Image

രമ്യ മാപ്പു പറയരുത്: (മാറ്റുവിന്‍ ചട്ടങ്ങളെ -ദല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 29 August, 2016
രമ്യ മാപ്പു പറയരുത്:  (മാറ്റുവിന്‍ ചട്ടങ്ങളെ -ദല്‍ഹി കത്ത് : പി.വി.തോമസ്)
ചില നിയമങ്ങള്‍ മാറുകയില്ല. ഭരണാധികാരി മാറിയാലും ഭരണാധികാരിയുടെ കൊടിയടയാളം മാറിയാലും ദേശീയത തന്നെ മാറിയാലും. ഞാന്‍ പല തവണ പലവേദികളില്‍ ഭാഷണത്തിലും എഴുത്തിലും ആവര്‍ത്തിച്ചിട്ടുള്ള ഒരു വിശ്വാസപ്രമാണം ഉണ്ട്. ഭരണാധികാരിയുടെ ഭാഷ മാറിയേക്കാം. ദേശീയത മാറിയേക്കാം. തൊലിയുടെ നിറം മാറിയേക്കാം. പക്ഷേ, സ്വഭാവം മാറുകയില്ല. അവന്റെ സ്വഭാവം പ്രകടമാകുന്നത് അവന്റെ നിയമങ്ങളിലൂടെയാണ്. ആ നിയമങ്ങളിലൂടെ ഭരിക്കപ്പെടുന്നവന്റെ സ്വതന്ത്രചിന്തയെയും നിഷേധത്തെയും പ്രതിഷേധത്തെയും അടിച്ചമര്‍ത്തി കയ്യാമം വച്ച് കല്‍തുറങ്കലില്‍ അടക്കുന്നതിലൂടെയാണ്.

കോളനി വാഴ്ചയുടെ അവശിഷ്ടങ്ങളായ ചില കരിനിയമങ്ങള്‍ ഇന്നും നമ്മെ ഭരിക്കുന്നു. ഭരണാധികാരികള്‍ യഥേഷ്ടം അത് രാഷ്ട്രീയ ലാഭം മുന്‍ നിറുത്തി രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗിക്കുന്നു.

പ്രയോഗലുപ്തമെങ്കിലും ഏറെ പ്രയോഗിക്കപ്പെടുന്ന ഈ ചാനിയമങ്ങളുടെ പട്ടികയില്‍ വരുന്ന ചിലതാണ് രാജ്യദ്രോഹം(സിഡീഷന്‍), കുറ്റകരമായ അപകീര്‍ത്തിപ്പെടുത്തല്‍ (ക്രിമിനല്‍ ഡിഫെമേഷന്‍), ഔദ്യോഗീക രഹസ്യനിയമം(ഒഫീഷ്യല്‍ സിക്രട്ട്‌സ് ആക്ട്) കോടതി അലക്ഷ്യം (കണ്‍ടെംപ്റ്റ് ഓഫ് കോര്‍ട്ട് ആക്ട്) തുടങ്ങിയവ.

ഇതില്‍ രാജ്യദ്രോഹകുറ്റം പരക്കെ പ്രയോഗിക്കുന്ന ഒന്നാണ്. എല്ലായ്‌പ്പോഴും ഇതിനിരയാകുന്നത് വിപ്ലവകരമായി ചിന്തിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും എഴുത്തുകാരും രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരുമാണ്. ഏറ്റവും ഒടുവിലത്തെ ഇരകളില്‍ ഒന്ന് മുന്‍ലോകസഭ അംഗവും (കോണ്‍ഗ്രസ്) കന്നട നടിയും ആയ രമ്യ ആണ്.

എന്താണ് രമ്യ ചെയ്ത തെറ്റ്? രമ്യ രാജ്യരക്ഷമന്ത്രി മനോഹര്‍ പരീഖറിന്റെ പാക്ക് വിരുദ്ധമായ ഒരു പ്രസ്താവനയെ ഖണ്ഡിച്ചു. പരീഖര്‍ ഓഗസ്റ്റ് 16 ന് ഹരിയാനയിലെ റിവാരി ജില്ലയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തില്‍ പോകുന്നതിനു തുല്യം ആണെന്ന്. രമ്യ ഇതിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞു താന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്ലാമാബാദ് സംസാരിച്ചിരുന്നു സാര്‍ക്ക് യുവപാര്‍ലിമെന്റേറിയന്‍സിന്റെ ആദ്യസമ്മേളനത്തില്‍ പങ്കെടുക്കുവാനായി. പാക്കിസ്ഥാന്‍ ഒരു നരകം അല്ല. അവിടത്തെ ജനങ്ങള്‍ ഇന്‍ഡ്യാക്കാരെ പോലെ തന്നെ നല്ലവര്‍ ആണ്. 

അതിര്‍ത്തികള്‍ ഇന്‍ഡ്യയെയും പാക്കിസ്ഥാനെയും വേര്‍തിരിക്കുന്നു എന്ന ഒറ്റകിരണത്താല്‍ നമ്മള്‍ പാക്കിസ്ഥാന്‍കാരെ വെറുക്കരുത്. ഇതാണ് രമ്യ പറഞ്ഞത്. ഈ ഒറ്റ കാരണത്താലാണ്. രമ്യ ഇന്ന് രാജ്യദ്രോഹകുറ്റം അഭിമുഖീകരിക്കുന്നത്. ഈ കുറ്റം രമ്യയില്‍ ചുമത്തിയിരിക്കുന്നത് മോഡി ഗവണ്‍മെന്റ് അല്ല. കര്‍ണ്ണാടകയിലെ(കൊടഗ്) ഒരു വക്കീല്‍ ആണ്. അതിന്റെ അര്‍ത്ഥം ആര്‍ക്കും ഇതുപോലുള്ള ആരോപണങ്ങള്‍ ശിക്ഷാനിയമത്തിലെ ആ അധിനിവേശകാല നിയമപ്രകാരം വകുപ്പ് 1248-എ-ഏതൊരു പൗരനുമെതിരെയും ഉന്നയിക്കാം. അതില്‍ ഞാനും നിങ്ങളും പെടും. 

ഇവിടെ രമ്യ ഉന്നയിച്ച കാര്യത്തില്‍ എന്താണ് ദേശദ്രോഹപരമായിട്ടുള്ളത്? രാജ്യരക്ഷാമന്ത്രി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അത് രാഷ്ട്രീയമായും  നയതന്ത്രപരമായും എത്ര ശരിയാണോ, എന്ന് ചോദിച്ചറിയണം. എന്റെ അഭിപ്രായത്തില്‍ ശരിയല്ല. രമ്യ പറയുന്നത് അവര്‍ പറഞ്ഞത് അവരുടെ അഭിപ്രായം ആണ്. അനുഭവത്തിന്റെ വെളിച്ചത്തില്‍. അത് പറയുവാന്‍ ഭരണഘടനാപരമായി അവര്‍ക്ക് അവകാശവും ഉണ്ട്. അത് ശരിയുമാണ് താനും. ഇതില്‍ എന്ത് ദേശദ്രോഹം? അതുകൊണ്ട് താന്‍ മാപ്പ് പറയുകയുമില്ലെന്ന് രമ്യ പറഞ്ഞു. അതും ശരിയാണ്. രമ്യ മാപ്പു പറയരുത്.

മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാര്‍ വിചാരണ ചെയ്ത ഒരു വകുപ്പ് ആണ് ദേശദ്രോഹം. അത് നമുക്ക് മനസിലാക്കാം. കാരണം അവര്‍ അത് ഇന്‍ഡ്യാക്കാര്‍ക്കെതിരെ നിയമിച്ച ഒരു നിയമം ആണ്. പക്ഷേ, സ്വതന്ത്ര ഇന്‍ഡ്യയില്‍ ഈ നിയമത്തിന് എന്ത് പ്രസക്തി? യാതൊരു പ്രസക്തിയും ഇല്ല ഇതിന് ജനാധിപത്യ-സ്വതന്ത്ര ഭാരതത്തില്‍.
നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്പ്രകാരം 2014 ല്‍ (മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം) 58പേരെയാണ് ദേശദ്രോഹത്തിന് അറസ്റ്റുചെയ്തിട്ടുള്ളത്. അതേ കണക്കുപ്രകാരം 2016-ലെ ആദ്യത്തെ മൂന്നുമാസം ദേശദ്രോഹകുറ്റം ചുമത്തി 19 പേര്‍ക്ക് എതിരെയാണ് നടപടി എടുത്തിട്ടുള്ളത്. 2014-ല്‍ ദേശദ്രോഹകുറ്റം ചുമത്തപ്പെട്ടവരില്‍ 28 പേര്‍ ബീഹാറില്‍ നിന്നും 18 പേര്‍ ഝാര്‍ഖണ്ഡില്‍നിന്നും ആണ്. ബാക്കി 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആണ്. ഈ ബാക്കിയുള്ളവരില്‍ 56 പേര്‍ കേരളത്തില്‍ നിന്നും ആണ്. ബീഹാറില്‍ നിന്നും ഝാര്‍ഖണ്ഡില്‍ നിന്നും ഉള്ളവര്‍ ഇടതുപക്ഷ ചിന്താഗതിക്കാരായ മാവോയിസ്റ്റുകളായ ആദിവാസികള്‍ ആണ്.

രമ്യയെകൂടാതെ ഈ വര്‍ഷവും മുന്‍ വര്‍ഷങ്ങളിലും രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഒന്ന് കണ്ണോടിക്കാം. രമ്യക്ക് തൊട്ടുമുന്നില്‍ ദേശദ്രോഹകുറ്റത്തിന് ചാര്‍ജ്ജ് ചുമത്തിയത്(2016 ഓഗസ്റ്റ്) ആം നെസ്റ്റി ഇന്റര്‍നാഷ്ണല്‍- ഇന്‍ഡ്യയെ ആണ്. ഈ മനുഷ്യാവകാശ സംഘടന ബാംഗ്ലൂരില്‍ ഓഗസ്റ്റ് 15ന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ചില വ്യക്തികള്‍ ഇന്‍ഡ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നതാണ് വിഷയം. സമ്മേളനത്തിന്റെ വിഷയം കാശ്മീര്‍ ആയിരുന്നു. കാശ്മീര്‍ ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം വളരെ സചേതനമായ വിഷയം ആണ്. പക്ഷേ, ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍ ദേശദ്രോഹ ആരോപണങ്ങള്‍ നിരാകരിച്ചു. ഇന്‍ഡ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവരില്‍ ആംനസ്റ്റിയുടെ ജീവനക്കാര്‍ ആരും ഇല്ലെന്ന് വാദിക്കുകയും ചെയ്തു. അമേരിക്കന്‍ ഗവണ്‍മെന്റും ആംനസ്റ്റിയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും പിന്തുണക്കുകയും ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ വിയോജിപ്പിനുള്ള അവകാശവും ജനാധിപത്യപ്രക്രിയയില്‍ അന്താരാഷ്ട്രീയം ആണെന്ന് ആംനസ്റ്റിയും അമേരിക്കയും വാദിക്കുന്നു.

ആംനസ്റ്റിക്ക് എതിരെ മോഡി ഗവണ്‍മെന്റ് ദേശദ്രോഹം കുറ്റംചുമത്തിയതും നടപടിയെടുത്തതും ഒരു പുതിയ സംഭവം അല്ല. മോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഗവണ്‍മെന്റേതര സംഘടനകള്‍ക്ക്(എന്‍.ജി.ഒ.) എതിരെ കര്‍ശനനിലപാടാണ്. അവരെ മോഡിവിശേഷിപ്പിക്കുന്നത് 'ഫൈവ് സ്റ്റാര്‍' ആക്ടിവിസ്റ്റുകള്‍ എന്നാണ്. ഗുജറാത്ത് വംശകലാപത്തില്‍ മോഡിയെ എതിര്‍ത്ത് കേസുകള്‍ നടത്തിയ റ്റീസ്താസെറ്റല്‍ വാടിന്റെയും ഭര്‍ത്താവിന്റെയും എന്‍.ജി.ഒ.യും വിലക്കുകള്‍ നേരിടുകയാണ്. ഗ്രീന്‍പീസ് ഇന്‍ഡ്യയുടെയും അവസ്ഥ വ്യത്യസ്തമല്ല. മോഡി ഗവണ്‍മെന്റ് പതിനായിരത്തിലേറെ സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ഇതെല്ലാം വിദേശസഹായത്തിന്റെ കണക്ക് കാണിക്കാത്തതിനാലാണ്. നേരിട്ട് ദേശദ്രോഹകുറ്റം ചുമത്തിയല്ല. എന്നാല്‍ ഈ എന്‍.ജി.ഒ.കള്‍, ടീസ്തയും ഗ്രീന്‍പീസും ആംനസ്റ്റിയും ഉള്‍പ്പെടെ, വിദേശ സഹായത്തോടെ ദേശദ്രോഹം നടത്തുന്നുവെന്നാണ് പൊതുവെയുള്ള ആരോപണം.

2015-ല്‍ തമിഴ് നാടോടി ഗായകന്‍ എസ്.കോവനെതിരെ ദേശദ്രോഹകുറ്റം ചുമത്തുകയുണ്ടായി. അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും ജയലളിതയുടെ ചില ഭരണനയങ്ങളെയും വിമര്‍ശിച്ച് പാട്ടുകള്‍ പാടിയതാണ് കാരണം! 2016-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കന്നയ്യ കുമാറിനെയും മൂന്ന് സുഹൃത്തുക്കളെയും പ്രതികളാക്കി ദേശദ്രോഹകുറ്റം ചുമത്തുകയുണ്ടായി. അവരുടെ യോഗത്തിലും ഇന്‍ഡ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതാണ് കാരണം. 

വിഷയം കാശ്മീരും തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവും. ഇവര്‍ ആഴ്ചകളോളം ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ അടക്കപ്പെട്ടു.
ഗുജറാത്ത് പട്ടേല്‍ സംരക്ഷണ സമരനേതാവ് ഹാര്‍ദ്ദിക്ക് പട്ടേല്‍ ആണ് മറ്റൊരു ദേശദ്രോഹി. വര്‍ഷം 2015. അടുത്തയിടെയാണ് അദ്ദേഹം ജാമ്യത്തില്‍ ജയില്‍ വിമോചിതന്‍ ആയത്. പക്ഷേ ഗുജറാത്തില്‍ പ്രവേശനം ഇല്ല. അദ്ദേഹത്തിനെതിരെയുള്ള ആരോപണം അദ്ദേഹം സമരക്കാരോട് ആഹ്വാനം ചെയ്തുവത്രെ ആത്മഹത്യ ചെയ്യുന്നതിന് പകരം പോലീസുകാരെ കൊല്ലുവാന്‍. അദ്ദേഹവും ദേശദ്രോഹിയായി. ഇതേ കാരണത്താലാണ് 1975 ല്‍ അടിയന്തിരാവസ്ഥയില്‍ ഇന്ദിരഗാന്ധി സമ്പൂര്‍ണ്ണവിപ്ലവത്തിന്റെ ശില്പിയായ ജയ്പ്രകാശ് നാരായണനെ അറസ്റ്റു ചെയ്തത്. ജെ.പി.പട്ടാളത്തിനോടും പോലീസിനോടും പറഞ്ഞു അഴിമതിക്കാരായ ഭരണാധികാരികളുടെ ആജ്ഞകള്‍ അനുസരിക്കരുതെന്ന്.

2010- ല്‍ ബുക്കര്‍ സമ്മാനജേതാവായ അരുദ്ധതിറോയിയെ ദേശദ്രോഹകുറ്റം ചുമത്തി പീഡിപ്പിക്കുകയുണ്ടായി ദല്‍ഹി പോലീസ്. ഒരു സെമിനാറില്‍ റോയി ഇന്‍ഡ്യ വിരുദ്ധ പ്രസംഗം നടത്തിയത്രെ! 2011- അസീം തീവാരി എന്ന കാര്‍ട്ടൂണിസ്റ്റിനെ ചില ഇന്‍ഡ്യ വിരുദ്ധ കാര്‍ട്ടൂണുകള്‍ വരച്ചു എന്ന കുറ്റത്തിന് ദേശദ്രോഹം ചുമത്തുകയുണ്ടായി. 2010-ല്‍ സീമ തീവാരി എന്ന മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ദേശദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്യുകയുണ്ടായി. ഇവര്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആണ് ചുമത്തിയത്. 2007-ല്‍ ബിനായറ്റ്  സെന്നിനെ ദേശദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടച്ചു. അതും മാവോയിസ്റ്റ് ബന്ധം തന്നെ.

എന്നാണ് ഈ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ ഈ 124  എ എന്ന വകുപ്പ്? 1862-ല്‍ നിലവില്‍ വന്ന ഇന്‍ഡ്യന്‍ ശിക്ഷാനിയത്തില്‍ ദേശദ്രോഹം എന്നൊരു വകുപ്പ് ഉണ്ടായിരുന്നില്ല. 1870-ല്‍ ആണ് ബ്രിട്ടീഷുകാര്‍ ഇത് ശിക്ഷാനിയമത്തില്‍ എഴുതി ചേര്‍ത്തത്. 1898-ല്‍ ഇതിന്റെ വ്യാപ്തിയും ആഴവും കോളനി ഭരണക്കാര്‍ വര്‍ദ്ധിപ്പിച്ചു. ഉദ്ദേശം ഒന്നു മാത്രം. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരമുന്നേറ്റത്തിന് കൂച്ചുവിലങ്ങിടുക. ഈ വകുപ്പ് പ്രകാരം ഗവണ്‍മെന്റിനെതിരെ വെറുപ്പും വിരോധവും സൃഷ്ടിക്കുന്ന വ്യക്തി ദേശദ്രോഹി ആണ്. 

ഇത് കോളനി ഭരണകാലത്ത് ശരിയായിരിക്കാം. പക്ഷേ, സ്വതന്ത്ര ജനാധിപത്യ ഇന്‍ഡ്യയില്‍ ഇതെങ്ങനെ ശരിയാകും? എന്താണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19(1)(എ)? അത് ഓരോ പൗരനും വാഗ്ദാനം ചെയ്തിരിക്കുന്നത് സംസാരസ്വത്ര്രന്തവും ഭാവാവിഷ്‌ക്കാര സ്വാതന്ത്ര്യവും അല്ലേ? അതിനെ ആര്‍ട്ടിക്കിള്‍ 19(2)യിലൂടെ ന്യായമായ നിബന്ധനകള്‍ക്ക്(റീസണബള്‍ റെസ്ട്രിക്ക്ഷന്‍സ്) വിധേയം ആക്കിയിട്ടുണ്ടെങ്കിലും സ്വതന്ത്രമായ അഭിപ്രായ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ തൊട്ടുകളിക്കുവാന്‍ ഭരണാധികാരിക്കും അവരുടെ പോലീസുകാരനും അധികാരം ഉണ്ടോ? ഇല്ല. ന്യായമായ നിബന്ധനപ്രകാരം ഒരു വിദേശ രാജ്യത്തിനെതിരായി അഭിപ്രായ ആവിഷ്‌ക്കാര പ്രകടനം നടത്തുവാന്‍ ഒരു പൗരന് അനുവാദം ഇല്ല. എങ്കില്‍ രാജ്യരക്ഷാമന്ത്രി മനോഹര്‍ പരീഖ് എന്തിന് പാക്കിസ്ഥാനെ നരകം എന്ന് വിളിച്ച് ആക്ഷേപിച്ചു? അദ്ദേഹവും ദേശദ്രോഹം അല്ലേ ചെയ്തത്?

ഭരണഘടന പ്രാബല്യത്തില്‍ വന്ന 1950 മുതലെ 124-എ.യുടെ ഭരണഘടന സാധുത ചോദ്യം ചെയ്യപ്പെട്ടിരുന്നു. കാരണം അത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19(1)(എ)യുടെ- അഭിപ്രായ സ്വാതന്ത്ര്യം-സത്ത്ക്ക് കടകവിരുദ്ധം ആയിരുന്നു. ചില ഹൈക്കോടതികള്‍ ഇതിന്റെ ഭരണഘടനവിരുദ്ധം ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ 1962-ല്‍ സുപ്രീം കോടതി ഇതിന്റെ ഭരണഘടന സാധുതയെ അംഗീകരിച്ചു(കേദാര്‍നാഥ്‌സിങ്ങ് വേഴസ് ബീഹാര്‍ സംസ്ഥാന കേസ്).

പക്ഷേ, ഈ വിവാദ വകുപ്പിന്റെ ഭരണഘടനസാധുതയെ ഉയര്‍ത്തിപിടിക്കുമ്പോള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് അതിന്റെ ദുരുപയോഗത്തെയും നിയന്ത്രിച്ചിരുന്നു. അതായത് ദേശദ്രോഹപരമെന്നു പറയുന്ന പ്രസ്താവന പൊതു ക്രമസമാധാനനിലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെങ്കില്‍ മാത്രമെ നിയമപാലകര്‍ ഇടപെടാവൂ എന്ന്.

ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സംസാര സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്നെങ്കിലും അദ്ദേഹം 124-എ എന്ന വകുപ്പിനെ നിശിതമായി വിമര്‍ശിക്കുകയും അതിനെ എത്രവേഗം തുടച്ചു നീക്കുന്നുവോ അത്രയും നല്ലത് എന്ന് പാര്‍ലിമെന്റില്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും 1951-ലെ അദ്ദേഹത്തിന്റെ ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെ അതിന്റെ വീര്യം വര്‍ദ്ധിപ്പിക്കുകയും 19(1) എയുടെ ശക്തി നശിപ്പിക്കുകയും 19(2) ന്റെ ശക്തി വര്‍ദ്ധിപ്പിക്കുകയും ആണ് ചെയ്തത്! 1963-ല്‍ നെഹ്‌റു ഭരണഘടനയുടെ 16-ാം ഭേദഗതിയിലൂടെ ദേശദ്രോഹനിയമത്തിനു കൂടുതല്‍ ശക്തിനല്‍കി. 

അതില്‍ രാജ്യത്തിന്റെ പരമോന്നതാധികാരം ഏകത എന്നീ വാക്കുകള്‍ കൂടെ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ കൂച്ചുവിലങ്ങ് പൂര്‍ത്തിയായി. ഏത് പോലീസുകാരനും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു ദേശസ്‌നേഹിയുടെ മേല്‍കുതിരകയറാം എന്നായി! സ്വതന്ത്രചിന്തയെയും അഭിപ്രായ വിയോജനത്തെയും ദേശദ്രോഹമെന്ന് മുദ്രകുത്തി ജയിലില്‍ അടക്കാമെന്നായി. രാജാവിനെക്കാള്‍ വലിയ രാജഭക്തന്മാര്‍ ഉള്ളപ്പോള്‍ പിന്നെ മറ്റെന്ത് വേണം?

കുറ്റകരമായ അപകീര്‍ത്തിപ്പെടുത്തല്‍(ശിക്ഷാനിയമം: 499, 500 വകുപ്പുകള്‍) ആണ് വളരെയധികം ദുരുപയോഗപ്പെടുത്തുന്ന മറ്റൊരു രംഗം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഇതിന്റെ പേരില്‍ താക്കീത് നല്‍കുകയുണ്ടായി. വിമര്‍ശകരെ ഭയപ്പെടുത്തുവാനും നിശബ്ദരാക്കുവാനും ജയലളിത കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 കുറ്റകരമായ അപകീര്‍ത്തി കേസുകള്‍ ആണ് വിവിധ കോടതികളില്‍ ഫയല്‍ ചെയ്തിരിക്കുന്നത്! ഇതിനെല്ലാം ഉപയോഗിക്കുന്നതാകട്ടെ നികുതി ദായകന്റെ പണവും സ്റ്റെയിറ്റിന്റെ മെഷിനറിയും! ഭരണാധികാരികള്‍ വിമര്‍ശനത്തെ ഭയക്കരുതെന്നും കുറ്റകരമായ അപകീര്‍ത്തികേസുകള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ ഫയല്‍ ചെയ്യരുതെന്നും കോടതി ജയലളിതക്ക് മുന്നറിയിപ്പ് നല്‍കി. 

ജയലളിത ഫയല്‍ ചെയ്ത 213 അപകീര്‍ത്തികേസുകളില്‍ 55 എണ്ണം മാധ്യമ സ്ഥാപനങ്ങള്‍ക്ക് എതിരായിട്ടാണ്. 48 കേസുകള്‍ രാഷ്ട്രീയ എതിരാളിയായ ഡി.എം.ഡി.കെ.ക്കും 85 കേസുകള്‍ പ്രധാന രാഷ്ട്രീയ ശത്രുവായ ഡി.എം.കെ.ക്ക് എതിരെയും ആണ്. 28 കേസുകള്‍ ഡി.എം.ഡി.കെ. നേതാവ് വിജയകാന്തിനെതിരെയാണ്! ഈ കേസുകള്‍ ജയലളിതയുടെ ഭരണത്തെ വിമര്‍ശിച്ചതിന്റെ പേരിലും ജയലളിതയുടെ അവധിക്കാല വിനോദയാത്രയും രോഗവിവരവും റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരിലും ആണ്. 

എന്താണ് നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ? ഇതു പോലെയുള്ള പുരാവസ്തു നിയമങ്ങളാണ് ഓഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടും കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് ആക്ടും. ക്യാബിനറ്റ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഒരു പത്രപ്രതിനിധിയെ ഔദ്യോഗിക നിയമപ്രകാരം സി.ബി.ഐ. 17 വര്‍ഷം ആണ് കോടതി കയറ്റിയിറക്കിയത്. ഒരു മുന്‍ ജഡ്ജിയുടെ ഫോട്ടോ മാറി കാണിച്ചതിന് 100 കോടിരൂപയുടെ കോടതിയലക്ഷ്യകേസാണ് ഒരു ഇംഗ്ലീഷ് ചാനലിനുമേല്‍ അടിച്ചേല്‍പിച്ചത്.

ഈ പുരാണ-കൊളോണിയല്‍ നിയമങ്ങളെ മാറ്റുക വല്ലാത്തൊരു ദുരവസ്ഥയാണത്. മഹാകവി കുമാരനാശാന്‍ എഴുതിയതുപോലെ. മാറ്റുവിന്‍ ചട്ടങ്ങളെ/ മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍/ മാറ്റുമതുകളീ നിങ്ങളെ താന്‍.

രമ്യ മാപ്പു പറയരുത്:  (മാറ്റുവിന്‍ ചട്ടങ്ങളെ -ദല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക