Image

പെണ്ണുടല്‍ (കവിത: ശ്രീജ)

Published on 29 August, 2016
പെണ്ണുടല്‍ (കവിത: ശ്രീജ)
സന്ധ്യയ്ക്ക് ,
നിയോണ്‍ വെളിച്ചത്തിന്റെ
രഹസ്യ താഴ്വരകളില്‍
ആസക്തിയുടെ കോടയിറങ്ങുമ്പോള്‍
അവളൊരു ധ്രുവനക്ഷത്രം ..

ആയിരം വടക്കുനോക്കിയന്ത്ര
മുനകള്‍ക്കൊരൊറ്റയുത്തരം..

സങ്കല്പങ്ങളുടെ പറുദീസാ
കവാടത്തിലെ വെള്ളത്തിരശ്ശീല...
അവളുടെ സുതാര്യ
ആഴങ്ങളിലെ നിലക്കണ്ണാടിയില്‍
ഒരൊറ്റ പ്രതിബിംബം ..

തീ പിടിച്ചതലച്ചോറു വെന്തതച്ചെുവെച്ച്
പുളയുന്ന അടിവയറ്റില്‍
പുളിച്ച ഛര്‍ദ്ദിലുകള്‍ കോരി
നിറയ്ക്കുമ്പോള്‍
ദഹനക്കേടുകളുടെ തെരുവിലെ
മന്ത്രവാദിനി....

രാത്രിയുടെ പര്‍വ്വതശിഖരങ്ങളില്‍
തണുത്തുറഞ്ഞ മഞ്ഞുപാളികളില്‍
കുന്തമുനകളില്‍
കുത്തി നിര്‍ത്തപ്പെട്ട നിര്‍ജ്ജീവതയില്‍
ഉറഞ്ഞ മുന്തിരിച്ചാറിലിപ്പോള്‍
സദാചാരത്തിന്റെ ഉറുമ്പരിക്കുന്നുണ്ട്...
പകലിന്റെ മഞ്ഞച്ച കണ്ണ് തട്ടാതെ
മുഖം മൂടാന്‍ കുറച്ച് കാറിത്തുപ്പലുകള്‍ തരൂ..
അവളുറങ്ങട്ടെ..

താഴ്വരകള്‍ പൂക്കുന്ന നേരത്ത് ഉയിര്‍ത്തെഴുന്നേല്ക്കാനുള്ളതാണ്...
Join WhatsApp News
Sivadas Valiyaveedu 2016-09-01 07:01:54
കുറച്ചു കൂടീ മനസ്സിലാവുന്നരീതിയിൽ.ആവാം..

വിദ്യാധരൻ 2016-09-01 10:30:52

ഓർത്തുപോയി ഞാൻ
അന്നാ യെരുശലേമിന്റ് തെരുവിലൂടെ
ഓടുന്ന മാഗ്നലക്കാരിത്തി മറിയയെ.
"എറിഞ്ഞുകൊല്ലുകിവളെ
സാദാചാരത്തിന്റെ കാവൽച്ചട്ടയാം
അടിവസ്ത്രം അഴിപ്പവളെ"
അലറി സദാചാര കാവൽ നായ്ക്കൾ
കയ്യിലെന്തിയ മുട്ടൻ കല്ലുമായി
'എറിയുക നീ ആദ്യമാ കല്ലുവച്ചവളെ
അന്തിയുറങ്ങിയിട്ടില്ലെങ്കിൽ-
അവളോടൊപ്പം ഒരിക്കെലെങ്കിലും?"
സൗമ്യമായി ചൊല്ലി യേശുദേവൻ
താഴെവീണവരുടെ കയ്യിൽനിന്നും കല്ല്താനേ
സത്യബോധം അവരിലുണർന്നപ്പോൾ.
ലജ്ജ തോന്നുന്നെന്നാൽ ഇന്നത്തെ
സദാചാര കാവൽ നായ്ക്കളെ ഓർത്ത്
സൂര്യനെല്ലിയും ജിഷയും
നൊമ്പരമായി നിൽക്കുന്നു മനസ്സിൽ
പുളിച്ച കള്ളുമോന്തി 'പെണ്ണുടലിനെ'
പിച്ചിച്ചീന്തിയ കിങ്കരന്മാർ
വിലസുന്നു ഇന്നും സദാചാരത്തിന്റെ
കറുത്ത വസ്ത്രം ധരിച്ചെങ്ങും
എന്നിവരിൽ ഉണരുമോ-
സത്യബോധം  ഹാ ആർക്കറിയാം?

7028


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക