിയുടെ പുത്രിയാണു ഡോ. ആനി.

മുത്ത പുത്രി ഡോ. കവിത മയാമിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ഇളയ പുത്രന്‍ പ്രേം ന്യു യൊര്‍ക്കില്‍ ഇന്‍ വസ്റ്റ്മന്റ് ബാങ്കറായിരുന്നു. ഇപ്പോള്‍ ഫ്‌ളോറിഡയില്‍ സ്വന്തം ബിസിനസ് നടത്തുന്നു.

പുത്രി ഇലക്ഷനു നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നു ആല്‍ സൈമേഴ്‌സ് ഗവേഷകനായ ഡോ. ടോം പറഞ്ഞു. രണ്ടാം ഡിസ്ട്രിക്ടില്‍ പൊതുവെ കണ്‍സര്‍വേറ്റിവിനാണു  മുന്‍ തൂക്കം.

മിഡില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലതിക ഫ്‌ളോറിഡ അസംബ്ലിയിലും ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ യു.എസ് കോണ്‍ഗ്രസിലും സഹായി ആയി പ്രവര്‍ത്തിച്ചു. പിന്നീടു വിവിധ സംഘടനകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു.

ഗവര്‍ണര്‍ റിക്ക് പെറിയുടെ ടീമില്‍ സജീവമായ ലതികക്കു ഗവര്‍ണറുടെ ശക്തമായ പിന്തുണയുമുണ്ട്.
അത് ലറ്റായ ലതിക ഗള്‍ഫ് വിന്‍ഡ് ട്രാക്ക് ആന്‍ഡ് ട്രയത്തലന്‍ ക്ലബ് അംഗമാണു. ദീര്‍ഘ ദൂര ഓട്ടത്തില്‍ പങ്കെടുമ്പോഴാണു ജോണ്‍ കോങ്കസ് വിവാഹാഭ്യര്‍ഥന നടത്തിയത്.
പുത്രന്‍ ലൂക്ക്. സെന്റ് തോമസ് മൂര്‍ കാത്തലിക്ക് ചര്‍ച്ചില്‍ അംഗങ്ങളാണു കുടുംബം. 

ആശയപരമായി ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് മേരി തോമസും വാഷിംഗ്ടണ്‍ (സിയാറ്റില്‍) സ്റ്റേറ്റ് സെനറ്ററായ പ്രമീളയും. മേരി തോമസ് കടൂത്ത റിപ്പബ്ലിക്കനും യാഥാസ്ഥിതികയും. പ്രമീളയാകട്ടെ ഡെമോക്രാറ്റും കടൂത്ത ലിബറലും. സെന. പ്രമീള പ്രൈമറി ജയിച്ചു കഴിഞ്ഞു.

(പാര്‍ട്ടി ഏതായാലും ഇന്ത്യാക്കാര്‍ ജയിച്ചാല്‍ മതി!)
ഇലക്ഷന്‍ വിജയത്തിലേക്ക് ഉന്നം വച്ചു കൊണ്ട് ലതിക മേരി തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക