Image

അന്തര്‍വാഹിനി ചോര്‍ച്ച; ഇന്ത്യക്ക് സംഭവിക്കുന്ന നഷ്ടമെന്ത് ?(ജോയ് ഇട്ടന്‍ )

ജോയ് ഇട്ടന്‍ Published on 28 August, 2016
അന്തര്‍വാഹിനി ചോര്‍ച്ച; ഇന്ത്യക്ക് സംഭവിക്കുന്ന നഷ്ടമെന്ത് ?(ജോയ് ഇട്ടന്‍ )
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 30 അന്തര്‍വാഹിനികള്‍ കൂടി സ്വന്തമാക്കാനുള്ള ലക്ഷ്യവുമായി ഇന്ത്യയുടെ പ്രതിരോധ വകുപ്പ് നീങ്ങുമ്പോഴാണ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ രഹസ്യരേഖകള്‍ ചോര്‍ന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധവകുപ്പും ഫ്രഞ്ച് പ്രതിരോധ സുരക്ഷാ വിഭാഗവും സംയുക്താന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തില്‍ ചോര്‍ന്ന രേഖകളുടെ യഥാര്‍ഥ സ്വഭാവമെന്ത്, ഇന്ത്യക്ക് സംഭവിക്കുന്ന നഷ്ടമെന്ത്, ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഇന്ത്യക്കോ ഫ്രാന്‍സിനോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകണം.
അതീവരഹസ്യ സ്വഭാവമുള്ള ഇന്ത്യയുടെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളെക്കുറിച്ചുള്ള രേഖകള്‍ ചോര്‍ന്നുവെന്നത് നിസാരകാര്യമല്ല. അന്തര്‍വാഹിനികളില്‍ അതിനൂതനമാണിവ, മികച്ചതും. ഓളങ്ങളും ശബ്ദവുമുണ്ടാക്കാതെ സഞ്ചരിക്കുവാന്‍ ഇവയ്ക്ക് കഴിയും. 

രഹസ്യമായതൊന്നും ചോര്‍ന്നിട്ടില്ലെന്നും വാണിജ്യസംബന്ധമായ രേഖകളാണ് നഷ്ടപ്പെട്ടതെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുക്കാനാവില്ല. ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രാലയം ഇരുട്ടില്‍ തപ്പുകയാണെന്ന് വ്യക്തം. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാകട്ടെ സൈബര്‍ നുഴഞ്ഞുകയറ്റത്തിലൂടെയും രഹസ്യരേഖാ ശേഖരണം നടന്നിരിക്കാമെന്ന നിഗമനത്തിലാണ്. അതീവജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ഒരു മന്ത്രിയുടെ പ്രതികരണമാണിത്. ആര്‍ക്കും വ്യക്തമായ ഒരു തിട്ടവും ഇല്ലെന്ന് ചുരുക്കം. 
വാര്‍ത്ത പുറത്തുവിട്ട 'ദി ഓസ്‌ട്രേലിയന്‍' പത്രം പറയുന്നത് 22400 രേഖകള്‍ അവരുടെ കൈയിലുണ്ടെന്നും കുറച്ചു രേഖകള്‍ മാത്രമാണ് പുറത്തുവിടുന്നതെന്നുമാണ്. രഹസ്യസ്വഭാവമുള്ള രേഖകള്‍ അവരുടെ കൈയിലുണ്ടെന്ന് പത്രം പറയുന്നുണ്ടെങ്കിലും അതെത്രമാത്രം വിശ്വാസയോഗ്യമാണെന്ന് പറയാന്‍ പറ്റില്ല. മുങ്ങിക്കപ്പലുകളുടെ രഹസ്യസ്വഭാവം ചോര്‍ന്നുപോവുകയെന്നു പറഞ്ഞാല്‍ സൈന്യത്തിന്റെ ഏറ്റവും രഹസ്യസ്വഭാവമുള്ള ആയുധങ്ങളെക്കുറിച്ചും അതിന്റെ നിര്‍മിതിയെക്കുറിച്ചും അന്തര്‍വാഹിനികളുടെ ഗതിവിഗതികളെക്കുറിച്ചുമുള്ള സൂക്ഷ്മമായ വിവരങ്ങള്‍ നഷ്ടപ്പെടുക എന്നുതന്നെയാണ്. 

അന്തര്‍വാഹിനികള്‍ സമുദ്രത്തില്‍ സൃഷ്ടിക്കുന്ന ശബ്ദതരംഗങ്ങള്‍, അന്തര്‍വാഹിനികളുടെ ചലനം, അവയുടെ ആകൃതിയും വലിപ്പവും, സഞ്ചാരപഥം എന്നിവയെല്ലാം ചോര്‍ത്തിയെടുക്കാന്‍ എതിരാളികള്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്നത് സ്വാഭാവികം. മാസഗോണില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ പ്രത്യേകതകള്‍ ഏറെയാണ്. അതിശക്തവും രഹസ്യം ചൂഴ്ന്നുനില്‍ക്കുന്നതുമായ ശബ്ദക്രമീകരണം. അതിനൂതനമായ ആയുധങ്ങള്‍ വഹിക്കാനും ആക്രമണശേഷിയുമുള്ളവ. ചുറ്റുപാടുകളെ നിരീക്ഷിച്ചറിയുവാന്‍ കുറ്റമറ്റ സംവിധാനം, എതിരാളികളുടെ സെന്‍സറുകള്‍ക്ക് പിടിച്ചെടുക്കാനാവാത്തവിധം കുറഞ്ഞ ശബ്ദത്തില്‍ ചലിക്കാന്‍ കഴിയുന്നത് തുടങ്ങി നിരവധി പ്രത്യേകതകളുള്ള സ്‌കോര്‍പീന്‍  അന്തര്‍വാഹിനികളുടെ രേഖകള്‍ ചോര്‍ന്നുവെന്നത് ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ നിരുത്തരവാദിത്വം തന്നെയാണ്. 

അന്തര്‍വാഹിനികളുടെ നിര്‍മാണം മാസഗോണില്‍ ഏതാണ്ട് അവസാനഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് രഹസ്യസ്വഭാവം ചോര്‍ന്നുപോയിരിക്കുന്നതിനാല്‍ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ പ്രതിരോധവകുപ്പിനും ഒഴിഞ്ഞുമാറാനാവില്ല. ചോര്‍ന്നതെന്താണെന്നും എവിടെ വച്ചാണ് ചോര്‍ന്നതെന്നും ഇപ്പോഴും ശരിയായി തിട്ടപ്പെടുത്തുവാന്‍ കഴിയാത്ത അവസ്ഥയുള്ളതിനാലും നിര്‍മാണം അവസാനഘട്ടത്തിലെത്തിയതിനാലും കരാര്‍ റദ്ദാക്കാനും കഴിയില്ല. മൂന്നര ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കി അന്തര്‍വാഹിനികള്‍ ഇന്ത്യ വാങ്ങുകതന്നെ വേണ്ടിവരും. രഹസ്യരേഖകള്‍ തന്നെയാണ് ചോര്‍ന്നതെങ്കില്‍ സ്‌കോര്‍പിയോ എവിടെയാണ് അദൃശ്യമായിരിക്കുന്നതെന്ന് എതിരാളികള്‍ക്ക് കൃത്യമായി അറിയുവാന്‍ കഴിയും. വേഗത്തിലെ ഏറ്റക്കുറച്ചിലുകള്‍, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആഴം, എന്‍ജിന്‍ ശബ്ദം, സമുദ്രത്തിന്റെ ഉപരിതലത്തിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിലെ വ്യത്യാസം ഏതുദിശയിലാണെന്നത് എല്ലാം ശത്രുക്കള്‍ക്ക് അറിയുവാന്‍ പറ്റും. ആശ്വസിക്കാനുള്ളത് അതീവരഹസ്യ സ്വഭാവമുള്ള സാങ്കേതിക രേഖകളാണ് ചോര്‍ന്നതെങ്കില്‍ അത് ലഭിച്ചവരാരും പുറത്തുവിടുകയില്ല എന്നതാണ്. രേഖകള്‍ കൈയില്‍വച്ച് അത് ഉപയോഗപ്പെടുത്തുവാനായിരിക്കും എതിരാളികള്‍ ശ്രമിക്കുക. ഓസ്‌ട്രേലിയന്‍ പത്രം പുറത്തുവിട്ട രേഖകള്‍ ആര്‍ക്കും ലഭിക്കാവുന്ന 'നിയന്ത്രിത' രേഖകളുടെ ഗണത്തില്‍പെട്ടതാണെങ്കില്‍ ഇങ്ങനെ സമാധാനിക്കാം. ഫ്രഞ്ച് പ്രതിരോധവകുപ്പും ഇന്ത്യന്‍ പ്രതിരോധവകുപ്പും രേഖകളുടെ ചോര്‍ച്ചകളെ സംബന്ധിച്ച് അന്വേഷണത്തിനുത്തരവിട്ടിരിക്കുന്നതിനാല്‍ അന്വേഷണഫലം പുറത്തുവരും  വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. 

ഇന്ത്യന്‍ പ്രതിരോധവകുപ്പ് ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസുമായി നടത്തിയ കരാര്‍ നഷ്ടത്തില്‍ കലാശിക്കുമോ എന്നതാണ് ചിന്തിക്കേണ്ടത്. ഫ്രഞ്ച് യുദ്ധക്കപ്പല്‍ നിര്‍മാണ കമ്പനിയായ  സി.ഡി.എന്‍.എസ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആയുധനിര്‍മാണ  കമ്പനിയാണ്. വിവാദങ്ങളും കമ്പനിയെ വിടാതെ പിന്തുടരുന്നുണ്ട്. മുങ്ങിക്കപ്പല്‍ നിര്‍മാണത്തിനായി ജപ്പാന്റെയും ജര്‍മനിയുടെയും കമ്പനികള്‍ ഇന്ത്യയെ സമീപിച്ചുവെങ്കിലും  ഫ്രഞ്ച് കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. ഇതില്‍ അസൂയപൂണ്ട കമ്പനി എതിരാളികളായിരിക്കാം രേഖകള്‍ പുറത്തുവിട്ടതെന്നാണ് ഡി.സി.എന്‍.എസിന്റെ നിഗമനം. രേഖകള്‍ പരസ്യമായതിലൂടെ ഫ്രഞ്ച് ആയുധക്കപ്പല്‍ നിര്‍മാണക്കമ്പനിയുടെ വിശ്വാസ്യത ചോര്‍ന്നുപോവും. മലേഷ്യയില്‍ ഇതേകമ്പനി രണ്ടു സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ നല്‍കുന്നത് സംബന്ധിച്ച് നേരത്തേ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ നാവികസേനയെ സംബന്ധിച്ചിടത്തോളം തലവേദനകളുടെ നാളുകളാണ് വരാനിരിക്കുന്നത്. ഏതൊക്കെ രേഖകളാണ് ചോര്‍ന്നതെന്ന് വ്യക്തമായാല്‍ മാത്രമേ പരിഹാരം എങ്ങനെ വേണമെന്ന് ആലോചിക്കാന്‍ പോലും പറ്റൂ. 

രേഖകള്‍ ചൈനയുടെയോ പാകിസ്താന്റെയോ കൈവശം എത്തിപ്പെട്ടാല്‍ അത് വലിയ ആഘാതം തന്നെയായിരിക്കും. ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങളെല്ലാം അവതാളത്തിലാകും. ഇപ്പോള്‍ തന്നെ ചൈനയുടെ നാവികശക്തി നമ്മുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഏറെ പിന്നിലാണ്. ചോര്‍ന്ന രേഖക ളില്‍ രഹസ്യസ്വഭാവമുള്ളവ ചൈനയുടെ കൈയിലെത്തിയിട്ടുണ്ടെങ്കില്‍  കാര്യങ്ങള്‍ ഏറെ ഗുരുതരമാകും. രാജ്യത്തിന്റെ നിലവിലുള്ള അന്തര്‍വാഹിനികളെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയാറുണ്ടെങ്കിലും പലതും അറ്റകുറ്റപണികള്‍ക്കായി കരയിലാണ്. മറ്റുചിലത് പഴഞ്ചനുമാണ്. മുപ്പതുവര്‍ഷത്തിലധികം പഴക്കമുള്ള അന്തര്‍വാഹിനികള്‍ വരെ സഞ്ചാരം നിര്‍ത്തിയിട്ടില്ല. ഈ പരിമിതികളെല്ലാം മറികടക്കാനാണ് അത്യാധുനിക അന്തര്‍വാഹിനികള്‍ സ്വന്തമാക്കാന്‍ മാസഗോണില്‍ ഫ്രഞ്ച് സാങ്കേതിക സഹായത്തോടെ സ്‌കോര്‍പീന്‍  അന്തര്‍വാഹിനികളുടെ നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. 

മുംബൈയിലെ മാസഗോണ്‍ ഡോക്കില്‍ ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ചുകൊണ്ടിരിക്കുന്ന സ്‌കോര്‍പിയോ അന്തര്‍വാഹിനികളെ സംബന്ധിച്ച സാങ്കേതിക രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നായിരിക്കാമെന്നാണ് ഫ്രഞ്ച് കമ്പനി പറയുന്നത്. ഇതിനു ന്യായീകരണമായി അവര്‍ പറയുന്നത് സാങ്കേതികവിദ്യ നല്‍കുക മാത്രമേ തങ്ങളുടെ ഉത്തരവാദിത്വത്തിലുള്ളൂവെന്നും അത് നല്‍കിക്കഴിയുന്നതോടെ ഉത്തരവാദിത്വം തീരുകയും പിന്നീട് അന്തര്‍വാഹിനികളുടെ രൂപകല്‍പന തുടങ്ങിയ എല്ലാ ജോലികളും ഇന്ത്യന്‍ നാവികസേനയുടെ ഉത്തരവാദിത്വത്തിലാണെന്നുമാണ്. എന്നാല്‍ രേഖകള്‍ അധികവും പുറത്തുവന്നത് വിദേശത്തുനിന്നാണെന്നാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്. ഇതിനെല്ലാം വ്യക്തതെ ഉണ്ടായേ തീരു.ഇത് രാജ്യത്തിന്റെ സുരക്ഷയുടെ പ്രശനം ആണ്.അത് അത്ര നിസ്സാരമായികാണാന്‍ സാധിക്കില്ല.

അന്തര്‍വാഹിനി ചോര്‍ച്ച; ഇന്ത്യക്ക് സംഭവിക്കുന്ന നഷ്ടമെന്ത് ?(ജോയ് ഇട്ടന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക